Image

വവ്വാലുകൾ ( കഥ : രമണി അമ്മാൾ )

Published on 17 February, 2024
വവ്വാലുകൾ ( കഥ : രമണി അമ്മാൾ )

പതിവുപോലെ, 
ചാരുവിന്റെ കിടപ്പുമുറിയുടെ ജനാലയ്ക്കപ്പുറം മതിലിന്റെ കൈവരിയിൽ നിരന്നുകഴിഞ്ഞു അക്കാമ്മയാന്റീടെ  ഉള്ളുടയാടകൾ..!

നെടുനീളത്തിൽ ഉയരംകുറഞ്ഞ കോമ്പൗണ്ടുവാളുകളും അതിനുമേലെ പൈപ്പ് കൈവരികളുമുണ്ട് ഹൗസിംഗ് കോളനിയിലെ എല്ലാ വീടുകൾക്കും..

ഒരേ അച്ചിൽ വാർത്തെടുത്ത വീടുകൾ..  നിഴൽ വീഴ്ത്താൻ മരങ്ങളൊന്നും  കോമ്പൗണ്ടിലില്ല.. 
വെയിൽ നിർബ്ബാധം ഓടിക്കളിച്ചു കൊണ്ടിരിക്കും..

ചാരുലതയുടെ തുറന്നിട്ട ജനാലയ്ക്കു നേരെ   അക്കാമ്മയാന്റിയുടെ
അടിവസ്ത്ര വവ്വാലുകൾ മിക്കവാറും ദിവസങ്ങളിൽ തൂങ്ങിക്കിടപ്പുണ്ടാവും.

കഴുകിയിടുന്ന മറ്റു തുണികളൊക്കെ കൈവരിക്കുമുകളിൽ നീളത്തിൽ കെട്ടിയ അയയുടെ അങ്ങേയറ്റത്തു കൊണ്ടുപോയി വിരിക്കും..

അടിവസ്ത്രങ്ങൾ, ചാരുവിന്റെ ജനലിന്നു നേരെ ഉണങ്ങാനിടണമെന്നു നിർബന്ധമുളളതു പോലെയാണ്.

ആ കർമ്മം നിർവ്വഹിച്ചുകൊണ്ടിരിക്കെ ജന്നൽപ്പാളികൾ വലിച്ചടച്ച് ചാരു പ്രതിഷേധിക്കാറുണ്ട്.
ഒരു നോട്ടം നോക്കി അവരു തിരിഞ്ഞുനടക്കും..!

അക്കാമ്മാന്റിക്ക്  വയസ്സ് എഴുപതു കഴിഞ്ഞിട്ടുണ്ടാവണം..ഇപ്പൊഴും ചെറുപ്പക്കാരെ വെല്ലുന്ന ചുറുചുറുക്കാണ്.

ആരോടും വലിയ ലോഹ്യത്തിനൊന്നും പോവാറില്ല.. 
വല്ലതും ചോദിച്ചാൽ അതിനു  മറുപടിയുണ്ട്,..
മുഖത്ത് ഒരു ചിരി ദർശിക്കാൻ കഴിഞ്ഞാൽ ഭാഗ്യം. 

വിദേശത്തു ജോലിയുളള മക്കളിൽ
ആരെങ്കിലുമൊരാൾ
ഇടയ്ക്ക് നാട്ടിലുണ്ടാവും..

അവർക്കെല്ലാം നാട്ടിൽ വെവ്വേറെ വീടുകളുണ്ടെങ്കിലും അമ്മയോടൊപ്പമാണപ്പോഴെല്ലാം.. 

ഒരുമിനിറ്റുപോലും  വെറുതെയിരിക്കാത്ത അക്കാമ്മയാന്റി, ഞായറൊഴിച്ചുളള ദിവസങ്ങളിൽ വെളുപ്പിനെഴുന്നേറ്റു നടക്കാൻ പോകും.. കൈവീശിയുളള അവരുടെ ആഞ്ഞുനടപ്പിന്നൊപ്പമെത്താൻ   ശ്രമിച്ചാലും കഴിയാറില്ല.

വാഹനങ്ങൾ തേരാപ്പാര ഓടുന്ന റോഡുസൈഡായതു കൊണ്ട് പൊടിശല്യവും പുകശല്യവും ചെറുതല്ല.. ഫ്രണ്ടിലുളള ജന്നലുകളു തുറക്കാറേയില്ല.. കതകും അടഞ്ഞുകിടക്കും..  ... സൈഡു ജനാല
തുറന്നിട്ടാൽ അതിലൂടെ കാണുന്ന സ്ഥിരം കാഴ്ച വിരിച്ചിട്ട അടിവസ്ത്രങ്ങളും..

കമ്പൈയിൻ സ്റ്റഡിക്കെന്നു പറഞ്ഞ് ചാരുവിന്റെ ഫ്രണ്ട്സ് കൂടക്കൂടെ വരാറുണ്ട്..അപ്പഴെല്ലാം ജനലിന്നുനേരെ  വിരിച്ചിരിട്ടിരിക്കുന്ന അടിയാടകൾ കാണാറുമുണ്ട്.. കമന്റാറുമുണ്ട്..

"ഇതെന്താ...
സെയിൽസിനു നിരത്തി വച്ചിരിക്കയാണോ...?
സ്ഥിരക്കാഴ്ചയാണല്ലോ..
"ഏതു കമ്പനീടെ പ്രൊഡക്റ്റാണെന്നറിഞ്ഞിരുന്നേൽ 
തിരിച്ചുപോകുമ്പോൾ ശീമാട്ടീന്നു വാങ്ങാമായിരുന്നു...

കരിമ്പനടിച്ചതും ഓട്ടകൾവീഴാൻ തുടങ്ങിയതുമൊക്കെയുണ്ടതിൽ..
ആന്റീടെ ചേളാവുകൾ...!

ഞങ്ങളുടെ വീടുകളിലൊക്കെ  ഇമ്മാതിരിസാധനങ്ങൾ കഴുകിയുണക്കാനിടുന്നത് വളരെ ഗോപ്യമായിട്ടാണ്..
അത് ആണുങ്ങളുടേതായാലും, പെണ്ണുങ്ങളുടേതായാലും.. 

നീയാ കർട്ടനങ്ങുവലിച്ചിട്ടേ.."
ഷീബ..

കുറച്ചു പഠനവും കൂടുതൽ വർത്തമാനങ്ങളുമായി അന്നത്തെ കമ്പൈന്ഡ് സ്റ്റഡി മതിയാക്കിയിറങ്ങുമ്പോൾ
ഷീബ ഓർമ്മിപ്പിച്ചു.....
"അക്കാമ്മാന്റീടെ അണ്ടർവിയർ പ്രദർശനം  മനപ്പൂർവ്വമാണോന്നൊരു ഡൗട്ടുണ്ട്.. 
അവരോടീ വൃത്തികേടു കാണിക്കരുതെന്ന് പറയാൻ നിനക്കുപറ്റില്ലെങ്കിൽ ഞാൻ പോയി പറയും..." 

"അമ്മാ.. എനിക്ക് ജന്നലു തുറന്നിടാതിരിക്കാൻ കഴിയില്ല..  അവരോട് അമ്മ ചെന്നൊന്നു പറഞ്ഞേ.. ജന്നലിനു നേരെ അടിവസ്ത്രം തൂക്കരുതെന്ന്.." 
ഫോട്ടോയെടുത്ത്  "എന്റെ ജന്നൽക്കാഴ്ചകൾ" എന്നു പറഞ്ഞ് കോളനിയുടെ വാട്സാപ് ഗ്രൂപ്പിലിടാൻ പോകയാണെന്നുകൂടിപറഞ്ഞേക്ക്.. "

രണ്ടുവർഷംമുമ്പ് അക്കാമ്മാന്റിയുടെ ഭർത്താവു മരിച്ചപ്പോഴാണ് അവസാനമായി ആ വീട്ടിൽ പോയത്.. 

കതക് അടഞ്ഞു കിടക്കുന്നു..
കോളിംഗ് ബല്ലിൽ രണ്ടു വട്ടം വിരലമർത്തിയപ്പോൾ കതകു തുറന്നു..

"എന്താ.....ഇങ്ങോട്ടൊക്കെ.....ഇവിടേക്കായിട്ടു വന്നതാണോ.." 

"അതേ...
ആന്റിയൊന്നു പുറത്തേക്ക് ..ആ വശത്തേക്ക് വന്നേ.. "

"എന്താ..കാര്യം.....?"

"എന്റെ  മകളുടെ മുറിയാണിത്..
ആന്റി അടിവസ്ത്രം കഴുകി വിരിക്കുന്നത് സ്ഥിരമായി അവളുടെ ജന്നലിനു നേരയാണ്..അതു ബുദ്ധിമുട്ടുണ്ടാക്കുന്നു...

"അടീലിടുന്നതൊക്കെ നന്നായി വെയിലു കൊണ്ടുണങ്ങണമെന്നല്ലേ.. ഇവിടെയാണെങ്കിൽ എപ്പൊഴും നല്ല വെയിലുണ്ട്...
പിന്നെ, ജന്നലങ്ങനെ തുറന്നുകിടക്കുന്നത് ഞാൻ കണ്ടിട്ടില്ല..."

അവർ, അവരെ ന്യായീകരിക്കുന്നു..

"മറ്റുളളവരുടെ അടിവസ്ത്രം  കണ്ടുകൊണ്ടിരിക്കുകയെന്നത് അത്ര സുഖമുളള കാര്യമല്ല.. ഇനിയുമിതു തുടർന്നാൽ  ഫോട്ടോയെടുത്തു വാട്സാപ്പിലിടുമെന്നു ചാരുലത പറഞ്ഞു...
എല്ലാരും കാണട്ടേന്ന്..

അക്കാമ്മയാന്റീടെ മുഖം കനത്തു..

എവിടേലും കൊണ്ടിട് .
എല്ലാരേം കാണിക്ക്...

അങ്ങനെ പറഞ്ഞിട്ട് ഒരു വലിയ മൂളലോടെ അവർ തിരിഞ്ഞൊരു നടപ്പ്..

ഛേ..
ഇനി എന്തുചെയ്യും ...!
മനുഷ്യർ ഇങ്ങനായാൽ എങ്ങനെ ജീവിക്കും..!

നിരന്ന് നിരന്ന് നിൽക്കുന്ന അച്ചിൽ വാർത്തെടുത്ത വീടുകൾ ഒരു പോലെ തളർന്നു...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക