Image

വെള്ളത്താമര (ഭാഗം 6: മിനി വിശ്വനാഥന്‍)

Published on 27 June, 2023
വെള്ളത്താമര (ഭാഗം 6: മിനി വിശ്വനാഥന്‍)

താമരപ്പൂവിന്റെയും അറേബ്യൻ പരിമളമായ ഊദിന്റെയും
മിശ്രഗന്ധങ്ങളാൽ സമൃദ്ധമായ ദീർഘമായ ഉറക്കത്തിൽ നിന്നു ഞാനുണർന്നത് ബീപ് ശബ്ദങ്ങൾ  നിറഞ്ഞു നിൽക്കുന്ന  ഒരിടത്തായിരുന്നു. സ്ഥലകാല വിഭ്രമത്തോടൊപ്പം എന്നെ പൊതിയുന്ന വിളറിയ മഞ്ഞവെളിച്ചവും തണുപ്പും  നിശബ്ദതയും  വല്ലാതെ ശ്വാസം മുട്ടിച്ചു. ഏതോ ഒരു രാക്ഷസൻ കൈയും കാലും മുറുക്കെക്കെട്ടി  ഒരു പടുകുഴിയിൽ തള്ളിയതാണെന്ന തോന്നലിൽ ഉറക്കെ നിലവിളിക്കാനൊരുങ്ങുമ്പോഴാണ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നെഴുതിയ ചുവന്ന നിയോൺ ബൾബിന്റെ നേർത്ത വെളിച്ചം കണ്ണിൽപ്പെട്ടത്. 

അഞ്ചേ മുപ്പതിനും ആറുമണിക്കുമിടയിലുള്ള ഒരു സമയം ക്ലോക്കിന്റെ സൂചികൾ കാണിച്ചു തന്നതാണ്  സമയത്തെക്കുറിച്ചുള്ള അവസാന ഓർമ്മ. അതൊരു പ്രകാശവും ശബ്ദങ്ങളും നിറഞ്ഞു നിൽക്കുന്ന തിളക്കമുള്ള ഒരു വൈകുന്നേരവുമായിരുന്നു. ആ വെളിച്ചത്തിൽ നിന്ന് ഞാനെങ്ങന
ഈ ഇരുളടഞ്ഞ മുറിയിൽ എത്തിയെന്നും എന്തിനാണ് എന്നെയിങ്ങനെ ശ്വാസം മുട്ടിക്കുന്നതെന്നും എന്ത് ഓപ്പറേഷനാണ് കഴിഞ്ഞതെന്നും ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാനൊന്ന് ഉറക്കെ ശബ്ദമുണ്ടാക്കാൻ ശ്രമിച്ചു.

ഞെരക്കത്തിന്റെ ശബ്ദം കേട്ടപ്പോൾ തിടുക്കത്തിൽ ഒരു മെയിൽ നേഴ്സ് അടുത്തു വന്ന് എന്നെ പരിശോധിച്ചു. കൈകാലുകൾ ഇളക്കാനും അയാളുടെ വിരലുകളിൽ മുറുക്കെ പിടിക്കാനും നിർദ്ദേശിച്ചു. അനുസരണയുള്ള കുഞ്ഞിനെപ്പോലെ ഞാൻ എല്ലാം അനുസരിച്ചു. പരിശോധനകൾ തൃപ്തികരമാണെന്ന് മനസ്സിലായപ്പോൾ
തലമുടിയിൽ തടവി ടെയ്ക്ക് റെസ്റ്റ് എന്ന് മന്ത്രിച്ചു. 

അവന്റെ പാതിയടഞ്ഞ ഫിലിപ്പിനോക്കണ്ണുകളിൽ കാരുണ്യത്തിന്റെ കടൽ അലയടിക്കുന്നത് ആ മങ്ങിയ വെളിച്ചത്തിനിടയിലും തിരിച്ചറിഞ്ഞ സമാധാനത്തിൽ ഞാൻ ചുറ്റും നോക്കി. മെഡിക്കൽ ഉപകരണങ്ങളുടെ നീലയും പച്ചയും ചുവപ്പും വെളിച്ചങ്ങൾക്കിടയിൽ ഞാൻ മാത്രമെ അവിടെ ഉള്ളൂ എന്ന് മനസ്സിലായി. 

മക്കളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും തന്റെ വീടിനെക്കുറിച്ചും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്ന ക്വീൻ എലിസബത്തും ഓപ്പറേഷൻ കാത്തു കിടന്ന മറ്റുള്ളവരും എവിടെയെന്നറിയാനായി ഞാൻ വീണ്ടും കണ്ണുകൾ തിരിച്ചു. അവിടെയെങ്ങും ആരുമുണ്ടായിരുന്നില്ല. ആ മുറിയിൽ ഞാൻ മാത്രമേ ഉള്ളൂ എന്ന പരിഭ്രമത്തിൽ കണ്ണുകളടക്കാൻ ശ്രമിക്കുമ്പോഴാണ് "മിസിസ് മിനി ഉണർന്നു " എന്ന് പതുങ്ങിയ സ്വരത്തിലും ചതഞ്ഞ ഫിലിപ്പിനോ സ്ലാങ്ങിലും   ആ നേഴ്സ് ഫോണിലൂടെ പറയുന്നത് ഞാൻ കേട്ടത്. 

ഗർഭപാത്രം എന്നെ ഉപേക്ഷിച്ച് പോയതിന്റെ ശേഷപത്രമാണ് ഈ മരവിച്ച കിടപ്പ് എന്ന് തിരിച്ചറിഞ്ഞപ്പോൾ അനസ്ത്യേഷ്യ എന്റെ ജീവനെടുത്തിട്ടില്ല എന്ന സന്തോഷത്തിൽ ഞാൻ സ്വയമൊന്ന് അവലോകനം ചെയ്തു. ശരീരം മുറുക്കിക്കെട്ടിയതു പോലുള്ള അസ്വാസ്ഥ്യമല്ലാതെ മറ്റൊരു പ്രശ്നവുമില്ല. ഞാൻ ജീവനോടെ ഉണ്ടെന്ന് മനസ്സിലായപ്പോൾ എനിക്ക് ആ സന്തോഷം വിശ്വേട്ടനെ അറിയിക്കണമെന്ന് തോന്നി. തണുത്തു മരവിപ്പിക്കുന്ന ഈ മുറിയിൽ നിന്ന് പുറത്തുചാടാനുള്ള വഴികളന്വേഷിക്കുമ്പോഴേക്ക് ഡോക്ടർ അടുത്തെത്തി. ഗർഭപാത്രത്തെ ഞെരിച്ചമർത്തിയ ഫൈബ്രോയിഡിന്റെ വലുപ്പം ഓപ്പറേഷനിൽ ഉണ്ടാക്കിയ കോംപ്ളിക്കേഷൻസിനെപ്പറ്റി ചെറുതായി ഒന്ന് വിശദീകരിച്ച്, ഇനിയൊന്നും പേടിക്കാനില്ലെന്നും അര മണിക്കൂർ കഴിഞ്ഞാൽ റൂമിലേക്ക് പോവാമെന്നും പറഞ്ഞു. സമയം രാത്രി ഒരു മണി കഴിഞ്ഞെന്നു മനസ്സിലായപ്പോൾ പാവം ഡോക്ടറെ ഓർത്ത് സങ്കടം തോന്നി. രാവിലെ മുതൽ പ്രസവ വാർഡിലും എമർജൻസി സിസേറിയൻ തീയേറ്ററിലുമായിരുന്നു ഡോക്ടറെന്ന് എനിക്കറിയാം. അനസ്തേഷ്യയെ പേടിക്കുന്ന എന്നെ സമാധാനിപ്പിക്കാനാണ് സർജറിക്ക് ശേഷവും ഡോക്ടർ അവിടെ തങ്ങിയതെന്ന് തമാശ മട്ടിൽ പറഞ്ഞതിനു ശേഷം ചില ഉപകരണങ്ങളിൽ നിന്ന് എന്നെ വിമുക്തമാക്കി. 
എന്നിലേക്ക് ബോധം പരിപൂർണ്ണമായി തിരിച്ചു വന്നുവെന്ന് ഉറപ്പാക്കിയതിനു ശേഷം അവരെന്നെ സാവധാനം പുറത്ത് കൊണ്ടുവന്നു. അവിടെ ഒരു പാട് കഥകളുമായി വിശ്വേട്ടൻ കാത്തിരിക്കുന്നുണ്ടായിരുന്നു.

സിനിമയിൽ കാണുന്നതു പോലെ മൂപ്പർ എന്റെ കൈവിരലുകൾ തലോടി, ഒന്ന് മുറുക്കെപ്പിടിച്ച് താൻ കൂടെയുണ്ടായിരുന്നെന്ന് ഉറപ്പ് തന്നു. ശ്രീക്കുട്ടിക്ക് പരീക്ഷ എളുപ്പമായിരുന്നെന്ന് വിശേഷം പറഞ്ഞു. 

എന്റെ കട്ടിലിനൊപ്പം നടന്നു കൊണ്ടിരിക്കെ വിശ്വേട്ടൻ പെട്ടെന്ന് നിന്ന് അവിടെ കാത്തു നിന്നിരുന്ന ക്ഷീണിതനായ ഒരു മദ്ധ്യവയസ്കന്റെ കൈകൾ കൂട്ടിപ്പിടിച്ച് നമുക്ക് കാണാം എന്ന് മന്ത്രിച്ചു. അയാളെ ചേർത്തുപിടിക്കുമ്പോൾ സൗഹൃദങ്ങളുണ്ടാക്കുന്നതിൽ പിശുക്കനായ വിശ്വേട്ടന്റെ കണ്ണുകളിൽ ഒരു സ്നേഹക്കടൽ ഇരമ്പുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. അവരുടെ സർജറി വിജയകരമായിരുന്നെന്നും റൂമിലേക്ക് മാറ്റിയെന്നും അയാളും വിവരങ്ങൾ പങ്കുവെച്ചു. ഓപ്പറേഷൻ കാത്തിരുന്ന എനിക്ക് ചുറ്റും സമാധാനത്തിന്റെ പൂത്തിരി കത്തിച്ച ക്വീൻ എലിസബത്തിന്റെ ഭർത്താവായിരുന്നു അതെന്നും അവർക്കു പിന്നിലെ കഥകളും ഞാനറിഞ്ഞത് പിന്നീടായിരുന്നു.. ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ എന്നെ അവർ സന്തോഷിപ്പിക്കുമ്പോൾ പുറത്ത് അവരുടെ ഭർത്താവ് വിശ്വേട്ടനെ സമാധാനിപ്പിക്കുകയായിരുന്നു എന്നത് ശരിക്കുമൊരത്ഭുതമായിരുന്നു.

കട്ടിൽ സാവധാനം റൂമിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ വർഷങ്ങളായി എനിക്ക് ചുറ്റും സ്നേഹസംരക്ഷണം തീർക്കുന്ന ഊദിന്റെ മണമുള്ള പ്രേതഗന്ധത്തോടൊപ്പം അപ്പോഴും എനിക്ക് ചുറ്റും താമരപ്പൂവിന്റെ സുഗന്ധം പടരുന്നുണ്ടായിരുന്നു.

(ക്വീൻ എലിസബത്തിന്റെ കഥ അടുത്ത ലക്കത്തിൽ )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക