Image

ഷഹ്‌നയുമായുള്ള മെസേജുകൾ മായ്ച്ചുകളഞ്ഞു റുവൈസിനെ പിടികൂടിയത് മുങ്ങാനുള്ള ശ്രമത്തിനിടെ

Published on 07 December, 2023
ഷഹ്‌നയുമായുള്ള മെസേജുകൾ മായ്ച്ചുകളഞ്ഞു റുവൈസിനെ പിടികൂടിയത് മുങ്ങാനുള്ള ശ്രമത്തിനിടെ

മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിന്റെ മൊബൈൽ ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്ത നിലയിൽ. ഡോ. ഷഹ്നയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോൺ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോൺ വിശദമായ സൈബർ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കേസിൽ കുരുങ്ങുമെന്ന് ഉറപ്പായതോടെ മുൻകൂർ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഒളിവിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇയാളെന്നും വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവൈസിനെ തിരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നിലവിൽ കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഷഹ്നയുമായി അടുപ്പത്തിലായിരുന്ന ഡോക്ടർ വൻതുക സ്ത്രീധനം ചോദിച്ചെന്നും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹ്നയുടെ ബന്ധുക്കളുടെ മൊഴിയെത്തുടർന്നാണു കേസ്. സ്ത്രീധനനിരോധന നിയമം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.  

ഷഹ്നയുടെ മുറിയിൽനിന്നു കണ്ടെടുത്ത കുറിപ്പിൽ സ്ത്രീധന പ്രശ്നത്തെക്കുറിച്ച് പരാമർശമോ ആർക്കെങ്കിലും എതിരെ ആരോപണമോ ഇല്ലാത്തതിനാൽ അസ്വാഭാവിക മരണത്തിനു മാത്രമാണ് നേരത്തെ കേസെടുത്തിരിക്കുന്നത്. ‘എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്...’– ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം.

വെഞ്ഞാറമൂട് മൈത്രി നഗർ നാസ് മൻസിലിൽ പരേതനായ അബ്ദുൽ അസീസിന്റെയും ജലീല ബീവിയുടെയും മകൾ ഡോ.എ.ജെ.ഷഹ്നയെ (26) തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളജിനു സമീപത്തെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

റുവൈസുമായുള്ള ഷെഹ്നയുടെ വിവാഹത്തിന് ഇരുവരുടെയും വീട്ടുകാർ സമ്മതിച്ചിരുന്നെന്നാണു ഷഹ്നയുടെ ബന്ധുക്കൾ പറയുന്നത്. ഇതിനിടെ വരന്റെ വീട്ടുകാർ വൻതുക സ്ത്രീധനം ആവശ്യപ്പെട്ടെന്നും താങ്ങാവുന്നതിൽ അപ്പുറത്തുള്ള തുകയായിരുന്നതിനാൽ വിവാഹം മുടങ്ങിയെന്നും ഇതു ഷഹ്നയെ മാനസികമായി തളർത്തിയെന്നുമാണു ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക