Image

മൃത്യു (കവിത: അൻസിൽ പാങ്ങ്)

Published on 17 February, 2024
മൃത്യു (കവിത: അൻസിൽ പാങ്ങ്)

ഒരുപാട് രുചിച്ചിട്ടും
നാവിതുവരെ രുചിക്കാത്തത്
പലതും കണ്ടിട്ടുണ്ടെങ്കിലും
കണ്ണിതുവരെ കാണാത്തത്
കസ്തൂരിയും മദ്യവുമെല്ലാം മണത്തിട്ടും
ശ്വാസനാളം ഇതുവരെ മണക്കാത്തത്
എല്ലാം തൊട്ടും തീണ്ടിയും നടന്നിട്ടും
കരമിതുവരെയും ഗ്രഹിക്കാത്തത്
പകയും വെറുപ്പും കൊണ്ട് നടന്നിട്ടും      
മനസ്സിലിതുവരെ എത്തിനോക്കാത്തത്

നാളേക്കിനി എന്തെല്ലാം ചെയ്യണമെന്നാലോചിക്കുമ്പോഴും
ഇങ്ങനെയൊന്ന് നാളെയുണ്ടെന്ന് ഓർക്കുകയില്ല
ഓരോരുത്തരെ നോവിക്കുമ്പോഴും
നാളെ തന്നെ നോവിക്കാനൊരാളുണ്ടെന്ന
ചിന്തയില്ല
ഉയരങ്ങളിലേക്ക് ചുവട് വെക്കുമ്പോൾ
നാളെ അവിടെനിന്നിറങ്ങുമെന്നോർമ്മയില്ല
തിന്നാനും കുടിക്കാനും പായുമ്പോൾ
മണ്ണിന്റെ നാളേക്കുള്ള അന്നമാണെന്ന ചിന്തയില്ല

സൗഖ്യങ്ങളിൽ കിടന്ന് നിദ്ര പുണർന്ന്
കിനാലോകത്ത് സവാരിക്കിടയിൽ
പെട്ടെന്നൊരു ശബ്ദം
ഞെട്ടിക്കൊണ്ട് നിലത്തു വീണു
അരികെ ആയുസ്സിനന്ത്യവുമായി
നിൽക്കുന്ന മാലാഖ അവസാന കാഴ്ചയായി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക