Image

പൂക്കളുടെ ഓണോത്സവം (മിനി വിശ്വനാഥന്‍)

Published on 30 August, 2023
പൂക്കളുടെ ഓണോത്സവം (മിനി വിശ്വനാഥന്‍)

പൂവിൽപ്പനക്കാരും തുണിക്കച്ചവടക്കാരും കൂട്ടത്തിൽ ഓണച്ചന്തകളും നിറഞ്ഞ തലശ്ശേരി ടൗണിലിലെ ഓണത്തിരക്കിലൂടെ നടക്കുമ്പോഴാണ് ഓണം പല വിധ ഗന്ധങ്ങളായും ഓർമ്മകളായും എന്നിൽ ആവേശിച്ചത്.

ഓരോകാലത്തും ഓരോ മനുഷ്യനും ഓണം പലവിധത്തിലുള്ള ഓർമ്മകളാണ്. പൂക്കളുടെയും പൂമ്പാറ്റകളുടെയും നെയ്യിൽ കുറുകുന്ന ശർക്കരപ്പായസത്തിന്റെയും പുത്തനുടുപ്പിന്റെയും ഗന്ധങ്ങളാണ്. കർക്കിടക മഴയിൽ നനഞ്ഞു കുതിർന്ന മണ്ണിന്റെ മണവുമാണ്. 
തുമ്പപ്പൂവിന്റെ വെണ്മ മുതലിങ്ങോട്ട് വിവിധ തരത്തിലുള്ള, നിറങ്ങളുടെ ചേർച്ചയാണ്.  

ഓണത്തിന് മനസ് കൊണ്ടെങ്കിലും നാട്ടിലെത്താത്ത പ്രവാസിയുമുണ്ടാവില്ല..
ഓണത്തിന്റെ ഓഫറുകൾ ബഹുവർണ്ണച്ചിത്രങ്ങളായി പരസ്യമാവാത്ത പഴയ കാലത്തെ പ്രവാസ ഓണത്തിലും മഞ്ഞ ചെണ്ടുമല്ലിയും മുല്ലയും കൂട്ടത്തിൽ പച്ചനിറത്തിന് കറിവേപ്പിലും ചേർത്ത് ഞാൻ പൂവിടുമായിരുന്നു.  അത്തം മുതൽ പത്തു ദിവസമൊന്നും ഇല്ലെങ്കിലും തിരുവോണത്തിന് ഫ്ലാറ്റിന്റെ കോറിഡോറിൽ രണ്ട് പൂക്കൾ വാരിയിടുന്നത് ഒരു സമാധാനമാണ്. ഓണാവധിയില്ലാത്ത ദുബായി കുട്ടികൾക്ക് തിടുക്കപ്പെട്ട് സദ്യയുണ്ടാക്കി ഇലയിലൂട്ടി ഓണത്തിന് പൂ പറിക്കാൻ പോവുന്ന  വീരസാഹസിക കഥകൾ പറഞ്ഞ് ആവരിൽ ഓണമുണർത്തുന്നത് ഒരു ശീലമായിരുന്നു. 

പണ്ട് ടൗണിൽ പോയി ഓണക്കോടിയും പച്ചക്കറികളും വാങ്ങിവരുമ്പോൾ മഞ്ഞ ജമന്തിയും ഓറഞ്ച് മല്ലിപ്പൂവും വിൽക്കാൻ വെച്ചിരിക്കുന്നത് ആഗ്രഹത്തോടെ നോക്കി നിന്ന് കൊതി പറഞ്ഞ് വാശി പിടിക്കും. "അതൊക്കെ പറമ്പിൽ പൂക്കളില്ലാത്ത ടൗണിലെ കുട്ടികൾക്ക് വേണ്ടിയാണ് " എന്ന് പറഞ്ഞു ആഗ്രഹത്തിന്റെ മുനയൊടിക്കും. അല്പമൊന്നു ശാഠ്യം പിടിച്ചാൽ മഞ്ഞ ജമന്തിയും ചെണ്ടുമല്ലിയും ഒരല്പം വാങ്ങിത്തരും. വാങ്ങിയ പൂക്കൾ കാണുമ്പോൾ പൂക്കളത്തിന് മഞ്ഞപ്പിത്തം പിടിപ്പിക്കാൻ ഓരോരു സാധനങ്ങൾ കൊണ്ടുവന്നിരിക്കുന്നു എന്നായിരിക്കും വീട്ടിലെ മുതിർന്നവരുടെ പ്രതികരണം.

പല വിധ പൂക്കൾ ഒത്തുചേരുമ്പോൾ നിറങ്ങൾ പോലെ  ഒരു പ്രത്യേക ഗന്ധവുമുണ്ടാവും. ഓണ ഗന്ധങ്ങളിൽ പ്രിയപ്പെട്ട ഒന്നാണത്. നന്ത്യാർവട്ടവും ചെത്തിപ്പൂവും ചെണ്ടുമല്ലിയും പരസ്പരം ചേർന്നിരുന്ന് പൂക്കളത്തിന് സൗന്ദര്യം കൂട്ടും. ഓരോരു പൂവും വിടർത്തിടുമ്പോൾ പൂമ്പൊടി കൈയിൽ പറ്റും. വിരലുകൾ പൂമ്പാറ്റകളാവും.

കുട്ടികൾ പൂക്കൾ ചേരുംപടി ചേർത്ത് മുറ്റത്ത് വർണ്ണചിത്രമൊരുക്കുമ്പോൾ അടുക്കളയിൽ അമ്മമാർ പച്ചക്കറികൾ ചേരുംപടി ചേർത്ത് സദ്യ ഉണ്ടാക്കുകയായിരിക്കും. ഓണത്തിന്റെ മാസ്മരിക ഗന്ധങ്ങളുടെ കലവറയാണ് അടുക്കള . കടുകും മുളകും തേങ്ങയും കറിവേപ്പിലയും ചേർത്ത് പച്ചടിയിലേക്ക് വറുത്തിട്ടു കഴിഞ്ഞാലുടൻ കാളന്റെ ഉലുവ മണമുള്ള ഗന്ധമായി. തിളയവസാനിക്കുന്ന ഓലനിൽ പച്ച വെളിച്ചെണ്ണ ഇറ്റുവീഴുന്ന സൗമ്യമായ മണത്തിന് ശേഷമായിരിക്കും പ്രഥമന്റെ ചെറുപയർ പരിപ്പ് നെയ്യിൽ വരളുന്ന രാജകീയ സുഗന്ധം. അവിയലും കൂട്ടുകറിയും സാമ്പാറും കൂടിച്ചേർന്ന് രസമുകുളങ്ങളെ തട്ടിയുണർത്തും.

വെച്ചും വിളമ്പിയും തേച്ച് കഴുകിയും വൃത്തിയാക്കിയും മടുത്ത അമ്മമാർക്കുള്ളതാണ് ഉച്ചക്ക് ശേഷമുള്ള പാട്ടോണം. അയൽക്കാരും ബന്ധുക്കളും ഒത്ത് ചേർന്ന് ക്ഷീണം മറന്ന് അവരും ആടുകയും പാടുകയും ചെയ്യും.

ഗൃഹാതുരരായ പ്രവാസികളുടെ ഓണത്തിന് പൊലിമയേറും. പൂക്കാടുകളില്ലെങ്കിലും അവർ പൂക്കളമൊരുക്കും. സദ്യയുണ്ടാക്കും. പാർക്കുകളിൽ പോയി ഊഞ്ഞാലാടും. ഓരോ വെക്കേഷൻ കഴിഞ്ഞു വരുമ്പോഴും ഓണപ്പുടവകൾ കൊണ്ടുവരുമായിരുന്നു ഞാൻ.
വാഴയിലയും നേന്ത്രക്കായയും ചേനയും തേങ്ങയും, ശർക്കരവരട്ടിയതും , കായ വറുത്തതും സൂപ്പർമാർക്കറ്റുകാർ കരുതി വെക്കും. ആദ്യ കാലത്ത് ഞങ്ങളുടെ ഓണത്തിനും വിഷുവിനും മിഴിവേകിയ കരാമയിലെ സൺ റൈസ് സൂപ്പർ മാർക്കറ്റിനെ മറക്കാനുമാവില്ല !

കാലമെത്ര പോയാലും നാടെത്ര മാറിയാലും ഓരോ മലയാളിയുടെ ഉള്ളിലും ഓണമുണ്ടാവും. മഹാബലി വാണ നാടിന്റെ മാധുര്യവുമുണ്ടാവും.

എല്ലാ പ്രിയ വായനക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ !

Read more: https://emalayalee.com/writer/171

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക