Image

നിദ്ര (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 13 February, 2024
നിദ്ര (കവിത: മാര്‍ഗരറ്റ് ജോസഫ്)

ദുഃഖസുഖം മറന്നല്പനേരം,
സ്വപ്‌നരഥങ്ങളിലേറിടുന്ന;
വാസ്തവലോകത്തുനിന്നകന്ന്,
മിഥ്യയിലാമഗ്നമായിടുന്ന;
ഏതോ നിഗൂഢതകള്‍ക്കിടയില്‍,
ഉള്‍ത്തടമോടിയൊളിച്ചിടുന്ന,
പഞ്ചേന്ദ്രിയങ്ങളിടയ്ക്കിടയ്ക്ക്,
കര്‍മ്മബന്ധങ്ങള്‍ വെടിഞ്ഞിടുന്ന;
മര്‍ത്യനുണര്‍വിന്‍ നിദാനമായി,
വിശ്രമവേദിയൊരുക്കിടുന്ന;
വിസ്മയ വിദ്യയാം നിദ്രയത്രെ,
ജീവിതമേകുന്ന സിദ്ധൗഷധം.
എത്ര സുരക്ഷിത, മാദ്യമായി,
മാതൃഗര്‍ഭത്തില്‍ സുഖസുഷുപ്തി;
ദിവ്യനിയോഗമുണര്‍ത്തിയെന്നോ,
ഉള്ളറവിട്ട് പുറത്തിറക്കി;
വെട്ടമിരുട്ടായ് തെളിഞ്ഞുമങ്ങും,
മണ്‍തട്ടില്‍ പിന്നെ മുറിയൊരുക്കി;
ഈ വഴിയാത്ര തളര്‍ത്തിടാതെ,
ആര്‍ക്കു മറുക്കമനുഗ്രഹമായ്,
ബോധ വെളിച്ചമണഞ്ഞണഞ്ഞ്,
പൂകുന്നതജ്ഞാതമേഖലയോ?
കാണാമറയത്തേയ്ക്കാനയിക്കും;
വാഴ് വിന്‍ സമാധിസ്ഥമാം ദശയോ?
ആയുസ്സിന്‍ നീളമളന്നളന്ന്,
യാനം തുടരുന്നൊരിക്കലാരോ-
മൂകം വിളിക്കുന്നു മണ്‍പുതപ്പില്‍-
മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍;
നിത്യനിശ്ശബ്ദതയില്‍ നരന്,
ജാഗരമില്ലാത്ത സുപ്തിയായി,
പേടിപ്പെടുത്തും കിനാക്കളില്ല,
മാടിവിളിക്കുന്ന വര്‍ണ്ണാഭയും;
തീരാത്ത തീരാത്ത ഗാഢനിദ്ര,
ദൂരത്ത് ദൂരത്തനന്തതയില്‍....
വിശ്രാന്തി ദായകമായവേദി
മര്‍ത്ത്യന് ദിവ്യനിയോഗമല്ലേ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക