Image

കാട്ടാന നാട്ടിൽ (കവിത: ആൻഡ്രൂസ് അഞ്ചേരി)

Published on 13 February, 2024
കാട്ടാന നാട്ടിൽ (കവിത: ആൻഡ്രൂസ് അഞ്ചേരി)

കാടായ കാടെല്ലാം വെട്ടിത്തെളിച്ചതാൽ
കാടിറങ്ങീടുന്നു കാട്ടാനകൾ
നാട്ടുകാരെ കൊന്നു ചിഹ്നം വിളിക്കുന്ന
കാട്ടാന നാടിനു പേടി സ്വപ്നം

കാട്ടിലേക്കാൾ നല്ല മൃഷ്ട്ടാന്ന ഭോജനം
നാട്ടിൽ സുലഭമായ് കിട്ടീടുമ്പോൾ
കാടുവിട്ടോടിയെത്തീടും കാട്ടാനകൾ
നാട്ടുകാർ നട്ട കൃഷിയിടത്തിൽ

കാട്ടാനക്കെന്തു കർണാടക കേരളം
കാട്ടാന അറിയുന്നോ അതിർത്തി ഓരം
കാട്ടിലെ വൃക്ഷലതാദി ക്ഷയിച്ചെന്നാൽ
കാട്ടാന നാട്ടിൽ വന്നെത്തി തിന്നും

കാട്ടിലെ കൂറ്റൻ മരങ്ങൾ മുറിച്ചെത്ര
നാട്ടുകാർ കൂറ്റൻ മുതലാളിമാരായ്
കണ്ണടച്ചീടുന്നു ഉദ്യോഗസ്ഥ വൃന്ദം
കിട്ടുന്നവർക്കും അതിൻ വിഹിതം

രാജ്യസ്നേഹം വാക്കിൽ മാത്രം ഒതുക്കിടും
രാജ്യദ്രോഹം ചെയ്യും ജനസമൂഹം
രാജ്യത്തിലുള്ളതാം  കാലം ഒരിക്കലും
രാജ്യം ഗുണപ്പെടുകില്ല തീർച്ച

കാടുകൾ വെട്ടിതെളിക്കുമ്പോൾ ഓർക്കുക
കാലം ഒരിക്കൽ കണക്കു തീർക്കും
കാടില്ലെങ്കിൽ നാടുമില്ലെന്നതാം സത്യം
കാതുകൂർപ്പിച്ചു നാം കേട്ടിടേണം 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക