Image

വീണുടഞ്ഞ കിരണം (ചിഞ്ചു തോമസ്)

Published on 21 February, 2024
വീണുടഞ്ഞ കിരണം (ചിഞ്ചു തോമസ്)

ചിന്തകൾ അങ്ങനെ ലക്ഷ്യമില്ലാതെ കറങ്ങി നടന്ന സമയം. കിരൺ എന്നൊരു കുരുന്നിൽ തട്ടി അത് നിന്നു. ആ കുരുന്ന് കാലത്തിനു സംഭവിച്ച നഷ്ട്ടങ്ങളിൽ ഒന്നായിരുന്നു എന്നെനിക്ക് തോന്നി. കിരൺ എന്ന് പറഞ്ഞാൽ അവനെ മറന്നുപോയി എന്ന് ഞങ്ങളുടെ പള്ളിക്കാരിൽ ആരും പറയില്ല. ജീവിച്ചിരുന്ന കാലം അവൻ ചെണ്ടകൊട്ടി അറിയിക്കുംപോലെയായിരുന്നു. 

കിരണിനു അന്ന് ആറോ ഏഴോ വയസ്സ് പ്രായം ഉണ്ടാകും. അവനും ഞങ്ങളും ഒരേ പള്ളിക്കാരാണ് എന്ന് മനസ്സിലായിക്കാണുമെല്ലോ. എന്റെ അനിയനും കിരണും കൂട്ടുകാരായിരുന്നു . അവർ സൺ‌ഡേ സ്കൂളിൽ ഒരേ ക്ലാസ്സിലായിരുന്നു.  

കിരൺ മക്കളിൽ മൂന്നാമനാണ്. മൂത്തത് രണ്ടും പെണ്ണുങ്ങൾ. അവരുടെ അമ്മക്ക് നിനച്ചിരിക്കാതെ ഉണ്ടായ കുഞ്ഞായിരുന്നു  അവൻ. ചേച്ചിമാർക്ക് പൊന്നോമന അനിയൻ. ചേച്ചിമാർ അവനെ തലയിൽ വെച്ചുകൊണ്ടായിരുന്നു നടന്നിരുന്നത്. അവരെ തോണ്ടാൻ തോണ്ടിയിട്ടു ഇളിച്ചുകാണിക്കാൻ  അവൻ വാണം പോലെ സൺ‌ഡേ സ്കൂളിന് ഇടയ്ക്ക് ഓടി വന്നിരുന്നു. അവൻ പള്ളിസമയം ചുമ്മാ തെക്കുവടക്കു നോക്കി നിന്നിരുന്നില്ല. അവൻ ഓരോ പ്രാർത്ഥനകളും   കാതോലിക്ക മംഗള ഗാനവും തന്റെ സർവ്വ ശക്തിയും എടുത്ത് തൊണ്ടക്കുഴി തുറന്ന് ഇടിമുഴക്കം പോലെയുള്ള ശബ്ദം പുറത്തേക്കെടുത്തു പാടുമ്പോൾ ഞങ്ങൾ ആശ്ചര്യയത്തോടെ അവനെ നോക്കിയിരുന്നു. പള്ളിയിൽ അവന്റെ ശബ്ദം സകല താളമേളങ്ങൾക്കും  തപ്പിനും കിന്നരത്തിനും  മുകളിലായിരുന്നു. അവന്റെ പെങ്ങൾ ആ സമയം പെണ്ണുങ്ങളുടെ ഭാഗത്തുനിന്ന്  കൈ പതിയ പൊക്കി അവനെ വിളിച്ച് ‘പെതുക്കെ.. എടാ പെതുക്കെ..‘ എന്ന് ആംഗ്യം കാണിക്കും. അവൻ അത് വകവെക്കാതെ  ഉറക്കെ പാടും. അവന്റെ കഴുത്തിലുള്ള ഞരമ്പുകൾ സകലതുംതള്ളിപുറത്തേക്ക്മുഴച്ചുനിന്നിരുന്നു ആ സമയം. അവൻ ശബ്ദം അൽപ്പം കുറയ്ക്കുന്നത് പട്ടക്കാരൻ പ്രാർത്ഥനയ്ക്കിടയിൽ ഏറുകണ്ണിട്ടു നോക്കുമ്പോൾ മാത്രമാണ്.

എന്റെ അനിയനും അവനും പഠിച്ചിരുന്ന സ്കൂൾ രണ്ടായിരുന്നു. അവന്റെ വീട്ടിലേക്ക്  പോകുന്നത് ഞങ്ങളുടെ വീട് കടന്നാണ്. ഞങ്ങളുടെ വീടിന് മുന്നിൽ അവൻ വന്നിരുന്ന കാറിന് ഒരു സ്റ്റോപ്പ്‌ ഉണ്ട്. സ്കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും രഞ്ജി..രഞ്ജി.. എന്നവൻ അമറി വിളിക്കും. കാറിന്റെ  വിൻഡോയിൽ കൂടി ശരീരത്തിന്റെ പകുതി പുറത്തേക്കിട്ട് ഞങ്ങളുടെ വീട്ടിലേക്ക് നോക്കും. വൈകുന്നേരം രഞ്ജി വീട്ടിൽ ഉണ്ടാകും. അവൻ അതുകേൾക്കുമ്പോൾ പുറത്തേക്ക് ഓടിച്ചെല്ലും. പൊതുവേ രഞ്ജി ഒരു നാണക്കാരനാണ്. അവൻ ചമ്മി ചിരിക്കും. കിരൺ അവന്റെ സന്തോഷം മുഴുവനും പുറത്തുകാണിക്കുംവിധം കൈകൾ ആട്ടിക്കും. അവന്റെ കൂട്ടുകാരനെ കാറിലുള്ള ബാക്കി കൂട്ടുകാർക്ക് കാണിച്ചു കൊടുക്കും. രഞ്ജി പിന്നെ പിന്നെ കിരൺ വരുന്ന സമയമാകുമ്പോൾ പുറത്തിറങ്ങി നിൽക്കും. അവിടെയുള്ള കടക്കാരനും  കടയിൽ സാധനം വാങ്ങാൻ വരുന്ന ജനങ്ങൾക്കും കിരൺ ഒരു രസികനായി. 
‘ആരാ മോനേ ഇത്?’ രഞ്ജിയെ അറിയാവുന്നവർ ചോദിക്കും. 
‘എന്റെ പള്ളിയിലെ കൂട്ടുകാരനാണ്’, അവൻ പറയും.
ആ പതിവ് അങ്ങനെ തുടർന്നു പോന്നു.
ഒരു ദിവസം കിരണിനെ കാറിൽ കണ്ടില്ല. രഞ്ജി... എന്നുള്ള വിളി വന്നില്ല. 
പിറ്റേന്നും കണ്ടില്ല. ദിവസങ്ങൾ മൂന്ന് നാല് അഞ്ച് അങ്ങനെ കടന്നു പോയി. അവന് പനിപിടിച്ചതാകും എന്ന് കരുതി. പള്ളിയിൽ അവരുടെ കുടുംബത്തേയും അന്ന് കണ്ടില്ല.
ആരോ പറഞ്ഞു കിരണിന് അസുഖമാണ്. അവന് ബോൺ കാൻസറാണ്. ഇനി ഒന്നും ചെയ്യാനില്ല എന്ന്. കാൻസർ എന്നുള്ള രോഗത്തെപ്പറ്റി ഞാനും ഒരുപക്ഷെ ഒട്ടുമിക്ക പള്ളിക്കാരും അറിഞ്ഞത് അവനിലൂടെയാണ്.

അവൻ ഇടയ്ക്കിടയ്ക്ക് കാല് വേദന.. കൈ വേദന..എന്നൊക്കെ പറയുമായിരുന്നു. അതൊക്കെ കുഞ്ഞുങ്ങൾക്ക് സാധാരണമെല്ലേ. ആശുപത്രിയിൽ പോയിട്ടുണ്ടാകാം. എല്ലുകൾ വളരുന്ന പ്രായമെല്ലേ.. ഓടി നടക്കുന്ന പ്രായം. ഇതൊക്കെ സാധാരണ കുഞ്ഞുങ്ങൾക്ക് വരാറുള്ളതാണ്. പിന്നെ അവന്റെ വേദന അസ്സഹനീയമായി. അപ്പോഴാണ് ഓരോ ടെസ്റ്റുകൾ ചെയ്യുന്നത്. 
കിരൺ വേഗം ഈ ലോകത്തുനിന്ന് കടന്നുപോയി.  ഒരാഴ്ച്ചയിൽ എന്ന് പറയാം. 
അപ്പനെയും അമ്മയെയും ചേച്ചിമാരെയും അവിടുള്ള സകല ജനങ്ങളെയും അവൻകണ്ണീരിലാഴ്ത്തി. എന്തോ വലിയ നഷ്ട്ടം സംഭവിച്ചിരിക്കുന്നു. 
എല്ലാ ഞായറാഴ്ചയും അവന്റെ ചേച്ചിമാർ കല്ലറയ്ക്കൽ മെഴുകുതിരി കത്തിക്കും. കുഞ്ഞി പൂ വെക്കും. 

ഞാൻ ഒരു നോക്ക് കണ്ടു അവന്റെ കല്ലറ. കുഞ്ഞു കല്ലറ. 

‘എന്തിനാ നീ ഇത്രയേറെ ശബ്ദം വെച്ച് ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്? നീ പോകുവാ എന്ന് പറയാൻ ആയിരുന്നോ?‘ആരും ചോദിച്ചുപോകുന്ന ചോദ്യം ഞാനും ചോദിച്ചു.

Join WhatsApp News
Renji 2024-02-21 18:39:01
Good read.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക