Image

കഥകളിയും കവിതയും  നടനവും നിറഞ്ഞാടിയ കാവാലത്ത്  ഒരു ബലിത്തറ, ഒരു  പിടി ഭസ്മം (കുര്യൻ പാമ്പാടി)

Published on 30 September, 2023
കഥകളിയും കവിതയും  നടനവും നിറഞ്ഞാടിയ കാവാലത്ത്  ഒരു ബലിത്തറ, ഒരു  പിടി ഭസ്മം (കുര്യൻ പാമ്പാടി)

ഓണം കഴിഞ്ഞു തീപ്പന്തങ്ങൾക്കു നടുവിൽ പാതിരാവോളം അന്നങ്ങൾ  നിറഞ്ഞാടിയ കെട്ടുകാഴ്ചകൾക്കു ശേഷം നീലംപേരൂർ പള്ളി ക്ഷേത്ര മൈതാനം ആളൊഴിഞ്ഞു കിടന്നു. അതിന്റെ അതിരു ചേർന്ന്  കാവലത്തേക്കു ഞങ്ങൾ നടത്തിയ യാത്ര ഒരു തീർഥാടനം പോലെയായിരുന്നു.

കൊയ്ത്ത് കഴിഞ്ഞു പാതയോരങ്ങളിൽ തടുത്തു കൂട്ടിയ പുതുനെല്ലിന്റെ മണം. കാർമേഘങ്ങൾ താണ്ഡവമാടുന്ന ആകാശം  നോക്കി നെടുവീർപ്പിടുന്ന കൃഷിക്കാരും പെണ്ണാളുകളും. ഒരാഴ്ചയായിട്ടും നെല്ല് കൊണ്ടുപോകാൻ ആളുകൾ എത്തുന്നില്ല.  പുഞ്ചക്കൃഷിക്ക് ഒരുക്കിയിട്ട നിലങ്ങൾക്കു  മുകളിൽ ഒരായിരം ഇരണ്ടപക്ഷികൾ പ്രാകിപ്പറക്കുന്നു.  

അയ്യപ്പപ്പണിക്കർ സ്‌മൃതി സംഗമത്തിൽ കവിത അവതരിപ്പിച്ച ഷാഫി റാവുത്തറും ദേവിനായരും

പമ്പയുടെ കൈവഴികൾ നീരാളി പോലെ പടർന്നു പന്തലിച്ച കുട്ടനാടു അപ്പാടെ മാറി. തോടുകൾ റോഡുകളാ
യി,  പാലങ്ങൾ, ജങ്കാറുകൾ,  റിസോർട്ടുകൾ, യന്ത്രം പിടിപ്പിച്ച വള്ളങ്ങൾ. റാന്തൽ വിളക്കുമായി ഒഹൊയ് വിളിക്കാനോ വിളികേൾക്കാനോ വള്ളക്കാരില്ല.  

ഒന്നിനൊന്നു മികച്ച മൂന്ന് പണിക്കർമാരുടെ കുടീരങ്ങൾ തേടിയായിരുന്നു ഞങ്ങളുടെ തീർഥാടനം. കേരള
ത്തിന്റെ സാമ്പത്തിക, സാഹിത്യ, സാംസ്കാരിക ഭൂപടം മാറ്റിവരച്ച പ്രതിഭാശാലികൾ. ഏറ്റവും ഒടുവിൽ കാർഷിക വിപ്ലവകാരി മങ്കൊമ്പ് സ്വാമിനാഥനും ശനിയാഴ്ച യാത്രയായി.  

സർദാർ കെഎം പണിക്കർ, കാവാലം നാരായണ പണിക്കർ, അയ്യപ്പപണിക്കർ

സർദാർ കെ എം പണിക്കർ നൂറ്റാണ്ടുകകളെ കോർത്തിണക്കിയ പ്രതിഭയായിരുന്നു. ആദ്ദേഹമാണ് ആദ്യം ജനിച്ചതും മരിച്ചതും (1895-1963, 68 വയസ്). പദ് മഭൂഷൺ  കാവാലം നാരായണ പണിക്കർ രണ്ടാമത് ജനിച്ചു ഏറ്റവും ഒടുവിൽ വിടവാങ്ങി (1928-2016), പദ്‌മശ്രീ  കെ. അയ്യപ്പ പണിക്കർ കടന്നുപോയിട്ടു 17  വർഷം (1930-2006, 76 വയസ്).

കോട്ടയത്തെ സിഎംഎസ് കോളജിൽ തുടങ്ങി ഓക്സ്ഫഡിലെ ക്രൈസ്റ്റ് ചർച് കോളജിലും ഇന്നർ ടെംപിളിലും പഠിച്ച്  പട്യാലയിൽ  വിദേശ മന്ത്രിയും ബിക്കനീറിൽ പ്രധാനമന്ത്രിയുമായി സർദാർ കെ എം പണിക്കർ.  മാവോയുടെ കാലത്ത് ചൈനയിൽ അംബാസഡർ, വൈസ് ചാൻസലർ, വള്ളത്തോളിന്റെ ചങ്ങാതി, കഥകളി പ്രേമി, ബഹുഭാഷാ പണ്ഡിതൻ,  കവി, എഴുത്തുകാരൻ ഇങ്ങിനെയൊരാളെ കുട്ടനാട് കണ്ടിട്ടില്ല.

 സച്ചിതാനന്ദന്റെ മുഖ്യ പ്രഭാഷണം; പുസ്തക പ്രകാശനം- സച്ചി, പ്രിയദാസ്, ഓണക്കൂർ,  പനച്ചിപ്പുറം  

സോപാനം എന്ന നാട്യക്കളരിയിൽ കൗമാരം വിടാത്ത  കുട്ടികളെ നാട്യശാസ്ത്രം പഠിപ്പിക്കുന്നതുകാണാൻ എത്തിയ ഞാൻ നാരായണപണിക്കരുമായി അടുത്തിടപഴകി. കാളിദാസനെയും ഭാസനെയും ഒരുപോലെ സ്വാൽമീകരിച്ച അദ്ദേഹം എന്നെ വീടിനരികിലൂടെ ഒഴുകുന്ന പമ്പയുടെ തീരത്തു കൊണ്ടുപോയി ചക്രവാളത്തിലേക്കു കൈ വിരിച്ചു പറഞ്ഞു: ഇതാണെന്റെ നിയോഗം, ഇതാണെന്റെ സാഫല്യം.  ഇന്ന് മകൻ കാവാലം ശ്രീകുമാറിലൂടെ ആ സർഗ സംഗീതം നാം കേട്ടുകൊണ്ടിരിക്കുന്നു.

എംജി സർവകലാശാലയിൽ പ്രഭാഷണത്തിനു വന്നപ്പോഴാണ് ഞാൻ അയ്യപ്പപ്പണിക്കരെ  ആദ്യമായും അവസാനമായും കാണുന്നത്. കെമിക്കൽ സയൻസസ് എസി ഓഡിറ്റോറിയത്തിൽ വലിയ കസേരയിൽ അസ്വസ്ഥനായി ഇരിക്കുന്ന ആ കൊച്ചു മനുഷ്യന്റെ അടുത്ത് ചെന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. "ഓ അറിയാം," വിരിഞ്ഞ മന്ദഹാസത്തോടെ അദ്ദേഹം പറഞ്ഞു.

സംഗമം: കുര്യൻ പാമ്പാടി, പ്രിയദാസ്, അനൂപ് മെഡിമിക്സ്, ജോർജ് കുട്ടി, പ്രൊഫ. എസ്. കുഞ്ഞമ്മ

മലയാള മനോരമയുടെ തിരുവനന്തപുരം ബ്യുറോയിൽ ജോലി ചെയ്യുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ് ളീഷിൽ എംഎക്ക് എനിക്ക് അഡ്മിഷൻ തരമായിരുന്നുവെന്നു ഞാൻ പറഞ്ഞു. സായാഹ്‌ന ക്ലാസിൽ. പ്രൊഫ. എ.ബി മാനുവൽ ആയിരുന്നു ചുമതലക്കാരൻ.  പക്ഷെ ഭാഗ്യം കൊണ്ടോ നിർഭാഗ്യം  കൊണ്ടോ മാതൃ വിദ്യാലയമായ സിഎംഎസ് കോളജിലാണ് എംഎ ചെയ്തത്. 'ഞാൻ സിഎംഎസിൽ പഠിപ്പിച്ചിരുന്നു. ഇൻസ്റ്റിട്യൂട്ടിലും. നിങ്ങളുടെ ഭാഗ്യം,'  അദ്ദേഹം വീണ്ടും ചിരിച്ചു.  അത് അദ്ദേഹത്തിൻെറ കറുത്ത ഫലിതം ആയിരുന്നോ?

1990 ആദ്യം മനോരമയിൽ ഒരു സീനിയർ സഹപ്രവർത്തകന് വന്ന അയ്യപ്പപ്പണിക്കരുടെ ഒരു പോസ്റ്റ് കാർഡ് ഞങ്ങളെ ഏറെ വിസ്മയിപ്പിച്ചു. ചന്ദുമേനോന്റെ നോവൽ ഇന്ദുലേഖയുടെ നൂറാം  വാർഷികം പ്രമാണിച്ച്  അലിഗർ  യൂണിവേഴ്‌സിറ്റിയിലെ മലയാളം വകുപ്പ് ഒരു ദേശീയ  സെമിനാർ സംഘടിപ്പിച്ചു. അയ്യപ്പപ്പണിക്കർ ആയിരുന്നു മുഖ്യാതിഥി.

 കവിത ചൊല്ലിയ കൗമാര പ്രതിഭ അഭിജിത്ത്, അമ്മ പ്രീതി പ്രദീപ്, ജെസി പ്രിയദാസ്,  മിനിജോൺ

പ്രശസ്തനായ എന്റെ ഒരു സീനിയർ സഹപ്രവർത്തകൻ അദ്ദേഹത്തിന് ഒരു കത്തെഴുതി. അലിഗഡിലെ പ്രഭാഷണത്തിനു ശേഷം ആ പ്രബന്ധത്തിന്റെ സംക്ഷിപ്തം ഉൾപ്പെടുത്തി ഒരു ലേഖനം എഴുതി അയച്ചുകൊടുക്കണം എന്നായിരുന്നു കത്തിന്റെ സാരം.

ഇംഗ്ലീഷിലുള്ള കത്തിൽ അഭ്യത്ഥിക്കുന്നു എന്ന ഭാഗത്തു  'you will' എന്നൊരു പ്രയോഗം കടന്നു കൂടി. ഇൻഡ്യാന  യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎയും  പിഎച് ഡി യും യേൽ, ഹാർവാർഡ് എന്നിവിടങ്ങളിൽ നിന്ന് പോസ്റ്റ് ഡോക്ട്രലും കഴിഞ്ഞ, ഇംഗ്ലീഷും മലയാളവും  ഒരുപോലെ വഴങ്ങുന്ന പണിക്കരെ  ആജ്ഞാ രൂപത്തിലുള്ള ഈ പദപ്രയോഗം  അസ്വസ്ഥനാക്കി എന്നു വേണം കരുതാൻ.

ഓലിക്കര തറവാട്ടിൽ അയ്യപ്പപ്പണിക്കരുടെ സഹോദരി സുഭദ്ര, കവി ജെആർ  കുറുപ്; സുഭദ്ര-ഭാസ്കരൻ നായർ

പോസ്റ്റ് കാർഡിൽ ഒഴുക്കൻ മട്ടിലുള്ള കയ്യക്ഷരത്തിൽ ഇത്ര മാത്രം: 'എനിക്ക് സൗകര്യമില്ലെന്നു അറിയിച്ചു കൊള്ളട്ടെ'.  

പക്ഷെ കാലാന്തരത്തിൽ അതെല്ലാം അദ്ദേഹം മറന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഡയറക്ടർ ആയിരിക്കുബോൾ  ശിഷ്യനായിരുന്ന മറ്റൊരു മനോരമ എഡിറ്റർ ഗുരുവുമായി അടുത്ത ചങ്ങാത്തത്തിലായി. യൂറോപ്പിൽ പോയവേളയിൽ തൊപ്പി വച്ചു നടന്ന തന്റെ ചിത്രം സഹിതം ഒരു  യാത്രാ വിവരണം എഴുതിക്കൊടുക്കാൻ അദ്ദേഹം തയ്യാറായി.

 ഗുരുശിഷ്യന്മാർ;  പണിക്കരുടെ ബലിത്തറക്കു മുന്നിൽ

മലയാള കവിതയെ രൂപഭദ്രതാ വാദികളുടെ നീരാളിപ്പിടുത്തതിൽ നിന്ന് മോചിപ്പിച്ച, പോസ്റ്റ് മോഡേണിസം കാലേകൂട്ടി കൊണ്ടുവന്ന അയ്യപ്പപ്പണിക്കരോട് ഭാഷാ സ്നേഹികൾ എന്നെന്നും കടപ്പെട്ടിരിക്കുന്നു. ഒടുവില
ത്തെ കാവ്യ സമാഹാരം  'പത്തുമണിപ്പൂക്കൾ ' മനോഹരമായി ചിത്രീകരിച്ച തിരുവനന്തരപുരം നഗരമധ്യത്തിലെ വിസ്മയ മാക്സ് അനിമേഷൽ ഓപ്പൺ എയർ തീയേറ്ററിൽ നടന്ന സ്‌മൃതി സംഗമം  ഒരു നന്ദിപ്രകടനം കൂടിയായിയുരുന്നു. 2006ൽ രൂപവൽകരിച്ച അയ്യപ്പപ്പണിക്കർ ഫൗണ്ടേഷന്റെ പേരിൽ.    

സച്ചിതാനന്ദൻ നയിച്ച കാവ്യ സായാഹ്നത്തിൽ പണിക്കരുടെ കവിതകളാലപിക്കാൻ ധാരാളം കവികലും ആസ്വാദകരും അണിനിരന്നു. വി. മധുസൂദനൻ നായർ ഉൾപ്പെടെ ചിലർ പാടി. മിക്കവരും മൊബൈൽ തുറന്നു വായിച്ചു. പാങ്ങോട്  സെൻട്രൽ സ്‌കൂൾ വിദ്യാര്തഥി എട്ടാം ക്ലാസ് കാരൻ അഭിജിത് പ്രമോദ് 'മയിലും നിലാവും' എന്ന കവിത ആംഗ്യങ്ങളോടെ കാണാതെ ചൊല്ലി  വിസ്മയിപ്പിച്ചു.

ചാലയിൽ മാളികയുടെ മുമ്പിൽ വിഷ്ണു വേലായുധ പണിക്കർ, നോട്ടക്കാരൻ ചന്ദ്രൻപിള്ള 

'കാവാലം' എന്ന കവിത അവതരിപ്പിച്ചത് പണിക്കരുടെ മരുമകനും റിട്ട. ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ. കാവാലം ആനന്ദ് ആയിരുന്നു. മാവേലിക്കരക്കടുത്ത് ചാരുമ്മൂട്‌ സ്വദേശി കവിയും പ്രസാധകനും സാംസകാരിക  പ്രവർത്തകനുമായ ഷാഫി മുഹമ്മദ് റാവുത്തർ  പണിക്കരുടെ 'അടിപൊളി' എന്ന കവിത അവതരിപ്പിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ പണിക്കർ സാറിന്റെ ശിഷ്യൻമാർ ആയിരുന്ന രണ്ടു പേർ സംഗമത്തിൽ സവിശേഷ ശ്രദ്ധ ആകർഷിച്ചു. ഒരാൾ  പ്രിയദാസ് ജി മംഗലത്ത്. മറ്റെയാൾ  ഭാഷാപോഷിണി എഡിറ്റർ ഇൻ ചാർജ് ജോസ് പനച്ചിപ്പുറം. പ്രിയദാസ് രചിച്ച  'കവിതക്കപ്പുറത്തെ  അയ്യപ്പപ്പണിക്കർ' എന്ന ഓർമ്മക്കുറിപ്പു
കളുടെ പ്രകാശനവും സംഗമവേദിയിൽ നടന്നു.  

'പത്തുമണിപ്പൂക്കളി'ലെ 'ആനമലയിൽ' എന്ന കവിത ആലപിച്ച ഏറ്റുമാനൂരിലെ ജെ ആർ കുറുപ്പിന് പണിക്കർസാറുമായി രണ്ടു പതിറ്റാണ്ടിന്റെ  ആത്മ ബന്ധമുണ്ട്. പണിക്കരുടെ നേതൃത്വത്തിൽ ഇറങ്ങിക്കൊണ്ടിരുന്ന 'കേരള കവിത'  മാസികയുടെ 1989ലെ ഒരു ലക്കത്തിൽ  തന്റെ ഭൂലിഖിതങ്ങൾ എന്ന കവിത പ്രസിദ്ധീകരിച്ചതോടെ ആരംഭിച്ച അടുപ്പം 2006ൽ  ഗുരുവിന്റെ ശരീരം കാവാലത്തെ ഓലിക്കൽ  തറവാട്ടിൽ എരിഞ്ഞടങ്ങുന്നതു വരെ നീണ്ടു.

1937ൽ സ്ഥാപിച്ച കാവാലം എൻഎസ്എസ് സ്‌കൂളിൽ പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി, ടീച്ചർ സംഗീത, ഹെഡ് മിസ്ട്രസ്  ഇന്ദിര 

തിരുവനന്തപുരത്തു നടന്ന പ്രതിമാസ കവി സംഗമത്തിൽ  'കാലസ്ഥലിയിൽ രണ്ടാൾ മാത്രം ' എന്ന കുറുപ്പിന്റെ ആദ്യ സമാഹാരം മുഖ്യ ചർച്ചാവിഷയം ആയി.  'ഉണ്ണിക്കുട്ടനും ചങ്ങലസ്വാമിയും ' എന്ന തന്റെ ബാലസാഹിത്യ കൃതിയുടെ 400  പ്രതികൾ രാജാറാം മോഹൻ റോയ് ഫൗണ്ടേഷനെക്കൊണ്ട് വിലക്കെടുപ്പിച്ചതിനു പിന്നിലും പണിക്കരുണ്ടായിരുന്നു. പക്ഷെ അതേക്കുറിച്ച് ഒരക്ഷരം ഉരുവാടിയില്ല.

ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് എടുത്ത കുറുപ്പിനു എംജി യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ സേവനം ചെയ്ത ആദ്യത്തെ എട്ടു വർഷക്കാലം പുസ്തകങ്ങളുടെ ലോകത്തേയ്ക്കുള്ള വാതായനം തുറന്നു കിട്ടി. അസിസ്റ്റന്റ് രജിസ്ട്രാർ ആയി വിരമിച്ചു. പണിക്കർ സാറിന്റെ വീടിനു  പേര് സരോവരം.  ഏറ്റുമാനൂരിലെ കുറുപ്പിന്റെ വീട് പാർവണം.

'റോഡും പാലവും കാറും വരുന്നതിനു മുൻപ് ആറ്റിൻകര നിന്ന് വള്ളക്കാരനെ വിളിക്കണം' എന്നു  തുടങ്ങുന്നു പണിക്കരുടെ 29 വരികളുള്ള  'കാവാലം'  കാവ്യം.  'എനിക്ക് കാവാലത്ത് പോകണം, എല്ലാ സ്ഥലവും  കാണണം: അറവാതിലും നടുമുറ്റവും തോട്ടു കടവും തുളസിത്തറയും സ്‌കൂൾ മുറ്റവും ആറ്റുതീരവും. ഇപ്പോൾ എനിക്കവിടെ ഒരിടം കിട്ടുമോ?' കവിയുടെ മനസ് തേങ്ങുന്നു.

പണിക്കരുടെ കവിതകൾ സമ്പൂർണം; പ്രിയദാസിന്റെ കവിതക്കപ്പുറത്തെ അയ്യപ്പപ്പണിക്കർ.

ഒരിടം കിട്ടി. ഓലിക്കൽ  തറവാടിന്റെ പിന്നിൽ ആറടി മണ്ണ്. ആ മണ്ണിൽ തന്നെ  ആ ശരീരം എരിഞ്ഞടങ്ങി.    

ഒരു നൂറ്റാണ്ടു മുമ്പ് ചാലയിൽപണിക്കർമാർ സ്ഥലം നൽകി  സ്ഥാപിച്ച എൻഎസ്എസ് സ്‌കൂൾ ഗ്രൗണ്ടിൽ യൂണിഫോം ധരിച്ച കുട്ടികൾ ഓടിക്കളിക്കുന്ന. ഗ്രൗണ്ട് കറുകെക്കടന്നാൽ തൊട്ടു മുട്ടി ഓലിക്കൽ തറവാട്. അവിടെ  അയ്യപ്പപ്പണിക്കരുടെ സഹോദരി സുഭദ്ര എന്ന കാർത്യായനി മാത്രം.

തൊട്ടുചേർന്നു ചാരു പടിയോടെ മനോഹരമായ രണ്ടുനില വീട് പണിത മകൻ ബി രാധാകൃഷ്‌ണൻ ഹയർ സെക്കൻഡറി കെമിസ്ട്രി അദ്ധ്യാപകനായി ജനുവരിയിൽ റിട്ടയർ ചെയ്തു. ഞങ്ങൾ എത്തുന്നതിനു തലേന്ന് രക്തസമ്മർദം മൂലം തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജിൽ അഡ്മിറ്റായതിനാൽ കാണാനേ കഴിഞ്ഞില്ല.

എൺപത്തിരണ്ടു കഴിഞ്ഞിട്ടും ഓർമ്മകൾ ഒളിമങ്ങാതെ നിൽക്കുന്ന ചേച്ചി ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു, രണ്ടു സഹോദരന്മാരും ആറു സഹോദരിമാരും ഉൾപെട്ട കുടുംബത്തിൽ ഇനി താൻ മാത്രമേ ശേഷിക്കുന്നുള്ളു
വെന്നു അവർ പറഞ്ഞു. നൂറു വർഷമെങ്കിലും പഴക്കമുള്ള തറവാടിന് പിന്നിൽ സഹോദരനു ചിതയൊരുക്കി
യ സ്ഥലം കാട് പിടിച്ച് കിടക്കുന്നു.

ഈയിടെ അവിടം ചെറുതായൊന്നു വെട്ടിത്തെളിച്ചു. പക്ഷെ കാടുണ്ടോ വിടുന്നു! ബലിത്തറക്കു ചുറ്റും ഏതാനും ചു വന്ന ചുടുകട്ടകൾ നിരത്തി വച്ചിട്ടുണ്ട്.  കുറുപ്പ് അവിടെ റോസാപൂക്കളുടെ ഏതാനും  ശിഖിരങ്ങൾ അർപ്പിച്ച് മൗനമുദ്രിതനായി നിന്നു. ആരും കാണാതെ. അതൊരു സ്വകാര്യ ദുഖമാണ്.

അയ്യപ്പപണിക്കർക്ക് സ്മാരകം പണിയാൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിച്ചിട്ടു മാസങ്ങളായി. പക്ഷെ ഒരുപ്രശ്നം. അവിടേക്കു വഴി വേണം. സ്‌കൂൾ ഗ്രൗണ്ടിലൂടെ വഴി നൽകാൻ ആവില്ല. സൗജന്യമായി വഴിയ്ക്കു സ്ഥലം നൽകാൻ ആരും തയ്യാറായിട്ടില്ല.

ഓലിക്കലിൽ നിന്നു നടക്കാവുന്നത്ര അടുത്ത് ചാലയിൽ തറവാട്ടിലും ഞങ്ങൾ കയറിയിറങ്ങി.  കായൽ നിലത്ത് എത്രയോ ആയിരപ്പറ നെല്ലു  ചെയ്ത തറവാട്  ആണത്. നാലുകെട്ടും നടുമുറ്റവും മാളികയും വള്ളക്കടവും നെല്ലറകളും ഉള്ള  വൻ എടുപ്പ്. ആ മുറ്റത്താണ് സുഹൃത്ത് വള്ളത്തോളുമൊത്ത് സർദാർ പണിക്കർ  പല രാത്രികൾ നീണ്ട കഥകളി സംഘടിപ്പിച്ചിരുന്നത്.

അതെല്ലാം പഴയ കഥ. ഇപ്പോൾ ആ വിശാലമായ പറമ്പും എടുപ്പുകളും കാടുകേറിക്കിടക്കുന്നു. സരസ്വതിഅമ്മയുടെ സിന്ധു, കാർത്തിക എന്നീ പെണ്മക്കൾക്കാണ് അവകാശം.  അമ്മയും സിന്ധുവും തിരുവന്തപുരത്താണ്‌. കാർത്തിക കൊല്ലത്തും. തൊട്ടെതിർവശത്ത് താമസിക്കുന്ന നോട്ടക്കാരൻ കൊച്ചുമഠം ചന്ദൻപിള്ള ഞങ്ങളെ അവിടമെല്ലാം ചുറ്റിനടന്നു കാണിച്ചു.

2018 ലെ പ്രളയകാലത്ത് പമ്പ കരകവിനൊഴുകിയപ്പോൾ മാളികയിൽ ഒരാൾ ഉയരത്തിൽ   വെള്ളം കയറിയതാണ്. എടുപ്പുകൾ എല്ലാം നനഞ്ഞു ദ്രവിച്ച് കിടക്കുന്നു. എല്ലാം നന്നാക്കിയെടുക്കാൻ ലക്ഷങ്ങളോ  കോടികളോ വേണ്ടിവന്നേക്കാം. അത് നടന്നില്ലെങ്കിൽ ഒരു നട്ടപ്പാതിരായ്ക്ക് എല്ലാം കൂടി ഇടിഞ്ഞു വീഴാനും മതി. അതൊരു ഇടിമുഴക്കം ആയിരിക്കും.

ചാലയിൽ കുടുംബത്തിലെ ഇളമുറക്കാരൻ വിഷ്ണു (53) തറവാടിനോടു ചേർന്നു നിർമ്മിച്ച പുതിയ വീട്ടിലുണ്ടാ
യിരുന്നു. തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി ദ് ദ്മിനി രാഗിണിമാരിൽ മൂത്ത ലളിത ബന്ധുവാണ്.  ലളിതക്കു മണ്ണാർകാട്ടുള്ള റബർ എസ്റ്റേറ്റ് നോക്കി നടത്തുകയായിരുന്നു 20-25 വർഷം . .  മീൻ വളർത്തലാണ്‌ ഹോബി. വീടിനോടു ചേർന്ന വലിയ കുളത്തിൽ വല മേലാപ്പാക്കി  കരിമീൻ വളർത്തുന്നുണ്ട്. നല്ല ലാഭമുള്ള കൃഷി.

വിഷ്ണുവുന്റെ അച്ഛൻ  കാവാലം വേലായുധപ്പണിക്കർ  (84) ബിറ്റ്സ് പിലാനിയിൽ പഠിച്ചിറങ്ങി തിരുവനതപുരം മെഡിക്കൽ കോളജിൽ ഫാർമസി പ്രൊഫസർ ആയി റിട്ടയർ ചെയ്തു. സർദാറിന്റെ സഹോദരി ചാലയിൽ കുഞ്ഞുലക്ഷ്മിഅമ്മയുടെയും ചേർത്തല മാളികയിൽ കോവിലകം ഗോദവർമ്മ
യുടെയും മകൻ. 'സാമൂഹ്യ നാൾ വഴിയും ചാലയിൽ കുടുംബവും' എന്ന പുസ്തകത്തിന്റെ കർത്താവു കൂടിയാണ്.    

വരിക്കാശേരി മന പോലെ പ്രൗഢിയും പഴമയുമുള്ള ചാലയിൽ തറവാട് പശ്ചാത്തലമാക്കി ആയിരപ്പറ, കരുമാടിക്കുട്ടൻ, ആമേൻ എന്നിങ്ങനെ ചില സിനിമകൾ ഇറങ്ങിയിട്ടുണ്ട്.

ശശികുമാർ 1967 ൽ സത്യൻ ശാരദ നായകരായി ഇറക്കിയ 'കാവാലം ചുണ്ടൻ'  തീയറ്ററുകളിൽ നിറഞ്ഞോടി. ചാലയിലുമായി അതിനെ ബന്ധപ്പെടുത്തിയിരുന്നില്ല. വയലാർ രചിച്ച് ദേവരാജൻ സംഗീതം നൽകി യേശുദാസ് ആലപിച്ച ' 'കുട്ടനാടൻ പുഞ്ചയിലെ  കൊച്ചുപെണ്ണേ കുയിലാളെ, കൊട്ടുവേണം, കുഴൽ വേണം, കുരവ  വേണം, തി തെയ് തോ,' വർഷങ്ങളോളം മലയാളി മനസുകളിൽ തത്തിക്കളിച്ചു.

കാവാലം ചുണ്ടൻ എവിടെപ്പോയി? 1954, 56, 60, 62 വർഷങ്ങളിൽ   നെഹ്‌റു ട്രോഫി നേടിയ ചുണ്ടൻ വളരെക്കാലമായി കൊച്ചുപറമ്പിൽ പുരയിടത്തിൽ നിത്യ വിശ്രമത്തിലാണ്. പുതുക്കി പണിതു ഇറക്കണമെങ്കിൽ അനേക ലക്ഷങ്ങൾ വേണ്ടി വരും. തൊമ്മൻ ജോസഫ് കൊച്ചുപറമ്പിൽ 1954. 56  വർഷങ്ങളിൽ ചുണ്ടന്റെ ക്യാപ്റ്റൻ ആയിരുന്നു. അദ്ദേഹം ഇന്നില്ല. മക്കൾ  ദൂരെയാണ്.  

കാവാലത്ത് പോയി മടങ്ങുന്ന ആർക്കും  മഹായുദ്ധധത്തിൽ അഗ്നി ഗോളങ്ങൾ വീണുടഞ്ഞ പടക്കളത്തിലെ  നിസഹായത, അനാഥത്വം അനുഭവപ്പെടും. അയ്യപ്പപ്പണിക്കർ മലയാളത്തിലാക്കിയ ടിഎസ് എലിയറ്റിന്റെ 'തരിശു ഭൂമി'യോ    അദ്ദേഹത്തിന്റെ ക്ലാസിക് കാവ്യം 'കുരുക്ഷേത്ര'മോ  പോലെ:

'മന്ത്രമോതി വരച്ച കളങ്ങളിൽ
നെയ് വിളക്കിന്റെ ശീതള ദീപ്‌തിയിൽ
വേദിയിൽ നിന്നുയർന്നുരുകുന്നൂ
വേദനയുടെ രോദനം കേൾക്കൂ:

'സുഖം ദേഹി ഋഷികേശ!
സുഖം ദേഹിജനാർദനാ!'      

Join WhatsApp News
എസ്.ജോർജ്കുട്ടി 2023-09-30 11:56:46
ഓർമത്തുരുരത്തുകളിൽ നിന്നും ചരിത്രതറയിലൂടെ ഒരു തീർത്ഥാടനം. മൂന്ന് പണിക്കർ പ്രതിഭകളുടെ ജനിമൃതി സ്ഥലി ചരിത്ര കവാടങ്ങൾ തുറന്നു സമകാല സാംസ്കാരിക ഭൂമിയിലേയ്ക്ക് കുര്യൻ പാമ്പാടിയുടെ വാക്തീർത്ഥം ഹൃദ്യം.
ഡോ.കെ.ജി.പദ്മകുമാർ 2023-10-01 00:48:39
കാവാലം തീർഥയാത്ര ഹൃദ്യമായ ഒരു കാവ്യം പോലെ മധുരതരം.ഓർമ ചെപ്പു തുറന്ന കുരുൻ പാമ്പാടിക്ക് 🙏🌹
K P Mohandss 2023-10-01 01:50:11
കാവാലം ത്രിമൂർത്തീകളെ കുറിച്ചുള്ള കുറിപ്പ് ഹൃദ്യമായി അഭിനന്ദനങ്ങൾ 👌👌
M Vijayakumar 2023-10-01 11:30:03
It was a poetical journey, Kurienji.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക