Image

കോൺഗ്രസ് സർക്കാരുകളുടെ സംഭാവനകൾ എന്തൊക്കെ? (വെള്ളാശേരി ജോസഫ്)

Published on 11 August, 2023
കോൺഗ്രസ് സർക്കാരുകളുടെ സംഭാവനകൾ എന്തൊക്കെ? (വെള്ളാശേരി ജോസഫ്)

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണിപ്പൂർ പ്രശ്നത്തിലുള്ള പാർലമെൻറ്റിലെ മറുപടി മുൻവിധിയോട് കൂടിയതാണ്. പതിവുപോലെ മണിപ്പൂർ അടക്കം രാജ്യത്തിൻറ്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മുൻ കോൺഗ്രസ് സർക്കാരുകൾ ആണെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. വാജ്പേയ് 5 വർഷം ഭരിച്ചതോ, ജനതാ പാർട്ടി ഭരിച്ചതോ, വി.പി. സിംഗ് ഭരിച്ചതോ അദ്ദേഹം ഓർത്തില്ല. 9 വർഷമായി ബി.ജെ.പി.-യാണ് ഭരിക്കുന്നതെന്നെങ്കിലും മിനിമം അദ്ദേഹം ഓർക്കണമായിരുന്നു.

ഇനി മുൻ കോൺഗ്രസ് സർക്കാരുകളുടെ രാജ്യത്തിനു വേണ്ടിയുള്ള സംഭാവനകൾ എന്തൊക്കെയാണ്? കോൺഗ്രസ് കഴിഞ്ഞ കാലയളവിൽ ചെയ്തുകൂട്ടിയ വികസന പ്രവർത്തനങ്ങൾ ഇന്നത്തെ പുതു തലമുറക്ക് ഓർമ്മയില്ലാ. ന്യുയോർക്ക് മെട്രോയെക്കാൾ എന്തുകൊണ്ടും മെച്ചമാണ് ഡൽഹി മെട്രോ. ഇന്ത്യൻ പോസ്റ്റൽ സർവീസ് അമേരിക്കൻ പോസ്റ്റൽ സർവീസിനേക്കാൾ വളരെയേറെ കാര്യക്ഷമമാണ്. നമുക്ക് ശക്തമായ റേഷൻ വിതരണ സംവിധാനമുണ്ട്. നെഹ്രുവാണ് റേഷൻ സമ്പ്രദായം ഇന്ത്യ മുഴുവൻ വ്യാപിപ്പിച്ചത്; മറ്റ് വികസന പദ്ധതികൾ കോൺഗ്രസ് സർക്കാരുകളുടേതും ആയിരുന്നു.

ഐ.ഐ.എം., ഐ.ഐ. ടി., ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എസ്.ആർ.ഒ., പഞ്ചരത്ന കമ്പനികൾ, നവരത്ന കമ്പനികൾ, ഐ.സി.എം.ആർ., ആസൂത്രണ കമ്മീഷൻ, സാഹിത്യ അക്കാഡമി -   ഇതൊക്കെ നെഹ്റുവിൻറ്റെ കാലത്ത് ഉണ്ടാക്കിയതാണ്. അല്ലാതെ ഗുരുജി ഗോൾവാർക്കറോ, ഹെഗ്ഡെവാറോ സവർക്കറോ ഉണ്ടാക്കിയതല്ല. അതുപോലെ തന്നെ നെഹ്റു ശാസ്ത്രപുരോഗതിക്കു വേണ്ടി ചെയ്ത കാര്യങ്ങൾ എണ്ണമറ്റതാണ്. അടിസ്ഥാന ഗവേഷണത്തിനു വേണ്ടി സി.എസ്ഐ.ആറും അതിൻറ്റെ കീഴിൽ പന്ത്രണ്ടോളം ഇന്ത്യൻ ഇൻസ്റ്റിറ്റിറ്റ്യുട്ടുകളും സ്ഥാപിച്ച പ്രധാനമന്ത്രിയായിരുന്നു നെഹ്റു. സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 അർധരാത്രി മുതൽ 1964 മെയ് 27 വരെ 17 വർഷമാണ് നെഹ്റു ഇന്ത്യ ഭരിച്ചത്. നമുക്ക് ശക്തമായ ജുഡീഷ്യൽ സംവിധാനവും, സ്വതന്ത്ര മാധ്യമങ്ങളും, ജനാധിപത്യ സംവിധാനവും ഉണ്ടായത് നെഹ്രുവിൻറ്റെ ആ 17 വർഷത്തെ ഭരണത്തിലൂടെയായിരുന്നു.

അത് കൂടാതെയാണ് രാജ്യത്തിൻറ്റെ ശക്തമായ അടിത്തറയ്ക്കു വേണ്ടി നെഹ്റു സ്ഥാപനങ്ങൾ പടുതുയർത്തിയത്. ഒന്നുമില്ലായ്മയിൽ നിന്നാണ് നെഹ്റു ഇതെല്ലാം പടുത്തുയർത്തിയതെന്ന് ഓർക്കണം. ബ്രട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ അഭയാർത്ഥികളും, കടക്കെണിയും, വർഗീയവൽക്കരണത്തിലൂടെ വ്രണിതമായ ഒരു മനസുമായിരുന്നു രാജ്യത്തിൻറ്റെ ആകെ കൈമുതൽ. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലൂടെ നെഹ്റുവിനേയും കോൺഗ്രസിനേയും വിമർശിക്കുന്നവരിൽ പലരും ഇത്തരം വിമർശന സ്വാതന്ത്ര്യം ഒന്നും നമ്മുടെ അയൽ രാജ്യങ്ങളിൽ പോലും ഇല്ല എന്ന വസ്തുത മനസിലാക്കുന്നില്ല. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പ്രോത്സാഹിപ്പിച്ച ആ 'Freedom of Speech'-ൻറ്റെ ഫലമാണ് ഈ വിമർശന സ്വാതന്ത്ര്യം എന്ന വസ്തുത പലരും മനസിലാക്കുന്നില്ല. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ഉയർത്തി പിടിച്ച ആ പുരോഗമന മൂല്യങ്ങളാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയുടെ കരുത്ത്. ഇതൊക്കെ നിരന്തരമായി ഇന്ത്യയുടെ ഇന്നത്തെ യുവതലമുറയെ നിരന്തരമായി ഓർമിപ്പിച്ചുകൊണ്ടേയിരിക്കണം.

ദീർഘദർശി ആയിരുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി തുടങി വച്ച അനേകം പൊതുമേഖല സ്ഥാപനങ്ങളിൽ നവര്തന കമ്പനികൾ എന്ന് വിശേഷിപ്പിക്കുന്നവ:
1) Bharat Electronics Limited (BEL)
2) Container Corporation of India Limited
3) Engineers India Limited (EIL)
4) Hindustan Aeronautics Limited (HAL)
5) Mahanagar Telephone Nigam Limited (MTNL)
6) National Aluminium Company (NALCO)
7) National Buildings Construction Corporation (NBCC)
8) NationCal Mineral Development Corporation (NMDC)
9) NLC India Limited (NLCIL)  - ഈ പറയുന്ന 9 സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ഇന്ന് സ്വകാര്യ കമ്പനികളുടെ കയ്യിലാണ്.

ഇന്ത്യയിൽ ധവള വിപ്ലവം നെഹ്രുവിൻറ്റെ കാലത്താണ് ആരംഭിച്ചത്. വർഗീസ് കുര്യൻറ്റെ നെത്ര്വത്ത്വത്തിൽ ഗുജറാത്തിലായിരുന്നു തുടക്കം. ഹരിത വിപ്ലവം പിന്നീട് ഇന്ദിരാ ഗാന്ധിയുടെ കാലത് ശാസ്ത്രജ്ഞനായ നോർമൻ ബെർലാഗിനെ കൂട്ട് പിടിച്ചും. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും പ്രെസിഡൻറ്റ് ലിൻഡൻ ജോൺസണിൻറ്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെയും, 9  ദശ ലക്ഷം ഡോളറിൻറ്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയത്.

1970-കളിൽ ഇന്ത്യയിൽ കൊണ്ടുവന്ന പുതിയ സങ്കര ഇനം വിത്തുകളായ 'ഹയ്യ് യീൽഡിങ് വെറയ്റ്റി' (HYV) ഇനം ഗോതമ്പും, അരിയുമാണ് ഈ ഇൻഡ്യാ മഹാരാജ്യത്തെ പട്ടിണി മാറ്റിയത്. 1970-കൾക്ക് മുമ്പുണ്ടായിരുന്ന ഉൽപാദനക്ഷമത കുറഞ്ഞ നാടൻ വിത്തിനങ്ങൾ ഈ രാജ്യത്തെ പട്ടിണി മാറ്റിയിട്ടില്ല. 'ഹയ്യ് യീൽഡിങ് വെറയ്റ്റി' (HYV) ഇനം വിത്തുകൾ കൃഷി ചെയ്തപ്പോൾ മണ്ണിൻറ്റെ ഫലഭൂയിഷ്ടത കൂട്ടാൻ രാസവള പ്രയോഗവും, കീടനാശിനി ഉപയോഗവും കൂടെ ചെയ്തു. അതാണിപ്പോൾ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് - എന്നിവിടങ്ങളിലെ മണ്ണിൻറ്റെ ഫലഭൂയിഷ്ടതക്ക് കാരണം. 'സ്വദേശി' പറഞ്ഞു ബി.ജെ.പി.- ക്ക് മുമ്പുണ്ടായിരുന്ന ജന സംഖും  സംഘ പരിവാറുകാരും ധവള വിപ്ലവത്തേയും, ഹരിത വിപ്ലവത്തേയും ആക്രമിച്ച ചരിത്രം മാത്രമേ ഉള്ളൂ. സ്വദേശി ജാഗരൺ മഞ്ചിൻറ്റെ ശാസ്ത്ര വിരുദ്ധമായ പാത പിന്തുടരുകയായിരുന്നുവെങ്കിൽ ഇന്ത്യയിപ്പോഴും ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ പിന്നിൽ തന്നെ കിടന്നേനേ; ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ജനത്തിന് പട്ടിണി മാറത്തും ഇല്ലായിരുന്നു.

ഇന്ദിര ഗാന്ധിയുടെ കാലശേഷം രാജീവ് ഗാന്ധി വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യയിൽ 'കംബ്യുട്ടറൈസേഷൻ' അത്ര പെട്ടെന്നെന്നും വരില്ലായിരുന്നു. ഇന്ത്യയിലെ കംബ്യുട്ടറൈസേഷൻറ്റെ പിതാവ് രാജീവ് ഗാന്ധിയാണ്. മോഡിയടക്കം കംപ്യുട്ടറിലൂടെ രാജീവ് ഗാന്ധിയെ വിമർശിക്കുന്ന പലരും അത് ഓർമിക്കുന്നില്ല. കമ്പ്യൂട്ടർ വിപ്ലവം, മാരുതി സുസുകി കാർ നിർമാണം, സ്ത്രീകൾക്ക് 33 ശതമാനം പ്രാതിനിധ്യം നൽകുന്ന പഞ്ചായത്തി രാജ് നിയമം, നഗര പാലികാ ആക്റ്റ്, കൂറുമാറ്റ നിയമം, ടെലിഫോൺ നൂതന പ്രക്രിയ അങ്ങിനെ എത്രയോ മാറ്റങ്ങൾ രാജീവ് ഗാന്ധി  ചുരുങ്ങിയ കാലത്തിനുള്ളിൽ നടപ്പിലാക്കി. സാം പിട്രോഡയിലൂടെ നടപ്പാക്കിയ ടെലികോം റെവലൂഷൻ ഒന്നു മാത്രം മതി രാജീവ് ഗാന്ധിയുടെ നാമം എന്നും ഓർമ്മിക്കാൻ.  മുമ്പൊക്കെ ഒരു എസ്.ടി.ഡി. കോൾ ചെയ്യാൻ എത്ര ബുദ്ധിമുട്ടായിരുന്നു എന്ന് അനുഭവിച്ചവർക്കൊക്കെ അറിയാം. അന്ന് ട്രങ്ക് കോൾ ബുക്ക് ചെയ്ത് കാത്തിരിക്കണം. ലൈൻ വല്ലപ്പോഴുമേ ക്ളിയറാകാറുള്ളൂ. ട്രങ്ക് കോൾ ബുക്ക് ചെയ്തതിനു ശേഷം കണക്ഷൻ കിട്ടാൻ എക്സ്ചേഞ്ച് ജീവനക്കാരുടെ സഹായം തേടണം. പിന്നെ അതിന് അവരുടെ വായിലിരിക്കുന്നത് കേൾക്കണം. ഇപ്പോഴത്തെ തലമുറക്ക് അതൊന്നും ഓർമയില്ല. സ്മാർട്ട് ഫോണും കയ്യിൽ പിടിച്ചു നടക്കുമ്പോൾ 30-40 വർഷം മുമ്പ് സ്മാർട്ട് ഫോൺ പോയിട്ട് നേരേചൊവ്വേ ഒരു ഫോണിൽ പോലും സംസാരിച്ചിട്ടുള്ളവരല്ല തങ്ങളുടെ മുൻ തലമുറയിലുള്ളവർ എന്ന് പലരും ഓർമിക്കുന്നതേ ഇല്ലാ

ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ഇന്ന് ബി.ജെ.പി. പോലും പൊക്കിപിടിക്കുന്ന ആധാർ, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ഇന്ത്യയിൽ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡൽഹി മെട്രോ പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവ് - ഇതൊക്കെ മൻമോഹൻ സിംഗിൻറ്റെ നേട്ടങ്ങളാണ്. ഡോക്ടർ മൻമോഹൻ സിംഗിൻറ്റെ കൂടെ പ്രവർത്തിച്ച ചിലരെ ഇതെഴുതുന്നയാൾക്ക് നേരിട്ടറിയാം. ആദ്യ കാലങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾ കഴിഞ്ഞാൽ മൻമോഹൻ സിംഗ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു തൻറ്റെ പ്രീമിയർ പദ്മിനി കാറിൽ ആയിരുന്നു തിരിച്ചു പോയിരുന്നത് എന്നാണ് അത് കണ്ടിട്ടുള്ള ഒരാൾ ഇതെഴുതുന്നയാളോട് നേരിട്ട് പറഞ്ഞിട്ടുള്ളത്.

അങ്ങനെയുള്ള ഡോക്ടർ മൻമോഹൻ സിംഗിനെ പോലും ഇവിടുത്തെ നിക്ഷിപ്ത താൽപര്യക്കാർ 2G കേസിൽ അഴിമതികാരനാക്കി. ഒരു ലക്ഷത്തി എഴുപത്താറായിരം കോടി രൂപാ!!! ഇന്ത്യ മഹാരാജ്യം വെള്ളരിക്കാ പട്ടണമാണോ??? മാധ്യമ പ്രവർത്തകർ മുൻ CAG വിനോദ് റായിയോട് അതിൻറ്റെ പേരിൽ കോടതി വിധി വന്നതിന് ശേഷം മാപ്പ് പറയുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഒരു വ്യക്തമായ ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. ഡോക്ടർ മൻമോഹൻ സിംഗ്‌ അന്തർ മുഖനായിരുന്നു. അത് ബി.ജെ.പി. - യും, സംഘ പരിവാറുകാരും മാക്സിമം മുതലാക്കി. പക്ഷെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റി മറിച്ച ദീർഘ വീക്ഷണം സിദ്ധിച്ച വ്യക്തി ആയിരുന്നു ഡോക്ടർ മൻമോഹൻ സിംഗ്‌. ഒരുപക്ഷെ ചരിത്രം അദ്ദേഹത്തോട് നീതി കാണിക്കുമായിരിക്കും.

ഈയിടെ  ഉദാരവത്കരണത്തിൻറ്റെ മുപ്പതാം വാർഷിക ദിനത്തിൽ ഡോക്ടർ മൻമോഹൻ സിംഗ് ടൈമ്സ് ഓഫ് ഇന്ത്യയോട് പറഞ്ഞത് 40 കോടിയോളം ജനതയെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഉദാരവത്കരണത്തിന് സാധിച്ചു എന്നാണ്. UPA ഭരണ കാലത്ത് ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്ന വസ്തുത ആരും കാണാതിരിക്കരുത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 407 മില്യൺ എന്ന സംഖ്യയിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത് മഹനീയമായ നേട്ടം തന്നെയാണ്. ഒരു വശത്ത് സാമ്പത്തിക വളർച്ചയും മറു വശത്ത് തൊഴിലുറപ്പു പദ്ധതികൾ പോലെയുള്ള ക്ഷേമ പ്രവർത്തനങ്ങളും വഴിയാണ് ഇത് സാധിച്ചത്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചത്. നാഷണൽ സാമ്പിൾ സർവേകൾ ഇത് കൃത്യമായി വ്യക്തമാക്കുന്നുമുണ്ട്. ഇതെഴുതുന്നയാൾക്ക് പങ്കെടുക്കുവാൻ സാധിച്ച ഡോക്ടർ മൻമോഹൻ സിങ്ങിൻറ്റെ ഒരു പ്രഭാഷണത്തിനു ശേഷമുള്ള ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞത് "ഉദാരവൽക്കരണത്തിൻറ്റെ ഒരു പ്രധാന ലക്ഷ്യം ശക്തമായ മധ്യ വർഗത്തെ ഇന്ത്യയിൽ സൃഷ്ടിക്കുകയാണ്" എന്നായിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യ വർഗം ഇന്ത്യയിൽ രൂപം കൊണ്ടു എന്നതും സമീപ കാല ചരിത്ര സത്യമാണ്. ഈ ചരിത്ര സത്യങ്ങളൊക്കെ വിദ്വേഷ പ്രചാരണവും, വ്യക്തിപരമായ ആക്രമണങ്ങളും മൂലം ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തുന്നില്ലാ; അതാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങൾക്ക് കാരണവും.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക