Image

മഞ്ഞുമ്മലിലെ കുട്ടികൾ ( സിനിമ : പി. സീമ )

Published on 05 March, 2024
മഞ്ഞുമ്മലിലെ കുട്ടികൾ ( സിനിമ : പി. സീമ )

നമ്മുടെ ജീവിതത്തിൽ ഏത് പാർട്ടിക്കും രാഷ്ട്രീയത്തിനും, ജാതിയ്ക്കും, മതത്തിനും അതീതമായി മറ്റൊന്നുണ്ട്.. മനുഷ്യസ്നേഹം.....ഒരു സഹജീവിയ്ക്ക് വേണ്ടി സ്വന്തം ജീവൻ  പോലും പണയം വെക്കാൻ ഒരുങ്ങുന്ന യുവത്വത്തിന്റെ ചോരത്തിളപ്പ്...അർപ്പണബോധം..അതിനാ ധാരമാകുന്നത് മനുഷ്യസ്നേഹം എന്ന ഒരു വികാരം മാത്രം..അത് പലരിലും പല അളവിൽ ആണ് . ചിലരിൽ അങ്ങനെ ഒന്ന് ഉണ്ടാവുകയുമില്ല.

എന്ത് കാരണം കൊണ്ടായാലും  ഒരു സഹപാഠിയെ നിർദ്ദയം തല്ലിച്ചതച്ച ചിലരെക്കുറിച്ച് നമ്മൾ കേട്ടത്  ഈ കഴിഞ്ഞ ദിവസം ആണല്ലോ.. ഒരു പക്ഷെ അവരിൽ ആരെങ്കിലും ഒരാൾ ഈ ചലച്ചിത്രം കണ്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

ചടുലമായ നൃത്തച്ചുവടുകളും  ആവേശം കൊള്ളിക്കുന്ന സംഗീതവുമായി ഒരു ന്യൂജൻ സിനിമയുടെ എല്ലാ ലക്ഷണങ്ങളോ ടെയും  ആരംഭിച്ച സിനിമ എത്ര പെട്ടെന്നാണ് പ്രേക്ഷകരെ ഉദ്വേഗത്തിന്റെയും ആകാം ക്ഷയുടെയും, പ്രാർത്ഥനകളുടെയും കൊടുമുടികളിലേക്ക് കൂട്ടി കൊണ്ടു പോയത്..

അവരോടൊപ്പം ആ മഴ മുഴുവൻ നനഞ്ഞത് നമ്മളാണ്, അവർക്കൊപ്പം അറ്റം കാണാതെ  നിസ്സഹായരായി നിലവിളിച്ചതും നമ്മളാണ്...സിനിമ കണ്ട നേരമത്രയും അവരിൽ ഒരാളായി നമ്മളും മാറുന്നു അവർക്കൊപ്പം  അവർ നനഞ്ഞ നേരത്ത് വെന്തു പൊള്ളിയത് നമ്മുടെ മനസ്സുകളാണ്..കാണികൾ കഥാപാത്രങ്ങളായി മാറിയ   ഒരു അപൂർവ്വാനുഭവം. 

എല്ലാം തകർന്നു പോയെന്നു തോന്നുമ്പോൾ ഹൃദയത്തിൽ നിന്നും അണ പൊട്ടി ഒഴുകുന്ന വിലാപത്തിന് ഏത് ആഴങ്ങളോളവും എത്താനാകും...സങ്കടങ്ങളുടെ കൊടുമുടിയിൽ നിന്നു പ്രതീക്ഷകളുടെ ഒരു നൂൽപ്പാലത്തിലൂടെയുള്ള   പ്രാർത്ഥന മാത്രമായി അപ്പോൾ ജീവിതം മാറുന്നു.

ഏറെ നാളുകൾക്കു ശേഷം കണ്ണ് നനച്ച പ്രിയ മഞ്ഞുമ്മൽ ബോയ്സ്..നിങ്ങളായി വെള്ളിത്തിരയിൽ പകർന്നാടിയവർക്കും, തീക്ഷ്ണമായ വൈകാരിക നിമിഷങ്ങൾക്ക് നേർ സാക്ഷ്യം വഹിച്ച നിങ്ങൾക്കും ചേർത്തു പിടിച്ചു ഓരോ ഉമ്മ... ഇതിലേറെ  നിങ്ങൾക്ക് മറ്റെന്താണ് ചെയ്യാനാവുക.??  പ്രിയപ്പെട്ട കുട്ടികളെ....ഈശ്വരനെ കാണാൻ നിങ്ങളെ പോലുള്ളവരുടെ  മനസ്സുകളിലേക്ക്   മാത്രം നോക്കിയാൽ പോരേ.

സിദ്ധാർത്ഥ...നിനക്ക് അനുഭവിക്കേണ്ടി വന്ന പ്രാണവേദനയിൽ ഇവരെ പോലെ ഒരാൾ കൂട്ടുണ്ടായിരുന്നെങ്കിൽ എന്ന് മോഹിച്ചു പോകുന്നു  ... 

എങ്കിൽ  ഒരു പക്ഷെ നീ  ഈ ഭൂമി വിട്ടു പോകില്ലായിരുന്നു എന്ന് ചിന്തിച്ചു പോകുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക