Image

ടോമി എന്ന അതിഥി (ചന്ദ്രമതി)

Published on 15 February, 2024
ടോമി എന്ന അതിഥി (ചന്ദ്രമതി)

ടോമി തികച്ചും അനാഥനായിരുന്നു, ഏതാണ്ട് മൂന്നുമാസം വരെ.

 കായൽ കരയിൽ എന്റെ കസിൻ വീടുവയ്ക്കുമ്പോൾ തൊട്ടടുത്ത, ഒഴിഞ്ഞു കിടന്ന, വസ്തുവിലാണ് ഈ ഭംഗിയുള്ള പട്ടിക്കുഞ്ഞ് പ്രത്യക്ഷപ്പെട്ടത്. ആരോ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകണം. വീട് പണി നടത്തുന്ന തൊഴിലാളികൾ തങ്ങൾ കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് അവനു നൽകി. അവർ തന്നെ മൃഗാശുപത്രിയിൽ കൊണ്ടു പോയി പേവിഷ ബാധക്കെതിരെ കുത്തിവെപ്പ് എടുത്തു. ടോമി എന്ന് പേരുമിട്ടു. (സ്ഥിരമായി കേൾക്കുന്ന ഈ പപ്പിപ്പേര്  ഞാനൊരിക്കലും അവന് നൽകില്ലായിരുന്നു). തൊഴിലാളികളുടെ ഓമനയായി അവൻ വളർന്നു. കെട്ടിടം പണി പൂർത്തിയായപ്പോൾ അവർ അവനെ ഉപേക്ഷിച്ച് പോയി. ആഹാരവും വെള്ളവും ഒന്നും കിട്ടാതെ, സ്വയം ആഹാരം കണ്ടെത്താനറിയാതെ, അവൻ നാട്ടുകാരുടെ കാരുണ്യത്തിൽ വളർന്നു.

 മൂന്ന് മാസം മുൻപാണ് അവൻ ഞങ്ങളുടെ മുറ്റത്തേക്ക് ചേക്കേറിയത്. അത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ആദ്യമൊക്കെ പേടിയോടെ ഞങ്ങൾ ഓടിക്കുമായിരുന്നു. പിന്നെ മനസ്സിലായി അവൻ വളരെ സൗമ്യപ്രകൃതിയാണെന്ന്. ഓടിച്ചു വിടുമ്പോഴും തിരിഞ്ഞുനോക്കി വാലാട്ടിയിട്ട് പോകും. കറുപ്പാണ് നിറം, മരണമാണ്, അടുപ്പിക്കരുത്, പൂച്ച വന്നു കയറിയാൽ നല്ലത്, പട്ടി വന്നു കയറിയാൽ ചീത്ത, എന്നൊക്കെ വിദഗ്ധ ഉപദേശങ്ങളും ഞങ്ങൾക്ക് ധാരാളം കിട്ടിയിരുന്നു.

 എന്റെ മകൾ പ്രിയ ഒരു പെൺപട്ടിയെ വളർത്തുന്നുണ്ട്. അനാഥയായ ഒരു തെരുവ് പട്ടി. കല്ലു എന്ന് പ്രിയ പേരിട്ട ആ പട്ടി എല്ലാ സൗകര്യങ്ങളോടും കൂടി  അവളുടെ വീട്ടിൽ ഉണ്ട്. പ്രിയയുടെയും പ്രശാന്തിന്റെയും പ്രിയപ്പെട്ട കല്ലു.

  കൂടിയ ഇനം പട്ടികളെ  വളർത്തുക, ഷോ കാണിക്കുക, ഏറ്റവും വിലയുള്ള ആഹാരം വാങ്ങി നൽകുക ഇതൊക്കെയാണ് സാധാരണ കണ്ടുവരുന്നത്. അതിനുള്ള പ്രതിഷേധമായാണ് പ്രിയ തെരുവ് പട്ടിയെ വളർത്താൻ തീരുമാനിച്ചത്. ആൺപട്ടികളെയാണ് ആൾക്കാർ കൂടുതൽ വളർത്തുക. അവൾ മനഃ പൂർവ്വം ഒരു പെൺപട്ടിയെ തന്നെ ഏറ്റെടുത്തു.

 ഒരിക്കൽ പ്രശാന്ത് വെള്ളായണിയിൽ വന്നപ്പോൾ എന്നോട് പറഞ്ഞു, "അമ്മ ടോമിയെ വളർത്തണമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അതിന് അല്പം ആഹാരം കൊടുക്കുന്നതിൽ എന്താണ് തെറ്റ്? ആൾക്കാര് പറയുന്നതൊന്നും വിശ്വസിക്കണ്ട. ഒരു ജീവകാരുണ്യപ്രവൃത്തിയായി കണ്ടാൽ മതി."

"ആൾക്കാരുടെ അന്ധവിശ്വാസം പങ്കുവച്ചിട്ടല്ല. ടോമി എല്ലായിടത്തും പോകുന്നതുകൊണ്ട്  എവിടുന്നെങ്കിലും പേവിഷബാധയോ മറ്റോ ഉണ്ടായാൽ പ്രയാസമല്ലേ?"

"അതൊന്നും നോക്കണ്ട. ഒരു കുത്തിവെപ്പ് എടുത്താൽ പോരേ?"

 ആദ്യം ആഹാരം. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഴുത്തിൽ ഒരു ബെൽറ്റ്. ആഴ്ചയിൽ ഒരിക്കൽ കുളി. പിന്നെ മൃഗാശുപത്രിയിലേക്ക് ഒരു യാത്ര. കുത്തിവെപ്പ്. ഹെൽത്ത് റെക്കോർഡ്. ആഹാരത്തിന് പുറമേ ഡോഗ് ഫീഡും.

 അറിയാതെ അമ്മയും ഞാനും അവനോട് അടുക്കുകയായിരുന്നു. ഞങ്ങളുടെ ഏകാന്തതയിൽ അവൻ  നല്ല കൂട്ടായി.

 വണ്ണം വെച്ചപ്പോൾ ടോമിക്ക് നല്ല ചന്തമായി. രാവിലെ ഞാൻ എഴുന്നേറ്റ് വരാന്തയിൽ വരുന്നതും നോക്കിയിരിക്കും, ബിസ്ക്കറ്റ് കഴിക്കാൻ. നടക്കാൻ ഇറങ്ങിയാൽ കൂടെ വരും. ഒരു കുഴപ്പമേയുള്ളൂ, ആരു വന്നാലും കുരയ്ക്കുകയില്ല. കുട്ടിക്കാലം മുതൽ അവന് അതിന്റെ ആവശ്യം വരാത്തതു കൊണ്ടാവാം. പക്ഷേ അവൻ മുറ്റത്ത് കിടക്കുന്നത് കണ്ടാൽ തന്നെ " കടിക്കുമോ?" എന്ന ചോദ്യത്തോടെ അപരിചിതർ അകന്നു നിൽക്കും . അതും ഒരുതരം സുരക്ഷിതത്വം ഞങ്ങൾക്ക്.

 പ്രിയയും പ്രശാന്തും കല്ലുവിനെയും കൊണ്ട് വരുമ്പോൾ ടോമിക്ക് സന്തോഷമാണ്. പക്ഷേ കല്ലുവിന് അവനോട് അസൂയയും കുശുമ്പും ആണ്. ആഹാരം കൊടുക്കാനോ അവനെ തൊടാനോ ഒന്നും സമ്മതിക്കുകയില്ല. എല്ലാം ആദ്യം വന്ന അവൾക്ക് മാത്രം അവകാശപ്പെട്ടത്. എന്നാൽ ചില സമയത്ത് വലിയ ഇഷ്ടത്തോടെ രണ്ടുപേരും കളിക്കുന്നതും കെട്ടിമറിയുന്നതും കാണാം.

 അപൂർവമായുള്ള ആ സ്നേഹപ്രകടനം നോക്കിയിരിക്കുമ്പോൾ സമയം പോകുന്നത് ഞാനോ അമ്മയോ അറിയുന്നില്ല. ഞങ്ങൾക്ക് കൂട്ടായി .. പരസ്പരം കൂട്ടായി...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക