Image

കാക്ക പറഞ്ഞ കഥ - തൂവൽ - 7 - കുമാരി എൻ കൊട്ടാരം

Published on 21 February, 2024
കാക്ക പറഞ്ഞ കഥ - തൂവൽ - 7 -  കുമാരി എൻ കൊട്ടാരം

" ഞാൻ ഭൂട്ടാനിലേക്ക് തിരിച്ചു പോയാലോ എന്ന് ആലോചിക്കുവാ ''
കാക്ക പറഞ്ഞു.
"ഭൂട്ടാനിലേക്കോ? നിനക്കവിടെന്തു കാര്യം ?.
"എന്ത് കാര്യമെന്നോ എൻ്റെ ജന്മദേശമാണത്"
"നീ ഭൂട്ടാണിയാണോ?!!!"
"പിന്നല്ലാതെ .എൻ്റെ അമ്മ ഭൂട്ടാണി. അച്ഛൻ മലയാളി.
അവിടെ ഇവിടുത്തേപ്പോലൊന്നു
മല്ല. ജനങ്ങൾക്ക് ഞങ്ങളോട് എന്തു സ്നേഹവും ബഹുമാനവുമാണെന്നോ !
ഞങ്ങളെ പിടിക്കുകയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താൽ നല്ല ശിക്ഷ കൊടുക്കും.
അല്ലാതെ നിങ്ങൾ പറയുമ്പോലെ
ചീത്തകൾ കൊത്തിത്തിന്ന് പരിസരം വൃത്തിയാക്കുന്നവരായല്ല അവർ ഞങ്ങളെ കാണുന്നത് "
"നീ എന്തിനാ പിന്നെ കേരളത്തിലേക്ക് വന്നത്?''
"എൻ്റെ അച്ഛൻ മലയാളിയാണ്.അമ്മയാണ് ഭൂട്ടാണി. കാക സൈന്യത്തിലേക്ക് ഇവിടുന്ന് കാക്കകളെ റിക്രൂട്ട് ചെയ്തപ്പോൾ അവിടെ എത്തിയതായിരുന്നു അച്ഛൻ. അമ്മയുമായി പ്രണയത്തിലായി. 
പറഞ്ഞല്ലോ കഴിഞ്ഞ ജന്മത്തിൽ എനിക്ക്‌ കിട്ടിയ ഒരു കർമ്മ ശാപം അതാണെന്നെ അവരുടെ മകനായിത്തന്നെ ജനിപ്പിച്ചത്. ഞാൻ ഒരു പാട് രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട് .പക്ഷേ കേരളത്തിൽ വന്നപ്പോഴാ
ആരോഗ്യവാനായ സുഭഗ നായ ഞാൻ ഒറ്റക്കണ്ണനും ഒറ്റക്കാലനുമായത്.കാരണം മുജ്ജന്മപാപങ്ങൾ ഇവിടെ വച്ചാണല്ലോ സംഭവ്യമായത്."
" എന്നെ ഈ സ്ത്രീ കൊന്ന് കറി വയ്ക്കും മുമ്പ് എനിക്ക് ആ കഥ കേട്ടാൽ കൊള്ളാമെന്നുണ്ട്. "
" പറയണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷേ അതിലൊരപകടം പതിയിരിപ്പുണ്ട്."
"എന്തപകടം? ആർക്ക് ?"
"പേടിക്കേണ്ട കഥ കേൾക്കുന്ന നിങ്ങൾക്കല്ല.കഥ പറയുന്ന എനിക്ക് "
"എന്താണത്"
" നിങ്ങൾ ശ്രദ്ധിച്ചു കാണില്ല നോക്കൂ "
" നിൻ്റെ കൊഴിഞ്ഞ തൂവലുകൾ "
"അതേ. ഞാനെപ്പോൾ എന്നെ ഒരു മനുഷ്യന് വെളിപ്പെടുത്തുന്നുവോ അപ്പോൾ മുതൽ എൻ്റെ ഓരോ തൂവലുകൾ കൊഴിയാൻ തുടങ്ങും."
"നിൻ്റെ ദേഹം നിറയെ തൂവലല്ലേ കുറച്ച് പൊഴിഞ്ഞെന്നു കരുതി
ഒന്നും സംഭവിക്കാനില്ല"
"കുറച്ചല്ല. അത് ഒരു അനുസ്യൂത പ്രക്രിയയായിരിക്കും. ഈ കാകശരീരം ഒരു മാംസപിണ്ഡമായി തീരും വരെ അത് തുടരും."
അത് കേട്ട് ചെമ്പല്ലി മൂകനായി. കാക്കയുടെ മുജ്ജന്മ കഥ കേൾക്കാനുള്ള അഭിലാഷച്ചൂടിനുമേൽ  തൂവലുകൾ കൊഴിഞ്ഞു വീണു കരിഞ്ഞ പോൽ അതിൻ്റെ കണ്ണുകൾ ആർദ്രമായി.

"ഏയ് ചെമ്പല്ലീ എൻ്റെ പൊന്നു കൂട്ടുകാരാ നാമെല്ലാം
 മുൻനിശ്ചയപ്രകാരം ഒരു ചക്രത്തിനു മേൽ തിരിഞ്ഞു കൊണ്ടിരിക്കുന്ന പാവകളാണ്. തിരിയൽ നിർത്താനോ ഇറങ്ങിയോടാണോ നമുക്ക് കഴിയില്ല.
ഇപ്പോൾ ഈ ചട്ടിയിൽ ഇവർ ഒഴിച്ചു തരുന്ന ജലത്തിൻ്റെ കാരുണ്യത്തിൽ എപ്പോൾ വേണമെങ്കിലും മരിച്ചു പോകാം എന്ന നിശ്ചയത്തിനു മേൽ ജീവിക്കുക എന്നതും നിൻ്റെ നിയോഗമാണ് .അല്ലാതെ നിൻ്റെ തിരഞ്ഞെടുക്കലല്ല.
പലപ്പോഴും നല്ലത് സംഭവിക്കുമ്പോൾ അത് എൻ്റെ തിരഞ്ഞെടുക്കലിൻ്റെ ഫലമാണെന്ന് പറഞ്ഞ് അഭിമാനിക്കുകയും നല്ലതല്ലാത്തതെല്ലാം വിധിയുടെ തിരഞ്ഞെടുക്കലായി അല്ലെങ്കിൽ വിധിയാൽ ഇരയാക്കപ്പെട്ടതായി ചിന്തിക്കുകയും പറയുകയും ചെയ്യാറില്ലേ ?.
സത്യത്തിൽ നമ്മുടെ ജന്മം തന്നെ ആരുടെയോ തിരഞ്ഞെടുക്കലല്ലേ.
അതിൽ നമുക്കോ നമ്മളെ ജനിപ്പിക്കുന്നവർക്കോ ഒരു പങ്കുമില്ല. ഉണ്ടോ? "
"എനിക്കതിനുത്തരം പറയാൻ അറിയില്ല കൂട്ടുകാരാ .അത്രത്തോളം ചിന്താശക്തി എനിക്കില്ല. പക്ഷേ എനിക്കും എന്നേക്കുറിച്ച് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. "
ചെമ്പല്ലി വിനയാന്വിതനായി പറഞ്ഞു.
കാക്ക ഒരു ജ്ഞാനിയാണെന്ന് ഇതിനോടകം ചെമ്പല്ലി മനസ്സിൽ കുറിച്ചിട്ടു എന്ന് തോന്നുന്നു.

ഞാൻ പക്ഷേ അതല്ല ചിന്തിച്ചു കൊണ്ടിരുന്നത്. നോവലിസ്റ്റ് ജി.ബാലചന്ദ്രൻ്റെ ജക, മോചനം എന്നീ രണ്ടു നോവലുകൾ വായിച്ചപ്പോൾ തുടങ്ങിയ ആഗ്രഹമാണ് ഭൂട്ടാൻ സന്ദർശിക്കണമെന്നത് .
2024-ൽ അമ്മയെ ഭൂട്ടാനിൽ കൊണ്ടു പോകാം എന്ന് 2022-ൽ മൂത്ത മകൾ വാക്കു തന്നത് എന്താകുമോ എന്തോ?
അമ്മയും അച്ഛനും പാസ്പോർട്ടെടുത്തു വയ്ക്കൂ എന്ന് ഇടക്ക് പറഞ്ഞിരുന്നു.
യാത്ര ഒരു പാട് ഇഷ്ടപ്പെടുകയും എന്നാൽ ഒരിടത്തും പോകാൻ സാധിക്കുകയും ചെയ്യാത്ത ഒരാളാണ് ഞാൻ. അത് കൊണ്ട് തന്നെ ഒരു കാക്കയായിട്ടെങ്കിലും ജനിച്ചിരുന്നെങ്കിൽ എന്നെനിക്ക് തോന്നിപ്പോയി.

കാക്കയുടെ ഒരു തൂവലട്ർന്ന് ചെമ്പല്ലിയെ ഇട്ടിരുന്ന പാത്രത്തിലേക്ക് വീണു.അതിൻ്റെ പിന്നറ്റത്ത് ഒരിത്തിരി ചോര പൊടിഞ്ഞിരുന്നു.

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക