Image

അവളുടെ ഗോളാന്തര യാത്രകൾ ( കവിത : തങ്കച്ചൻ പതിയാമൂല )

Published on 17 February, 2024
അവളുടെ ഗോളാന്തര യാത്രകൾ ( കവിത : തങ്കച്ചൻ പതിയാമൂല )

‘കുട്ടികൾ നിങ്ങളുടേതല്ല
അവർ നിങ്ങളിലൂടെ
വരുന്നുവെന്നേയുള്ളൂ’
എന്ന് വായിച്ചതെവിടെയാണ്!

“ഭൂമിയിൽ ജനിക്കാനെത്തും മുൻപേ
ദൈവത്തോട് ഞാൻ പ്രാർത്ഥിച്ചിരുന്നു
നിങ്ങളുടെ മകളായിത്തന്നെ
എനിക്ക് ജനിക്കണമെന്ന്…

ഇത്രയേറെ സ്നേഹം നൽകുന്ന
ഈ അച്ഛനെയും അമ്മയെയും
അങ്ങനെയാണെനിക്ക് ലഭിച്ചത്.”
അന്നൊരിക്കൽ അവൾ പറഞ്ഞു.

ആരോടും പറയാതെ
മറ്റൊരു ഭൂഖണ്ഡ മനുഷ്യനുമായ് 
ജീവിതം പങ്കിടണമെന്നും
അവൾ പ്രാർത്ഥിച്ചിരിക്കണം.

അന്യഗ്രഹ യാത്രകളെപ്പറ്റി
എന്നും വാചാലയായിരുന്നവൾ 
ഏതു ഗ്രഹത്തിൽ പോകാനാകും 
പ്രാർത്ഥിച്ചിട്ടുണ്ടാവുക.

ഞങ്ങൾക്ക് അപ്രാപ്യ ഗ്രഹത്തിൽ 
‘ഏലിയൻ’കുഞ്ഞുങ്ങളുമായ് 
അവളുടെ ആകാശ യാത്രകൾ
അഭംഗുരം തുടരട്ടെ.

 ഗോളാന്തര യാത്രകൾക്കാവാതെ
 ഞങ്ങൾ കാത്തിരിക്കുന്നു.
 അവളുടെ ആകാശ യാനം
 തിരികെയെത്തും ദിനത്തിനായി…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക