Image

ഇടവക വികാരിക്കിവിടെ എന്താ പണി?

Published on 07 March, 2024
ഇടവക വികാരിക്കിവിടെ എന്താ പണി?

ഇന്നത്തെ, ഞാൻ കണ്ട എല്ലാ പത്രങ്ങളിലും, 'ഭർത്താവും ഭാര്യയും മൂന്ന് മക്കളും മരിച്ച നിലയിൽ', എന്നർത്ഥം വരുന്ന ഒരു വാർത്തയുണ്ട്. 'ഭാര്യയേയും മൂന്ന് കുഞ്ഞുങ്ങളെയും കൊന്നശേഷം യുവാവ് ജീവനൊടുക്കി', എന്ന് വ്യക്തമായി കുട്ടികളുടെ മുഖം മറക്കാത്ത വാർത്ത കൊടുത്തത്, മനോരമായാണ്. 

സാമ്പത്തിക പ്രതിസന്ധിയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും, ഇവർ ഒരു വർഷത്തിലേറെയായി, വാടക വീട്ടിൽ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു വെന്നും പറയുന്നു. പാലായിലാണ് സംഭവം എന്നതുകൊണ്ടും ശവസംസ്കാരം സെൻറ് ജോർജ്ജ് പള്ളിയിൽ ആയിരുന്നതിനാലും ഇവർ സുറിയാനി കത്തോലിക്കർ ആണെന്ന് വ്യക്തം. അപ്പോൾ ഇവർ ഏതെങ്കിലും ഇടവകയുടെ കീഴിലായിരിക്കണമല്ലൊ!

 ഏതാണ്ട് പതിനഞ്ച് മാസമായി, ഒറ്റപ്പെട്ട് കഴിയുന്ന ഇവരെക്കുറിച്ച് ഇടവക വികാരിക്ക് യാതൊരറിവും ഇല്ലേ? പാലാ പോലെ, അച്ചന്മാരെ തട്ടി നടക്കാനാവത്ത ഒരു രൂപതയിൽ, ആവശ്യമില്ലെങ്കിലും, ഒന്നിലേറെ അസിസ്റ്റന്റ്മാരെ വെച്ച് അജഗണ ശുശ്രൂഷ നടത്തുന്ന ഇടവകയിൽ, ഒരു ഇടവക അംഗത്തിന്റെ, ആത്മഹത്യയിലേക്ക് നയിക്കാൻ മാത്രം ഞെരുക്കമുളള ഇത്തരമൊരു സാമ്പത്തിക സാഹചര്യം അറിയാതെ പോയത് എന്തേ? സത്യത്തിൽ, സഭാകോടതി വികാരിയച്ചനും അസിസ്റ്റന്റിനും എതിരെ കൃത്യനിർവഹണ വീഴ്ചക്കും കുറ്റകരമായ അനാസ്ഥക്കുമെതിരെ കേസെടുക്കണം. ഫോറസ്റ്റർമാക്കെതിരെ കൃത്യവിലോപത്തിന് കേസെടുക്കണമെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നവരുടെ മുമ്പിലുണ്ടല്ലൊ, പുരോഹിതരും കന്യാസ്ത്രീകളും! 

ഈ ഇടവക വാർഡ് അടിസ്ഥാനത്തിലും യൂണിറ്റ് അടിസ്ഥാനത്തിൽലും വിഭജിച്ചതല്ലേ? റവ. സിസ്റ്റേഴ്സില്ലേ, കൈക്കാരനും പള്ളിക്കമ്മിറ്റിയും  ഒന്നും ഇവിടെയില്ലേ? ഇവിടെ ഭക്തസംഘടനകൾ  ഇല്ലേ? ഇല്ലാതിരിക്കാൻ സാദ്ധ്യത കുറവാണ്, ഉണ്ടെങ്കിൽ ഇവരെന്താണ് ചെയ്യുന്നത്? 

ഈ മരിച്ച കുടുംബത്തിന്   ഭാര്യയുടെയും ഭർത്താവിന്റേതുമായ അടുത്തതും അകന്നതുമായ ബന്ധുക്കൾ ഇല്ലേ? ഇത്രയേറെ സാമൂഹിക ബന്ധങ്ങളാൽ നെയ്തെടുത്ത ഒരു സംവിധാനത്തിൽ ഇത് സംഭവിക്കാൻമാത്രം ഇവർ ഒറ്റപ്പെട്ട് പോയതെങ്ങനെ? 

ഇത് പണ്ടത്തെ ഹിന്ദുമത സംവിധാനത്തിൽ ആണെങ്കിൽ മനസ്സിലാക്കാം, അവരുടെ സംവിധാനം ഇത്ര കെട്ടുറപ്പുള്ളതായിരുന്നില്ല. അതല്ലല്ലോ, കത്തോലിക്കസഭ സംവിധാനം! 

കാലികമായി വന്ന മാറ്റങ്ങൾ കാണാതെയല്ല, ഈ വിചിന്തനം. എന്നിരുന്നാലും, അനുഭവത്തിൻറെ വെളിച്ചത്തിലും  അപഗ്രഥനത്തിൻറ അടിസ്ഥാനത്തിലും സെമിനാരി പരിശീലനത്തിനും നമ്മുടെ ആത്മീയതയുടെ കാര്യത്തിലും നമ്മൾ  ഒത്തിരി മാറേണ്ടതുണ്ട്. 

ഈയ്യിടെ ഒരു കൊച്ചച്ചൻറെ പ്രകടനം കണ്ട് അല്പം രോഷാകുലനായ ഇരിക്കുമ്പോഴാണ്, ഈ കുടുംബ ആത്മഹത്യ വായിക്കുന്നത്. കുർബ്ബാന കഴിഞ്ഞപ്പോൾ, അച്ചനെക്കണ്ട്, വേണ്ടപ്പെട്ടവരുടെ മരണാനന്തര ക്രിയകൾ അടക്കമുള്ള കാര്യങ്ങൾ സംസാരിക്കാൻ, ഭക്തജനങ്ങൾ കാത്തു നില്ക്കുമ്പോൾ, കുർബ്ബാന കുപ്പായം അഴിച്ചയുടനെ കൊച്ചച്ചൻറെ വ്യഗ്രത, മൊബൈൽ നോക്കാനായിരുന്നു. കൂടുതൽ അന്വേഷിച്ചപ്പോൾ ഈ കൊച്ചച്ചൻറെ പ്രധാന ഹോബി, കുർബ്ബാനയും ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞാൽ, എന്നും വൈകിയെത്തുന്നതിനാൽ, കാർ കഴുകി, യാത്രയാണുപോലും. 

അതേ, സമയം, കുർബ്ബാന കഴിഞ്ഞു പുറത്തുവന്ന് ക്ഷമാന്യോഷണം നടത്തുകയും പുതുതായി ആരെയെങ്കിലും കണ്ടാൽ വിവരം തിരക്കുന്ന, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന, ഒരു  ചെറു വിഭാഗവും, ഇല്ലാതെയുമില്ല. ഈ വിഭാഗത്തിൽ പെട്ട അച്ചന്മാരാണ് ഇവിടെയെങ്കിൽ ഇവർക്ക് മാസവാടകകൊടുക്കാനുളള വക എളുപ്പത്തിൽ കണ്ടെത്തമായിരുന്നു. പാലാ പോലൊരു സ്ഥലത്ത് പാവപ്പെട്ട ഇടവകയിൽപോലും  ഒരു ഞായറാഴ്ച ചുരുങ്ങിയത് മുപ്പതിനായിരം രൂപ കാഴ്ചപണം കിട്ടും. അതിന്റെ ഒരു വിഹിതം മതിയായിരുന്നല്ലൊ, ഈ കുടുംബത്തെ സംരക്ഷിക്കാൻ. 

അനുഷ്ഠനാത്മക ആത്മകഥയുടെ പൊള്ളത്തരമാണ് ഇവിടെ കാണുന്നത്. വിശ്വാസപ്രഘോഷണവും ആഘോഷവും ഉണ്ട്, എന്നാൽ, വിശ്വാസികളുടെ വേദനകളിൽ പങ്കുചേരുന്നതല്ല,  ആത്മിയത, കാരുണ്യവും കരുതലും ഊറിവരുന്ന വൈകാരിക അടിസ്ഥാനത്തിൽ രൂപം കൊള്ളുന്ന, മാതൃഭക്തിയുടെ പര്യായമായ മിസ്റ്റിസിസ്സം സഭയ്ക്ക് ഇന്ന് അന്യമാണ്. ഇതൊന്നും സെമിനാരികളിൽ പോലും പരിശീലിപ്പിക്കുന്നില്ല, ഇപ്പോഴും.

സിനഡാലിറ്റിയാണല്ലൊ, ഇപ്പോഴത്തെ ഫാഷൻ. നഷ്ടപ്പെട്ട ഒന്നിനേത്തേടി, 99 - നേയും തൽക്കാലം ഉപേക്ഷിച്ച് അന്വേഷിക്കുന്ന, സാമൂഹിക ജീവിതത്തിന്റെ അതിന്യൂതനമായ ഉൾക്കാഴ്ച ലോകത്തിന് സമ്മാനിച്ച, വചനത്തിന്റെ, 'ഒപ്പം നടക്കുക'  എന്ന പുത്തൻ വ്യാഖ്യാനം. ഒപ്പം  നടന്നാൽ പോരാ, കാര്യങ്ങൾ അന്വേഷിച്ചറിയണം എന്ന് കൂടിയുണ്ട്, ഇതിനർത്ഥം. ഈ അർത്ഥം തിരിച്ച് പിടിച്ച് അധികൃതർ ജീവിക്കാൻ തുടങ്ങിയാൽ, ഇത്തരം ആത്മഹത്യകൾ ഇനി ആവർത്തിക്കുകയില്ല.

Join WhatsApp News
josecheripuram 2024-03-09 21:52:11
The problem with Church and Politicians is they are far away from common people, They isolates themselves from problems, When such issues happen everyone arouses and then forgets the issue, until another such tragedy happens, Who cares about the poor?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക