Image

ശ്രീപത്മനാഭന്റെ മണ്ണിൽ മാതൃഭൂമിയുടെ സാഹിത്യോത്സവം (മനോഹർ തോമസ്)

Published on 16 February, 2024
ശ്രീപത്മനാഭന്റെ മണ്ണിൽ മാതൃഭൂമിയുടെ സാഹിത്യോത്സവം (മനോഹർ തോമസ്)

 മൺമറഞ്ഞ വഞ്ചിമണ്ഡലാധീശന്മാര് സാക്ഷിയായി ,കനകക്കുന്ന്  കൊട്ടാരത്തിൽ ഫെബ്രുവരി എട്ടു മുതൽ നാലുദിവസം,മാതൃഭൂമിയുടെ “ ബഹുസ്വരങ്ങളുടെ ഉത്സവം “ എന്ന പേരിൽ ഒരു സാഹിത്യ ,സാംസ്‌കാരിക സാമൂഹ്യ അക്ഷരോത്സവം കൊണ്ടാടി .ലോകത്തിന്റെ എല്ലാ വൻകരകളിൽ നിന്നുമുള്ള പ്രതിഭയുടെ വ്യത്യസ്ത നാദങ്ങൾ അക്ഷരോത്സവ നഗരിയിൽ പ്രതിഫലിച്ചു .അവർ പ്രസംഗിച്ചും ,സംവാദിച്ചും ,കവിതകൾ ചൊല്ലിയും ;

അക്ഷരങ്ങളും ,ചിന്തകളും ആശയങ്ങളും ചേർന്നുള്ള പ്രകാശത്തിൽ കനകക്കുന്ന് കൊട്ടാരം പ്രഭാ പൂരിതമായി !!!  ലോകത്തിൻറെയും ,ഇന്ത്യ എന്ന മഹാരാജ്യത്തിൻറെയും അനന്ത വൈവിധ്യങ്ങളുടെ സ്പന്ദനങ്ങൾ ഈ അക്ഷരോത്സവം ഉൾകൊള്ളുന്നു .

ഇടങ്ങൾ ചുരുങ്ങുകയും ,നിങ്ങൾ നിശ്ശബ്ദരാക്കപ്പെടുകയും ,,അട്ടഹസിച്ചു ഒതുക്കുകയും,വായടപ്പിക്കുകയും  ചെയ്യപ്പെടുന്ന സമൂഹത്തിൽ ,ഇത്തരം സാഹിത്യ കൂട്ടായ്മകൾ അനിവാര്യമാണെന്ന് N .S .മാധവൻ ഓർമിപ്പിച്ചു .അവിടെ സമാന ഹൃദയർ സമ്മേളിക്കുകയും ,ആശയങ്ങൾ കൈമാറുകയും, പ്രതിരോധത്തിന്റെ തീപ്പന്തം ഉയർത്തുകയും വേണം . അദ്ദേഹം പറഞ്ഞു ;
“ Novelist John Steinbeck said the purpose of literature is to inform and entertain  “
സാധാരണ ഇങ്ങനെയുള്ള സാഹിത്യ കൂട്ടായ്മകളിൽ ,കൂടുതൽ ആഘോഷങ്ങളും ,കുറച്ചു ബോധവൽക്കരണവുമാണ് പതിവ് .എന്നാൽ ആ പതിവ് ഇവിടെ തെറ്റിക്കുന്നു . ഈയിടെയായി സാഹിത്യോത്സവത്തിൽ നാം 
രാഷ്ട്രീയത്തെ മാറ്റിനിർത്തുന്നു .നിസ്സാരകാര്യങ്ങളിൽ ആശ്വാസം കണ്ടെത്തുന്നു .ഈ കാലഘട്ടം എഴുത്തുകാരനോട് ആവശ്യപ്പെടുന്നത് പ്രതികരിക്കാനാണ് .

വരണ്ട്ഉണങ്ങിത്തുടങ്ങിയ കനകക്കുന്നിന്റെ മണ്ണിലേക്ക് അക്ഷരങ്ങളുടെ വെളിച്ചവുമായി  ദേശങ്ങളും ,കാതങ്ങളും താണ്ടി അവരെത്തി . മലയാള സാഹിത്യത്തിലെ അതികായൻ  ടി .പത്മനാഭൻ മുതൽ യുവ എഴുത്തുകാരി അനുപമ മോഹൻ വരെ . കഴിഞ്ഞ പതിപ്പുകളിൽ തുടക്കമിട്ട പല ചർച്ചകളും ബഹുസ്വരതയിലൂന്നി മുന്നോട്ട് കൊണ്ടുപോകാൻ . എഴുത്തിന്റെയും ,ഇന്നലകളുടെയും ,അനുഭവസഞ്ചയങ്ങളത്രയുമായി സാഹിത്യ   രാഷ്ട്രീയ  സാമൂഹ്യ സഞ്ചാരം നടത്താൻ.  നിശാഗന്ധിയും ,പരിസരങ്ങളും സർഗാത്മകതയാൽ പൂത്തുലയുകയായിരുന്നു .

ഗൗരവമായി ചിന്തിക്കാൻ വക നൽകുന്നതാണ് ഇത്തവണത്തെ “ ക “
ഫെസ്റ്റിവൽ . നമ്മുടെ രാജ്യത്തിൻറെ വൈവിധ്യപൂർണമായ സവിശേഷത മുഴുവൻ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞത് ഹൃദ്യമായി എന്ന് പ്രിയ എഴുത്തുകാരി സാറ ജോസഫ് വ്യക്തമാക്കി .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരെ ഇവിടെ എത്തിക്കുകയുംചെയ്യുന്നു .ഏറെ കേൾക്കാൻ ആഗ്രഹിക്കുന്നത് ഈജിപ്ഷ്യൻ എഴുത്തുകാരി മൻസൗര എസ്ൽദിൻറെ വാക്കുകളാണ് .അവരുടെ നാട്ടിൽ നിന്നുള്ള വർത്തമാനങ്ങൾ ഏറെ വേദനിപ്പിക്കുന്നു .ആ  നാട്ടിൽ നിന്നുള്ള അനുഭവങ്ങൾ അവരുടെ വാക്കുകളിലൂടെ കേൾക്കണം .

സക്കറിയ പറയുന്നു , “ പലവിധത്തിലും മനോഹരവും ,സൗഹൃദപൂർണവുമായ പട്ടണമാണ് തിരുവനന്തപുരം .നല്ല മനുഷ്യർ ,നല്ല പുസ്തകക്കടകൾ ,നല്ല വ്യാപാരികൾ ,കനകക്കുന്ന് മ്യുസിയം . പൗരർക്കു വിശ്രമിക്കാനും ,ഉല്ലസിക്കാനും ധാരാളം ഇടങ്ങൾ . ഇടക്കോരോ രാഷ്ട്രീയ ഘോഷയാത്ര വരും . അതിനെ മഴയും വെയിലും പോലെ കണ്ടാൽ മതി . വായനാസ്നേഹികൾ ധാരാളമാണ് . പബ്ലിക് ലൈബ്രറിയിലെ തിരക്ക് കാണൂ .
രാജ്യാന്തര നിലവാരമുള്ളതാണ് യൂണിവേഴ്സിറ്റി ലൈബ്രറി .നാനൂറോളം പ്രസംഗകർ .എഴുത്തുകാർ മാത്രമല്ല .ജീവിതത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ളവർ കനകക്കുന്നിൽ കൂടിച്ചേരുന്നു . 

 ബിയോൺ ഡാൽമാൻ എന്ന സ്വിഡിഷ് കോമാളിയെക്കുറിച്ചു പറഞ്ഞില്ലെങ്കിൽ ഈ ലേഖനം പൂർണമാവില്ല . ലോകത്തിനായി നമുക്ക് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും .അങ്ങിനെ ചിന്തിക്കുന്നവർക്ക് കലാലോകത്തുനിന്നുള്ള പ്രതീക്ഷയാണ് മാതൃഭൂമി അക്ഷരോത്സവത്തിൽ അതിഥിയായി എത്തിയ സ്വിഡിഷുകാരനായ കോമാളി . യുദ്ധത്തിൽ ഉറ്റവരെ നഷ്ട്ടപ്പെട്ട ,ചുവന്ന തെരുവുകളിൽ ബാല്യം ചിതറിയ ,ദുരന്തങ്ങളിൽ തനിച്ചായ ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങളെ ചിരിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത ആളാണ് സ്വിഡണിൽ നിന്നുള്ള തിയേറ്റർ ആർട്ടിസ്റ്റും ,കോമാളി കലാകാരനുമായ ബിയോൺ ഡാൽമാൻ . നമ്മൾ കോമാളി എന്ന് കളിയാക്കി വിളിക്കുന്ന ബിയോൺ അംഗമായ  ‘ CLOWNS WITHOUT BORDERS  “ എന്ന സംഘടന  സർവവും സഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൾ നാം അറിയാതെ പോകരുത് .

ടി . പത്മനാഭൻ പറയുന്നു , “ ഞാൻ പങ്കാളിയല്ല , സാക്ഷി മാത്രം …. “
കാലം മാറുന്നു . പുരോഗമന സാഹിത്യം വന്നു .ആധുനികത വന്നു .അതിനെ ചവിട്ടി പുറത്താക്കി ഉത്തരാധുനികത വന്നു .ഇപ്പോൾ സൈബർ യുഗമാണെന്നോ മറ്റോ ആണ് പറയുന്നത് .ഒരു മാറ്റത്തിലും ഞാൻ പങ്കാളിയായിരുന്നില്ല . സാക്ഷി മാത്രം . എല്ലാം കാണുന്നു വിലയിരുത്തുന്നു .
“ കഥയും ,കാലവും “ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം 
“ എൻ്റെ കഥയുടെ അന്തർ ധാര പ്രകൃതിയാണ് . അതിൽ നായ്ക്കളുണ്ട് ,പൂച്ചയുണ്ട് ,മലകളുണ്ട് , പുഴകളുണ്ട് ,എല്ലാത്തിനും ഉപരി മനുഷ്യരുണ്ട് .കാലം എത്ര മാറിയാലും , എന്തൊക്കെ സംഭവിച്ചാലും ഇടശ്ശേരി പാടിയപോലെ 
“ എനിക്ക് രസമീ നിമ്നോന്നതമാം വഴിക്ക്‌ തേരുകൾ പായിക്കൽ “ 

“പല വഴി പോയ രണ്ടു പാലാക്കാർ “ –ലോകം കണ്ട രണ്ടു സഞ്ചാരികൾ മനസ്സുതുറക്കുകയായിരുന്നു കനകക്കുന്നിൽ .അക്ഷരങ്ങളിലൂടെ മലയാളികളെ ഭൂഖണ്ഡങ്ങൾക്കു അപ്പുറത്തേക്ക് കൊണ്ടുപോയ പ്രശസ്ത എഴുത്തുകാരൻ സക്കറിയയും ,ദൃശ്യങ്ങളിലൂടെ ഭൂഖണ്ഡങ്ങളെ വീടുകൾക്കുള്ളിലെത്തിച്ച സന്തോഷ് ജോർജ് കുളങ്ങരയും .മാതൃഭൂമി “ക “
ഫെസ്റിവലിലാണ് “ ലോകം ചുറ്റുന്ന രണ്ടു പാലാക്കാർ “ എന്ന സെഷനിൽ ഇരുവരും ഒരുമിച്ചത് .ഹാൾ നിറഞ്ഞ ജനക്കൂട്ടമാണ് രണ്ടു പാലക്കാരെയും കേൾക്കാനെത്തിയത് . സക്കറിയ പറഞ്ഞു ; “ സഞ്ചാരത്തിനുള്ള എൻ്റെ പ്രലോഭനം എസ് .കെ . പൊറ്റക്കാടാണ് . ലോകം ചിറ്റിച്ചതാകട്ടെ വായനക്കാരും 
90 ശതമാനം യാത്രയും അവരുടെ ക്ഷണം സ്വികരിച്ചു പോയതാണ് .ആഫ്രിക്കയിൽ അഞ്ചു മാസം യാത്ര ചെയ്ത് എഴുതാൻ മാതൃഭുമിയാണ് ആവശ്യപ്പെട്ടത് .

ഏറ്റവും നന്നായി കാര്യങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊക്കെ രാഷ്ട്രീയപാർട്ടികൾക്കു ജനങ്ങളോട് കൂറുണ്ട് എന്നാൽ കേരത്തിൽ മലയാളി എന്ന നിസ്സഹായ ജനതയോട് കൂറും സ്നേഹവുമുള്ള ഒറ്റ രാഷ്ട്രീയ സംഘടനയെയും കണ്ടില്ല . നിർഭാഗ്യവശാൽ നമുക്ക് അവരെത്തന്നെ തിരഞ്ഞെടുക്കേണ്ടിവരുന്നു . ഏറ്റവും മികച്ച ഭരണ സംവിധാനം ജനാധിപത്യമാണെന്ന് തോന്നിയിട്ടില്ല . ഏകാധിപതികൾ നന്നായി ഭരിക്കുന്ന രാജ്യങ്ങളുണ്ട് . ഭരിക്കുന്നവരുടെ നിലപാടാണ് പ്രധാനം .

കത്തനാരാകാൻ ആഗ്രഹിച്ച ജോർജ് കുളങ്ങര സഞ്ചാരിയായ കഥ പറയുകയായിരുന്നു .ബ്രിസീലിൽ പോയ അമ്മാവൻ കത്തനാർ വീട്ടിലേക്കയച്ച കത്തിൽ നിന്നാണ് ലോകം കാണണം എന്ന അഭിനിവേശം ജോർജിന് ഉണ്ടാകുന്നതു .ജനങ്ങൾ മാറാൻ ലോകം കാണണം .അതിനു സഞ്ചാരം സഹായിക്കുമെന്നാണ് ജോർജിന്റെ അനുഭവം . ആരോ സദസ്സിൽ നിന്ന് ചോദിച്ചു ; “ ഉത്തര കൊറിയയിലേക്ക് ഒരു യാത്ര നടത്തിക്കൂടേ ? “ മറുപടി ഉടൻവന്നു .  “ അവസാന യാത്ര അങ്ങോട്ടേക്ക്  ആക്കാം “.   സന്യാസിയോ മതപ്രഭാഷകനോ .രാഷ്ട്രിയക്കാരനോ ,പറയുന്നത് കേട്ടാൽ ആർക്കും മാനസീക വികാസം ഉണ്ടാകില്ല .എന്നാൽ സന്തോഷ് ജോർജിന്റെ യാത്രാവിവരണം കൊണ്ട് അത് സാധ്യമാവുമെന്നാണ് സക്കറിയയുടെ വിമർശനാല്മകമായ അഭിപ്രായം .

സക്കറിയ പറഞ്ഞു ; “ എനിക്ക് സന്തോഷിനെപോലെ യാത്ര ചെയ്യാൻ കഴിയില്ല .
കാരണം ഞാൻ ധനികനല്ല . ഉടനെ വന്നു സന്തോഷിന്റെ മറുപടി ; “ സാർ 
കൂടുതൽ യാത്ര ചെയ്താൽ മതി .കൂടുതൽ ധനികൻ ആകാം . “ 

അടിയന്തിരാവസ്ഥ തെറ്റായിരുന്നു വെന്ന് പതിപക്ഷനേതാവ് വി .ഡി . സതീശൻ പറഞ്ഞു .നമ്മൾ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണം .തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം .അതിനെ ന്യായികരിക്കുന്നത് ബുദ്ധിയല്ല . അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകുകയാണ് വേണ്ടത് .അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങളിപ്പോൾ കണ്ണുതുറന്നുവച്ചു ജാഗ്രതയോടെയാണിരിക്കുന്നത് . എതിർക്കേണ്ടതിനെ എതിർക്കുകതന്നെ ചെയ്യും . മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ,ആദ്യദിനം 
“ ഏകസ്വരങ്ങൾക്കിടയിൽ ബഹുസ്വരതയുടെ ഭാവി “ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കവേ സതീശൻ നിലപാട് വ്യക്തമാക്കി . അമ്പലത്തിൽ പോകുന്നവരെല്ലാം സംഘപരിവാറുകാരാണ് എന്ന പ്രചാരണത്തോട് യോജിപ്പില്ല .ആ പ്രചാരണം ഒരു കെണിയാണ് .അതിൽ തലവച്ചുകൊടുത്താൽ ജയിക്കുക ഏകസ്വരമായിരിക്കും . മതവും ,രാഷ്ട്രിയവും കൂട്ടിക്കുഴക്കലല്ല കോൺഗ്രസിന്റെ രീതി.

 “ ബോഡി ഷെയ്‌മിങ്  പല വേർഷനായി ഞാൻ അനുഭവിച്ചതാണ് .ഇപ്പോഴത് കണ്ടില്ല ,കേട്ടില്ല എന്ന് വിചാരിച്ചു മാറി നിൽക്കാൻ കഴിയുന്നു ,എൻ്റെ ശരീരത്തിൽ ഞാൻ പ്രൗഢാണ് , സൂപ്പർ പ്രൗഢാണ് .എനിക്കുള്ളതെല്ലാം എന്റേതാണ് . അതിൽ ഞാൻ അഭിമാനം കൊള്ളുന്നു .നടി ഹണി റോസ് പറഞ്ഞു .മാതൃഭൂമി അക്ഷരോത്സവം “ ക “ യുടെ അഞ്ചാമത് എഡിഷനിൽ 
നിശാഗന്ധിയിൽ ,  “ സിനിമാതീതം  താര ജീവിതം ണ്  “ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹണി റോസ് .

   സൂര്യ വെളിച്ചമാണ് ഏറ്റവും വലിയ അണുനാശിനി . നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന ഒരുപാട് അണുക്കളുണ്ട് അതിനെയൊക്കെ ഇല്ലാതാക്കാൻ നമുക്ക് ഇത്തരം സാഹിത്യ വേദികൾ വേണം അത് വലിയ നഗരങ്ങളിൽ നിന്നും ചെറിയ ഗ്രാമങ്ങളിലേക്കും , ഇടത്തരം പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കാൻ മാതൃഭൂമി ശ്രമിക്കണം .അതൊരു ഉത്തരവാദിത്വമായി കണക്കാക്കണം .അതായിരുന്നു മമ്മുട്ടിയുടെ വാക്കുകൾ !!!!!

Join WhatsApp News
Mary mathew 2024-02-16 05:06:07
Manohar Thomas you touch all areas of life through writers and artists .Most touching is the quoting from novelist Steinbeck “Purpose of literature is to inform and entertain “ It must be for information and entertainment .
Jayan varghese 2024-02-16 17:34:46
സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഏത് ഉറ്റവർക്കും വിഷം കൊടുക്കാൻ മടിക്കാത്ത കൂടത്തായി ജോളിയെപ്പോലെയാണ് നമ്മുടെ പല മഹാസാഹിത്യ പ്രതിഭാ വേഷക്കാരും. യാതൊരു കൂസലുമില്ലാതെ അവർക്കു വേണ്ടി വാദിക്കാനെത്തുന്ന ആളൂർ വക്കീലന്മാരാണ് അമേരിക്കയിലെ മലയാള സാഹിത്യ സാരഥികൾ എന്ന നമ്മുടെ വേണ്ടപ്പെട്ടവർ ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക