Image

ഓർമ്മ വിഷു (മിനി വിശ്വനാഥന്‍)

Published on 14 April, 2023
ഓർമ്മ വിഷു (മിനി വിശ്വനാഥന്‍)

മലയാളികളുടെ വർഷാരംഭമാണ് വിഷു എന്നാണ് സങ്കല്പം. പുതുവർഷത്തിൽ ഏറ്റവും ഉത്കൃഷ്ടമായവ ആദ്യം കാണുക എന്ന സങ്കല്പത്തിലാവണം കണി കാണൽ ഉണ്ടായിരിക്കുക.

മേടസംക്രമത്തിനാണ് കണിയൊരുക്കേണ്ടത്. സമൃദ്ധിയുടെയും ഉർവ്വരതയുടെയും നിറമായ  മഞ്ഞയാണ് വിഷുക്കണിയുടെ പൊതുവായ നിറം എന്ന് വേണമെങ്കിൽ പറയാം. കണിത്തട്ടിൽ
കണിവെള്ളരിയുടെ  മഞ്ഞനിറത്തിനോട് ചേർന്ന് തന്നെ കൊന്നപ്പൂവിന്റെ സ്വർണ്ണനിറമുണ്ടാവും.

കണികാണാനായി വെക്കുന്ന കോടിമുണ്ടിന് കൂട്ടായി വെള്ളം നിറച്ച തിളങ്ങുന്ന ഓട്ടു കിണ്ടി സ്ഥാനം പിടിക്കും. കിണ്ടി വാലിലൊരു തുളസിക്കതിർ നിർബന്ധമാണ്.

ശ്രീകൃഷ്ണവിഗ്രഹത്തോട് ചേർന്നൊരു കണ്ണാടി, പാത്രം നിറയെ നെയ്മണത്താൽ കൊതിപ്പിക്കുന്ന ഉണ്ണിയപ്പം, നവധാന്യങ്ങൾക്കൊപ്പം നിറനാഴി,  സ്വർണ്ണത്തിന്റെ തിളക്കത്തിനടുത്ത് ഒരു പുത്തൻ നോട്ട്,അഞ്ചു തിരിയിട്ടു കത്തുന്ന നിലവിളക്ക് ഇതൊക്കെയായിരുന്നു എന്റെ വീട്ടിലെ കണിക്കാഴ്ചകൾ !

മേടം ഒന്നിന് തുടങ്ങുന്ന പുതു വർഷത്തെ വരവേൽക്കാൻ കണിയൊരുക്കുന്നത് വീട്ടിലെ മുതിർന്ന സ്ത്രീകളാണ്. കണി വെക്കുന്നിടം അടിച്ച് തുടച്ച് വെടിപ്പാക്കി, വെള്ളയും കരിമ്പടവും വിരിച്ച് ഒരുക്കി   ഭംഗിയാക്കുന്നത് തന്നെ ഒരു കലയാണ്. വിഷുവിന് രാവിലെ എണീറ്റാൽ ഒറ്റനോട്ടത്തിൻ എല്ലാം കാണുന്നതുപോലെയാണ് കണി വെക്കേണ്ടതെന്ന് അച്ഛമ്മക്ക് നിർബദ്ധമായിരുന്നു. ഞങ്ങളിന്നും പിൻ തുടരുന്നത് ഒറ്റനോട്ടത്തിലെ കണിയാണ് ! വിഷുക്കണി സൂക്ഷ്മമായി ശ്രദ്ധിച്ചാൽ വിത്തിനും കാർഷിക വിളകൾക്കും തന്നെയാണ് പ്രഥമസ്ഥാനം. വെള്ളരിയും ചക്കയും മാങ്ങയും വാഴപ്പഴവും നെല്ലും ഉർവ്വരതയുടെ പ്രതീകമായ നവധാന്യങ്ങളുമാണ് കണിയൊരുക്കങ്ങളിൽ പ്രധാനം. എത്രയൊക്കെ മഹത്തായ കാഴ്ചകളുണ്ടെങ്കിലും ആദ്യം കാണേണ്ടത് അവനവനെ തന്നെയാണെന്നതിന്റെ പ്രതീകമാണ് കണിയുടെ പ്രധാന
ഇനമായ കണ്ണാടി. 

കണി കണ്ടുണർന്നതിന് ശേഷമുള്ള കൈനീട്ടത്തിന്റെ കിലുക്കത്തിൽ എന്നിലെ ഉറക്കക്കുട്ടി ഓടിയൊളിക്കുമ്പോൾ പുറത്ത് പടക്കത്തിന്റെ വിസ്മയലോകം തീർക്കുന്ന തിരക്കിലാവും വീട്ടിലെ ആൺകുട്ടികൾ. 

വറുക്കലും പൊടിക്കലും നുറുക്കലും വടക്ക് ഭാഗത്തിന്റെ ആഘോഷമാണ്. ഉണ്ണിയപ്പത്തിന്റെ നെയ്മണം മാറുന്നതിന് മുൻപ് സാമ്പാറിന്റെ വറവു മണവും, പച്ചടി, കാളൻ,കൂട്ടുകറി, ഓലൻ ഉപ്പേരികൾ എന്നിവയുടെ വെളിച്ചെണ്ണ മണവും അടുക്കളയിൽ പടരും. പരിപ്പ് പ്രഥമന്റെ ശർക്കര മണത്തോടൊപ്പം പാലടയുടെ പഞ്ചാരപ്പാൽമണം കൊതിപ്പിച്ച് കൊണ്ട് കിഴക്ക് ഭാഗത്തേക്ക് പരന്നൊഴുകും...

മാലപ്പടക്കത്തിന് തീ കൊളുത്തുന്ന പണി ആൺകുട്ടികളിൽ നിന്ന് ഏറ്റെടുത്തതല്ലാതെ
കുട്ടിയോർമ്മകളിലെ വിഷുവിന് ബാല്യകൗമാര യൗവനത്തിലും മാറ്റമൊന്നുമില്ലായിരുന്നു ! സദ്യയുണ്ടും കൈനീട്ടം വാങ്ങിയും പടക്കം പൊട്ടിച്ചും മനസ്സ് നിറയെ വിഷു ആസ്വദിച്ചു.

അതുകൊണ്ട് തന്നെ പ്രവാസ ജീവിതത്തിനിടയിൽ
മക്കൾക്കും  വിഷുക്കണി ഓർമ്മകൾ ഉണ്ടാവണമെന്ന് എനിക്ക് നിർബന്ധമായിരുന്നു.
പടക്കം പൊട്ടിക്കുക എന്നത് ദീപാവലിയിൽ ബിൽഡിംഗിന്റെ കാർ പാർക്കിങ്ങുകളിൽ നോർത്തി ന്ത്യൻ കുട്ടികൾ കത്തിച്ചുകൂട്ടുന്ന കൊച്ചു പടക്കങ്ങളുടെ ചതഞ്ഞ ശബ്ദം മാത്രമായിരുന്നു അവർക്ക് .
മാലപ്പടകത്തിന് തീ കൊളുത്തിയോടുന്ന എന്റെ പടക്ക ഓർമ്മകളും അനുഭവങ്ങളും അവർക്ക് സമ്മാനിക്കാനായില്ലെങ്കിലും വിഷുക്കണിയുടെ  ഓർമ്മകൾ ഞാനവരുടെ മനസ്സിൽ നിറച്ചു വെച്ചു. 

കൃഷ്ണവിഗ്രഹം മുതലിങ്ങോട്ട് അഷ്ടമംഗല്യം വരെ ഞാൻ ദുബായിലെ സ്വീകരണ മുറിയിൽ നിരത്തി.  വിളക്കുകളും കിണ്ടികളും പുളിയിട്ട് കഴുകി തിളക്കം വരുത്തി. കൊന്നപ്പൂവും കണ്ണിമാങ്ങയും എനിക്ക് വേണ്ടി എപ്പോഴും സൂപ്പർ മാർക്കറ്റിന്റെ ഷെൽഫിനിടയിൽ ബാക്കിയായിരുന്നിരുന്നു. .. 

കണിപ്പാത്രത്തിലെ ഉണ്ണിയപ്പത്തിന്റെ നൈയ്മണത്തോടൊപ്പം സാമ്പാറു വറവു മണവും ഞാനവർക്കായി ഓർമ്മകളിൽ കൂട്ടിച്ചേർത്തു. 
അവിയലിൽ  വെളിച്ചെണ്ണ ഒഴിച്ചു. പച്ചടിയിൽ സ്വർണ്ണ നിറത്തിൽ തേങ്ങ വറുത്തിട്ടു. ഓലനിൽ പച്ചകറിവേപ്പില തണ്ടോടെയിട്ടു.

കുട്ടികളെ രാവിലെ ഉണർത്തി, കണി കാണിച്ച്, കൈനീട്ടം കൊടുത്ത് നാട്ടിലേക്ക് വിളിച്ച് ഫോണിലൂടെ പടക്കശബ്ദം
കേൾപ്പിച്ചു. 

അവരുടെ കുട്ടിക്കാല ഓർമ്മകളിലും വിഷുക്കണിയുടെ തിളക്കവും  പാൽപ്പായസത്തിന്റെ മധുരവും കൈ നീട്ടത്തിന്റെ സമൃദ്ധിയും ഉണ്ടാവണം. ഓരോരു മലയാളിയുടെയും ഓർമ്മകളിലെ ഗൃഹാതുരതയിൽ വിഷുവും ഉണ്ടാവും. അതുകൊണ്ട് തന്നെ ഇതാണ് വിഷുവെന്ന് പറഞ്ഞ് അമ്മ വിഷുവിന്റെ ഇത്തിരി മധുരം ഓർമ്മകളായി അവർക്കും ഞാൻ പകർന്നു കൊടുത്തു. 

ഉർവ്വരതയുടെ ഉത്സവങ്ങൾ ഇനിയുമിനിയും ഉണ്ടാവട്ടെ !

എല്ലാ പ്രിയവായനക്കാർക്കും നന്മയുടെയും സമൃദ്ധിയുടെയും വിഷു ആശംസകൾ !

#Vishu_articleby_miniviswanathan

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക