Image

സന്തുലനമേ സുഗന്ധം (കവിത: വേണുനമ്പ്യാർ)

Published on 17 February, 2024
സന്തുലനമേ സുഗന്ധം (കവിത: വേണുനമ്പ്യാർ)

ഉജ്ജ്വലിക്കും സൂര്യദേവനെ
കണ്ണിമയ്ക്കാതെ നോക്കി
കൈ കൂപ്പി തൊഴുതു വിരിയുന്നൂ
പാരിലെമ്പാടും പകൽപ്പൂവുകൾ

തമസ്സിലും കാഴ്ച മങ്ങാതെ
അർച്ചിക്കുന്നൂ നിശാപുഷ്പങ്ങൾ
നിറകാന്തിയിൽ മിന്നി മിന്നും
വിണ്ണിലെ പൊൻതാരകങ്ങളെ

ഒരേ തണ്ണീർക്കുടത്തിൽ
പൈദാഹമകറ്റിയോർ
പ്രാർത്ഥിപ്പൂ ഈശനോട്
നിരന്തരമിങ്ങനെ:

മണ്ണിൽ ക്ഷണഭംഗുരമീ 
മലർ തൻ വാഴ് വെങ്കിലും
കൃപ ചൊരിയേണമങ്ങുന്ന് സ്നേഹപരിമളം മനുജർക്കായി
പാരിലെമ്പാടും പരത്തുവാൻ 

നിസ്വരെന്നു കരുതി
നമ്മെ പിച്ചിച്ചീന്തുവരോട്
പൊറുക്കുവാനുൾക്കരുത്തീശൻ
നമുക്ക് നൽകേണമേ!

നവോഢ തന്റെ 
നീണ്ട മുടിത്തുമ്പിൽ
ചൂടിയാലാകട്ടെ 
ചിരിക്കില്ല നമ്മൾ

ശവം അതിന്റെ 
വിറങ്ങലിച്ച മാറിൽ
വഹിച്ചാലാകട്ടെ
കരയില്ല നമ്മൾ

സന്തുലനമേ സുഗന്ധം!
വാരിക്കോരിത്തരേണ-
മതീശ,നിവിടെ യടിഞ്ഞു
മണ്ണായി നമ്മൾ
വിസ്മൃതമാകുവോളം!

Join WhatsApp News
Sudhir Panikkaveetil 2024-02-18 15:49:43
വിപരീതമായ ശക്തികളും സ്വാധീനവും സമതുലിതാവസ്ഥയിൽ എത്തിച്ചേരുന്ന അവസ്ഥ പൂക്കൾ പുറപ്പെടുവിക്കുന്ന സുഗന്ധം പോലെ ഹൃദ്യമാണ്. പൂക്കളുടെ ജീവൻ ക്ഷണികമാണെങ്കിലും അവ പകരുന്ന സുഗന്ധം മനുഷ്യമനസ്സുകൾക്ക് സാന്ത്വനം നൽകുന്നു. പൂക്കൾ ചൂടുന്ന, പൂക്കൾ അർപ്പിക്കുന്ന വ്യത്യസ്ത സന്ദർഭങ്ങൾ കവിതയിൽ ഉണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ അവയുടെ സന്തുലനം ഈശ്വരന്റെ വരദാനമാണ്. കവിയുടെ പ്രാർത്ഥന മനുഷ്യായുസ്സ് ഒടുങ്ങും വരെ പുഷ്പങ്ങൾ നൽകുന്ന സ്വർഗ്ഗം തിരിച്ചെടുക്കരുതേ. "കാവ്യ ഭാവനെ" നിനക്ക് അഭിനന്ദനം..
സൂര്യകാന്തി 2024-02-18 21:49:51
ഇതൊക്കെ കയ്യിലിരുന്നിട്ടാണോ സുഹൃത്തേ ഈ ആധുനികനെ ഇടയ്ക്ക് ഇറക്കി വായനക്കാരെ വെള്ളം കുടുപ്പിക്കുന്നെ. ഒരു ആധുനികൻ ഈ അടുത്ത ഇടയ്ക്ക് പോയി പ്രസംഗം നടത്തിയിട്ട് മറ്റൊരു ആധുനികൻ വണ്ടിക്കൂലി കൊടുക്കാതെ തിരിച്ചയച്ചു പോയ ആധുനികനാണെങ്കിൽ കുമാരരനാശാനെ കുറിച്ച് ഒരു മണിക്കൂർ പ്രസംഗിച്ചു. (കുമാരനാശാനാണല്ലോ ആധുനിക കവിതയുടെ പിതാവ് അദ്ദേഹം ) ആധുനികൻ ആധുനികം മടുത്തതുകൊണ്ടാണല്ലോ സീരിയൽ കഴിക്കാൻ തുടങ്ങിയത് . എന്തായാലും ഈ കവിത കൊള്ളാം നമ്മൾക്ക് ഈ കുമ്പ്യൂട്ടർ ഭാഷ ഉപയോഗിച്ചുള്ള കവിത വേണ്ട. ഈ കവിത നന്നായിരിക്കുന്നു ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ചേരുവകൾ ചേർത്താണല്ലോ കവിത രചിച്ചിരിക്കുന്നത്. നിങ്ങൾ കവികൾ ഇല്ലെങ്കിലും ഞങ്ങൾ ജീവിക്കു, പക്ഷെ സൂര്യൻ അത് ഞങ്ങൾക്ക് ദേവനാ, പ്രാണനാ
വേണുനമ്പ്യാർ 2024-02-20 08:16:32
സോത്സാഹം കവനസൃഷ്ടിക്കായി പ്രോത്സാഹനമേകുന്നു സുമനസ്സുകൾ നന്ദിയറിയിപ്പാൻ തക്കതായ വാക്കുകൾ കിട്ടുന്നില്ലതിനാൽ കവിയെ ചെറ്റും നിന്ദിക്കരുതേ നന്ദികേടാണെന്നോർത്ത്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക