Image

ഉപരാന്തം ( കഥ: വിന്ദു . ബി )

Published on 18 February, 2024
ഉപരാന്തം ( കഥ: വിന്ദു . ബി )
അപ്പു പുറത്തേയ്ക്ക് നോക്കിയിരുന്നു. കാറോടുന്ന വഴിക്കിരുവശവും എത്രയോ വട്ടം കണ്ടു മടുത്ത കാഴ്ചകകള്‍. അവയെല്ലാം ഇപ്പോള്‍ അത്രമേല്‍ പ്രിയപ്പെട്ടതായിരുക്കുന്നു.
അവനൊന്നു പുറത്തിറങ്ങിയിട്ടു മാസങ്ങളായിരുന്നു. രണ്ടു വര്‍ഷമായി സ്കൂള്‍ ഇല്ല, ഫുട്ബോള്‍കോച്ചിങ് ഇല്ല. പ്ലേ ഗ്രൌണ്ട് ഇല്ല. അവന്‍ സെര്‍ബിയെ ചേര്‍ത്ത് പിടിച്ചു.
സെര്‍ബി കാഴ്ച്കളൊന്നും കാണുന്നില്ല, അപ്പുവിന്റെ മുഖത്തേക്കാണ് നോക്കിയിരിക്കുന്നത്.
മുന്‍ സീറ്റിലിരുന്നു സോഫി പ്രദീപിന്റെ മുഖം ശ്രദ്ധിച്ചു. ഇപ്പോള്‍ കാര്‍ തങ്ങളുടെ പഠിച്ച കോളേജിന് മുന്നിലൂടെയാണ് നീങ്ങുന്നത്. അങ്ങിങ്ങ് നര വീണ താടിയും കറുപ്പിലാണ്ട കണ്ണുകളും അയാളെ കൂടുതല്‍ ക്ഷീണിതനാക്കി.
ഉം? അയാള്‍ ഡ്രൈവിങ്ങിനിടയില്‍ അവളെ നോക്കി .
ഒന്നുമില്ല എന്നവള്‍ കണ്ണടച്ചു.
 
പാതിയിരുളില്‍ കലാലയം മൌനം പൂണ്ടു അവരെ തന്നെ നോക്കി നിന്നു.
 
ഏത് ഇടനാഴിയില്‍ വെച്ചാണ്  നമ്മള്‍ ഒരിക്കല്‍ ഇവന്‍ ജനിക്കുമ്പോള്‍  അപ്പു എന്നു പേരിടണം എന്നു തീരുമാനിച്ചത്.
ഓര്‍മ്മയില്ല. എങ്കിലും അന്ന് കെമിസ്ട്രി ലാബിന്റെ വശത്തെ വാക നിറഞ്ഞു പൂത്തു നിന്നിരുന്നു. അവളോര്‍ത്തു.
 
“യൂ ഗൈസ് ലാക് ഇമാജിനേഷന്‍.” അപ്പുവിനെപ്പൊഴും പരാതിയാണ്. വീട്ടില്‍ അപ്പു. സ്കൂളിലും അത് തന്നെ.
അവന്റെ എല്ലാ കൂട്ടുക്കാര്‍ക്കും സ്കൂളില്‍ ഒരു അടിപൊളി പേരും വീട്ടില്‍ ഒരു പുന്നാരപ്പേരും ഉണ്ടായിരുന്നു. ഏറ്റവും കലി വരുന്നത് യദു “നീ അപ്പുവല്ലടാ അപ്പിയാണ് അപ്പി” എന്നു പറയുമ്പോഴാണ്. അതിനു അവനെത്ര ഇടി കൊണ്ടിരിക്കുന്നു.
6 ബിയുടെ സൈഡിലുള്ള ഗോവണിയുടെ താഴെയാണ് ഇടികൂടാനുള്ള ഗോദ സെറ്റ് ചെയ്തിരിക്കുന്നത്. സംഘം ചേര്‍ന്നും ഒറ്റയ്ക്കൊറ്റയ്ക്കും ഇടി  മിക്കവാറും ദിവസങ്ങളില്‍ ഉണ്ടാവും. അപ്പു എല്ലാമോര്‍ത്ത് ചെറുതായി ചിരിച്ചു.
എവിടെ അവന്മാരെല്ലാം! ഓണ്‍ലൈന്‍ ക്ലാസ് അറ്റെന്‍ഡ് ചെയ്തിട്ടും ദിവസങ്ങള്‍ ആയി.  ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇപ്പോ അച്ചേടെ ഫോണില്‍ മാത്രമേ ഉള്ളൂ.  മമ്മ ടീച്ചര്‍മാരോടു എന്തോ ഒഴിവുകഴിവ് പറഞ്ഞിട്ടുണ്ട്. “Everything will be fine in a few days.”  എന്നാണ് അച്ച അവനെ ആശ്വസിപ്പിച്ചിട്ടുള്ളത്.
 
അച്ച പറഞ്ഞാല്‍ പിന്നെ മാറ്റമുണ്ടാവാറില്ല. ലോക്ക്ഡൌണും വീട്ടിലിരുപ്പും ഒക്കെ തുടങ്ങി കുറച്ചായപ്പോള്‍ തന്നെ ഒരു നായ്കുട്ടിയെ വേണം എന്നു അപ്പു പറഞ്ഞതാണ്. വിവിധ വെബ്സൈറ്റുകളില്‍ മുന്തിയ ഇനം നായ്ക്കുട്ടികളെ അവനും അച്ചയും കൂടി തിരഞ്ഞു. അപ്പോ എതിര് നിന്നത് മമ്മയാണ്. പിന്നെ എന്തൊക്കെയോ നടന്നു.
 
ഓരോരോ സാധനങ്ങള്‍ വീട്ടില്‍ നിന്നും അപ്പുവിനു ഒരു പരിചയവുമില്ലാത്തവര്‍ വന്നു കൊണ്ടുപോയി.
അച്ച തല താഴ്ത്തി നില്‍ക്കുന്നത് അപ്പു ആദ്യമായി കണ്ടു.
ഊണും ഉറക്കവും ഇല്ലാതെ മമ്മയും അച്ചയും നെഞ്ചു നീറി ഇരിക്കുന്നത് അവന്‍ പലവട്ടം ശ്രദ്ധിച്ചു.
 
റോഡ് സൈഡില്‍ ഉള്ള പാര്‍ക്കിലേക്ക് അപ്പു നോക്കി. ആരുമില്ല. ഇരുട്ട് മാത്രം. ഒന്നവിടെ പോയി ഇരിക്കാന്‍ അപ്പുവിന് തോന്നി. സെര്‍ബി ഇതൊന്നും കണ്ടിട്ടില്ല.
 
അപ്പൂന് ഈ പാര്‍ക്കൊന്നും വലിയ കാര്യമായി ഇതുവരെ തോന്നിയിട്ടേ ഇല്ലായിരുന്നു. ഈ കുഞ്ഞ് പ്രായത്തില്‍ തന്നെ അവന്‍ ഒരുപാട് രാജ്യങ്ങളില്‍ പോയി വന്നിരുന്നു. My parents are the best അവനോര്‍ത്തു. ഒരോ വെക്കേഷനും പുതിയ ഇടങ്ങള്‍ കണ്ടെത്തി അവിടെ കൊണ്ടുപോയി അവര്‍ അവനെ വിസ്മയിപ്പിച്ചിരുന്നു. സ്കൂള്‍ തുറക്കുമ്പോള്‍ അവന്റെ “ My vacation “ essay എപ്പോഴും ഒന്നാം സമ്മാനം നേടി.
 
സ്കൂള്‍ മുടങ്ങിയതില്‍ പിന്നെ യദുവും രോഹനും വികാസുമായി അവന്‍ വീഡിയോ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. രണ്ടുപേര്‍ ലാബ്രഡോര്‍ നായ്ക്കുട്ടികളെയും ഒരാള്‍ പേര്‍ഷ്യന്‍ പൂച്ചകുഞ്ഞിനെയും വാങ്ങിയിരുന്നു. അന്ന് അതുകണ്ട് അപ്പു വിഷമത്തോടെ അച്ചയുടെ അടുത്തെത്തി. അച്ച അവനെ ചേര്‍ത്തിരുത്തി. “അപ്പു ഇപ്പോ അച്ചക്ക് അഫോര്‍ഡ് ചെയ്യാന് പറ്റില്ല. ബട്ട് യൂ നോ വി വില്‍ ബൌണ്‍സ് ബാക്ക്. അപ്പോ ഫസ്റ്റ് തിങ് വില്‍ ബി യുവര്‍ പപ്പി.” 
 
“ലാബ് വേണ്ടട്ടോ അച്ച. എനിക്കു ഗ്രേറ്റ് ഡെയിന്‍ പപ്പ് മതി.” അവന് ഞാന്‍ സര്‍ബറസ് എന്ന സ്റ്റൈലന്‍ പേരിടും. സെര്‍ബി എന്നു ഓമനിച്ചു വിളിക്കും.” തന്നെപ്പോലെ പേരിന്റെ ദുര്യോഗം ഒന്നും തന്റെ നായ്ക്കുട്ടിയ്ക്ക് വരരുത് എന്നു അപ്പൂന് നിര്‍ബന്ധമായിരുന്നു.
 
“ഓഹോ  “നരകത്തിന്റെ മൂന്നുതലയുള്ള കാവല്‍നായ സര്‍ബറസ് ആണോ...”. അപ്പൂനറിയോ നരകത്തിലെ പ്രേതങ്ങള്‍ പുറത്തു പോകാതെ നോക്കുന്നത് സര്‍ബറസ് ആണ്.”
വളരെ നാള്‍ കൂടി അച്ച ചിരിക്കുന്നത് അപ്പു സന്തോഷത്തോടെ നോക്കി നിന്നു.
 
പക്ഷേ പിറ്റേ ദിവസം കൃത്യമായി അവന്റെ മുന്പില്‍ ചളി നിറത്തില്‍ ഒരാള്‍ എത്തിചേര്‍ന്നു. മെലിഞ്ഞുണങ്ങിയ രൂപം. ആരുടെയോ ചവിട്ട് കൊണ്ടത് പോലെ നടക്കുമ്പോള്‍ ഒരു ആന്തല്‍. മുറ്റത്തു ഒറ്റയ്ക്ക് കളിച്ചു കൊണ്ടിരുന്ന അപ്പുവിനെ ഗേറ്റിനെന്റെ വിടവിലൂടെ രണ്ടു കുഞ്ഞികണ്ണുകള്‍ നോക്കി. 
എന്‍റെ സെര്‍ബി....... ഗ്രേറ്റ് ഡെയന്‍ നായകുട്ടിയെ ഒക്കെ അപ്പു ഞൊടിയില്‍ മറന്നു. കടുത്ത നായ് വിരോധിയായ മമ്മക്കു പോലും അവനെ വല്ലാതെ ഇഷ്ടമായി. “പാവം” മമ്മ അവനെ നോക്കി പറഞ്ഞു.
 
അപ്പു രോഹനെ ഫോണ്‍ ചെയ്തു നോക്കി. ബിസി എന്ന മെസേജ് വന്നു. ഈയിടെ ആയി അപ്പു വിളിച്ചാല്‍ ആരും എടുക്കാറില്ല.  സെര്‍ബി വന്ന കാര്യം അവന്‍ സന്തോഷത്തോടെ മെസേജ് ചെയ്തു.  “സ്ട്രേ ഡോഗ് ?” മറുപടി ഉടനെ വന്നു. വികാസ് ഒരുപടി കൂടി മുന്നോട്ടുപോയി “ഇറ്റ് മസ്റ്റ് ബി എ മംഗ്രല്‍.   ലൈക് യൂ.” “ഡെയ്..  മംഗ്രലിന് സര്‍ബറസ് എന്നൊന്നും പേരിടല്ലെ. നിന്റെ പോലത്തെ വല്ല അവിഞ്ഞ പേരും മതി.” യദുവിന്റെ റിപ്ലൈ കൂടെ വന്നപ്പോള്‍ അപ്പു പാടെ തകര്‍ന്നു പോയി.
 
മമ്മയെ കെട്ടിപ്പിടിച്ചു അവന്‍ പൊട്ടികരഞ്ഞു. “സാരമില്ല അപ്പു  നമ്മുടെ കാര്യം ഇപ്പോ എല്ലാരും അറിഞ്ഞിട്ടുണ്ട്. അതാണ്.” സോഫി അപ്പൂന്‍റെ മുടിയിഴകളില്‍ തലോടി.  “ദേ കോള്‍ഡ് മീ മംഗ്രല്‍.”
 
അപ്പൂന്റെ കണ്ണുകള്‍ തുളുമ്പി. സോഫി അവന്റെ നെറുകയില്‍ ഉമ്മ വെച്ചു. ഒരിക്കല്‍ സുലഭമായിരുന്ന പണം അവരെ പെട്ടന്നു കൈ വിട്ടു കഴിഞ്ഞിരുന്നു. ഇനിയിപ്പോള്‍ പ്രദീപ് സോമന്‍റെയും സോഫി അലെക്സിന്റെയും കുഞ്ഞിന്‍റെ കുലമഹിമയും വര്‍ഗശുദ്ധിയുമൊക്കെ ചോദ്യം ചെയ്യപ്പെടുമെന്ന് അവള്‍ക്കറിയാമായിരുന്നു.
 
പഴയ കാവല്‍ക്കാരന്‍ രാംദീന്‍ മാത്രം എല്ലാമറിഞ്ഞിട്ടും ചില ദിവസങ്ങളില്‍ വന്നു വീടും പരിസരവും സ്വിമ്മിംഗ് പ്പൂളും വൃത്തിയാക്കി ഇട്ടിട്ടു പോയി. “പാഗല്‍ ഹോ” കൂലി ഒന്നും കിട്ടാത്ത ജോലിക്കു വേണ്ടി മണികൂറുകള്‍ കളയുന്നത് കണ്ടു അയാളുടെ ഭാര്യ അയാളെ പ്രാകി. എന്നിട്ടും എന്നും അയാള്‍ അവര്ക്കു വേണ്ടി ഹനുമാന്‍ജിയോട് മുടങ്ങാതെ പ്രാര്‍ത്ഥിച്ചു.
 
നാളെ ജൂണ്‍ 1 അപ്പൂന്റെ പിറന്നാളാണ്. പ്രദീപ് ഓര്‍ത്തു. എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കലിനൊപ്പം ഗംഭീരമാകുന്ന ചടങ്ങ്. കഴിഞ്ഞ രണ്ടു വര്ഷം മുടങ്ങിപ്പോയത് കൊണ്ട് ഈ കൊല്ലം ആര്‍ഭാടമാക്കണം എന്നു തീരുമാനിച്ചിരുന്നതാണ്.പക്ഷേ സ്കൂള്‍ തുറക്കുമ്പോള്‍ കൊണ്ട് പോകാനുള്ള പുസ്തകങ്ങള്‍ പോലും വാങ്ങിയിട്ടില്ല. അവന്‍ ഒന്നും ചോദിച്ചിട്ടുമില്ല.  
 
“ഇന്ന് നമുക്കു പുറത്തു നിന്നും കഴിക്കാട്ടോ അപ്പൂ .” അയാള്‍ പറഞ്ഞു. അപ്പുവിന്റെ കണ്ണുകള്‍ വിടര്‍ന്നു. റോഡിന്റെ ഇടത്തു വശത്തായി ദൂരെ കായലോളങ്ങള്‍ വെട്ടിത്തിളങ്ങി. “നമ്മുടെ പ്രോബ്ലംസ് ഒക്കെ ഓ കെ ആയോ അച്ചാ” അവന്‍ ചോദിച്ചു. “ഓള്‍മോസ്റ്റ്” പ്രദീപ് പറഞ്ഞു.  ദീപു.....  സോഫി കണ്ണുകള്‍ കൊണ്ട് പതുക്കെ അയാളെ തൊട്ടു.
“അച്ചാ എന്നാല്‍ സെര്‍ബിക്കും കൂടെ ഒരു ട്രീറ്റ് വാങ്ങാമോ?" അപ്പു ചോദിച്ചു “ഷുവര്‍ അതിനെന്താ?” സോഫി പറഞ്ഞു.
 
അപ്പു ചിരിക്കുന്നത് റിയര്‍ വ്യൂ മിററിലൂടെ പ്രദീപ് കണ്ടു. എത്ര വലുതായിരിക്കുന്നു അവന്‍. അയാളോര്‍ത്തു. ഈ നായ്ക്കുട്ടി കൂടെയിലാതെ ഇപ്പോ അവനെ കാണാറെ ഇല്ല. തലേന്ന് വൈകീട്ട് സെര്‍ബിയെ ചേര്‍ത്ത് പിടിച്ചു തന്റെ മുറിയില്‍ വെറും നിലത്തു എന്തോ ആലോചിച്ചു കിടക്കുന്ന അപ്പുവിനെ കണ്ടപ്പോള്‍ അയാളുടെ ഉള്ളൂ നീറിപ്പോയിരുന്നു.
 
നാളെ മുതല്‍ അവനീ കാറോ സ്വര്‍ഗം എന്നു പേരുള്ള ബംഗ്ലാവോ ഇല്ല. അവനതറിയാതിരിക്കട്ടെ. അയാളുടെ ഉള്ളിലെ പരാജിതനായ പിതാവ് ആഗ്രഹിച്ചു പോയി.
അപ്പുവിന് മടുപ്പ് തോന്നി തുടങ്ങിയിരുന്നു. “വേഗം വീട്ടില്‍ല്‍ പോകാം അച്ചാ” അവന്‍ പറഞ്ഞു. “ഓകെ ഡിയര്‍” പ്രദീപ് പറഞ്ഞു.
 
അവര്‍ അപ്പുവിനു ഏറ്റവും പ്രിയപ്പെട്ട തായ് റെസ്റ്റോറന്‍റില്‍ നിന്നും ആഹാരം വാങ്ങി. ഐസ്ക്രീം ഔട്ട്ലെട്ടില്‍ നിന്നും ഉഗ്രനോര് ഫാമിലി പായ്ക്കും പിന്നെ കെന്നല്‍ ബെയില്‍ നിന്നും സെര്‍ബിയ്ക്കൊരു ചിക്കന്‍ ട്രീറ്റും.
 
പിറ്റെന്നുച്ചയായി പോലീസെത്തിയപ്പോള്‍. “നിങ്ങള്‍ എങ്ങനെ അറിഞ്ഞു?” ആദ്യത്തെ ചോദ്യം പരിഭ്രമിച്ചു നില്‍ക്കുന്ന അയല്‍വാസിയോടയിരുന്നു.  “ദേ അവരുടെ പഴയ കാവല്‍ക്കാരനാ വന്നു പറഞ്ഞത്.”
 
രാംദീന്‍ അപ്പുവിന്റെ പിറന്നാളിന് കൊണ്ടുവന്ന സമ്മാനപൊതിയുമായി അടുക്കളവശത്ത് തലകുമ്പിട്ടിരുന്നിരുന്നു. അതിന്റെ വിലകുറഞ്ഞ മിനുക്കുകടലാസ് വെയിലത്ത് തീ പോലെ തിളങ്ങി.
 
“വാതിലൊന്നും കുറ്റിയിട്ടിട്ടിലായിരുന്നു എന്നാണവന്‍ പറയുന്നതു. ഒരുപാട് വിളിച്ചിട്ടും തുറക്കാഞ്ഞപ്പോള്‍ കയറി നോക്കിയത്രേ.” “ബംഗാളിയാണല്ലേ. കുറിപ്പൊന്നും കിട്ടിയിട്ടില്ലല്ലോ. ഒന്നു കൊണ്ടുപോയി ചോദ്യം ചെയ്യേണ്ടി വരും.” പോലീസുദ്യോഗസ്ഥര്‍ പരസ്പരം ആലോചിച്ചുറപ്പിച്ചു.
 
രാംദീനെ പോലീസ് ജീപ്പിലും കുറച്ചു കഴിഞ്ഞു അപ്പുവിനെയും അച്ചയെയും മമ്മയെയും ആംബുലന്‍സിലും കൊണ്ട് പോയി.
 
ഒഴിഞ്ഞബംഗ്ലാവില്‍ നിന്നും സര്‍ബറസിന്‍റെ നിലവിളി മുഴങ്ങിയപ്പോള്‍ മുതല്‍ അവനെ തിരഞ്ഞു പിടിച്ച് കളയാന്‍ ആളുകളെത്തി. ദിവസങ്ങള്‍ തിരഞ്ഞിട്ടും അവന്റെ ശബ്ദമൊഴികെ മറ്റൊന്നും കിട്ടുന്നില്ലന്നറിഞ്ഞു  അവര്‍ ഭയം പുറത്തു കാണിക്കാതെ പിരിഞ്ഞു പോയി.
കാലം മരിക്കുവോളം പുറത്തുനിന്നുള്ള പ്രേതങ്ങളെ ആ സ്വര്‍ഗത്തിലേക്ക് കയറ്റാതെ അവന് തടഞ്ഞു നിര്‍ത്തേണ്ടതുണ്ടായിരുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക