Image

നിന്റെ മിഴിയാഴങ്ങളിൽ (കവിത : പി .സീമ )

Published on 14 February, 2024
നിന്റെ മിഴിയാഴങ്ങളിൽ (കവിത : പി .സീമ )

പ്രിയപ്പെട്ടവനെ
ഈ പ്രണയദിനത്തിലും
കടൽ എന്നോർത്തു ഞാൻ
മുങ്ങാംകുഴിയിട്ടത് 
നിന്റെ
മിഴിയാഴങ്ങളിലേക്കായിരുന്നു 

എന്നിട്ടും തിരകളാൽ ആലോലമാട്ടിയും
മുകർന്നും പുണർന്നും 
ചുഴികളിൽ ആഴ്ന്നു പോകാതെ
ഒരു ചുംബനമലരിയിൽ
നീയെന്നെ  പിന്നെയും വിടർത്തി.

വെയിൽവഴികൾ താണ്ടി
വന്നത് കൊടുങ്കാറ്റല്ല 
നിന്റെ ഏകാന്തനിശ്വാസമായിരുന്നു
എന്ന് നിന്റെ അധരങ്ങൾ
ഉമ്മ വെച്ച 
നെറുകയിലെ
ഊഷ്മളതയിൽ നിന്നു
ഞാൻ തിരിച്ചറിഞ്ഞു.

ഇനി നമുക്ക് ഒരു
പ്രമാണത്തിൽ
സാക്ഷികൾ ഇല്ലാതെ 
കാലത്തിനു മുന്നിൽ
മാത്രം ഒപ്പ് വെയ്ക്കണം

ഉടൽചൂടു
പകുത്തെടുക്കുന്ന
ഉന്മാദം മാത്രമല്ല
പ്രണയം എന്നും 
നീ ഇല്ലാതാകുന്നത് ഞാനും
ഞാൻ ഇല്ലാതാകുന്നത് നീയും
ഒരിക്കലും അറിയരുതെന്നും.

ശൂന്യമായ ജീവിതപ്പാതയിലെ 
ഒരിക്കലും കൂട്ടിമുട്ടാത്ത
ഇരുവഴികളിലൂടെ
നമുക്കിങ്ങനെ 
സമാന്തരമായി
ഒഴുകാമെന്നും 
ഒഴുകിക്കൊണ്ടേയിരിക്കാമെന്നും
മരിച്ചാൽ മറുലോകത്തിൽ
നാം ഒരുമിക്കുമെന്നും 
വാക്ക് നൽകുന്ന
നിത്യപ്രണയത്തിന്റെ
മായ്ക്കാനാവാത്ത 
കയ്യൊപ്പ്.

Join WhatsApp News
Sudhir Panikkaveetil 2024-02-14 06:05:37
"ഇനി നമുക്ക് ഒരു പ്രമാണത്തിൽ സാക്ഷികൾ ഇല്ലാതെ കാലത്തിനു മുന്നിൽ മാത്രം ഒപ്പ് വെയ്ക്കണം" ഈ പ്രമാണവും, സാക്ഷികളും , കാലവും ഒക്കെ കുഴപ്പക്കാരാണ്. മുമ്പേ പോയവൻ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടിട്ടും അറിയാതെപോകുന്നത് അതുകൊണ്ടാണ്. നന്മകൾ നേരുന്നു.
Chinchu thomas 2024-02-14 10:18:17
Extremely beautiful
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക