അങ്ങനെയും ചിലരുണ്ട്,
ആരവങ്ങളൊന്നുമില്ലാതെ,
അധികമാർക്കും പിടികൊടുക്കാതെ
ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കാവുന്നവർ ......
അങ്ങനെയും ചിലരുണ്ട് ,
അറവിന്റെ ആഴങ്ങളുള്ളിലുണ്ടെങ്കിലും
അധികമൊന്നും വെളിപ്പെടുത്താതെ
ആവശ്യത്തിന് മാത്രം സംസാരിക്കുന്നവർ .....
അങ്ങനെയും ചിലരുണ്ട് ,
അധികമൊന്നുമറിയില്ലെങ്കിലും,
ജീവിതാനുഭവത്തിന്റെ വെളിച്ചത്തിൽ മറ്റുള്ളവരോട് ഇടപഴകുന്നവർ .......
അങ്ങനെയും ചിലരുണ്ട്,
ആളിക്കത്തുമ്പോഴും, മറ്റുള്ളവർക്ക്
വെളിച്ചം പകരാനായി സ്വയം
ഉരുകിത്തീരുന്നവർ .........
അങ്ങനെയും ചിലരുണ്ട്,
അന്യന്റെ വേദനയിൽ സന്തോഷം കണ്ടെത്തുവാനായി എന്തും ചെയ്യാൻ
മടിയ്ക്കാത്തവർ ......
അങ്ങനെയും ചിലരുണ്ട് ,
ആവശ്യത്തിനും അനാവശ്യത്തിനും കയറി ഇടപെട്ട് , മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിക്കുന്നവർ .........
അങ്ങനെയും ചിലരുണ്ട്,
അലയടിച്ചെത്തുന്ന തിരകൾ പോലെ ആയിരം പ്രശ്നങ്ങളുണ്ടെങ്കിലും, അതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന് കാട്ടാൻ ശ്രമിക്കുന്നവർ ........
അങ്ങനെയും ചിലരുണ്ട്,
അന്യരെ സ്വാധീനിക്കാനായി , അങ്ങേയറ്റം താഴ്ന്ന് , ആത്മാഭിമാനം പോലും പണയം വയ്ക്കുന്നവർ......
അങ്ങനെയും ചിലരുണ്ട്,
അപ്രതീക്ഷിതമായി അന്ത്യമെത്തുമെന്നുള്ള
ബോധമുള്ളതു കൊണ്ടു തന്നെ, അനുവദിച്ചു കിട്ടുന്ന സമയം ആഘോഷമാക്കുന്നവർ .......