Image

മാറ്റുവിൻ ചട്ടങ്ങളെ-നൂറെത്തുമ്പോഴും പല്ലനയിൽ നിന്നുയരുന്നു ആർത്തനാദം  (കുര്യൻ പാമ്പാടി)

Published on 19 February, 2024
മാറ്റുവിൻ ചട്ടങ്ങളെ-നൂറെത്തുമ്പോഴും പല്ലനയിൽ നിന്നുയരുന്നു ആർത്തനാദം  (കുര്യൻ പാമ്പാടി)

നൂറുവർഷം മുമ്പ് പല്ലനയാറ്റിൽ ജലസമാധിയടഞ്ഞ മഹാകവി കുമാരനാശാന്റെ സ്മൃതി കുടീരത്തിൽ നിന്ന് "മാറ്റുവിൻ ചട്ടങ്ങളെ," എന്ന സംഗീത തരംഗം വീണ്ടും വീണ്ടും മുഴങ്ങുന്നത്‌ കേട്ട് അർദ്ധമുകുളിതയായി നിന്ന അർച്ചനയോടു ഞാൻ ചോദിച്ചു: "എന്തെങ്കിലും മാറ്റം  വന്നിട്ടുണ്ടോ?"

അർച്ചന (നടുവിൽ) നോട്ടിംഗ്ഹാമിൽ നിന്നുള്ള നന്ദനക്കും സംഘത്തിനുമൊപ്പം

ആലപ്പുഴ ജില്ലയിൽ  തോട്ടപ്പള്ളിക്കടുത്ത് കായംകുളം കായലിനും കടലിനും നടുവിലുള്ള  തൃക്കുന്നപ്പുഴ പഞ്ചായത്തിലെ  പല്ലന സൗത്ത് വാർഡിലെ മെമ്പറാണ് അർച്ചന ദിലിപ് എന്ന സിപിഐക്കാരി. കൃത്യം നൂറു വർഷം മുമ്പ്, 1924 ജനുവരി 16നു,  കാറ്റും കോളും മഴയും നിറഞ്ഞ ഭീകരപ്പുലരിയിയിൽ റെഡീമർ ബോട്ടു മുങ്ങി മരിച്ച 24  പേരിൽ ഒരാളായിരുന്നു കുമാരനാശാൻ. തിരുവിതാംകൂർ കണ്ട ഏറ്റവും വലിയ ബോട്ടപകടം.

'എന്ത് മാറ്റം? നാടും ജനവും ഒന്നിനൊന്നു പിന്നോക്കം പൊയ് ക്കൊണ്ടിരിക്കുന്നു,' അർച്ചന തുറന്നടിച്ചു.

നളിനിയെയും ലീലയെയും വാസവദത്തയെയും സാവിത്രിയേയും മാതംഗിയെയും അവതരിപ്പിച്ചുകൊണ്ടു മലയാള കവിതയിൽ പ്രണയ വർണങ്ങളുടെ കാല്പനിക വസന്തവും സ്ത്രീ വിമോചനവും  വിളംബരം ചെയ്തയാളാണ് ആശാൻ.

അർച്ചനയുടെ മകൾ അഞ്ജനയും സഹപാഠികളും ടാഷ്കെന്റിൽ; അഞ്ജന, ദിലീപ്, അഞ്ജലി, ആദർശ് 

'എന്നിട്ടോ ഇനിയും ഇവിടത്തെ സ്ത്രീകൾ അടിച്ചമർത്തപ്പെട്ട കഴിയുന്നു. കേരളം ഭരിക്കാൻ കരുത്തുള്ള ഒരു സ്ത്രീയും  മലയാളക്കരയിൽ ഇല്ലെന്നാണ് ഇപ്പോഴത്തെ കണ്ടുപിടിത്തം!" അർച്ചനയുടെ വാക്കുകൾ ആശാൻ രചിച്ച 'പ്രരോദനം' പോലെ വിലപിക്കുകയല്ല 'മണിമാല'യിലെ സിംഹനാദംപോലെ പ്രകമ്പനം കൊള്ളുകയാ
ണ്.

അർച്ചന തൃക്കുന്നപുഴയോട് ചേർന്ന് കിടക്കുന്ന ആറാട്ടുപുഴ പഞ്ചായത്തുകാരിയാണ്. പല്ലനയിൽ വിവാഹം കഴിച്ച് വന്നിട്ടു 24 വർഷമായി. പഞ്ചായത്തിൽ ആദ്യ ഊഴം. ഭർത്താവ് ദിലീപ് സൗദിയിൽ പോയി മടങ്ങി വന്ന ശേഷം വീടുകൾ പണിതു നൽകുന്നു. കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന കുമാരകോടിയിൽ കുടുംബശ്രീയുടെ കീഴിലൊരു പെർഫക്ട് ഐടി സെന്റർ  നടത്തുകയാണ് അർച്ചന.  പഞ്ചായത്തിൽ നിന്നു  പ്രതിമാസം കിട്ടുന്ന 9000 രൂപഅലവൻസിൽ നല്ലൊരു പങ്കു സ്വന്തം ഇരുചക്രവാഹനം ആക്ടീവക്കു പെട്രോൾ അടിച്ച്‌   ജനസേവനം നടത്താൻ വേണ്ടി വരുന്നു.

തൂലിക പടവാളാക്കിയ കവിയുടെ ഓർമ്മയ്ക്ക്

അർച്ചനയെ സ്വന്തം കാലിൽ നില്ക്കാൻ പെടാപ്പാടുപെടുന്ന സന്മനസ്സുള്ള ഒരു ലിബറേറ്റഡ് ഇടതുപക്ഷക്കാ
രിയായി കരുതേണ്ടി വരും. മൂന്നു മക്കളിൽ ആദ്യത്തെ രണ്ടുപേർ ഇരട്ടപെൺകുട്ടികൾ.  അഞ്ജലി എംകോം കഴിഞ്ഞു. അഞ്ജന  ഉക്രൈനിൽ മെഡിസിന് ചേർന്ന് മൂന്നാം വർഷമായപ്പോൾ യുദ്ധം വന്നതിനാൽ ഉസ്ബെക്കിസ്ഥാനിലേക്കു മാറി. ജൂണിൽ കോഴ്സ് പൂർത്തിയാകും. മകൻ ആദർശ് പ്ലസ് 2 കഴിഞ്ഞു തോട്ടപ്പള്ളി ഐടിഐയിൽ ഇന്റീരിയർ ഡിസൈനിംഗ് പഠിക്കുന്നു.

പതിനേഴു വർഷമായി പഞ്ചായത്തു അംഗവും ഇപ്പോൾ പ്രസിഡന്റുമായ പല്ലന നോർത്ത് വാർഡിലെ എസ്. വിനോദ് കുമാർ ആണ് ഞങ്ങളെ ആശാന്റെ സ്‌മൃതി കുടീരവും പരിസരങ്ങളും ചുറ്റിനടന്നു കാണിച്ചത്. ബോട്ടു മറിഞ്ഞു മൂന്നാം ദിവസം കണ്ടെടുത്ത ആശാന്റെ മൃതദേഹം ജന്മനാടായ കായിക്കരയിലോ അദ്ദേഹം വീട് വച്ച് താമസിച്ച  തോന്നക്കലോ കൊണ്ട് പോകാൻ ആളുകൾ എത്തിയപ്പോൾ പറ്റില്ലെന്നു ശഠിച്ച നാട്ടുകാരിൽ വിനോദിന്റെ മുത്തശ്ശനും എംഎൽഎയുമായ പാണ്ഡവത്തു ശങ്കരപ്പിള്ളയും ഉണ്ടായിരുന്നു. കേരളനിയമസഭയിലെ ആദ്യ സ്പീക്കർ ശങ്കര നാരായണൻ തമ്പി വിനോദിന്റെ വലിയച്ഛൻ (അച്ഛൻ സുഖ്ദേവിന്റെ മൂത്ത സഹോദരൻ) ആയിരുന്നു.  

പല്ലന സ്മാരക ഹാളിൽ ഇകെ സോമശേഖരൻ, വിനോദ് കുമാർ

ആശാൻ സ്മാരക ട്രസ്റ്റിന്റെ പ്രസിഡന്റും മഹാകവി ആശാൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ മാനേജരുമായ  ഇടശ്ശേരി രവി (76) രചിച്ച 'ആശാന്റെ ജീവിത കാവ്യം' എന്ന പുസ്തകത്തിന്റെ 2011ൽ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പിന്റെ പ്രതി ഞങ്ങൾക്കു--എനിക്കും സുഹൃത്ത്  റിട്ട പ്രിൻസിപ്പൽ ഇകെ സോമശേഖരനും--സമ്മാനിച്ചു.  

ആശാൻ സ്മാരക സാഹിത്യ ഗവേഷണ കേന്ദ്രം 1995ൽ പ്രസിദ്ധീകരിച്ച  'മഹാകവി കുമാരനാശാൻ ജീവിത കാവ്യവും കാവ്യ ജീവിതവും' എന്നപഠനത്തിന്റെ പ്രതി എഴുത്തുകാരൻ തോട്ടപ്പള്ളി രവീന്ദ്രനാഥും (93) കൈമാറി. ഒന്നിനൊന്നിന്‌ മികച്ച കൃതികൾ. രണ്ടിന്റെയും പുതിയ പതിപ്പുകൾ വരുന്നു.

പുസ്തകങ്ങളിൽ പറഞ്ഞ പലതും കൗതുകത്തേക്കാളേറെ ഞെട്ടിക്കുന്നതായിരുന്നു. മലയാളത്തിന്റെ മഹാകവിയെ ഉള്ളൂരും വള്ളത്തോളും കൂടെ കൊണ്ടുനടന്നപ്പോൾ ചില വിമർശകർ കൊന്നു കൊലവിളിച്ചു.  ആശാൻ മരിച്ചു 25 വർഷം  വേണ്ടിവന്നു ഒരു അനുസ്മരണ ചടങ്ങു സംഘടിപ്പിക്കാൻ. അമ്പതു വർഷം എടുത്തു ഒരു സ്മാരകം നിർമ്മിക്കാൻ. 1974 ജനുവരി 16നു മുഖ്യമന്ത്രി സി. അച്യുതമേനോനാണ്‌   സമുച്ചയം സാംസ്‌കാരിക കേരളത്തിന് സമർപ്പിച്ചത്.

 മരണക്കയതിനു മുമ്പിൽ ഇടശേരി രവി, അർച്ചന, വിനോദ്

മന്ത്രി ടി കെ ദിവാകരൻ അതിനു മുൻകൈ എടുത്തു. വിദ്യാഭ്യാസ മന്ത്രിമാരായ സി എച് മുഹമ്മദ് കോയയും ടിഎം ജേക്കബും അവരവരുടേതായ സംഭാവനകൾ നൽകി.  ആശാന്റെ സഹധർമ്മിണി ഭാനുമതിയമ്മ സ്മാരക നിധിയിലേക്ക് പതിനായിരം രൂപയും പത്തു സെന്റ്  സ്ഥലവും നൽകി. 1951ൽ അവിടെ ഉയർന്ന യുപിസ്‌കൂളിന്റെ അങ്കണത്തിലാണ് സ്മൃതി കുടീരം.

ആശാൻ അവസാന യാത്ര നടത്തിയ റെഡീമർ ബോട്ടു കുട്ടനാട്ടിലെ ചമ്പക്കുളം നടുഭാഗം പുത്തൻവേലി ജേക്കബ് തോമസിന്റെ വീട്ടിലുണ്ടെന്നറിഞ്ഞു സർക്കാർ നിയമിച്ച ആശാൻ സ്മാരക കൗൺസിൽ അധ്യക്ഷനും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ അവിടെത്തി. ഫർണിച്ചറുകൾ പണിതശേഷം  ബാക്കിയുണ്ടായിരുന്ന ബോട്ടിന്റെ അവശിഷ്ടം അദേഹം ഏറ്റുവാങ്ങി പല്ലനയിലെ സ്മൃതി മണ്ഡപത്തിനു സമീപമുള്ള സ്മാരക ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്.

പല്ലനയിൽ ചുറ്റിനടക്കുമ്പോൾ കണ്ടു തിരുവനന്തപുരത്തുനിന്നെത്തിയ ഒരു തീർത്ഥാടന സംഘത്തെ.  ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ എൻജിനീയറിങ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ് ചെയ്യുന്നു നന്ദന, മുത്തശി ചന്ദ്രിക, മഞ്ജുള, ആശ എന്നിവർ.  നന്ദനയെക്കൊണ്ട് ഞങ്ങളുടെ ചിത്രങ്ങൾ എടുപ്പിച്ചു. അർച്ചനയെ ഒപ്പം നിർത്തി അവരുടെ ചിത്രം ഞാനും പകർത്തി.  

തോട്ടപ്പള്ളി രവീന്ദ്രനാഥ്, സോമശേഖരൻ

പല്ലനയിൽ എത്തിയശേഷമാണ് എംജി യൂണിവേഴ്സിറ്റിയിൽ എനിക്കുണ്ടായിരുന്ന സുഹൃത്ത് സുഹൈൽ റഹ്‌മാൻ അകാലത്തിൽ കടന്നു പോയി എന്ന സത്യം ഞാൻ അറിയുന്നത്. എന്നെ പല്ലനയിൽ കൊണ്ടുപോയി എല്ലാം നടന്നു കാണിച്ചുതരാം എന്ന് പലതവണ പറഞ്ഞിട്ടുള്ള പല്ലന പാനൂർ സ്വദേശി.  പാർശ്വ വൽക്കരിക്കപ്പെട്ടവർക്കു ഉന്നത വിദ്യാഭ്യാസത്തിനു വഴികാട്ടിയായി കേരളമാകെ പഠനക്കളരികൾ നടത്തുന്ന സിജി എന്ന  എൻജിഒയുടെ ജീവാത്‌മാവ്.

പിതാവ് പ്രശസ്ത വാഗ്മി വയലിത്തറ മുഹമ്മദ് മൗലവിയെ ആശാൻ സ്മാരക ഹയർ സെക്കൻഡറിയിൽ ക്ഷണിച്ചുകൊണ്ടുപോയി ആദരിച്ചതിന്റെ ചിത്രം കണ്ടപ്പോൾ ഞാൻ സുഹൈലിനെ ഓർമ്മിച്ചു. പത്നി ബീനയെ വിളിച്ച് അനുശോചനം അറിയിച്ചു. മകൾ അസ്‌ന റഹ്‌മാൻ എന്റെ അയൽപക്കത്ത്  യൂണിവേഴ്‌സിറ്റിയിൽ മൈക്രോബയോളജി എംഎസിക്കുചേർന്നിട്ടുണ്ട്. പിതാവിനെ ക്കുറിച്ച് ആരാധകർ തയ്യാറാക്കിയ സുഹൈലോർമ്മകൾ എന്ന 110 പേജുള്ള സ്മരണാഞ്ജലിയുടെ ഡിജിറ്റൽ കോപ്പി അസ്‌ന എനിക്ക് അയച്ചുതന്നു. ഉജ്വലം!
 
പഞ്ചായത്തു പ്രസിഡന്റുമാരുടെ  ഒരു സംഘവുമായി ആൻഡമാൻസിൽ ഒരാഴ്‍ചത്തെ സന്ദർശനം കഴിഞ്ഞു എത്തിയതേയുള്ളു വിനോദ്. എന്നിട്ടും ഞങ്ങളെ സ്വീകരിക്കാൻ ഉത്സാഹിച്ചെത്തി. ചായയും ദോശയും വാങ്ങിതന്നുകൊണ്ടായിരുന്നു തുടക്കം.  മടങ്ങുന്നേരം ദേശിയ പാതയിലെ  കല്പകവാടി എന്ന ചരിത്ര പ്രസിദ്ധമായ റെസ്റോറന്റിൽ നിന്ന്  ചെമ്മീൻ ഫ്രൈ കൂട്ടി ഊണു കഴിച്ചു.  

മഹാകവി സ്മാരക എച്എസ്എസിൽ വയലിത്തറ  മൗലവിക്ക് ആദരം; താഴെ അന്തരിച്ച മകൻ സുഹൈൽ

ടിവി തോമസിന്റെയും ഗൗരിഅമ്മടെയും ജീവിതത്തെ അടിസ്ഥാനമാക്കി ചെറിയാൻ കല്പകവാടി കഥയെഴുതി മോഹൻലാലും ഉർവശിയും മുരളിയും  ഗീതയും അഭിനയിച്ച ലാൽ സലാം (1990) കേരളമാകെ കണ്ടു കോരിത്തരിച്ച ഒരു ചിത്രം ആയിരുന്നു.  

കുമാരനാശാനെക്കുറിച്ച് ഏറ്റവുമധികം  പാടിയിട്ടുള്ള  കവി മറ്റാരുമല്ല വയലാർ തന്നെ. അദ്ദേഹത്തിന്റെ "പല്ലനയാറ്റിൻ തീരത്തിൽ/ പദ്‌മ പരാഗകുടീരത്തിൽ/ വിളക്കുവയ്ക്കും യുഗകന്യകയൊരു/ വിപ്ലവഗാനം കേട്ടു/ മാറ്റുവിൻ ചട്ടങ്ങളെ മാറ്റുവിൻ ചട്ടങ്ങളെ/ മാറ്റുവിൻ, മാറ്റുവിൻ, മാറ്റുവിൻ,' (ചിത്രം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി), 'വീണ പൂവേ  വീണപൂവേ കുമാരനാശാന്റെ വീണ പൂവേ,' (ചിത്രം ജീവിക്കാൻ മറന്നുപോയ സ്ത്രീ).

റെഡീമറിൽ സ്രാങ്ക് ആയിരുന്ന ഫിലിപ്പ്, മക്കൾ, ഇളയമകൻ ജെയിംസ്, മേഴ്‌സി

പല്ലനക്കു പോകാൻ കോട്ടയത്തുനിന്ന് രാവിലെ ആറേമുക്കാലിനുള്ള ആലപ്പുഴ ബോട്ടിൽ സഞ്ചരിച്ച ഞങ്ങൾക്ക് ബോട്ടിൽ വച്ച് തന്നെ റെഡീമർ ദുരന്തവുമായി  ബന്ധപ്പെട്ട  പലകാര്യങ്ങളും വീണു കിട്ടി. കുമരകംകാരായ ബോട്ട് മാസ്റ്റർ സലി ദാമോദരനും കുമരകം ടാജ് ഹോട്ടലിൽ ഹൗസ് കീപ്പറായ  എസ്എസ് സാബുവും പറഞ്ഞു,  തങ്ങളുടെ അയൽ വക്കത്ത്  റെഡീമറിന്റെ അവസാനയാത്രയിൽ ഉണ്ടായിരുന്ന പാപ്പച്ചനെ പറ്റി.  

റെഡീമർ (രക്ഷകൻ എന്നർത്ഥം) ബോട്ട്  രാത്രി പത്തുമണിക്കാണ് കൊല്ലത്തുനിന്നും പുറപ്പെട്ടത്. തിരുവന്തപുരത്തു മുറജപം എന്ന നീണ്ട ആരാധനച്ചടങ്ങിൽപങ്കെടുത്തു മടങ്ങിയ ബ്രാഹ്മണരും നമ്പൂതിരിമാരും അവരുടെ ഭാര്യമാരും മക്കളും അവരുടെ ഭാണ്ഡക്കെട്ടുകളും കൊണ്ട് ആ ഡബിൾ ഡെക്കർ ബോട്ടു നിറഞ്ഞു കവിഞ്ഞിരുന്നു. 95 പേരുടെ സ്ഥാനത്തു 150  യാത്രക്കാർ. വെളുപ്പിന് കാറ്റുംകോളുംകൊണ്ട് ഉലഞ്ഞു പല്ലനയാറ്റിലെ കൊടും വളവിൽ  കാടും പടലും പിടിച്ച മുനമ്പിൽ ഇടിച്ച് മറിയുകയായിരുന്നു.

കോട്ടയത്ത് മടങ്ങിയെത്തി പിറ്റേന്നു തന്നെ  ഞങ്ങൾ കുമരകത്ത് പാപ്പച്ചൻ എന്ന ഉലഹന്നാൻ ഫിലിപ്പിന്റെ വീട് അന്വേഷിച്ചിറങ്ങി. കുമരകം  ജെട്ടിയിൽ നിന്ന് ഒരു കി മീ അകലെ ചൂളഭാഗത്തു  ഇളയമകൻ മണയത്ര  ജെയിംസിന്റെയും മേഴ്സിയുടെയും വീടു കണ്ടെത്തി. പിതാവ് പാപ്പച്ചന്റെയും അമ്മ മറിയാമ്മയുടെയുംചിത്രം ഭിത്തിയിൽ തൂക്കിയിട്ടുണ്ട്.

ചമ്പക്കുളത്തു റെഡീമർ അവശിഷ്ടം ഏറ്റുവാങ്ങുന്ന രാജീവ്; ആശാന്റെ ഭാര്യ ഭാനുമതി, മക്കൾ ലളിത, ലീല  

റെഡീമറിൽ സ്രാങ്ക് ആയിരുന്നു അച്ചായൻ എന്നാണ് ആണ്മക്കളുടെ സാക്ഷ്യം. അദ്ദേഹം അങ്ങിനെ പറഞ്ഞിട്ടുമുണ്ട്.  ബോട്ട് മുങ്ങിയപ്പോൾ തെറിച്ചു വെള്ളത്തിൽ വീണ പാപ്പച്ചൻ നീന്തിത്തുടിച്ചു കരക്ക്‌ കയറി പ്രാണരക്ഷാർത്ഥം  ഓടുകയായിരുന്നു. വളരെക്കാലം  ആ യാത്രയെപ്പറ്റി ആരോടും ഉരിയാടില്ലായിരുന്നു. ഒടുവിൽ മക്കളോട് അതെല്ലാം വിവരിച്ചു. മേലാൽ ബോട്ടിലെ പണിക്കില്ലെന്നു തീരുമാനിച്ച്‌ കറവപ്പശുക്കളെ പോറ്റിയും കരിമീൻ പിടിക്കാനുള്ള  കച്ചവല നെയ്തും ജീവിച്ചു. 1991 ഓഗസ്റ് 11 നു മരിക്കുമ്പോൾ പ്രായം  92.  

മൂന്ന് ആൺമക്കൾ. മൂത്തയാൾ  ജോൺ (91) യുഎസിൽ അറ്റ്ലാന്റയിലാണ് കൃഷി വകുപ്പിൽ സേവനം ചെയ്ത മാത്യുവും (81) കാർഷിക യൂണിവേഴ്‌സിറ്റിയിൽ നിന്ന് വിരമിച്ച ജെയിംസും കുമാരകത്തുണ്ട്. ജെയിംസും  മെഴ്‌സിയും കൂടി ഐറിഷ് റിപ്പബ്ലിക്കിൽ ഡബ്ലിനിൽ നിന്ന് മൂന്ന് മണിക്കൂർ അകലെ കോർക്കിൽ ജോലി ചെയ്യുന്ന മകൻ ജെയ്‌സന്റെ അടുത്തേക്ക് മാർച്ചിൽ പോകാനിരിക്കുന്നു. രണ്ടാമൻ ജെയ്‌ബു അബുദാബി
യിലാണ്.  

 പഞ്ചായത്ത് പ്രസിഡന്റ്മാർ ആൻഡമാൻസിൽ; പിൻനിരയിൽ വിനോദ്

ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്ടിൽ വേഡ്‌സ് വർത്തിന്റെയും ഓക്സ്ഫഡിൽ ഷെല്ലിയുടെയും സ്മാരകങ്ങൾ കണ്ടു വിസ്മയം പൂണ്ട ഒരാളാണ് ഞാൻ.  അകാലത്തിൽ മരണമടഞ്ഞ സുഹൃത്ത് കീറ്റ്സിനെ ഓർമ്മിച്ചു കൊണ്ട്  ഷെല്ലി എഴുതിയ അഡോണിസ് എന്ന പ്രശസ്ത വിലാപകാവ്യം വായിച്ച്‌ പ്രചോദനം ഉൾക്കൊണ്ട കുമാരനാശാൻ സുഹൃത്ത് എആർ രാജരാജവർമ്മയുടെ മരണത്തിൽ മനസു നൊന്തു എഴുതിയതാണ് പ്രരോദനം.

എന്നിട്ടും മരണം നടന്നു നൂറ്റാണ്ടു കഴിഞ്ഞിട്ടും കുമാരനാശാനെ മനസിലേറ്റി നടക്കുന്ന മലയാള നാടിനു അദ്ദേഹം അർഹിക്കുന്ന ഒരു സ്മാരകം നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ലല്ലോ എന്നോർത്ത് നാം ലജ്ജിക്കണം.

ഒരു അന്തർദ്ദേശിയ കലാസാംസ്കാരിക കേന്ദ്രത്തിന്റെ കീഴിൽ ശാന്തിനികേതൻ പോലുള്ള മന്ദിര സമുച്ചയം, തിയേറ്റർ കോംപ്ലെക്സ്, ലോക സാഹിത്യ മ്യുസിയം, യുനെസ്‌കോയുടെ സഹായത്തോടെ ഡിജിറ്റൽ സെന്റർ, ലൈബ്രറി, ഗവേഷണ കേന്ദ്രം, വിഷ്വൽ ആര്ട്ട് സെന്റർ, ലോകനിലവാരമുള്ള ജേർണൽ എന്നിങ്ങനെ വിഭാവനം ചെയ്യുന്ന ഒരു പ്രോജക്ട്  ഗവർമെന്റ് നിർദേശപ്രകാരം ഭാഷാ ഇൻസ്റ്റിട്ടിട് ഡയറക്ടർ ഡോ.എ ആർ തമ്പാൻ തയ്യാറാക്കി സമർപ്പിച്ചിട്ടു പതിറ്റാണ്ടുകളായി.
 
കണ്ണേ മടങ്ങുക കരിഞ്ഞു മലിഞ്ഞുമാശൂ
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോൾ
എണ്ണീടുകാർക്കുമിതു താൻ ഗതി; സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്വു കിനാവു കഷ്ടം! (വീണപൂവ്‌)

Join WhatsApp News
Rifdu 2024-02-19 12:51:14
Thank you so much Mr. Kurian Pampady for mentioning my father (Suhylu Rehuman) and grandfather (Vailithara Mohammed Kunju Moulavi) in your article on 100th Anniversary of Pallana Tragedy. It means a lot to me and my family to see their contributions recognized and remembered. Rgds Rifdu Abu Dhabi
Abdul Punnayurkulam 2024-02-19 17:05:03
Regarding Mattuvin Chattangle: 2000 years ago Walmeeki wrote about women's rights. 100 years ago, Kumaranasan wrote against religion, caste, rights, etc. We are still asking same questions.,,. Some folks are asking, are we going back!!?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക