Image

വെള്ളത്താമര (ഭാഗം 8: മിനി വിശ്വനാഥന്‍)

Published on 20 September, 2023
വെള്ളത്താമര (ഭാഗം 8: മിനി വിശ്വനാഥന്‍)

സ്വപ്നങ്ങൾ അവസാനിക്കുമ്പോഴേക്ക് ഞാൻ ശരിക്കും ക്ഷീണിച്ചിരുന്നു. ആ ക്ഷീണത്തിന്റെ തണലിലാവണം ഉറങ്ങിപ്പോയത്. അതിദീർഘവും അസ്വസ്ഥവുമായ ഒരു ദിവസത്തിലൂടെ കടന്നു പോയത്  കൊണ്ട് നന്നായി ഉറങ്ങാനും പറ്റി. 

കണ്ണു തുറക്കുമ്പോൾ ആശുപത്രി മുറിയിൽ വെളിച്ചം പടർന്നിരുന്നു. ഒരു നിമിഷത്തെ സ്ഥലഭ്രമത്തിനു  ശേഷം ഞാൻ തൊട്ടടുത്തുള്ള കൗച്ചിൽ ചാരിക്കിടക്കുന്ന വിശ്വേട്ടനെ കണ്ടു. പിന്നെ ചുറ്റും നോക്കി.
മുറി മുഴുവൻ പ്രസന്നമായ താമര ഗന്ധം പരത്തിക്കൊണ്ട് മദ്ധ്യ വയസ്സുകളിൽ എത്തി നിൽക്കുന്ന ഒരു സ്ത്രീ നിലം തൂത്തു വൃത്തിയാക്കുന്നുണ്ടായിരുന്നു.  ഞാൻ ഉണർന്നെന്നു കണ്ടപ്പോൾ പ്രസന്നമായ ഗുഡ്മോണിങ്ങ് ആശംസക്ക് ശേഷം അവരുടെ ജോലിയുടെ ഭാഗമല്ലാഞ്ഞിട്ടു പോലും വിശക്കുന്നുണ്ടെങ്കിൽ ഇപ്പോൾ ഭക്ഷണത്തിന് ഓർഡർ ചെയ്യാമെന്ന് പറഞ്ഞു. അപ്പോഴാണ് ഇന്നലെ മുതലേ എനിക്ക് ദാഹിക്കുകയായിരുന്നല്ലോ എന്ന്  ഓർമ്മ വന്നത്. 
വെള്ളം വേണമെന്ന് ആവശ്യപ്പെടുമ്പോഴേക്ക് ഭക്ഷണ ട്രേയുമായി കാറ്ററിങ്ങ് സ്റ്റാഫ് വന്നു. സൂപ്പിൽ കുരുമുളക് പൊടി ഇട്ടു തന്ന് ഇന്നലെ എന്നെ സൽക്കരിച്ച വിളർത്തു മെലിഞ്ഞ ആ പെൺകുട്ടി തന്നെയായിരുന്നു ഇന്നും. സുഖവിവരങ്ങൾ അന്വേഷിച്ചതിനു ശേഷം ഇന്ന് ഇന്ത്യൻ ഭക്ഷണമാണെന്നും കൂടെ ഒരു സ്പെഷൽ കോഫിയും കൂടെ ഉണ്ടെന്ന് പറഞ്ഞ് അവർ അലിവോടെ എന്നെ നോക്കി, ശ്രദ്ധാപൂർവ്വം ഭക്ഷണട്രേ ടേബിളിൽ വെച്ചു.  തലേ ദിവസം എനിക്ക് ഒരിറക്കെങ്കിലും കോഫി തരാമോ എന്ന് ചോദിച്ച് അവളോട് കെഞ്ചിയതോർത്തപ്പോൾ എനിക്ക് ചിരി വന്നു. 

അവർ കൊണ്ടു വെച്ച ആലു പറാത്തയിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന ബട്ടറിന്റെ മിനുപ്പ് കണ്ടപ്പോൾ കൊതി തോന്നിയെങ്കിലും  മുഖം കഴുകാൻ ബെഡിൽ നിന്ന് ഇറങ്ങുന്നതോർത്തപ്പോൾ ആകെയൊരു വിരക്തി എന്നെ പൊതിഞ്ഞു. നിസ്സഹായതയുടെ പരമാവധിയിൽ എനിക്ക് കരച്ചിൽ വന്നു. കട്ടിലിൽ നിന്ന് താഴെയിറങ്ങില്ലെന്ന് വിശ്വേട്ടനെ നോക്കി വാശി പിടിച്ചു. 

അപ്പോഴേക്കും ഷിഫ്റ്റ് മാറിയ നേഴ്സുമാർ വന്നു തുടങ്ങി. എന്റെ അനസ്തേഷ്യ പേടി മലയാളി സിസ്റ്റർമാർക്കിടയിൽ ഒരു തമാശയായിട്ടുണ്ടെന്ന് അവരിലൊരാൾ പറഞ്ഞു ചിരിച്ചു. ഒരു യൂനിറ്റ് ബ്ലഡ് കൂടി അപ്രൂവ് ആയിട്ടുണ്ടെന്നും അത് കയറ്റുന്നതിന് മുൻപായി ഭക്ഷണം കഴിക്കണമെന്നും ഇന്ന് കുറച്ച് നടക്കണമെന്നും അവർ  കർശനമായിത്തന്നെ നിർദ്ദേശിച്ചു. 

എന്റെ എല്ലാ ആവശ്യങ്ങൾക്കും വാശികൾക്കുമൊപ്പം വിശ്വേട്ടൻ കൂടെയുണ്ടായിരുന്നെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെ ഒരു സങ്കടം എന്നെ വലിഞ്ഞു മുറുക്കി. ഞാൻ പെറ്റുകിടക്കുമ്പോൾ അനുതാപത്തോടെ എന്റെ കൈവിരൽ പിടിച്ചിരിക്കാറുള്ള ഡാഡിയെ ഓർത്തു. നിനക്ക് വേദനിക്കുന്നോ എന്ന് ചോദിച്ചു കൊണ്ട് നെറ്റി തടവിത്തരാറുള്ള ഡാഡി ഇതൊന്നും അറിഞ്ഞിട്ടില്ല. ഞാനിങ്ങനെ നിസ്സഹായയായി ആശുപത്രിയിൽ കിടക്കുന്ന കാര്യം അറിഞ്ഞാൽ ഡാഡിക്ക് സങ്കടം വരുമെന്നത് കൊണ്ട് നാട്ടിൽ ഈ കാര്യങ്ങൾ ഒന്നും അറിയിച്ചിരുന്നില്ല. ഇന്നലെ വീട്ടിലേക്ക് വിളിച്ചില്ലെന്നും എന്റെ ശബ്ദം കേൾക്കാതെ അവർ പരിഭ്രമിച്ചിട്ടുണ്ടാവുമെന്നും ഓർത്തപ്പോൾ എണിറ്റ് ജീവിതത്തിലേക്ക് വരാൻ ഒരു ഉത്സാഹം തോന്നി. മെല്ലെ കട്ടിലിൽ നിന്നിറങ്ങിയപ്പോൾ ശരീരത്തിലെവിടെയും വേദന ഇല്ലെന്ന് തിരിച്ചറിഞ്ഞ ആത്മവിശ്വാസത്തിൽ ഞാൻ പിച്ചവെക്കുന്ന കുട്ടിയെപ്പോലെ വിരലുകളമർത്തി സാവധാനം നടന്ന് തുടങ്ങി.

പുറത്ത് കിളികൾ അവരുടെ കൂടിന്റെ പണി പൂർത്തിയാക്കിക്കഴിഞ്ഞിരുന്നു. ആൺപക്ഷിയും പെൺപക്ഷിയും  അതിന്റെ അവസാന മിനുക്കുപണികളിലായിരുന്നു. ഓരോ പുൽനാമ്പും കൂട്ടിലേക്ക് ചേർത്ത് വെച്ച് അവർ പരസ്പരം ഒന്നു നോക്കും. ഇവിടെ ഇത് പോരെ എന്ന് ചോദിക്കുന്ന മട്ടിൽ.
ശരീരത്തിനൊരു ഭാരം തോന്നുന്നു വെങ്കിലും മറ്റ് വേദനകൾ ഒന്നുമില്ലാത്തതിനാൽ എനിക്ക് സമാധാനവും സന്തോഷവും തോന്നി.

ഓർമ്മപ്പെടുത്തലുകളുമായി ഗർഭപാത്രം ഇനിയെനിക്ക് പിറക്കെ നടക്കില്ലെന്നോർത്തപ്പോഴുള്ള സമാശ്വാസത്തിൽ ഞാൻ പ്രഭാത കൃത്യങ്ങൾ കഴിച്ചു. വിശപ്പിനേക്കാളുപരി ദാഹിക്കുന്നു എന്ന തോന്നലായിരുന്നു എനിക്കധികമായുണ്ടായത്. അവർ കൊണ്ടു വെച്ച വെള്ളം രുചിയോടെ കുടിക്കുന്നതിനിടയിൽ വിശ്വേട്ടനോട് ഇന്നലത്തെ വിശേഷങ്ങൾ അന്വേഷിച്ചു. ഞാൻ ഓപ്പറേഷൻ തീയേറ്ററിൽ കിടക്കുമ്പോൾ എന്നെ മിസ്സ് ചെയ്തിരുന്നോ എന്ന് ഒരു കൗമാരക്കാരിയെപ്പോലെ ചോദിച്ചു കൊണ്ട് കട്ടിലിൽ ചാഞ്ഞിരുന്നു.

ഉള്ളിൽ തേൻ പോലെ സ്നേഹമുണ്ടെങ്കിലും സെന്റിമെൻസുകൾ പുറത്തെടുക്കാത്ത ആളാണെന്നറിഞ്ഞു തന്നെയായിരുന്നു ഞാനാ ചോദ്യമെറിഞ്ഞത്.  പക്ഷേ എന്നെ അമ്പരപ്പിച്ചു കൊണ്ട് ആ ചോദ്യത്തിന്റെ നിഷ്കളങ്കതക്ക് ചേരുന്ന ഭാവത്തോടെ ഞങ്ങൾ മുഴുവൻ സമയവും നിനക്ക് വേണ്ടിയും അവർക്ക് വേണ്ടിയും പ്രാർത്ഥിക്കുകയായിരുന്നു എന്ന് മറുപടി പറഞ്ഞു, "പാവം ആ മനുഷ്യൻ" എന്ന് കൂട്ടിച്ചേർത്തു കൊണ്ട് നെടുവീർപ്പിട്ടു.

പുത്തൻ സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിൽ പിശുക്കനായ വിശ്വേട്ടന് ഞാനറിയാത്ത ഒരു അയാളും അവരും എവിടെ നിന്ന് വന്നുവെന്നറിയാനുള്ള ആകാംക്ഷയോടെ  ഞാൻ ആകാംക്ഷയോടെ വിശ്വേട്ടന്റെ മുഖത്ത് നോക്കി.
ഭാര്യയെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റിവിട്ട് പുറത്ത് കാവലിരിക്കുന്ന മറ്റൊരു മലയാളി എന്ന പരിഗണയിൽ മിണ്ടിത്തുടങ്ങിയ രണ്ട് പേര് പരസ്പരം പ്രാർത്ഥനയിൽ പങ്കു ചേരുന്നത്രയും വലിയ ഹൃദയബന്ധത്തിലവസാനിച്ച കഥ സാവധാനം പറഞ്ഞു തുടങ്ങി.

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക