Image

കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഭാഷണങ്ങൾക്കു ശേഷം, രാഹുൽ ഗാന്ധി, ഐ ഒ സി നേതാക്കളെ കണ്ടു; ഭാരത് ജോഡോ ന്യായ്‌ യാത്രയും, തെരഞ്ഞെടുപ്പും കൂടിക്കാഴ്ചയിൽ ചർച്ചയായി.

Published on 01 March, 2024
കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രഭാഷണങ്ങൾക്കു ശേഷം, രാഹുൽ ഗാന്ധി, ഐ ഒ സി നേതാക്കളെ കണ്ടു; ഭാരത് ജോഡോ ന്യായ്‌ യാത്രയും, തെരഞ്ഞെടുപ്പും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ലണ്ടൻ: കോൺഗ്രസിന്റെ മുതിർന്ന നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധി കേംബ്രിഡ്ജ് സർവകലാശാല സന്ദർശിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിയ പ്രഭാഷണങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചു. ലണ്ടനിൽ ഐഒസി നേതാക്കളുമായി ഹൃസ്യമായ കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിക്കു മടങ്ങിയ  രാഹുൽ അവിടെ  തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് സുപ്രധാന മീറ്റിങ്ങുകളിൽ പങ്കെടുക്കും. തുടർന്ന് മാർച്ച്‌ 2 ന് ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കും.  
 
ലോകത്തിലെ തന്നെ പുരാതന സർവകലാശാലകളിൽ ഒന്നായ കേംബ്രിഡ്ജിലെ പൂർവ വിദ്യാർത്ഥി കൂടിയായ രാഹുൽ ഇതിന് മുൻപും അവിടെ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രഭാഷണ ശൈലിയും, വിജ്ഞാനവും, ഗാന്ധിയൻ നിലപാടുകളും, ദർശനമൂല്യങ്ങളും അടിസ്ഥാനമാക്കി അദ്ദേഹത്തെ വിവിധ വിദേശ സർവകലാശാലകളിൽ  സന്ദർശകനും വാഗ്മിയുമായി ക്ഷണിക്കാറുണ്ട് .
 
കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ട്രിനിറ്റി കോളേജിലെ വിദ്യാർത്ഥിയായിരുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും ഡെവലപ്‌മെൻ്റ് സ്റ്റഡീസിൽ എംഫിൽ കരസ്ഥമാക്കിയിരുന്നു. കേംബ്രിഡ്ജ്  ബിസിനസ് സ്‌കൂളിലെ വിസിറ്റിംഗ് ഫെലോ ആയ രാഹുൽ കഴിഞ്ഞ വർഷം മാർച്ചിൽ 'Learning to Listen in the 21st Century' എന്ന വിഷയത്തിൽ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നടത്തിയിരുന്നു.
 
ഭാരതത്തിൽ വൻ തരംഗം സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന 'ഭാരത് ജോഡോ  ന്യായ് യാത്ര' യിൽ നിന്നും 5 ദിവസത്തെ ഇടവേളയെടുത്താണ്
കേംബ്രിഡ്ജ് സർവകലാശാലയിൽ രാഹുൽ ഗാന്ധി എത്തിയത്. രാഹുലിൻ്റെ പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും രാജീവിന്റെ മുത്തശ്ശനുമായ  ജവഹർലാൽ നെഹ്‌റു എന്നിവരും കേംബ്രിഡ്ജ് സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക