Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ തുണയായി; അഞ്ജു സന്തോഷിന് ഇനി കസാഖിസ്ഥാനിലേക്ക് പറക്കാം

Published on 24 July, 2023
 വേള്‍ഡ് മലയാളി കൗണ്‍സില്‍ തുണയായി; അഞ്ജു സന്തോഷിന് ഇനി കസാഖിസ്ഥാനിലേക്ക് പറക്കാം

 

കോട്ടയം: സാമ്പത്തിക പ്രതിസന്ധിയെ മലര്‍ത്തിയടിച്ച് ആം റെസ്ലിംഗ് ദേശീയ ചാമ്പ്യന്‍ അഞ്ജു സന്തോഷ് കസാഖിസ്ഥാനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ പങ്കെടുക്കും.

ഈരാറ്റുപേട്ട ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ് പനയ്ക്കലും ഭാര്യ ജാനെറ്റും ചേര്‍ന്ന് അഞ്ജു സന്തോഷിന്റെ യാത്രയ്ക്കാവശ്യമായ 1,45,000 രൂപ മാതാപിതാക്കള്‍ക്ക് കൈമാറി.

കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാളിഫൈ ചെയ്തിരുന്നെങ്കിലും സ്‌പോണ്‍സറെ ലഭിച്ചിരുന്നില്ല. ഇത്തവണയും അവസരം നഷ്ടമാകുമെന്ന് കരുതിയ അഞ്ജു താന്‍ പഠിച്ച ഈരാറ്റുപേട്ട ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരെ സമീപിക്കുകയായിരുന്നു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈജു വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുക്കൊച്ചി പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുള്ള ഖാനെ അറിയിച്ചതിനെ തുടര്‍ന്ന് അഞ്ജു സന്തോഷിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയ വര്‍ഗീസ് പനയ്ക്കല്‍ സഹായിക്കാനായി മുന്നോട്ടു വരികയായിരുന്നു.

 

 

 

ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ മൂന്നു വരെ കസാഖിസ്ഥാനിലെ അല്‍മാട്ടിയിലാണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

പിടിഎ പ്രസിഡന്റ് അനസ് പാറയില്‍ അധ്യക്ഷത വഹിച്ച യോഗം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുഹ്‌റാ അബ്ദുള്‍ ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തി.

പ്രിന്‍സിപ്പല്‍ ടി.എസ്. ഷൈജു, തിരുക്കൊച്ചി പ്രൊവിന്‍സ് പ്രസിഡന്റ് വി.എം.അബ്ദുള്ള ഖാന്‍, ആം റെസ്ലിംഗ് ഫെഡറേഷന്‍ ഭാരവാഹികളായ ജോജി എല്ലൂര്‍, സെബാസ്റ്റ്യന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. പാലായില്‍ ശ്രീജിത്ത് കെ. പര്‍വണയുടെ കീഴിലാണ് അഞ്ജു സന്തോഷ് പ്രാക്ടീസ് ചെയ്യുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക