Image

ഞാനടക്കമുള്ളവർ വീടിനെ തലയിൽ നിന്നിറക്കിവെച്ചേ മതിയാവൂ .... (മിനി വിശ്വനാഥൻ)

Published on 28 June, 2023
ഞാനടക്കമുള്ളവർ വീടിനെ തലയിൽ നിന്നിറക്കിവെച്ചേ മതിയാവൂ .... (മിനി വിശ്വനാഥൻ)

തലയില് വീടും അതിനുളളിലുള്ള സകലമാന സ്ഥാവര ജംഗമവസ്തുക്കളുമായി ഞാൻ നെട്ടോട്ടം തുടങ്ങിയിട്ട് പത്തിരുപത്തിയേഴ് വർഷങ്ങളായിട്ടുണ്ട്. കുട്ടികൾക്ക് പിന്നാലെയുള്ള പ്രാരബ്ധപ്പാച്ചിലുകൾ ഇന്ന് അമ്മമാർക്ക് ചുറ്റുമായിട്ടുണ്ടെന്ന് മാത്രം ! നമുക്ക് പരിചയമുള്ള വ്യാകരണങ്ങൾ മുഴുവൻ തെറ്റിപ്പോവുന്ന ഒരു പരക്കംപാച്ചിലാണിതെന്ന് അനുഭവം കൊണ്ട് എനിക്കറിയാം.
"നീയും" എന്ന് മൂക്കിൽ വിരൽ വെച്ചു കൊണ്ട് "ഞങ്ങൾ നിന്നെക്കുറിച്ചിങ്ങനെയൊന്നുമായിരുന്നില്ല വിചാരിച്ചിരുന്നത് " എന്ന് പറഞ്ഞ കൂട്ടുകാരെ നോക്കി ഞാൻ ആത്മാർത്ഥതയില്ലാതെ ചിരിക്കാറാണ് പതിവ്.
ഒരു തൂവല് പോലെ സർവ്വസ്വാതന്ത്ര്യത്തോടും ആത്മാഭിമാനത്തോടും ആത്മവിശ്വാസത്തോടും സ്വയം മിടുക്കി എന്ന് വിശേഷിപ്പിച്ചും   പറന്ന് നടന്നിരുന്ന എന്റെ തലയിൽ വീടിന്റെ ആദ്യത്തെ മൂലക്കല്ലെടുത്ത് വെച്ച് തന്നത് കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ അവിടത്തെ അടുക്കളയിൽ വെച്ചിട്ടാണ്. എം.ഫിൽ എന്ന ഡിഗ്രിക്ക് എം പുല്ല് എന്ന ഓമനപ്പേര് വരാൻ കാരണം എനിക്ക് സാമ്പാറും മീനും വെക്കാനറിയാത്തത് കൊണ്ടായിരുന്നു !
കല്യാണം കഴിക്കുന്നത് അടുക്കളപ്പണിയെടുക്കാനല്ലെന്ന് ആവർത്തിച്ചു കൊണ്ട് എനിക്ക് വായിക്കാൻ പുസ്തകങ്ങൾ വാങ്ങിത്തന്ന്,എന്നെ സന്തോഷിപ്പിച്ചിരുന്ന, എന്റെ ഉറക്കെയുള്ള സംസാരത്തിന് കാത് തന്ന് എനിക്കൊപ്പം ഉറക്കെച്ചിരിച്ച് എന്റെ ഡിഗ്രികളിൽ അഭിമാനിച്ചിരുന്ന ഡാഡിയോട് എന്റെ ഇടത്തെത്തോളിൽ നിന്ന് വലത്തെത്തോളിലേക്ക് പടർന്നു കയറാൻ ശ്രമിക്കുന്ന വീടിനെപ്പറ്റി യാതൊരു സൂചനയും കൊടുത്തില്ല. ഡാഡി പകർന്നു തന്ന പാഠങ്ങൾ മാത്രമാണ് ശരി എന്ന് എനിക്കന്നേ അറിയാമായിരുന്നു !
"പുതിയ പെണ്ണ് കാണാനും ഇല്ല, വെക്കാനുമറിയില്ല" എന്ന് അവിടത്തെ അമ്മിക്കുട്ടി മുതൽ അലക്ക് കല്ല് വരെ പരാതിപറയുന്നതിനിടയിലും
"ഒന്നുമില്ലെങ്കിലും ഓൾക്ക് എടുക്കെ പൊന്ന് ഉണ്ട് " എന്നിങ്ങനെ ആശ്വസിക്കാൻ ശ്രമിക്കുകയും ഞാൻ പെട്ടിയിൽ വെച്ച് കൊണ്ടുപോയ വയലറ്റു നിറത്തിൽ വെള്ളമുത്തുകളുടെ ചിത്രമുണ്ടായിരുന്ന മോത്തി സോപ്പ് കൊണ്ട് അടിപ്പാവാടകൾ അടിച്ച് തിരുമ്പി, എനിക്ക് പ്രിയപ്പെട്ടതായിരുന്ന അതിന്റെ കവർ കുളിക്കാനുള്ള വെളളം ചൂടാക്കുന്ന അടുപ്പിലേക്ക് അലക്ഷ്യമായി എറിയുകയും ചെയ്തു.
രുചിയില്ലാത്ത കൂട്ടാൻ കൂട്ടി ചോറുണ്ടാലും ജീവൻ നിലനില്കുമെന്ന് ബാച്ചിലർ ജീവിത കാലത്ത് മനസ്സിലാക്കിയിരുന്ന ഭർത്താവ് എന്റെ തോളിൽ നിന്ന് വീടിന്റെ കല്ലും മൂലക്കഴുക്കോലും എടുത്തുമാറ്റി പഴയ തൂവൽ സഞ്ചികൾ തിരിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് വീണ്ടും ധൂമകേതുക്കൾ എന്റെ ജീവിതത്തിലെത്തിയത് !
"നിങ്ങള് മാത്രം നന്നായാൽ പോരല്ലോ" എന്ന പിൻകുറിപ്പോട് കൂടി ദുബായിലേക്ക് കയറിവന്ന ഭർത്തൃ ബന്ധു തലങ്ങും വിലങ്ങും എന്റെ ഡിഗ്രികളെ കളിയാക്കി. അയാളുടെ ഭാര്യ ഉണ്ടാക്കുന്ന സാമ്പാറിന്റെ രുചിയെ പുകഴ്തി. പുരുഷൻമാർക്കൊപ്പം ഇരുന്ന് സംസാരിക്കാത്ത അയാളുടെ പെങ്ങൾമാരെക്കുറിച്ചോർത്ത് ഉൾപ്പുളകം കൊണ്ടു. അവർക്കാർക്കും പ്രീ ഡിഗ്രിക്കപ്പുറം പഠിക്കേണ്ടി വന്നിട്ടില്ലെന്ന് ആത്മഹർഷത്തോടെ അഭിമാനിച്ചു.
പത്താം ക്ലാസും ഗുസ്തിയുമായി ദുബായിൽ ജോലി തേടിയിറങ്ങിയ അയാളുടെ സി.വി യിൽ ബി. കോം സെക്കന്റ് ക്ലാസ് എന്ന് കണ്ട് സംശയത്തോടെ നോക്കിയപ്പോൾ ബോംബെയിൽ നിന്ന് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേമത്തം വിളമ്പി , ഇക്കാലത്ത് എഞ്ചിനീയറിങ്ങ് ഡിഗ്രിക്ക് ഒരു വിലയുമില്ലെന്ന് എന്റെ ഭർത്താവിന്റെ ഡിഗ്രിക്കിട്ട് ഒരു കുത്തും കൊടുത്തു.
ഉപ്പുമാവ് മാത്രം ഉണ്ടാക്കാനറിയുന്ന ഭാര്യയെ നാട്ടിലയച്ച് ഇവിടെ പൈസ സമ്പാദിക്കാൻ ശ്രമിക്കാത്ത വിഢിത്തത്തെ പരിഹസിച്ചു. ക്ഷമയുടെയും ഔദാര്യത്തിന്റെയും മൊത്തക്കച്ചവടക്കാരനായിരുന്ന മൂപ്പർ ഒരു വിളറിയ ചിരി ചിരിച്ചെങ്കിലും "സാമ്പാറു കൂട്ടി ചോറുണ്ണാനല്ലല്ലോ കല്യാണം കഴിക്കുന്നത് " എന്ന് മറുപടി പറഞ്ഞ് എന്നെ സന്തോഷിപ്പിച്ചു.
ഈ സർട്ടിഫിക്കറ്റ് കൊണ്ടും അയാൾക്ക് അന്ന് തരക്കേടില്ലാത്ത ഒരു കമ്പനിയിൽ ജോലി കിട്ടി. ഫാമിലി സ്റ്റാറ്റസുണ്ടായിട്ടും ഭാര്യയെ കൂടെ കൊണ്ടുവരാത്ത മിടുക്കത്തരം ഉറക്കെയുറക്കെ പ്രസ്താവിച്ച് അയാൾ ഞങ്ങളെ പരിഹസിക്കുകയും ചെയ്തു. മാത്രമല്ല ദുബായിൽ എന്റെ വീട്ടിൽ പ്രാതലിന് നിത്യം ഉപ്പുമാവും ബ്രഡ് സാൻഡ്വിച്ചുമാണെന്ന് നാട്ടിലെ സകലമാന മുള്ളുമുരിക്കുകളെയും അറിയിക്കുകയും ചെയ്തു.
എന്റെ ഇമേജിനും ആത്മവിശ്വാസത്തിനും എം ഫിൽ ഡിഗ്രിക്കും മേൽ അയാൾ ഏല്പിച്ച ആഘാതം കുറച്ചൊന്നുമായിരുന്നില്ല. (വെക്കേഷന് നാട്ടിൽപോയപ്പോൾ ആ നാട്ടിലെ ബസിന്റെ കമ്പിത്തുണിനു പോലും എന്റെ ഉപ്പുമാവിനെക്കുറിച്ചറിയാമായിരുന്നു.)
ഡാഡി എന്തുകൊണ്ട് പൈസ കൊടുത്ത് എനിക്കൊരു ജോലി വാങ്ങിത്തന്നില്ല എന്നായിരുന്നു അയാളുടെ മറ്റൊരു സംശയം. നിങ്ങൾക്ക് വേണമെങ്കിൽ പൊന്ന് വിറ്റു ജോലിക്ക് കയറാമല്ലോ എന്ന് ഒരു ഓപ്ഷനും അയാൾ അവതരിപ്പിച്ചു.
അക്കാലത്ത് ഹയർ സെക്കന്ററി വന്നിട്ടില്ല. എയിഡഡ് ഹൈസ്കൂളിൽ ഒരു ലക്ഷവും പിടിപാടുമായിരുന്നു ക്വാളിഫിക്കേഷൻ ! PSC വിളിക്കാൻ കാലതാമസമുണ്ടെന്നതിനാൽ മലയാളം പോസ്റ്റിലേക്ക് ലേലം വിളികൾ നടക്കുന്നുമുണ്ടായിരുന്നു ! മൂന്ന് വർഷത്തിനു ശേഷം ഹയർ സെക്കന്ററി വന്നപ്പോൾ 5 ലക്ഷമായി അത്. ഇന്നത്തെ അമ്പത് ലക്ഷത്തിന്റെ വില അന്നത്തെ ഒരു ലക്ഷത്തിനു പോലുമുണ്ട് .
പൈസ കൊടുത്ത് ജോലി വാങ്ങില്ലെന്നത് എന്റെ ആദർശമായിരുന്നു. വേണമെങ്കിൽ നമുക്ക് നോക്കിക്കൂടെ എന്ന് ഡാഡി പറഞ്ഞിട്ടുപോലും അത് നിഷേധിച്ചത് ഞാനാണ് ! ദുബായിൽ കിട്ടിയ ആദ്യത്തെ ജോലി (ഗൾഫ് മോഡൽ സ്കൂൾ ) ഇന്റർവ്യൂവിന് വന്ന മറ്റേക്കുട്ടിക്ക് എന്നേക്കാൾ ആവശ്യമെന്ന് കണ്ട് വിട്ടുകളഞ്ഞവളാണ് ഞാൻ !
(നിന്റെ ചോയ്സ് ആണ് നിന്റെ സന്തോഷമെന്ന് കൂടെ നിൽക്കുന്ന ഒരു ഭർത്താവുണ്ടായിട്ട് പോലുമാണ് ഞാൻ ഇക്കാലമത്രയും വീടും കുടുംബവും തലയിലും മേത്തുമായി ചുമന്നത് എന്ന് കയ്ക്കുന്ന മറ്റൊരു സത്യം.)
കാലം കുറച്ച് കഴിഞ്ഞു. മെയിഡ് ഇൻ ബോംബെ ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ സംശയം തോന്നിയ യു എ ഇ ഗവൺമെന്റ് ഡിഗ്രി സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യണമെന്ന് നിയമം കൊണ്ട് വന്നു. ജോലികൾ മാറുമ്പോൾ സർട്ടിഫിക്കറ്റ് അതത് യൂണിവേഴ്സിറ്റികളിൽ വെരിഫിക്കേഷന് അയക്കും. യാതൊരു തട്ടിപ്പും ഇക്കാര്യത്തിൽ നടക്കില്ല.
ഞങ്ങളെക്കൊണ്ടുള്ള ആവശ്യങ്ങൾ കഴിഞ്ഞപ്പോൾ ആ ബന്ധു സൗഹൃദത്തിന്റെ കോലൊടിക്കുക മാത്രമല്ല ബന്ധങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെ പക പടർത്തുകയും ചെയ്തിരുന്നു. പഴയ ഉപ്പുമാവിന്റെ ഓർമ്മകളാവണം അയാളെക്കൊണ്ടത് ചെയ്യിച്ചത് !
വെരിഫിക്കേഷൻ കാലത്ത് അയാൾ അസ്വസ്ഥനായി ഒരു ദിവസം വീട്ടിൽ വന്നു.  അപ്പോൾ ഞങ്ങളുടെ ഡിഗ്രി സർട്ടിഫികറ്റുകൾ ഗമയിൽ അയാളെ നോക്കി പരിഹസിച്ചു ചിരിച്ചു. ആദ്യത്തെ പരിഭ്രമത്തിനു ശേഷം "ഒരു വഴിയുണ്ടാവാതിരിക്കില്ല" എന്ന ആത്മവിശ്വാസത്തോടെ അയാൾ യാത്ര പറഞ്ഞു. പിന്നെ കാണുമ്പോൾ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ് അതും എം.കോം അയാളുടെ കൈയിലുണ്ടായിരുന്നു. ധൈര്യപൂർവം വെരിഫൈ ചെയ്യാനാവുന്ന ഒന്ന് !
ഏതായാലും ആരാലും പിടിക്കപ്പെടാതെ മൂപ്പർ അവിടെ ജോലി ചെയ്യുകയും ഭാര്യയെ കൂടെ കൊണ്ടുവരാതെ കൊട്ടാരം പോലത്തെ വീടുണ്ടാക്കുകയും എസ്റ്റേറ്റുകൾ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. ( അതിനൊക്കെ കാരണം എന്റെ ഉപ്പുമാവിന്റെ ഐശ്വര്യമാണെന്ന് ഞാൻ മാത്രം വിശ്വസിക്കുന്നു.)
പഠിക്കാതെ പരീക്ഷകൾ എഴുതാതെ ഒരു വിഭാഗം പരാന്ന ഭോജികൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നത് സത്യം മാത്രം.
റാങ്കോടെ പഠിച്ച് പാസായിട്ടും എക്സ്പീരിയൻസ് ഇല്ലാത്തതിന്റെ പേരിൽ പിൻനിരയിലായിപ്പോവുന്ന മറ്റൊരു വിഭാഗവും ഇവിടെത്തന്നെയുണ്ട്.
പെണ്ണായത് കൊണ്ട് പിടിക്കപ്പെട്ടവരും രാഷ്ട്രീയം തള്ളിയിട്ടവരും മറ്റൊരു ഭാഗത്തും.
ചെയ്യാത്ത കുറ്റത്തിന് രാഷ്ട്രീയ പകപോക്കലായി സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവർ മറ്റൊരു ഭാഗത്തും ....
+ 2 കഴിഞ്ഞിട്ടും ഈസിനും വാസിനുമപ്പുറം ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാത്ത എന്റെ മഹേഷിനെപ്പോലുള്ളവർ മാത്രമാണ് പരമമായ ഭൂരിപക്ഷ സത്യം.
എന്തിനോ വേണ്ടി പഠിക്കുന്ന മക്കൾ കുറച്ചൊന്നുമല്ല ! പ്രത്യേകിച്ച് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ദരിദ്രരുടെ ഇടയിൽ പ്രത്യേകിച്ചും.
ഏതായാലും ഇതൊന്ന് പൊളിച്ചടുക്കിയേ മതിയാവൂ.
ഞാനടക്കമുള്ളവർ വീടിനെ തലയിൽ നിന്നിറക്കിവെച്ചേ മതിയാവൂ ....

Join WhatsApp News
Abdul Punnayurkulam 2023-07-02 11:14:30
Yes, time to understand ladies not tied to spend all their life in kitchen works!
Jayan varghese 2023-07-02 17:03:03
ജീവിതം ആഘോഷിക്കാനുള്ളതല്ല, ആസ്വദിക്കാനുള്ളതാണ്. ആഘോഷത്തിൽ ഏകത്വവും ആസ്വാദനത്തിൽ ബഹുത്വവും ഉടലെടുക്കുന്നു എന്നതിനാൽ ആസ്വാദനം അപരനെക്കൂടി ചേർത്തു പിടിക്കുന്നുണ്ട്. അവിടെ സ്വാഭാവികമായും ത്യാഗത്തിന്റെ ഒരു വലിയ തലമുണ്ട്. ഓരോ സ്ത്രീയും അമ്മയായും സഹോദരിയായും ഭാര്യയായും മകളായും കാഴ്ച വച്ച ത്യാഗത്തിന്റെ ശക്തമായ അടിത്തറയിലാണ് മനുഷ്യ വർഗ്ഗം അവന്റെ കുടുംബ സൗധങ്ങളുടെ മൂലക്കല്ലുകൾ സ്ഥാപിച്ചിട്ടുള്ളത്.
നിരീശ്വരൻ 2023-07-02 15:20:54
ജോലി നേടു സ്വതന്ത്രരാവു? മതവും രാഷ്ട്രീയവും നിങ്ങൾക്ക് ഒരിക്കലും അടിമത്വത്തിൽ നിന്ന് മോചനം തരില്ല. ദൈവങ്ങളും ദേവന്മാരും സ്ത്രീകളെ ലൈംഗിക ഉപകരണമായി മാത്രമേ കണ്ടിട്ടുള്ളു. ഭർത്താവ് മരിച്ചാൽ ഭർത്താവിന്റെ ചിതയിൽ ചാടിമരിക്കുക എന്നത് പുരുഷന്മാർ സൃഷ്ടിച്ച ദൈവങ്ങളുടെ തീരുമാനംമാണ്. എത്രനാൾ നിങ്ങൾ ഉഴവുപശുക്കളായി കഴിയാൻ സാധിക്കും. നിങ്ങളുടെ നുകങ്ങളെ കുടഞ്ഞു ദൂരെയെറിഞ്ഞിട്ട് ഈ പുരുഷ കാളകളെ തലകൊണ്ട് ഇടിച്ചു വീഴ്ത്തു. അല്ലെങ്കിൽ അവന്റെ മർമ്മസ്ഥാനത്ത് ഇടിക്കു. നിങ്ങൾക്ക് എവിടെയാണ് സ്വാതന്ത്ര്യം ശ്രീകോവിലിൽ കയറിയാൽ അതശുദ്ധം അൾത്താരയിൽ കയറിയാൽ ഏതാശുദ്ധം, പുരുഷന്റെ കുട്ടികൾക്ക് ജന്മം കൊടുക്കാൻ പ്രകൃതി നിങ്ങൾക്ക് നൽകിയിരിക്കുന്ന ആർത്തവചക്രവും അതിൽ നിന്ന് വരുന്ന രക്തവും അവരുടെ വിശുദ്ധ സ്ഥലങ്ങളെ അശുദ്ധമാക്കും പോലും. ആർത്തവം നിലച്ചാൽ പുരോഹിത വർഗ്ഗം സമയം ചിലവഴിക്കുന്നത് നിങ്ങളുടെ യോനി മുഖത്താണ്. എത്രനാൾ നിങ്ങൾ ഈ അടിമത്വം തുടരും . നിങ്ങൾ ഇശ്വരന്മാരേയും അവരുടെ ശിങ്കിടികളെയും പുറത്താക്കു . ജോലി നേടൂ നിരീശ്വരിയാകൂ . ഒരു പുത്തൻ സുപ്രഭാതം വിദൂരമല്ല .
ഫുലാൻ ദേവി 2023-07-02 19:58:33
അപരൻ ചേർത്ത് പിടിക്കുന്നത് സെക്സിന്റെ സമയത്ത് മാത്രമാണ്. അതുകഴിഞ്ഞാൽ അവന്റെ തനിനിറം കാണാം
കമലാക്ഷി 2023-07-03 02:33:34
എന്റെ ഭർത്താവ് സെക്സിനു മുൻപ് പാടിയിരുന്ന പാട്ടാണ് ' വീടിനു പൊന്മണി വിളക്ക് നീ തറവാടിന് നിധി നീ കുടുംബിനി' അപ്പോൾ ഞാൻ പാടുമായിരുന്നു പ്രാണ നാഥൻ എനിക്ക് തന്ന പരമാനന്ദം പറവാൻ എളുതോ. പക്ഷെ സെസ്‌ക് കഴിഞ്ഞാൽ ആ പരനാരിയുടെ വിധം മാറും . ...
Sudhir Panikkaveetil 2023-07-02 22:25:39
ബിച്ചു തിരുമലയുടെ ഒരു ഗാനം ചെറുതായി ഒന്ന് മാറ്റുകയാണ്. "കുടുംബം ഒരു ദേവാലയമാണ്. ആനകളില്ലാതെ അമ്പാരിയില്ലാതെ ആറാട്ടു നടക്കാറുണ്ടിവിടെ, സ്വപ്‌നങ്ങൾ ആഘോഷം നടത്താറുണ്ടിവിടെ " ആനയും അമ്പാരിയും വേണ്ട. സ്വപനങ്ങൾ ഇഷ്ടം പോലെ. അവിടം ദേവാലയമാണ്. കുറേപേർ സ്ത്രീകൾക്ക് കുറെ വിലക്കുകളുമായി വന്നു. മതങ്ങൾ കാശുണ്ടാക്കാൻ കുടുംബ വൃക്ഷങ്ങൾ കുലുക്കി. പക്ഷെ സ്നേഹത്തോടെ പരസ്പരം മനസ്സിലാക്കി ത്യാഗമനോഭാവത്തോടെ തൊണ്ണൂറ് ശതമാനം കടുംബങ്ങൾ ജീവിക്കുന്നുണ്ട്. ലഹരിക്കടിമയായി പരദൂഷണത്തിൽ അകപ്പെട്ടു, അർത്ഥമില്ലാത്ത ആദർശങ്ങൾ പുലമ്പി. കുറച്ചു പേര് യാതന അനുഭവിക്കുന്നുവെന്നത് ശരി തന്നെ. അതിന്റെപുറകേ പോകാതെ നന്മയോടെ ജീവിക്കുന്ന കുടുംബകഥകൾ പറയുക, കേൾക്കുക. സമൂഹം നന്നാകും.വീട് തലയിൽ വച്ച് നടക്കുന്നതിൽ തെറ്റില്ല കാരണം താക്കോൽ അവളുടെ കയ്യിലാണ് ആകേണ്ടത്; "അതവളുടെ അവകാശമാണെന്ന് പുരുഷന്മാർ മനസിലാക്കണം. അല്ലാതെ ഒരു ചുമടുതാങ്ങിയായി അവളെ കാണരുത്. കുടുംബിനിമാരെക്കുറിച്ച് കവി സങ്കല്പം ഇങ്ങനെ " വീടിനു പൊന്മണി വിളക്ക് നീ തറവാടിന് നിധി നീ കുടുംബിനി."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക