Image

മതം നോക്കാതെ അയൽക്കാരനെ സ്നേഹിക്കുക (സുധീർ പണിക്കവീട്ടിൽ)

Published on 05 March, 2024
മതം നോക്കാതെ അയൽക്കാരനെ സ്നേഹിക്കുക (സുധീർ പണിക്കവീട്ടിൽ)

അഭിനന്ദനം ശ്രീ പാറക്കൽ. (കേരളത്തിലെ ക്രിസ്ത്യാനികളുടെ മുൻപിൽ ഇനി വഴിയെന്ത്? എന്ന ശീർഷകത്തിൽ ശ്രീ ബാബു പാറക്കൽ എഴുതിയ ലേഖനം ഉണർത്തിയ ചില ചിന്തകൾ..

കേരളത്തിലെ ക്രിസ്ത്യാനികളുടെ മുൻപിൽ ഇനി വഴിയെന്ത്? (ബാബു പാറയ്ക്കൽ) (emalayalee.com))  

മാധ്യമങ്ങളെ മാറ്റി നിറുത്തുക സത്യത്തെ അന്വേഷിക്കുക എന്ന് ജനം തീരുമാനിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.  ചാനലുകാരും പത്രക്കാരും അവരുടെ വയറ്റിപിഴപ്പിനു പടച്ചുവിടുന്ന വാർത്തകൾ സമൂഹത്തിൽ അശാന്തി പരത്തുന്നു, മതസ്പർദ്ധ ഉണ്ടാക്കുന്നു. സമത്വസുന്ദരായ ഒരു ഭാരതം ഉണ്ടാകണമെന്ന് എല്ലാവരും ആഗ്രഹിക്കണം. ഋഷിവര്യന്മാർ പറഞ്ഞു വസുധൈവ കുടുംബകം, ലോകാസമസ്ത  സുഖിനോ ഭവന്തു. (ഇതൊക്കെ ബ്രാഹ്മണന് വേണ്ടിയാണെന്ന വ്യാഖ്യാനം പറഞ്ഞു കുറെ പേര് ശല്യം ചെയ്യുന്നുണ്ട്) ഇതാണ് ഈ മന്ത്രത്തിന്റെ മുഴുവൻ വരികൾ.

സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്ഗ്ഗേണ മഹീം മഹീശാഃ 
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു”

ഇതിൽ ബ്രാഹ്മണ എന്ന വാക്ക് സനാതനധർമപ്രകാരം പൂണൂൽ ഇട്ട ബ്രാഹ്മണനെ മാത്രമല്ല സൂചിപ്പിക്കുന്നത്. ഈ വാക്കിനു പണ്ഡിതൻ, ഗുരു എന്നൊക്കെ അർത്ഥമുണ്ട്.  പശു എന്ന വാക്കുകൊണ്ട് എല്ലാ ജീവജാലങ്ങൾക്കും ബ്രാഹ്മണൻ എന്ന വാക്കുകൊണ്ട് ഗുരുക്കന്മാരും അറിവുള്ളവരും എന്നർത്ഥം വരുന്നു. അങ്ങനെ ഇവർക്കൊക്കെ സുഖം വരുമ്പോൾ മുഴുവൻ ലോകത്തിനും സുഖം വരട്ടെ എന്നാണ് ഈ മന്ത്രത്തിന്റെ അർഥം. ഹിന്ദുമതത്തക്കുറിച്ചു ആർക്കും എന്തും പറയാമെന്ന അവസ്ഥ വന്നത് പിൽക്കാലത്തു കടന്നുകൂടിയ ജാതി വ്യവസ്ഥ കാരണമാണ്. തന്മൂലം സവർണ്ണർ മാത്രം ഹിന്ദു മതത്തിന്റെ അധികാരികളും ആധികാരികമായി സംസാരിക്കാൻ പ്രാപ്തരും എന്ന ഒരു മൂഢ ധാരണ പരന്നു . വേദങ്ങൾ അനുസരിച്ച് ജന്മം കൊണ്ടല്ല കർമ്മം  കൊണ്ടാണ് ഒരാളുടെ വർണ്ണങ്ങൾ നിശ്ചയിക്കുന്നത്. അറിവ് നേടുന്നവൻ ബ്രാഹ്മണൻ.  ഇന്നത്തെപോലെ അച്ഛൻ ബ്രാഹ്മണൻ, അതുകൊണ്ട് മകനും എന്ന ചിന്താഗതി അന്നുണ്ടായിരുന്നില്ല. ശൂദ്രൻ പഠിച്ച് മിടുക്കനായാൽ അയാൾ ബ്രാഹ്മണൻ ആയിരുന്നു. വൈദികകാലത്തെ സാമൂഹിക ജീവിതം അങ്ങനെയായിരുന്നു. ഋഗ്വേദം ഇങ്ങനെ പറയുന്നു. “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ), ഒരു പക്ഷെ ഇങ്ങനെ ഒരു അടിത്തറ ഉള്ളതുകൊണ്ടായിരിക്കണം ഭാരത്തിനു എല്ലാ മതങ്ങളെയും സ്നേഹത്തോടെ സ്വീകരിക്കാൻ കഴിഞ്ഞത്.

ഭാരതത്തിലെ റാഡിക്കൽ ഹിന്ദുസ് (അങ്ങനെ ഒന്നുണ്ടെങ്കിൽ) അന്യമതക്കാരെ മാത്രമല്ല ഉപദ്രവിക്കുന്നതായി നമ്മൾ വായിക്കുന്നത്. അവർ ദളിതരെയും താഴ്ന്ന ജാതിക്കാരെയും ആക്രമിക്കുന്നു. പൊതു കിണറ്റിൽ നിന്നും വെള്ളം കുടിച്ചതിനു പത്തു വയസ്സിനു താഴെയുള്ള കുട്ടികളെ തല്ലി ചതച്ചു ചൊല്ലെഴും ആര്യന്മാർ. 

മതങ്ങളെ മാറ്റി നിറുത്തി ഭാരതത്തിന്റെ ഭാവിക്ക് വേണ്ടി പ്രയത്നിക്കുകയാണ് ഓരോ ഭാരതീയനും ചെയ്യേണ്ടത്. മരിച്ചശേഷം സ്വർഗം തരുന്ന ദൈവത്തിനേക്കാൾ ഇവിടെ സ്നേഹത്തോടെ  നമ്മെ സഹായിക്കുന്ന അയൽക്കാരനെയാണ് ആവശ്യം. സ്വർഗം നരകം എന്ന കള്ളനാണയങ്ങൾ മനുഷ്യരാശിക്ക് ഇട്ടുകൊടുത്ത മനുഷ്യർ, മരിച്ചുപോയിട്ടും അവരാൽ കബളിപ്പിക്കപ്പെട്ടവരുടെ ദുർഗന്ധത്തിൽ ഈ മനോഹരഭൂമിക്ക് ശ്വാസം മുട്ടുന്നു..  യാതൊരു തെളിവുമില്ലാത്ത കാര്യം വിശ്വസിക്കാൻ മനുഷ്യന് പ്രയാസമില്ല. എന്നാൽ സത്യത്തിന്റെ വെളിച്ചം മുന്നിൽ കത്തുമ്പോഴും അവൻ കാണുന്നില്ല. ഏതോ സ്ത്രീ നൊന്തുപെറ്റ മകനെ കൊന്നു തള്ളുമ്പോൾ, ഏതോ ഒരു മകളെ ബലാൽസംഗം ചെയ്തു അവളുടെ ഭാവി നശിപ്പിക്കുബോൾ അവർക്ക് മാപ്പ് കൊടുത്തു  രക്ഷിക്കുക എന്ന് പറയുന്ന കപടക്കൂട്ടങ്ങൾ തങ്ങൾക്ക് ഒന്നും വരില്ലെന്ന് അഹങ്കരിക്കുന്ന ക്രൂരന്മാരാണ്. ചിലർ ആദര്ശവാദികൾ ആണെന് കാണിക്കാൻ കുറ്റവാളികൾക്ക് മാപ്പു കൊടുക്കാൻ പറയുന്നു.  തനിക്കും കടുംബത്തിനും  ഒന്നും വരില്ല, പിന്നെയുള്ളവർക്ക് എന്ത് വന്നാലും നമുക്കെന്ത് എന്ന സ്വാർത്ഥചിന്തയാണത്.

കൃസ്‌തുമതം കേരളത്തിന് ധാരാളം നന്മകൾ ചെയ്തിട്ടുണ്ട്. കാസർഗോഡ് മുതൽ കന്യാകുമാരി വരെ ഉയർന്നുനിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥമന്ദിരങ്ങൾ പാവപ്പെട്ടവർക്കു സൗജന്യമായി നൽകുന്ന സേവനങ്ങൾ അങ്ങനെ എത്ര എത്ര മഹത്തായ സംഭാവനകൾ.  ഈ സ്ഥാപനങ്ങൾക്ക് മുകളിൽ നിൽക്കുന്ന  കുരിശ് മാത്രം കാണുമ്പോഴാണ് ചിലർക്കെല്ലാം പ്രശ്നമുണ്ടാകുന്നത്.കൃസ്തുമതക്കാർ ഏതു രാഷ്ട്രീയ പാർട്ടിയെ അനുകൂലിക്കണമെന്നത് അവരുടെ തീരുമാനമാണ്. മതങ്ങളെ കഴിവതും രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കുന്നത് നല്ലതാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞത് മതങ്ങളെല്ലാം പൊട്ടക്കുളത്തിലെ തവളകളെപോലെയാണെനാണ്. മതത്തിന്റെ പേരിൽ വേട്ടയാടപ്പെട്ടവർക്ക് അഭയം നൽകിയ നാടാണ് ഭാരതം. എന്നാൽ ഇന്ന് കാശിനുവേണ്ടി എഴുതുന്നവരും പ്രവർത്തിക്കുന്നവരും അതിനെ വികൃതമാക്കുന്നു. പല മതങ്ങളുടെയും സാരമൊന്നാണ് എന്ന് ഗുരു പറഞ്ഞു. പക്ഷെ വഴികൾ വ്യത്യസ്ഥമാണ്. 

എന്നാൽ സെമിറ്റിക് മതങ്ങൾ അവരുടെ പ്രവാചകനിലൂടെ അല്ലെങ്കിൽ ദൈവദൂതനിലൂടെ മാത്രമേ ഈശ്വരസാക്ഷതകരം ഉണ്ടാകുവെന്ന് ശഠിക്കുന്നു. അപ്പോൾ പിന്നെ സംഘർഷം ഉണ്ടാകുമെന്നതിൽ എന്ത് അത്ഭുതം. പരസ്പരം ബഹുമാനത്തോടെ സംഘർഷങ്ങൾ  ഇല്ലാതെ കഴിയുമെന്നും മനസ്സിലാക്കേണ്ടതുണ്ട്. സമൂഹത്തിലെ താഴെ തട്ടിലുള്ളവർ (അറിവിന്റെ കാര്യത്തിൽ) അവരുടെ മതം ശരിയെന്നു അഹങ്കരിക്കുമ്പോൾ (വിശ്വസിക്കുകയാണെങ്കിൽ കുഴപ്പമില്ല) സംഗതികൾ കീഴ്മേൽ മറിയുന്നു. 

ഹിന്ദുമതവിശ്വാസികൾ എന്ന ലേബൽ ഉണ്ടെങ്കിലും ഹിന്ദുമതത്തെ കുറിച്ച് ഒന്നുമറിയാത്തവർ മറ്റു മതക്കാരെ പ്രീതിപ്പെടുത്തുവാൻ വേണ്ടി പറയുന്ന അനാവശ്യങ്ങൾ നിർഭാഗ്യകരമാണ്. അത്തരം ഭാഷണങ്ങളും  സമൂഹത്തിൽ അശാന്തി പരത്തുന്നു. മതസ്വാതന്ത്ര്യം വേണ്ടുവോളം ആസ്വദിക്കുന്നവരാണ് അത്തരം പ്രഭാഷണങ്ങൾ നടത്തുന്നത്. എന്നാൽ സെമിറ്റിക്ക്  മതങ്ങളെപ്പറ്റി പറയാൻ നാവു പൊങ്ങില്ല. സ്വാമി വിവേകാനന്ദൻ ഹിന്ദുമതത്തെക്കുറിച്ച് ചിക്കാഗോയിൽ പറഞ്ഞത് ഇങ്ങനെ. ‘ലോകത്തിലെ ഏറ്റവും പ്രാചീനമായ സന്യാസി പരമ്പരയുടെ പേരിൽ, മതങ്ങളുടെ മാതാവായ ഹൈന്ദവതയുടെ പേരിൽ, എല്ലാ വർണ്ണ- വർഗ്ഗ വിഭാഗങ്ങളിലും പെടുന്ന ഹിന്ദുക്കളുടെ പേരിൽ ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ കരഘോഷത്തോടെയാണ്   സദസ്സ്  സ്വീകരിച്ചത്. 

രാമൻ വാല്മീകിയുടെ ഒരു കഥാപാത്രം മാത്രമെന്ന് പറഞ്ഞു വെടല ചിരി   ചിരിക്കുന്ന പ്രഭാഷകനും അതുകേട്ട് പൊട്ടിച്ചിരിക്കുന്ന ശ്രോതാക്കളും അറിയുന്നോ അവർ അനുഭവിക്കുന്ന സ്വാതന്ത്ര്യം. അന്യമതക്കാരിൽ നിന്നും പണവും പദവിയും നേടിയിട്ടാണത്രെ പലരും ഹിന്ദുമതാവഹേളനം നടത്തുന്നത്. അതിനും സ്വാതന്ത്ര്യമുണ്ടല്ലോ എന്ന് സമാധാനിക്കാം. നക്കാപ്പിച്ച കാശിനുവേണ്ടി സഹസ്രാബ്ധങ്ങളായി സനാതനധർമ്മം വിശ്വസിച്ചുവന്ന മൂല്യങ്ങളെ  പരിഹസിക്കുന്നവർ എന്ത് നേടുന്നു. പലരും പലതും വായിക്കുന്നു. ഏതാണ് ചരിത്രം ഏതാണ് പുരാണം എന്ന് ഉറപ്പിച്ച്പറയാൻ മാത്രം തെളിവുകൾ ഒന്നുമില്ലാതിരിക്കെ എന്തിനാണ് തർക്കിച്ച് സ്നേഹബന്ധങ്ങൾ ഉലക്കുന്നത്. എല്ലാവരും അവരവരുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുക., പരസ്പരം ബഹുമാനിക്കുക. പൗരാണികമായതെന്തും ഋഷിപ്രോക്തമാണെന്ന ചിന്തയാണ് ഒരു പക്ഷെ ഇന്നത്തെ ഭാരതത്തെ ആശയകുഴപ്പത്തിലാക്കുന്നത്. അതുകൊണ്ട് വിജ്ഞാനം പകരുകയും അത് നേടാൻ യുവതലമുറ ഉല്സുകരാകുകയും വേണം.

ശ്രീ പാറക്കൽ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ എഴുതിയത് നന്നായി. കേരളം ഭ്രാന്താലയം എന്നും വിവേകാനന്ദൻ പറഞ്ഞിരുന്നു. കാരണം ജാതിയുടെ അടിസ്ഥാനത്തിൽ സ്വാർത്ഥതാല്പര്യങ്ങൾ പൂർത്തീകരിക്കാൻ ശ്രമിച്ചവരെ കണ്ടിട്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഹിന്ദുമതം അങ്ങനെ അവഹേളിക്കപെടുന്നതിൽ നിന്നും രക്ഷ നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ചിക്കാഗോയിൽ സ്വാമി   പ്രസംഗിക്കുന്നതിനു മുമ്പ് മുപ്പത് ലക്ഷം ഭിക്ഷക്കാരുടെയും   സന്യാസിമാരുടെയും നാടെന്നാണ് ഭാരതം അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ പ്രസംഗം ഹിന്ദുമതത്തെക്കുറിച്ഛ് കൂടുതലായി ലോകം അറിഞ്ഞു.  . ഹൈന്ദവ ധർമ്മത്തിന്റെ സാരാംശം തേടി, അറിവ് തേടി പാശ്ചാത്യ ലോകത്ത് നിന്നും എത്തുന്നവരുടെ ഒഴുക്കിന് കാരണമായ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണം സാർവ്വകാലിക പ്രസക്തമായി ഇന്നും നിലനിൽക്കുന്നു. ഒരു പക്ഷെ സ്വാമി അവിടെ പോയില്ലായിരുന്നെങ്കിൽ ഹിന്ദു മതത്തെക്കുറിച്ച് ശരിയായ ധാരണ പാശ്ചാത്യലോകത്തിനു കിട്ടുമായിരുന്നോ? അറിവ് പകരുക എന്നത് വളരെ പ്രധാനമാണ്. അത് കൂപമണ്ഡൂകങ്ങളെ പുറത്തു ചാടിക്കുന്നു.

ഇന്നത്തെ യുവതലമുറ വായിക്കുന്നില്ല വിജ്ഞാനം നേടുന്നതിൽ ഉത്സാഹം കാണിക്കുന്നില്ല. അവരോട് കൃസ്തുമതം കേരളത്തിന് ചെയ്ത നന്മകളെക്കുറിച്ച് ബോധവാന്മാരാക്കുക. അറിവ് നേടുമ്പോൾ പ്രശ്നങ്ങൾ മണ്മറഞ്ഞുപോകുന്നു. ശ്രീ പാറക്കൽ വീണ്ടും ഇത്തരം വിഷയങ്ങളുമായി വരിക.
ശുഭം

Join WhatsApp News
100 % ശതമാനവും ലോക പൗരന്മാർ 2024-03-05 14:59:08
മതം നോക്കി അല്ല സാറെ, DNA നോക്കിയാൽ ലോകത്തെ മൊത്തമായി സ്നേഹിക്കാൻ പറയേണ്ടി വരും. . അമേരിക്കയിൽ അല്ലെ നൂറു ഡോളർ , ചിലപ്പോൾ 50 % കിഴിവും കിട്ടും , ടെസ്റ്റ് ചെയ്‌ത്‌ നോക്കിയാൽ നമ്മടെ പാരമ്പര്യ ബന്ധം അങ്ങ് ചൈന മുതൽ ബ്രിട്ടൻ വരെ , ആഫ്രിക്കൻ ഭൂഖണ്ഡം വരെ യുള്ള തായ്‌വഴികൾ കണ്ട് വെറുതെ ഒന്ന് ഞെട്ടാൻ ആണെങ്കിൽ ഞെട്ടിക്കോ .
Jayan varghese 2024-03-06 12:58:35
മതങ്ങളുടെയോ രാഷ്ട്രീയങ്ങളുടെയോ സയൻസിന്റെയോ സംഭാവനയല്ല മനുഷ്യത്വം. പ്രപഞ്ച പരിണാമത്തിൽ ഉൾച്ചേർന്നിരിക്കുന്നു എന്നത് കൊണ്ട് തന്നെ മനുഷ്യൻ ഉൾപ്പടെയുള്ള സർവ ചരാചരങ്ങളിലും സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന നന്മയാണത്. കടുത്ത മാംസ ഭുക്കുകളായ മൃഗങ്ങൾ പോലും തുടുത്ത മാംസത്തിന്റെ തുടുപ്പുകളായ തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ചും വാൽസ്യല്ലിച്ചും വളർത്തിയെടുക്കുന്നത് ഈ നന്മയുടെ ഒരു ഭാഗം അവയും ഉൾക്കൊള്ളുന്നത് കൊണ്ടാകുന്നു. ചരിത്രത്തിലെ വിളക്ക്‌ മരങ്ങളായി നിന്ന മനുഷ്യ സ്നേഹികൾ ഈ നന്മയെ പ്രോജ്വലിപ്പിച്ചിരുന്നു എന്നത് സത്യമാണെങ്കിലും പിൽക്കാല പരിണാമങ്ങളിൽ അകപ്പെട്ട് ആ വിളക്കുകൾ അണഞ്ഞു കഴിഞ്ഞു. അങ്ങിനെയാണ് വ്യവസ്ഥാപിത ക്രിസ്ത്യാനിറ്റിയും വ്യവസ്ഥാപിത കമ്യൂണിസവും ലോകത്തു പരാജയങ്ങൾ ആയിത്തീർന്നത്. കാഫറിനെ കൊന്നാൽ സ്വർഗ്ഗം കിട്ടും എന്ന് പഠിപ്പിക്കുന്നവർ തന്നെയാണ് ഇന്ന് മിക്ക സംവിധാനങ്ങളുടെയും റോൾമോഡലുകൾ എന്നതിനാൽ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ചങ്ങലക്കെട്ടുകളിൽ കുടുങ്ങി മരിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ നന്മയെ തുറന്നു വിടുകയാണ് നമുക്ക് വേണ്ടത്. അതാണ് അടിസ്ഥാന പരമായ മനുഷ്യത്വവും മനുഷ്യ സ്നേഹവും. ജയൻ വർഗീസ്.
പിശാച് 2024-03-07 03:42:10
നിങ്ങൾ എന്തിനാണ് വെറുതെ സമയം കളയുന്നത്? ഇത് എന്റെ രാജ്യമാണ്. ഇവിടെ ഞാൻ പറയുന്നതേ നടക്കൂ. ഇവിടെ ഇങ്ങനെയാണ്. ഇഷ്ടം ഉണ്ടെങ്കിൽ ഇവിടെ ജീവിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോയി ജീവിക്കാം അതാണല്ലോ നിങ്ങളുടെ ആഗ്രഹം. നിങ്ങളുടെ യേശു അപ്പച്ചനോട് ഞാൻ അന്നേ പറഞ്ഞതാണ് ' ഈ കാണുന്നെന്നെതെല്ലാം ഞാൻ നിനക്ക് തരാം നീ എന്നെ തണുവണങ്ങിയാൽ മതിയെന്ന് " പക്ഷെ കേട്ടില്ല. ഒടുവിൽ കുത്തിയും തുപ്പിയും ക്രൂശിക്കപ്പെട്ടു. ഈ ലോകം ഒരിക്കലും നന്നാകില്ല . നന്നാകാൻ പാടില്ല. എന്നും പ്രശ്നം ആയിരിക്കണം. അതായത് ട്രമ്പിനെപ്പോലെ കെയോസ് . അതാണ് എന്റെ പോളിസി. ഒന്ന് ലോകത്തിലേക്ക് നോക്കിക്കേ. എന്താ വെടിക്കെട്ട് നടക്കുന്നത്. യുക്രയ്ൻ. ഗാസാ എല്ലാടത്തും വെടിക്കെട്ട്. ഇതെന്റെ രാജ്യമാണ്. ഇവിടെ ഞാൻ പറയുന്നതേ നടക്കൂ. അയല്വക്കരാൻ കറുമ്പനോ മൊയിദീനോ ആയിരിക്കണം. എങ്കിലേ നിങ്ങളുടെ വിദ്വേഷം വർദ്ദിക്കുകയുള്ളു. നിന്നെപോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന് പറയുമ്പോൾ തന്നെ, കറുമ്പനേം മമ്മദിനെ തെറി പറയണം. അതാണ് എന്റെ ഒരു രീതി. ആ പാട്ട് ഓർക്കുന്നിലെ. " ചെകുത്താൻ കയറിയ വീട്. ചിരിക്കാത്ത വീടിത് ചിലക്കാത്ത വീടിത് ചെകുത്താൻ കയറിയ വീട്' മനുഷ്യത്വം! എന്ത് മനുഷ്യത്വം കുന്തം. എന്റെ രാജ്യം ട്രംപിന്റെ രാജ്യംപോലെ ആയിരിക്കണം . തമ്മിലടിച്ചു മരിക്കട്ടെ. 91 കേസ് . റേപ്പ്, നാക്കെടുത്താൽ പച്ച കള്ളം. ആരും ആരേം സ്നേഹിക്കാൻ പാടില്ല. എല്ലാം കുഴഞ്ഞുമറിഞ്ഞു അവിയലുപോലെ ആയിരിക്കണം. മനുഷ്യത്വം മ്രിച്ചവർക്ക് മാത്രം ഉള്ളത്. എല്ലാവര്ക്കും കുതന്ത്രം കുത്തിത്തിരിപ്പിന്റെ വക അഭിവാദനങ്ങൾ
Lissamma Nair 2024-03-07 08:41:07
പ്രിയ ലേഖന കർത്താവേ, , അതുപോലെ ഇവിടെ പ്രതികരണം എഴുതിയ കർത്താക്കളെ ഒന്നു പറയട്ടെ. ഇവിടെ മിക്കവാറും ജാതിയും മതവും നോക്കി മാത്രമേ സ്നേഹിക്കുന്നുള്ളൂ പ്രേമിക്കുന്നുള്ളൂ, സഹായങ്ങൾ ചെയ്യുന്നുള്ളൂ. നാട്ടിൽ വീടു കെട്ടി കൊടുക്കുന്നതും സംഭാവനകൾ അയക്കുന്നതും എല്ലാം അവൻറെ ജാതിമതക്കാർക്ക് മാത്രം. പ്രത്യേകിച്ച് അമേരിക്കയിലെത്തിയ സംഘപരിവാർ ആർഎസ്എസ് ഫണ്ടമെന്റൽ ലിസ്റ്റുകൾ അങ്ങനെ മാത്രമേ ചെയ്യുന്നുള്ളൂ. KHNA - കാർ Mathra കാർ എല്ലാം അവനവൻറെ മതക്കാർക്ക് അങ്ങ് അയച്ചുകൊടുക്കും അത്രതന്നെ. ജാതി നോക്കാതെ മതം നോക്കാതെ അയൽക്കാരനെ സ്നേഹിക്കുന്ന ഒരു പരിപാടി ഇവിടെ കാണുന്നില്ല. ഇതിനൊക്കെ ഒരു മാറ്റം വന്നേ തീരൂ.
ലൂസിഫർ 2024-03-07 13:37:15
ഇതങ്ങനെ ശരിയാകും ? എന്റ പിതാവ് എന്നെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് തള്ളിയിട്ടതാണ് . (Samael is a fallen archangel who was banished from Heaven by God after a failed rebellion, being sent to Hell as its new ruler and later changing his name to Lucifer. He holds a deep resentment towards his father for banishing him, as well as his mother for doing nothing to stop the banishment.) സ്നേഹത്തിന്റ തരിമ്പ് ഉള്ളിൽ ഉണ്ടായിരുന്നെങ്കിൽ അയാൾ അതു ചെയ്യൂമായിരുന്നോ ? ഞാൻ എന്റെ പ്രിയപ്പെട്ട ട്രംപിനെപ്പോലെ സ്വർഗ്ഗത്തിന്റ ഭരണം കയ്യാളാൻ ശ്രമിച്ചു എന്നാണ് എന്റെമേലുള്ള ആരോപണം. എന്നെ ഈ ഭൂമിയെന്ന നരകത്തിലേക്ക് തള്ളിയിട്ടു. എന്റെ അമ്മപോലും കയ്യും കെട്ടി നോക്കി നിന്നതയുള്ളു. ഒന്നിനേം ഞാൻ സ്നേഹിക്കാൻ സമ്മതിക്കില്ല . അങ്ങോട്ടും ഇങ്ങോട്ടും പാരപണിതു മതമെന്ന ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെടാതെ നീയൊക്കെ എന്റെ വിടുവേല ഹെയ്‌തു മരിക്കും. എന്റെ പിണിയാളുകളായ പുരോഹിത വർഗ്ഗം നിന്റയൊക്കെ പോക്കറ്റടിച്ചു ചീർക്കും വേദനയിൽ പുളയുമ്പോൾ നീ ദൈവത്തെ ചീത്ത വിളിക്കും. അത് കേട്ട് ഞാൻ പൊട്ടിച്ചിരിക്കും ഹ ഹ ഹ ഹ
Ninan Mathulla 2024-03-07 20:34:18
‘Manushyathwam’ is a value and as such science has nothing to say about such values or the purpose of life. Only religion can address such philosophical aspects of life. ‘Manushyathwam’ as a value arise related to ‘Eeswaran’ as God interacts with each human being through their mind or conscience as to what is right and wrong. Besides as major religions are from God through respective prophets of the religion, they define right behavior and different human values. So, apart from religion and God we can’t think of such values. In olden days and even now rulers or politicians rule and priests preach people from the inspiration from religious books and writers in society. True writers in society get their inspiration to write from God to direct society and human life. Most of the people following one of these major religions live according to the values like ‘manushyathwam’ and right and wrong taught by the religion. Extremists that propose to kill others are a minority in each religion. People who reject religion now as a fashion got values like 'manushyathwam' in them from parents, society and the religious institutions they attended, and they in turn got it from the religious books they followed. So, apart from religion there is no 'manushyathwam' or such values.
Babu Parackel 2024-03-07 20:47:18
സുധീർ സാർ, വിശദമായി അപഗ്രഥിച്ചെഴുതിയ ലേഖനത്തിനു നന്ദി. നാടിന്റെ ഇന്നത്തെ അവസ്ഥ നാടിനെ സ്നേഹിക്കുന്ന എല്ലാവരെയും ഒരുപോലെ ആശങ്കാകുലരാക്കുന്നതാണ്. മനുഷ്യനെ സന്മാർഗ്ഗത്തിലും നന്മയിലും നയിക്കാനുള്ള ചിന്തയിൽ സൃഷ്ഠിക്കപ്പെട്ടതെന്നു കരുതുന്ന മതങ്ങൾ തന്നെ ഇന്ന് മാനവരാശിയുടെ അന്തകരായി മാറുന്നു എന്നത് വിചിത്രമാണ്. ശ്രീ ജയൻ വർഗീസ് എഴുതിയപോലെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ചങ്ങലക്കെട്ടുകളിൽ കുടുങ്ങി മരിച്ചു കൊണ്ടിരിക്കുന്ന യഥാർത്ഥ നന്മയെ തുറന്നു വിടുകയാണ് നമുക്ക് വേണ്ടത്. അത് തീർച്ചയായും ഇങ്ങനെയുള്ള പ്രതികരണങ്ങളിൽ കൂടി മാത്രമേ സാധിക്കൂ. സുധീർ സാറിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.
Maatthan Malamel 2024-03-07 20:56:50
ഞാൻ ലൂസിഫറിനെ കുറ്റം പറയില്ല . എന്ത് പോക്രിത്തരമാണ് അയാളുടെ തന്ത അയാളോട് കാട്ടിയത്. ഓർക്കാപ്പുറത്ത് നമ്മളെ ഒരാൾ പിടിച്ചു തള്ളിയാൽ അതും ഇത്രയും പൊക്കത്തിൽ നിന്ന് നമ്മൾ ബാക്കി കാണില്ല. ദൈവ കുഞ്ഞായതുകൊണ്ട് രക്ഷപ്പെട്ടു . ലൂസിഫർ മതം ഭൂമിയിൽ സ്ഥാപിച്ചു ഈ ഭൂമി മനുഷ്യർക്കു ജീവിക്കാൻ വയ്യാതാക്കിയതിൽ ദൈവത്തിനും ഒരു പങ്കുണ്ട് . ദൈവം അല്ലേലും കുഴപ്പക്കാരനാ . ആരോടും ഒരു സ്നേഹവുമില്ല . സൗകര്യം കിട്ടിയായാൽ നമ്മളേം പിടിച്ചു തള്ളും . മതം ആദ്ദേഹത്തിന്റെ കയ്യിലാ . മതം സ്നേഹത്തിലായാൽ പലരുടെയും ജോലി പോകും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക