Image

സാമന്ത രാജ്യം ; ഞാൻ ( കവിത : ജിസ ജോസ് )

Published on 19 February, 2024
സാമന്ത രാജ്യം ; ഞാൻ ( കവിത : ജിസ ജോസ് )

ഞാനൊരു
സ്വയംഭരണ 
പ്രദേശമാകുന്നതിനു മുമ്പ്
വളരെക്കാലം
ദുർബ്ബലമായൊരു
സാമന്ത രാജ്യമായിരുന്നു.
അക്കാലത്തു ഞാൻ
നിരന്തരം കപ്പം
കൊടുക്കേണ്ടിയിരുന്നു ..
വൈകുമ്പോഴൊക്കെ
കുതിരപ്പുറത്തും
കാൽ നടയായും
പടയാളികളിരച്ചു
വരുമായിരുന്നു ..
പരുക്കൻ വാക്കുകളും
കൈക്കരുത്തും
ആയുധത്തിളക്കവും
താങ്ങാനാവാതെ
ഞാനെൻ്റെ നിലവറകൾ 
തുറക്കുകയും
തൂത്തുവാരിപ്പെറുക്കി
അവരുടെ ഭാണ്ഡങ്ങൾ
നിറച്ചുകൊടുക്കുകയും ചെയ്തു.

ചിലപ്പോൾ
അലങ്കരിച്ച തേരിൽ
ചക്രവർത്തി തന്നെ! 
വരണ്ട മണ്ണിലൂടെ
അയാളുടെ
തേർച്ചക്രങ്ങൾ
ശബ്ദത്തോടെയുരുളും
പാടങ്ങളിലും തോട്ടങ്ങളിലും
നീരൊഴുക്കുകളിലും
അയാളുടെ നോട്ടമെത്തും
ഇത്ര പോരല്ലോ
ഇതിലധികമുണ്ടാവണമല്ലോ
അയാൾ കണക്കു പറയുന്നു!
എൻ്റെ കലവറകളെല്ലാം
തുറന്നിട്ടു
ഞാനെൻ്റെ ദാരിദ്ര്യം
വെളിപ്പെടുത്തുന്നു.
ഭത്സനങ്ങളും
ചാട്ടവാറുമൊരുമിച്ചു
പുളയുമ്പോൾ
ഞാൻ വേദനയോടെ
പിടയും

അലിവറ്റ വാക്കുകളിലെൻ്റെ
ചക്രവർത്തി
കൂടുതൽ പണിയെടുക്കെന്നും
കൂടുതൽ
വിളവുണ്ടാക്കെന്നും
വിളഞ്ഞതൊക്കെയും
എനിക്കു മാത്രം
വിളമ്പെന്നും
ആജ്ഞാപിക്കുന്നു.
ഞാൻ തലയാട്ടുകയും
നിലത്തു വീണ്
അയാളുടെ
കാലു നക്കുകയും ചെയ്യും.

എന്നിട്ട്
പുലർകാലേ
ഉറക്കം മതിയാവാത്ത 
കണ്ണുകൾ മിഴിച്ച്,
ക്ഷീണം തീരാത്ത
ഉടൽ വലിച്ച്
പാടങ്ങളിലേക്കും
പറമ്പുകളിലേക്കുമോടി
അന്തി ചായുവോളം
നിർത്താതെ
വേല ചെയ്തു.
എന്നിട്ടും കപ്പം
കുടിശ്ശികയാവുകയും
ഞാൻ
നിരന്തരം വിചാരണ
ചെയ്യപ്പെടുകയും ചെയ്തു...

ഇതൊക്കെയും പക്ഷേ
ഞാനൊരു 
സ്വയംഭരണ പ്രദേശമാകും 
മുമ്പാണ്...
അതിനു ശേഷം
എൻ്റെ രാജ്യത്തിൻ്റെ
അതിരുകൾ
ഞാനടച്ചിട്ടു.
തോന്നുമ്പോഴുണരുകയും
തോന്നിയതുമാത്രം
കൃഷി ചെയ്യുകയും ചെയ്തു...
വിളവെടുക്കുമ്പോൾ
പറ്റേ കൊയ്യാതിരുന്നു
എൻ്റെ ദിനങ്ങൾ
സ്വസ്ഥമാകുകയും
ഞാൻ തന്നെ
ഒഴുകുന്നൊരു പുഴ
പോലെയാവുകയും ചെയ്തു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക