Image

സന്തോഷ് ട്രോഫി വീണ്ടെടുക്കാൻ കേരളം കാത്തിരിക്കണം (സനിൽ പി.തോമസ്)

Published on 07 March, 2024
സന്തോഷ് ട്രോഫി വീണ്ടെടുക്കാൻ കേരളം കാത്തിരിക്കണം (സനിൽ പി.തോമസ്)

 പ്രഥമ സന്തോഷ് ട്രോഫി വിജയത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ അലയടികൾ നിലയ്ക്കും മുമ്പ് കേരളം ഈ സീസണിൽ സെമി കാണാതെ പുറത്ത്.ഏറെ പ്രതീക്ഷകളോടെയാണ് സംസ്ഥാന ടീം അരുണാചൽ പ്രദേശിലേക്ക് പോയത്.ആദ്യ മത്സരത്തിൽ അസമിനെ തോൽപിച്ച് (3 -1) നല്ല തുടക്കം .അടുത്ത മത്സരത്തിൽ ഗോവയോട് തോറ്റതോടെ ( 0 -2 ) ക്വാർട്ടർ സാധ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടു. മേഘാലയോട് സമനില ( 1-1), ആതിഥേയരെ  പരാജയപ്പെടുത്തി (2-0)  കാർട്ടറിൽ കടന്നു.

ക്വാർട്ടറിൽ മിസറമിനോട് പൊരുതിത്തോറ്റുവെന്നു പറയാം. സാധാരണ സമയത്തും അധിക സമയത്തും ഗോൾ രഹിത സമനില. ടൈ ബ്രേക്കിൽ 5 -5 സമനില.ഒടുവിൽ സഡൻ ഡെത്തിൽ രണ്ടാമത്തെ കിക്ക് എടുത്ത വി.ആർ സുജിത്തിനു ലക്ഷ്യം പിഴച്ചപ്പോൾ മിസറം സെമിയിൽ.( 7-6).

സതീവൻ ബാലൻ്റെ ശിക്ഷണത്തിൽ, നി ജോ ഗിൽബർട്ടിൻ്റെ നേതൃത്വത്തിൽ ഇറങ്ങിയ കേരള ടീമിനെ പരുക്ക് കുറെയൊക്കെ അലട്ടി. ടീമിൽ 10 പേർ പുതുമുഖങ്ങളാണ്.കെ.എസ്.ഇ.ബി യിൽ നിന്ന് ആറും കേരള പൊലീസിൽ നിന്ന് മൂന്നും താരങ്ങൾ. പിന്നെ , പല ക്ലബുകളുടെ കളിക്കാർ.ഒപ്പം തൃശൂർ കേരള വർമ കോളജിലെ രണ്ടു പേരും.

മത്സര ഫലം ഒരു അർഥത്തിൽ പോയ വർഷം ഭുവനേശ്വരിൽ സംഭവിച്ചതിൻ്റെ തനി ആവർത്തനമായി. അന്ന് കർണാടകയോട് തോറ്റ ( 0 - l) കേരളം  ലീഗ് റൗണ്ടിൽ അഞ്ചു മത്സരങ്ങളിൽ എട്ടു പോയിൻ്റ് മാത്രം നേടി സെമി കാണാതെ മടങ്ങി.

ഇത്തവണ പക്ഷേ,1973 ൽ ക്യാപ്റ്റൻ മണിയുടെ നേതൃത്വത്തിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളും അന്നു കളിച്ചവരിൽ ബാക്കിയുള്ളവർക്ക്  ലഭിച്ച ആദരങ്ങളും പ്രചോദനമാകേണ്ടതാണ്.അങ്ങനെ സംഭവിക്കുമെന്നു കരുതി. പക്ഷേ, അത്തരമൊരു ആവേശമോ കെട്ടുറപ്പോ പ്രകടിപ്പിക്കാൻ ടീമിനു സാധിച്ചില്ല. ക്വാർട്ടറിൽ നിർഭാഗ്യം വിനയായി എന്ന് ആശ്വസിക്കാം.പക്ഷേ, പല എതിർ ടീമുകളും കൂടുതൽ ശക്തരായിരുന്നുവെന്ന് സമ്മതിക്കണം.
മണിപ്പൂരും ഗോവയും സെമിയിൽ കടന്നത് ശ്രദ്ധിക്കണം.
2022 ൽ മലപ്പുറത്താണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. ഫൈനലിൽ ബംഗാളിനെ ഷൂട്ടൗട്ടിൽ തോൽപിച്ചു. അതാകട്ടെ 2018 ൽ കൊൽക്കത്തയിൽ നടന്ന ഫൈനലിൻ്റെ തനിയാവർത്തനവും. അന്നും ബംഗാളിനെ ഷൂട്ടോഫിൽ പിൻതള്ളുകയായിരുന്നു.

സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൻ്റെ എഴുപത്തിയേഴാം പതിപ്പാണ് അരുണാചലിലേത്.1952ൽ ആണ് കേരളം അരങ്ങേറിയത്.ആദ്യ കിരീടത്തിനായി 21 വർഷം കാത്തിരുന്നു.രണ്ടാം കിരീടം ലഭിച്ചതാകട്ടെ 1992 ലും .വി .പി .സത്യൻ്റെ ടീം ഗോവയെ തോൽപ്പിച്ച് കോയമ്പത്തൂരിൽ കിരീടം വീണ്ടെടുത്തു.ഏഴാം കിരീട ജയമാണ് 20 22 ൽ സാധ്യമായത്.
1996-97 ൽ നാഷനൽ ലീഗ് തുടങ്ങിയതോടെ സന്തോഷ് ട്രോഫിയുടെ തിളക്കം കുറഞ്ഞു.2006 ൽ ഐ ലീഗും 2014ൽ ഇന്ത്യൻ സൂപ്പർ ലീഗും തുടങ്ങിയതോടെ സന്തോഷ് ട്രോഫി അമെച്വർ താരങ്ങളുടേതായി. പക്ഷേ, പുതിയൊരു താര നിരയുടെ ഉദയം സന്തോഷ് ട്രോഫിയിൽ കാണേണ്ടതാണ്. ചിലരെങ്കിലും ഇവിടുത്തെ പ്രകടനത്തിൻ്റെ മികവിൽ മികച്ച ക്ലബുകളുടെ ശ്രദ്ധ നേടിയിട്ടുണ്ടാകണം.
ഗ്ലാമർ കുറഞ്ഞാലും ദേശീയ കിരീടം സംസ്ഥാനത്തിന് അഭിമാന നേട്ടമാണ്. പക്ഷേ, തുടർച്ചയായ രണ്ടാം തവണയും കേരളം നിരാശപ്പെടുത്തി.

സന്തോഷ് ടോഫി ജയിച്ചാൽ പൊതു അവധി പ്രഖ്യാപിക്കുന്നതൊക്കെ ഭൂതകാലത്തിൻ്റേതായി. പക്ഷേ, ആ വിജയം ഇന്നും നാട് കൊണ്ടാടാറുണ്ട്.അതു മറക്കരുത്. ഇനിയൊരു ഉയിർത്തെഴുന്നേൽപിനായി കാത്തിരിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക