Image

എസ്.എഫ്.ഐക്കാരുടെ  തല്ലു കൊള്ളാതെ ഓടി വിസിയായി (സനില്‍ പി.തോമസ്)

സനില്‍ പി.തോമസ് Published on 04 March, 2024
 എസ്.എഫ്.ഐക്കാരുടെ  തല്ലു കൊള്ളാതെ ഓടി വിസിയായി  (സനില്‍ പി.തോമസ്)

കോളജ് അധ്യാപകൻ, പ്രിൻസിപ്പൽ, കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ, കാലിക്കറ്റ് സർവകലാശാലാ വി.സിയുടെ ചുമതലയും വഹിച്ചു , യു.പി. എസ്.സി യിൽ സിവിൽ സർവീസസ് പരീക്ഷയുടെ ഇൻ്റർവ്യൂ ബോർഡ് അംഗം, രാഷ്ട്രീയ നേതാവ് തുടങ്ങി ഒട്ടേറെ ഉന്നത പദവികൾ വഹിച്ച ഡോ.എം.കെ.അബ്ദുൽ ഖാദർ എന്ന ഖാദർ മാങ്ങാടിൻ്റെ ജൈത്രയാത്രയിൽ തിരഞ്ഞെടുപ്പിലും, തല്ലു കിട്ടാതിരിക്കാനുള്ള ഓട്ടത്തിലും എസ്.എഫ്.ഐയെ തോൽപിച്ച സംഭവവുമുണ്ട്.
എസ്.എഫ്.ഐക്കാർ ഉൾപ്പെട്ട സംഘത്തിൻ്റെ  ക്രൂര മർദനത്തെത്തുടർന്ന് പൂക്കോട്   വെറ്ററിനറി സർവകലാശാലാ ഹോസ്റ്റലിൽ ജെ.എസ്.സിദ്ധാർഥ് എന്ന വിദ്യാർഥി മരിച്ച സംഭവവും കൊയ്ലാണ്ടി കൊല്ലം ആർ.എസ്.എം.എസ്.എൻ.ഡി.പി.കോളജിൽ സി.ആർ.അമലിനെ ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച വാർത്തയും അറിഞ്ഞപ്പോൾ ഡോ.ഖാദർ മാങ്ങാടിൻ്റെ കലാലയ അനുഭവം ഓർക്കാതിരിക്കാനാവില്ല.
കോളജ് പഠനകാലത്ത് മികച്ച ഗായകനും നടനുമായിരുന്ന അദ്ദേഹം അത്ലിറ്റായി   ട്രാക്കിലിറങ്ങിയിരുന്നെങ്കിൽ മികച്ച സ്പ്രിൻ്റർ ആയേനെ. കാസർകോട് ഗവ. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക്  കെ.എസ്.യു.സ്ഥാനാർഥിയായ ഖാദറിനെ തല്ലാൻ പതിനഞ്ചോളം എസ്. എഫ്. ഐ ക്കാർ വരുന്ന വിവരം കെ.എസ് യു. നേതാവ് വത്സല പറഞ്ഞപ്പോൾ അല്പം വൈകിപ്പോയി. ചാടിയോടി രക്ഷപ്പെട്ടു തിരിഞ്ഞു നോക്കിയപ്പോഴാണ് കാണുന്നത് ആക്രമണ സംഘത്തിൽ തനിക്കു തൊട്ടുപിന്നാലെ ഓടിയത് കാലിക്കറ്റ് സർവകലാശാലാ 100 മീറ്റർ ചാംപ്യൻ ചന്ദ്രശേഖരൻ നായർ ആയിരുന്നെന്ന്. പക്ഷേ, അന്ന് അദ്ദേഹം എ.ബി.വി.പി.പ്രവർത്തകൻ ആയിരുന്നു. പിന്നീട് മട്ടന്നൂർ കോളജിൽ കായികാധ്യാപകനായി; കോൺഗ്രസ് നേതൃത്വത്തിൽ  ഉള്ള കോളജ് അധ്യാപക സംഘടനാ പ്രവർത്തികനും.  ഡോ.ഖാദർ മാങ്ങാട്  എഴുതിയ " ഫാറൂഖ് കോളജിലെ ലുങ്കിയും വൈസ് ചാൻസലർ പദവിയും " എന്ന പുസ്തകത്തിൽ ഈ കഥകളിൽ  ചിലതൊക്കെ പറയുന്നുണ്ട്. ഡോ.ഖാദർ മാങ്ങാട് താൻ എവിടെയൊക്കെ ശുദ്ധ മണ്ടനായി എന്നു പറയാനാണ് ഇഷ്ടപ്പെട്ടത്. അവനവനെ കളിയാക്കാൻ വേണ്ടിയെഴുതിയ ആത്മകഥയെന്ന് ഡോ.കാരശേരി  അവതാരികയിൽ വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെ.

ലേഖകൻ ഡോ.ഖാദർ മാങ്ങാടിനും ഡോ. നസീമയ്ക്കുമൊപ്പം

സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ ബസ് കണ്ടക്ടർ ആകാൻ ആഗ്രഹിച്ച അദ്ദേഹം വിസിയുടെ കസേരയിലേക്കുള്ള യാത്രയിൽ    പല തവണ മണ്ടനായി. നല്ല ഗായകനും അഭിനേതാവുമാണ്.  നാടകത്തിൽ ഹീറോയുടെ റോൾ വാഗ്ദാനം ചെയ്തയാൾ കാലുമാറിയപ്പോൾ പ്രേതമാകാൻ മടിച്ചില്ല.  പ്രേതത്തെ കണ്ടു പേടിച്ച വയോധിക നാടകം തീരും മുമ്പ് ആശുപത്രിയിലുമായി.സിനിമയിൽ കോളജ് അധ്യാപകൻ്റെ വേഷത്തിൽ എത്തിയെങ്കിലും പടം റിലീസ് ആയില്ല.ഒടുവിൽ  മാധവിക്കുട്ടി അവസരമൊരുക്കിയപ്പോൾ ഭാര്യ ഡോ. നസീമ വിലങ്ങുതടിയായി.കാസർകോട്ടു നിന്ന് ലോക് സഭയിലേക്കു  മത്സരിച്ചു തോറ്റു.
ഏഴാം ക്ളാസിൽ, എല്ലാവരെയും തല്ലുന്ന സാമൂഹികപാഠം അധ്യാപകൻ്റെ കസേരക്കാലുകൾക്കടിയിൽ കേപ് ( പൊട്ടാഷ് ) വച്ച കൊച്ചു ഭീകരൻ പിന്നീട് കോളജ് അധ്യാപകനായ ശേഷം പഴയ ഗുരുവിനെ വഴിയിൽ കണ്ട് അനുഗ്രഹം വാങ്ങി.ഹോസ്റ്റലിൽ സഹായം തേടി യെത്തിയ സ്ത്രീക്ക് സഹപാഠി ടി.എ. ഖാലിദിൻ്റെ ലുങ്കി സമ്മാനിച്ച് അവരുടെ അനുഗ്രഹവും വാങ്ങി.
പഴയ പ്രിൻസിപ്പൽ കാലിക്കറ്റ് വി.സിയായപ്പോൾ ചുമ്മാതൊന്നു കാണാൻ ബംഗ്ലാവിൽ എത്തി, കാരണം തിരക്കിയപ്പോൾ എം.എ. പരീക്ഷ മാറ്റിവയ്ക്കണമെന്ന് എഴുതിക്കൊടുത്ത വിദ്യാർഥി പിന്നീട് വി.സിയുടെ ചുമതലയിൽ ഇതേ ബംഗ്ലാവിൽ കഴിഞ്ഞത് ചരിത്രം.
തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം പൊതുജന സമ്പർക്കം മെച്ചപ്പെടുത്താൻ വഴിയിൽ കണ്ട അപരിചിതനോട് തോളിൽ പിടിച്ച് കുശലം ചോദിച്ചു. വഴി യാത്രക്കാർ സംശയത്തോടെ നോക്കിയപ്പോഴും മനസ്സിലായില്ല ,സംസാരിച്ചത് നാട്ടിലെ കുപ്രസിദ്ധ കാർ മോഷ്ടാവിനോടായിരുന്നെന്ന്.
വീട്ടിൽ കള്ളൻ കയറിയെന്നു സംശയിച്ച് ആളെക്കൂട്ടി, തൻ്റെ വിദ്യാർഥിയായിരുന്ന എസ്.ഐയുടെ മുന്നിൽ ഇളിഭ്യനായത് മറ്റൊരു കഥ.
നാലു വയസ്സിൽ ഉമ്മയെയും താമസിയാതെ മുന്നു ജ്യേഷ്ഠൻമാരെയും നഷ്ടപ്പെട്ട്, നാലു സഹോദരിമാരുടെ വാത്സല്യത്തിൽ , അക്ഷരാഭ്യാസമില്ലാത്ത പിതാവിൻ്റെ തണലിൽ പിന്നിട്ട ബാല്യം.ഒപ്പം കാസർകോടിൻ്റെ ലാളിത്യവും നന്മകളും മതമൈത്രിയും എല്ലാം പുസ്തകത്തിൽ കടന്നു വരുന്നു.
ഡോ. ഖാദർ മാങ്ങാടിൻ്റെ ഭാര്യ ഡോ.കെ.നസീമ കാസർകോട് ജില്ലയിൽ മുസ്ലിം സമുദായത്തിൽ നിന്ന് പിഎച്ച്.ഡി.എടുത്തതും കോളജ് അധ്യാപികയായതുമായ ആദ്യ വനിതയാണ്. ഡോ. നസീമയുടെ മേൽനോട്ടത്തിൽ അഞ്ചു പേർ ഡോക്ടറേറ്റ് നേടി.
അന്ന്  കാസർകോട് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അബ്ദുൽ ഖാദറിനോട് പരാജയപ്പെട്ട എസ്.എഫ്.ഐ. സ്ഥാനാർഥി സി.എച്ച്.കുഞ്ഞമ്പു ഇപ്പോൾ എം.എൽ.എ.യാണ്.
അന്നും എതിരാളികളെ തോൽപ്പിക്കാൻ ഭീഷണിയും മർദനവുമൊക്കെ പല വിദ്യാർഥി സംഘടനകളും ശൈലിയാക്കിയിരുന്നെങ്കിലും ചില സൗഹൃദങ്ങൾ ബാക്കി നിന്നിരുന്നെന്ന്  ഡോ.ഖാദർ മാങ്ങാട് ഓർമിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക