Image

ഒറ്റക്കൊരമ്മ (കഥ: ഷിജു)

Published on 17 February, 2024
ഒറ്റക്കൊരമ്മ (കഥ: ഷിജു)

“ചേച്ചി, ഇവിടെ പലതരം അച്ചാറുകൾ ഉണ്ടല്ലോ?കണ്ടിട്ട് തന്നെ കൊതിയാവുന്നു. അതെന്താ അച്ചാർ?”
“അത് മുന്തിരി അച്ചാർ.”
“ങ്ങേ! മുന്തിരി കൊണ്ട് അച്ചാറും ഉണ്ടാക്കാൻ പറ്റോ? ചേച്ചി അടിപൊളി ആണല്ലോ? എവിടുന്നു കിട്ടണു ഓരോ ഐഡിയ.”
അവളൊന്നും മിണ്ടാതെ നിന്നുള്ളൂ. വന്നവർക്ക് പെട്ടി നിറച്ചു രുചിക്കനുസരിച്ചു അച്ചാറ് കുപ്പികൾ പാക്ക് ചെയ്ത് കൊടുത്തു. സമയം ഉച്ചയായി. വേഗം പുറത്ത് ബോർഡ് തൂക്കിയിട്ടു. എന്നിട്ട് വാതിൽ അടച്ചു അകത്തേക്ക് പോയി.
മാലിനി ഒറ്റക്കൊരമ്മയാണ്. ജനിച്ചപ്പോൾ തന്നെ മകൾക്ക് രോഗം സ്ഥിരീകരിച്ചതാണ്. സെറേബ്രൽ പാൾസി. ഭർത്താവും വീട്ടുകാരും  എല്ലാത്തിനും മാലിനിയെ കുറ്റപ്പെടുത്തി. അവർ കുഞ്ഞിനെ അവസാനിപ്പിച്ചു കളയും എന്ന് തോന്നിയ നിമിഷം അവൾ കുഞ്ഞിനേയും കൊണ്ട് അവിടന്നിറങ്ങി. കല്യാണം കഴിഞ്ഞാൽ പിന്നെ സ്വന്തം വീടും പെണ്ണിന് അന്യമാണല്ലോ. അവൾ കുറച്ചു നാൾ സ്വന്തം വീട്ടിൽ നിന്നു. അനിയന് കല്യാണലോചനകൾ മുറുകിയപ്പോൾ വരുന്നവർക്കൊക്കെ സംശയം ചേച്ചിയെയും കുഞ്ഞിനേയും എല്ലാക്കാലവും നോക്കേണ്ടി വരുമോ. അവൾ ആത്മഹത്യയെ കുറിച്ച് മാത്രം ആലോചിച്ച നാളുകൾ ആയിരുന്നു അവ. അന്ന് ദൈവത്തെപ്പോലെ അവളെ സഹായിച്ചത് കുടുംബശ്രീയിലെ വത്സല ചേച്ചിയാണ്. അവരുടെ അച്ചാർ ഉണ്ടാക്കുന്ന സംരംഭത്തിൽ പണിക്ക് കൊണ്ട് പോയി. അവൾ ആഴ്ച വാടകക്ക് ഒരു കുഞ്ഞു വീടെടുത്ത് മോളെയും കൂട്ടി അങ്ങോട്ട് മാറി. കിട്ടുന്ന കൂലി മോളുടെ ചികിത്സക്കും വീട്ടു വാടകക്കും തികയാതെ വന്നപ്പോളാണ് അവൾ വീട്ടിൽ അച്ചാർ ഉണ്ടാക്കി വിൽക്കാനും കൂടി തുടങ്ങിയത്.വീട്ടിലെ അച്ചാർ വില്പന ഒന്ന് പച്ച പിടിച്ചു വരുന്നുണ്ട്.അവളിപ്പോ യൂണിറ്റിൽ പോകാറില്ല. അല്ലെങ്കിൽ മോളെ പൂട്ടിയിട്ട് പോണം. ഉച്ചയാകുമ്പോളേക്കും ഓടി വരണം. അവൾക്ക് എന്തെങ്കിലും കൊടുത്ത് തിരിച്ചു ഓടി പോണം. ഒരാളും സഹായിക്കാൻ ഇല്ലാതെ ഇത്രേടം വരെ എത്തിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി എങ്ങനെ മുന്നോട്ട് പോണം എന്ന് മാത്രമേ മാലിനി ആലോചിക്കുന്നുള്ളൂ. മരണത്തെ കുറിച്ച് അവൾ ആലോചിക്കാറേ ഇല്ല.
മോൾക്ക് കഞ്ഞി കൊടുക്കാനാണ് അവൾ വാതിലടച്ചു അകത്തേക്ക് വന്നത്.
“മോളെ, അമ്മ ഇവിടുണ്ട് കേട്ടോ. മോൾക്ക് അമ്മ കഞ്ഞി തരാം. വാ എണീക്ക്.” പതുക്കെ അവൾ കിടക്കുന്ന കട്ടിൽ ലിവർ വെച്ചുയർത്തി. കഞ്ഞി കോരി കൊടുക്കുന്നതിനിടയിൽ അവൾ സ്പൂണിൽ കടിച്ചു പിടിച്ചു. “മോളെ കുറുമ്പ് കാട്ടല്ലേ. എന്ത് പറ്റി ഇന്ന്?” അവൾ വായിലേക്കെടുത്ത കഞ്ഞി പാത്രത്തിലേക്ക് തുപ്പി.പിന്നെയും അവൾക്ക് എന്തോ അസ്വസ്ഥത ഉള്ളത് പോലെ. മാലിനി വന്ന ദേഷ്യം കടിച്ചു പിടിച്ചു ഒന്നും മിണ്ടാതെ താഴെയും ബെഡിലും വീണ ചോറും കറിയും വൃത്തിയാക്കി. ഇതെന്താ അച്ചാറോ? അവൾക്കച്ചാർ കൊടുത്തില്ലല്ലോ? അച്ചാർ കൊടുക്കരുതെന്നാ ഡോക്ടർ പറഞ്ഞിട്ടുള്ളത്? പിന്നെന്താ ബെഡ് ഷീറ്റിൽ ചുവന്ന പാട്? മോളുടെ ഡ്രസിലും ഉണ്ടല്ലോ. “ന്റെ ദൈവമേ! ഇനി ഇതും കൂടിയോ? അതാണോ മോൾക്കിന്നിത്ര വാശിയും അസ്വസ്ഥതയും?”
അപ്പോൾ പുറത്ത് ആരോ വാതിലിൽ മുട്ടുന്നു. അവൾ ജനൽ തുറന്ന് നോക്കി.
“അച്ചാർ വിൽക്കുന്ന വീട് ഇതല്ലേ?”
“ഇന്ന് മുടക്കമാ. പോയി നാളെ വരൂ.”അവൾ ജനാല അടച്ചു.
‘എന്റെ മോൾ വലിയ കുട്ടിയായിരിക്കുന്നു. ഇനി ഞാൻ ഇവളെ ഒറ്റക്ക് വിട്ടിട്ട് എങ്ങനെ പുറത്ത് പോകും? ഞാനെങ്ങനെ ഇവളെ വളർത്തും? കട്ടിലിൽ നിന്നും ഇത് വരെ എഴുന്നേൽക്കാത്ത ഇവൾക്കെന്തിനാ ദൈവമേ ഈ പരീക്ഷണം കൂടി? പെണ്ണായി പിറന്നതെന്തിനാ നീ മോളെ?’
മാലിനിയുടെ ചിന്തകൾ ആകാശം മുട്ടെ വളർന്നു. അവൾക്ക് പേടിയാവാൻ തുടങ്ങി. ‘ഇനിയും മുന്നോട്ട് പോകാൻ എന്നെ കൊണ്ട് ആവില്ല. നമുക്കിതിവിടെ വെച്ച് അവസാനിപ്പിക്കാം. എന്റെ മോൾ ഒരിക്കൽ പോലും എന്നെ അമ്മേയെന്ന് വിളിച്ചിട്ടില്ല. പക്ഷെ ഞാൻ അവളുടെ ഏറ്റവും വേണ്ടപ്പെട്ട ആളാണെന്നു അവൾക്കറിയാം. ഇനിയും ഇങ്ങനെ ജീവിച്ചിരുന്നിട്ട് എന്തിനാ മോളെ?’
അവൾ പതുക്കെ എഴുന്നേറ്റ് മോളുടെ കാട്ടിലിനരികിലേക്ക് നീങ്ങി. അവൾ മാലിനിയെ തന്നെ നോക്കി കിടക്കുന്നു. മാലിനി പതുക്കെ അവളുടെ മുടിയിൽ തലോടി. നെറ്റിയിൽ ഉമ്മ വെച്ചു. കരഞ്ഞു ചുവന്ന കണ്ണിൽ നിന്നും ഉപ്പുനീർ മോളുടെ നെറ്റിയെ നനച്ചു. അതവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി വായിൽ എത്തി. അവളാ ഉപ്പ് വെള്ളം നക്കുന്നു.മാലിനി നോക്കുമ്പോൾ അവൾ ചിരിക്കുന്നു. വിശപ്പ് വരുമ്പോൾ അവൾ അങ്ങനെ ചിരിക്കും.
“മോളൊന്നും കഴിച്ചില്ലല്ലോ. വിശക്കുന്നുണ്ടോ? അമ്മ കഞ്ഞി തരാം.”
അവളകത്തേക്ക് പോയി ഒരു പ്ലേറ്റിൽ കഞ്ഞിയും അച്ചാറുമായി വന്നു. മോൾക്ക് കഞ്ഞി കൊടുക്കുമ്പോൾ അവളാർത്തിയോടെ അത് കുടിച്ചു. ജനിച്ചിട്ട് ആദ്യമായി എരിവ് അവൾക്ക് കൊടുക്കുന്നതന്നാണ്.അവളദാസ്വദിച്ച് കഴിക്കുന്നു. കണ്ണിലൂടെയും മൂക്കിലൂടെയും വെള്ളം വരുന്നുണ്ട്.
“എരിഞ്ഞിട്ടാവും.സാരില്ല മോളെ. ഇന്നും കൂടി എല്ലാം സഹിച്ചാൽ മതി. ഞാനൊരു വഴി കണ്ടിട്ടുണ്ട്.”
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ അവൾ മോളുടെ തലയിൽ തലോടി അടുത്ത് തന്നെയിരുന്നു.കഞ്ഞികുടി കഴിഞ്ഞാൽ അവൾ ഉറങ്ങും. ഉറങ്ങട്ടെ. പാവം എന്റെ കുഞ്ഞ്. അവളുടെ കട്ടിലിൽ ചുമരിനോട് ചേർന്നൊരു തലയിണ. മാലിനി അതിൽ തന്നെ നോക്കിയിരുന്നു. അവൾക്കര പ്രാണനെയുള്ളൂ. അത് മതി. അവൾക്ക് വേദനിക്കാതെ വേഗം പോവാം. അത് കഴിഞ്ഞ് എത്രയും വേഗം ഞാനും അവളുടെ അടുത്തേക്ക് എത്തണം.മോളുടെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി. മാലിനിക്ക് ധൈര്യം കൂടി കൂടി വന്നു.
അവളെഴുന്നേറ്റു തലയിണ കയ്യിൽ എടുത്തു.അപ്പോൾ വാതിലിൽ ഒരു മുട്ട്. ഈ സമയത്തു ഇതാരാണാവോ? മുട്ട് കൂടി കൂടി വരുന്നു. “മാലിനി ടീ മാലിനി.. “
അവൾ വാതിൽ തുറന്നു. വത്സലേച്ചിയാണ്. “ഞാനൊരു കൂട്ടരെ ഇങ്ങോട്ട് വിട്ടിരുന്നു. നീയെന്താ അവരെ തിരിച്ചയച്ചേ?നല്ലൊരു കച്ചോടം ആയിരുന്നടീ. അവർക്ക് ടൗണിൽ രണ്ട് വലിയ കടയുണ്ട്. നിനക്ക് സ്ഥിരം ഓഡർ കിട്ടണ കാര്യാരുന്നു. നിനക്കെന്താടീ പറ്റിയെ?എന്താ നിന്റെ മോറ് ഇങ്ങനെ ഇരിക്കണേ?എന്താടീ?എന്താണെങ്കിലും പറ. “
“ചേച്ചി അവൾ വല്യ പെണ്ണായി.”
“ങാ. അത് നല്ല കാര്യല്ലേ.”
“സാധാരണ പെൺകുട്ട്യോളെ പോലെയല്ലല്ലൊ അവൾ. എനിക്ക് എന്താ ചെയ്യേണ്ട അറിയണില്ല. “
“നീയപ്പോ അറിവുള്ളോരോട് ചോയ്ക്കണം.”
“നീയാ ഡോക്ടറെ വിളിക്ക്. മോളെ കാണിക്കാറുള്ള ആ പെണ്ണ് ഡോക്ടറില്ലെ?”
മാലിനി നോക്കി നിൽക്കെ വത്സലേച്ചി അവളുടെ ആ വലിയ പ്രശ്നത്തെ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്ത് കൊടുത്തു.
“നീയതിനാണാനോ കരഞ്ഞു കണ്ണും വീർപ്പിച്ചു ഇരുന്നേ?”വത്സലേച്ചി പൊട്ടി ചിരിച്ചു.”എടി പെണ്ണേ നീയെന്തൊക്കെ അനുഭവിച്ചു വന്നവളാ. ഇതൊക്കെ നിസ്സാര കാര്യല്ലേ? “
മാലിനി അവരെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു. “ചേച്ചി നിങ്ങളെന്റെ ദൈവാ .”
“പോടീ. പോയി കൊച്ചിനെ നോക്ക്.” അവർ നിറഞ്ഞു വന്ന കണ്ണുകൾ പൊത്തി പിടിച്ചു.

 

Join WhatsApp News
Hafsath 2024-02-17 14:44:28
നല്ല കഥ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക