Image

കര്‍ണാടകത്തില്‍ സര്‍വജ്ഞ പീഠം കയറി വീണ്ടും കെ ജെ ജോര്‍ജ് മന്ത്രി (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 20 May, 2023
കര്‍ണാടകത്തില്‍ സര്‍വജ്ഞ പീഠം കയറി വീണ്ടും കെ ജെ ജോര്‍ജ് മന്ത്രി (കുര്യന്‍ പാമ്പാടി)

മന്ത്രിക്കു ഓർമ്മയുണ്ടോ ആവോ, ബംഗാരപ്പ മന്ത്രിസഭയിൽ നഗര വികസന മന്ത്രിയായിരിക്കുമ്പോൾ ഔദ്യോഗിക വസതിയിൽ ഒരുമിച്ച് ചായകുടിച്ചിരുന്നിട്ട് എത്രയോ കാലമായി. ചിങ്ങവനം കേളച്ചന്ദ്ര ജോസഫ് ജോർജിന്റെ മുമ്പിൽ ഞാനും കൂടെ ബാംഗളൂരിലെ പത്രപ്രവർത്തകൻ  സണ്ണിയും. 

(മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ )

സമയം രാവിലെ ഏഴുമണി. ജോർജിന്റെ സുഹൃത്തും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഉപദേശകനുമായ സണ്ണി കുലത്താക്കൽ ഒപ്പം. മന്ത്രിയുടെ ഭാര്യ കോട്ടയം വൈഡബ്ലിയുസിഎക്കടുത്ത് വീടുള്ള സുജയെ അഭിവാദനം  ചെയ്തുകൊണ്ടായിരുന്നു തുടക്കം. 

ഞങ്ങൾ  മൂന്നു  പേരുണ്ടായിരുന്നു സന്ദർശകർ. കൃതഹസ്തനായ ജോർജ് ഒരോരുത്തരെയായി കൈകാര്യം ചെയ്തു. ആദ്യം പത്തനാപുരം സ്വദേശിയായ ഓർത്തഡോക്സ് സഭാംഗം വൈദികനെ. അദ്ദേഹം കയ്യിലുണ്ടായിരുന്ന എക്കോലാക്കിന്റെ പുതിയ ബ്രീഫ് കേസ് തുറന്ന് ഒരു കത്ത് മന്ത്രിയെ ഏൽപ്പിച്ചു. കണ്ണുമഞ്ഞളിച്ചുപോയി. പെട്ടി നിറയെ പുതുപുത്തൻ നൂറിന്റെ കെട്ടുകൾ. 

(ജയിച്ച മലയാളികൾ-ഖാദർ, ജോർജ്,  ഹാരിസ്)

ഓർത്തഡോക്സ സഭാ പരമാധ്യക്ഷൻ  കാതോലിക്കാ ബാവായുടെ കത്താണ്. രണ്ടു വാചകം മാത്രം: "കർത്താവിൽ പ്രിയനേ, ഈ വരുന്ന അച്ചൻ നമുക്ക് വേണ്ടപ്പെട്ട ആളാണ്. വേണ്ട സഹായം ചെയ്തു കൊടുക്കുമല്ലോ" താഴെ ബാവായുടെ ഒപ്പും കുരിശു ഉൾപ്പെടുന്ന വലിയ മുദ്രയും.

'എന്താ വേണ്ടത്" ജോർജ് ചോദിച്ചു. "എനിക്ക് ഒരു മെഡിക്കൽ സീറ്റ് വേണം. ഏറ്റവും കുറഞ്ഞ നിരക്കിൽ. ഇന്നലെ ദാവങ്കരെ പോയിരുന്നു. അയാൾ നാലുലക്ഷത്തിൽ ഒരു പൈസ കുറക്കില്ല,' കേട്ടമാത്രയിൽ ജോർജിന്റെ മുഖം ഇരുണ്ടു. അദ്ദേഹം ബാവായുടെ കത്തു മടക്കി കവറിൽ ഇട്ടു തിരികെ നൽകിയിട്ട് പറഞ്ഞു: 

(മുഖ്യന് ജോർജിന്റെ സൽക്കാരം, നടിയും എംഎൽഎയുമായ  സുമലത, സുജ)

"എന്റെ അച്ചോ, ഇപ്പറഞ്ഞയാൾ അവിടത്തെ എംഎൽഎ ആണച്ചോ. അയാളുടെ കസ്റ്റഡിയിൽ പതിനൊന്നു എംഎൽഎ മാരുണ്ട്‌.  അയാൾ വിചാരിച്ചാൽ നാളെ മന്ത്രിസഭ താഴെ വീഴും. ഞാനിതിൽ  ഇടപെടില്ല. ഇടപെട്ടാൽ അയാൾ വിചാരിക്കും നിങ്ങളുടെ കൈയിൽ നിന്ന് ഒരുലക്ഷം വാങ്ങിയിട്ടായിരിക്കും പറയുന്നതെന്ന്. സോറി" 

അച്ചൻ കരഞ്ഞു നിലവിളിച്ചമട്ടിൽ പുറത്തേക്കു നടന്നു നീങ്ങി. പക്ഷെ പെട്ടെന്ന് മന്ത്രി അദ്ദേഹത്തെ കൈകൊട്ടി വിളിച്ചു: "ഒരു കാര്യം ചെയ്യുക. ഇന്നു വീണ്ടും ദാവൺഗരെക്കു പോവുക. വീണ്ടും അയാളെ കാണുക. "നതിങ് ഡൂയിങ്" എന്നു വീണ്ടും പറയും. അപ്പോൾ പെട്ടി തുറന്ന്  നോട്ടുകെട്ടുകൾ കാണിക്കുക. അയാൾ വീഴും!"

(മകൻ റാണയുടെ വിവാഹവേള)

അച്ചൻ  അങ്ങിനെ തന്നെ ചെയ്തു. അമ്പതിനായിരം കുറച്ചു കിട്ടി. അമേരിക്കയിലുള്ള ജേഷ്ടന്റെ മകന് വേണ്ടിയാണ്. ജ്യേഷ്ടൻ നാലുലക്ഷം ഏൽപ്പിച്ചിട്ടുണ്ടെകിലും എത്ര കുറച്ചു കിട്ടുന്നുവോ  ആ തുക അച്ചനു എടുക്കാം. 

ഇതാണ് കർമ്മകുശലനും തന്ത്രശാലിയും പ്രായോഗിക ബുധ്ധിയുമായ  കെജെ ജോർജ്. ശനിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത പത്തു മന്ത്രിമാരുടെ കൂട്ടത്തിൽ വീണ്ടും ഒരിക്കൽ കൂടി കടന്നു കൂടി അദ്ദേഹം.   സിദ്ധരാമയ്യയുടെ  മസാസാക്ഷിസൂഷിപ്പുകാരൻ ജോർജ്.

(റാണയും വധു നീലിമ ഫെർണാണ്ടസും)

ഇനി എന്റെ ഊഴം. മനോരമക്ക് വേണ്ടി, തലവരിപ്പണം (കാപ്പിറ്റേഷൻ) വാങ്ങി അഡ്മിഷൻ നൽകുന്ന കർണാടകത്തിലെ  കോളജുകളെപ്പറ്റി ഒരു പരമ്പര ചെയ്യാൻ മംഗലാപുരം, ഭട്ട് കൽ, ധാർവാർ, തുംകൂർ, മാണ്ഡ്യ,  മൈസൂർ, ദാവൺഗരെ വഴി ഒടുവിൽ ബാംഗളൂരിൽ എത്തിയതാണ്. അതിനെക്കുറിച്ച് മലയാളി മന്ത്രിയുടെ ഒരു കമന്റ് വേണം. 

മന്ത്രി പറഞ്ഞു" നോ കമന്റ്". ഇന്റർവ്യൂ അവസാനിച്ചു, മറ്റൊന്നും കേക്കേണ്ട കാര്യമില്ല. ആ രണ്ടുവാക്കിൽ എല്ലാം അടങ്ങിയിരിക്കുന്നു. പിന്നീട് മുഖ്യമന്ത്രിയായ വീരേന്ദ്ര പട്ടീൽ ആണ് അന്നു വിദ്യാഭ്യാസ മന്ത്രി. യഥാർത്ഥത്തിൽ  അദ്ദേഹമാണ് അഭിപ്രായം പറയേണ്ടത്. പക്ഷെ ജോർജ് പറഞ്ഞ സാരഗർഭമായ  "നോ കമന്റ്" ഉദ്ധരിച്ചുകൊണ്ട് പരമ്പര അവസാനിപ്പിച്ചു. ബ്യുട്ടിഫുൾ! 

(ചിങ്ങവനത്തു സ്വീകരണം-കുര്യാക്കോസ് മോർ സേവേറിയോസ്)

ഞങ്ങൾ മുറിയിൽ കടക്കുമ്പോൾ മന്ത്രി രണ്ടുപേരെ കൈകാര്യം ചെയ്യുന്ന തിരക്കിൽ ആയിരുന്നു. ഞങ്ങളോട് പിന്നിലെ കസേരകളിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു. മന്തിയുടെ മുമ്പിൽ  ഒരു തടിയൻ ഇരിപ്പുണ്ട്. വണ്ണം കാരണം കഴുത്തില്ല. കൂടെക്കൂടെ തൂവാലകൊണ്ട് വിയർപ്പു ഒപ്പുന്നു. മന്ത്രിയുടെ സമീപം ഒരു ഫയൽ തുറന്നു കാണിക്കുന്നു മെലിഞ്ഞു നീണ്ട ഒരു ചെറുപ്പക്കാരൻ. 

അതുവരെ കന്നടയിൽ സംസാരിച്ചുകൊണ്ടിരുന്ന മന്ത്രി  ഇംഗ്ലീഷിൽ കത്തിക്കയറി. "തന്റെ ഫയൽ ഒന്നും എനിക്ക് കാണേണ്ട. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ ഞാൻ തീരുമാനം എടുക്കൂ. നൗ ഗെറ്റൗട്ട്.". ഇത്രയുമേ ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞുള്ളു. 

(സോണിയാഗാന്ധിയോടൊപ്പം)

പോരുന്ന വഴിക്കു സണ്ണി ഒരു  രഹസ്യം പങ്കു വച്ചു. ഹാസനിൽ ഒരു കോൺട്രാക്ടർ ആണ് ആ തടിയൻ.  കോടീശ്വരൻ.  മറ്റെയാൾ ഐഎഎഎസ് കാരനായ മരുമകൻ. കോൺട്രാക്ടർ നിയമങ്ങൾ ലഘിച്ചു പണിത ഒരു കെട്ടിടം ഇടിച്ച് കളയാനുള്ള ഉത്തരവിനു ഒഴിവു നേടാൻ എത്തിയതാണ്. 

'ജോർജ് ഒഴിവുകൊടുക്കും, പാർട്ടി ഫണ്ടിന് എത്രകൂടുതൽ കിട്ടുമെന്നറിയാനുള്ള വിലപേശൽ ആണ് നടത്തിയത്. കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസിന്റെ അനുജൻ മൈക്കിൾ ഫെർണാണ്ടസ് എന്ന തൊഴിലാളി നേതാവിനെ തോൽപ്പിച്ചാണ് ജോർജ് നിയമസഭയിൽ എത്തിയത്. വീണ്ടും  ജയിക്കണമല്ലോ'. 

1960കളിൽ കോട്ടയത്തെ ചിങ്ങവനത്തുനിന്നു കുടക് ജില്ലയിലെ ഗോണികൊപ്പയിലേക്കു കുടിയേറിയ ജോർജ് (73) ബിസിനസ്‌, ഭൂമി, ഖനനങ്ങളിലൂടെ കോടികളുടെ ഉടമയാണ്. "ഒരുപാട്‌ നികുതി കൊടുക്കുന്ന ആളാണ് ഞാൻ, അതിനാൽ കൈക്കൂലി എനിക്കാവശ്യമില്ല," എന്ന് ഒരിക്കൽ അദ്ദേഹം തുറന്നു പറഞ്ഞു. 

നിയമസഭയിലേക്ക് ആറാം തവണ. സർവജ്ഞ നഗറിൽ ബിജെപിയിലെ പദ്മനാഭ റെഡ്ഢിയെ 55,768 വോട്ടിന്റെ ഭൂരിപക്ഷത്തിനു തോൽപ്പിച്ചു. പല മന്ത്രി സഭകളിൽ ആഭ്യന്തരം, ട്രാൻസ്‌പോർട്, നഗരവികസനം, ഭക്ഷ്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 

രണ്ടുമക്കളുണ്ട്.  റാണയും റെനിറ്റയും. റാണയും നീലിമ ഫെർണാണ്ടസും തമ്മിൽ 2015ൽ ബാംഗ്ളൂർ പാലസിൽ നടന്ന വിവാഹാഘോഷം ഒരു സംഭവം തന്നെ ആയിരുന്നു. രാഷ്രപതി പ്രണയബ മുഖർജി വരെ പങ്കെടുത്തു.   

ജോർജ് ഉൾപ്പെടെ മൂന്ന് മലയാളികളാണ് ഇത്തവണ നിയമസഭയിൽ എത്തിയിട്ടുള്ളത്. മംഗലാപുരത്തു അഞ്ചാം തവണ ജയിച്ച മുൻ  ഭക്ഷ്യമന്ത്രി യുറ്റി ഖാദറും ബാഗ്ലൂർ ശാന്തിനഗറിൽ  നാലാം തവണ ജയിച്ച എൻ എ ഹാരിസും. ഇവരും കാസർഗോഡ് ജനിച്ചവർ. കോടീശ്വരന്മാർ. ലോഹ സ്ക്രാപ്പ് ബിനാസിൽ തുടങ്ങിയ ഹാരിസിന് 439 കോടിയുടെ സ്വത്ത് ഉണ്ടെന്നു ബിസിനസ് ജേർണലുകൾ പറയുന്നു.

മന്ത്രിസഭയിൽ ആകെ 34  പേരാകും ഉണ്ടാവുക. അടുത്ത കാബിനറ്റ് വികസനത്തിൽ മലയാളികളായ ഒരാൾ കൂടിയോ രണ്ടാൾ കൂടിയോ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

Join WhatsApp News
Vaikom madhu 2023-05-20 10:43:56
Quite interesting story: interesting inside story of how politicians behave at times. Vaikom madhu
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക