Image

സമൂഹ ശിൽപ്പികൾ സ്ത്രീകൾ (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 07 March, 2024
സമൂഹ ശിൽപ്പികൾ സ്ത്രീകൾ (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

വനിതാ മുന്നേറ്റം ഇന്ന് ദ്രുതഗതിയിലാണ്. ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസ സമ്പന്നയാണ്. അതുകൊണ്ടുതന്നെ മാന്യമായ എന്ത് തൊഴിലെടുത്തതും ജീവിക്കാൻ അവൾ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞിരിക്കുന്നു.  സ്വയം പര്യാപ്തത നേടിയ സ്ത്രീ സ്വതന്ത്രയാണ്. 

സ്ത്രീ സ്വാതന്ത്രയാണെന്ന് പറഞ്ഞാലും നിലവിലുള്ള  സാമൂഹിക ചട്ടക്കൂട്ടിൽ സ്ത്രീക്ക് അഭിമുഖീകരിക്കേണ്ടതായ ഒരുപാട് പ്രശ്നങ്ങൾ ഇന്നുമുണ്ട്.   മിക്കവാറും സ്ത്രീകൾ ആ പ്രശ്നങ്ങളെ മുന്നിൽക്കണ്ട്  ഉള്ള സാഹചര്യത്തിൽ സംതൃപ്തിയുള്ളവളായി തുടരുന്നു. മറ്റുചിലർ സാഹചര്യങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്നു. പ്രതിബന്ധങ്ങൾ സ്ത്രീകളെ പൂർവ്വാധികം ബലിഷ്ടരാക്കുന്നു ഇത്തരക്കാർക്ക് ജീവിതം പലപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്.   ആത്മഹത്യകൾ, കൊലപാതകങ്ങൾ, പീഡനങ്ങൾ, അപവാദങ്ങൾ തുടങ്ങിയവ ചിലപ്പോൾ ചെറുത്തുനിൽപ്പിന്റെ പരിണിത ഫലങ്ങളാകാറുണ്ട്.     ഇത്തരത്തിലുള്ള അനാവശ്യ ഫലങ്ങളെ ഒഴിവാക്കാൻ അവൾക്ക് കൂടുതൽ ശക്തിയാർജ്ജിക്കേണ്ടതായി വരുന്നു.

ജീവിതത്തിന്റെ എല്ലാ തുറകളിലും ഇന്ന് സ്ത്രീ സാന്നിധ്യം ഉണ്ട്. സ്ത്രീകൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ഇന്ന് ബദ്ധശ്രദ്ധരാണ്. സ്ത്രീകളുടെ കഴിവിനെ അംഗീകരിക്കുന്നതിനായി നടന്നിട്ടുള്ള പല ഐതിഹാസിക പോരാട്ടങ്ങളും അതിന്റെ വിജയവും വനിതാ മുന്നേറ്റത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്നു പുരുഷനൊപ്പം സഞ്ചരിക്കാൻ സ്ത്രീയും ശക്തയാണെന്ന് തെളിയിച്ചുകഴിഞ്ഞു. എന്നിട്ടും സമൂഹത്തിൽ സ്ത്രീകൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു. സ്ത്രീസ്വാതന്ത്രവദിയായി പുരുഷസമൂഹത്തെ വെല്ലുവിളിക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് സ്ത്രീ സംരംഭക വിപ്ലവത്തിന്റെ പാതയിലാണ്.  

ശിശുപാലനവും ഗൃഹഹഭരണവും സ്ത്രീയുടെ ഉത്തരവാദിത്വമാണെന്ന വ്യവസ്ഥാപിത കാഴ്ചപ്പാട് സ്ത്രീകളെ വിദ്യഭ്യാസരംഗത്തു നിന്നും പലപ്പോഴും പിന്തിരിപ്പിക്കാറുണ്ട്. തന്മൂലം ഉന്നതജോലികൾ അവർക്ക് അപ്രാപ്യമാകുന്നു. ഇന്ന് ഈ സാഹചര്യത്തിൽ അൽപ്പം മാറ്റം വന്നിട്ടുണ്ട്  എങ്കിലും വനിതാ മുന്നേറ്റത്തിന്റെ വെല്ലുവിളികളിൽ ഒന്നായി ഇത് തുടരുന്നു. ഒരേ ജോലിക്ക് തന്നെ സ്ത്രീകൾക്ക് കുറഞ്ഞ വേതനം നൽകുന്ന സമ്പ്രദായങ്ങൾക്ക് മാറ്റം വരുന്നെങ്കിലും അതെല്ലാം സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളാണ്. പ്രകൃതി അവരിൽ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങളും അവർക്ക് പലപ്പോഴും മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാകാറുണ്ട്. അതുകൊണ്ട് ഒരു നല്ല ശതമാനം സ്ത്രീകൾ തൊഴിൽരഹിതരാണ്. എന്നാൽ സ്ത്രീ ശാക്തീകരണവും പ്രബോധനങ്ങളും വഴി സ്ത്രീ സുരക്ഷയും സുഭദ്രയുമായിക്കൊണ്ടരിക്കുന്നു.  വനിതാ അന്താരഷ്ട്രദിനം പോലെയുള്ള ആഘോഷങ്ങളിലൂടെ സ്ത്രീകൾ അവരുടെ കഴിവും അവസരങ്ങളും തിരിച്ചറിയുകയും അതിനായി മുന്നോട്ട് വരികയും ചെയ്യുന്നു. തന്മൂലം ശാസ്ത്ര സാങ്കേതികരംഗത്തും കായികരംഗത്തുമൊക്കെ സ്ത്രീകളുടെ പ്രാതിനിദ്യം ഇന്ന് വർദ്ദിച്ചുകൊണ്ടേയിരിക്കുന്നു.

 സമകാലീന സാഹിത്യരംഗത്തും കഴിവുറ്റ നിരവധി എഴുത്തുകാരികൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അവരുടെ സാഹിത്യസംഭാവനകൾ വായനക്കാരും നിരൂപകരും അംഗീകരിക്കുന്നു.  സമൂഹത്തിലെ നെറികേടുകൾക്കെതിരെയാണ് അവരുടെ അക്ഷരങ്ങൾ പടവെട്ടുന്നത്. ഒരു സാഹിത്യകാരൻ ഒരു സൃഷ്ടി നടത്തുമ്പോൾ ഒരൽപ്പം അവരുടെ ആത്മാംശം അതിലടങ്ങും. അതൊരു സ്ത്രീയാണെങ്കിൽ അവൾക്ക് അല്ലെങ്കിൽ സമൂഹത്തിൽ അവളെപ്പോലുള്ളവർ അനുഭവിച്ച ഒരു സാഹചര്യത്തെയാകാം അവളുടെ രചനകൾ വെളിച്ചത്തുകൊണ്ടുവരുന്നത്. ഇത് തീർച്ചയായും സമൂഹത്തിന് പറയാനുള്ളതുതന്നെയാണ്. ഒരു സ്ത്രീ എഴുതി എന്നതുകൊണ്ടുമാത്രം അതിനെ 'പെണ്ണെഴുത്ത്' എന്ന് വിളിച്ച് അകറ്റിനിർത്തുന്നു. ഒരു സ്ത്രീ  എഴുതുമ്പോൾ  അവളിലെ സർഗ്ഗാത്മികമായ   കഴിവിനെ പലപ്പോഴും അംഗീകരിക്കാതെപ്പോകുന്നു.   ഇത്തരത്തിലുള്ള വെല്ലുവിളികളെയാണ് സ്ത്രീശക്തി മറികടക്കേണ്ടത്. ഇതേക്കുറിച്ചാണ് സ്ത്രീ ചിന്തിക്കേണ്ടത്.   

 പരമ്പരാഗത സമൂഹത്തിൽ ഉത്തമ സ്ത്രീകൾ വീടിൻെറ ചുമരുകൾക്കുളിൽ തളക്കപ്പെട്ടപ്പോഴും അവരിൽ പലരും സാഹിത്യരചനകൾ  നടത്തി. നിരാശരും നിരാലംബരുമായ സ്ത്രീകളെ കർമ്മോന്മുഖരാക്കി സമൂഹത്തിൽ പങ്കാളികളാക്കാൻ അവരുടെ രചനകൾക്ക് കഴിഞ്ഞു. വനിതാ മുന്നേറ്റത്തിൽ സ്ത്രീകളുടെ തന്നെ രചനകൾക്ക് ശക്തമായ സ്വാധീനം ചെലുത്താൻ കഴിയും.

മറ്റൊന്ന് ,സ്ത്രീകളെ ദുര്ബലരാക്കാൻ പണ്ടുമുതലേ സമൂഹം ഉപയോഗിക്കുന്ന ആയുധമാണ് ലൈംഗികാപവാദങ്ങൾ.  അവളുടെ കടമകൾ എല്ലാം ഭംഗിയായി നിറവേറ്റുന്നതിനോടൊപ്പം കഠിനാദ്ധ്വാനത്താൽ എന്തെങ്കിലും ഒന്ന് നേടിയെടുത്തുകഴിഞ്ഞാൽ അതിനെ അവളുടെ കുടുംബമോ  സമൂഹമോ പലപ്പോഴും വേണ്ടത്ര വിലകല്പിക്കാറില്ല. അവളുടെ വിജയത്തിനുപിന്നിൽ പുരുഷനുണ്ടെന്ന് അവകാശപ്പെടാറുണ്ട്. അല്ലെങ്കിൽ അവൾ ആ വിജയം കൈവരിച്ചത് തെറ്റായ മാർഗ്ഗത്തിലൂടെയാണെന്ന് ആരോപിക്കപ്പെടാറുണ്ട്.  അവയെല്ലാം ചെറുത്ത് നിൽക്കുന്നവർക്ക്  ഫെമിനിസ്റ്റ് എന്ന മുദ്ര സമൂഹം ചാർത്തികൊടുക്കുന്നു.

ഇത്തരത്തിൽ ഒരുപാട് സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഇനിയും സമൂഹത്തിൽ നിന്നും തുടച്ചുമാറ്റപ്പെടേണ്ടതുണ്ട്. കാലങ്ങളോളമുള്ള പരിശ്രമത്തിന്റെ ഫലമായി സ്ത്രീ ശക്തിക്ക് പല പ്രശ്നങ്ങളെയും സമൂഹത്തിൽനിന്നും പുറംതള്ളാനും, സ്ത്രീയുടെ പല കഴിവുകളെ ആരെയും  ഭയക്കാതെ പ്രകടമാക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീയെക്കുറിച്ചുള്ള സമൂഹത്തിന്റെ ചില ഇടുങ്ങിയ കാഴ്ചപ്പാടുകളെ മുഴുവനായി മാറ്റാൻ ഇനിയും കഴിഞ്ഞിട്ടില്ല. പുറമേക്കാണുന്ന ശാരീരിക സൗന്ദര്യമല്ല യഥാർത്ഥ സ്ത്രീ. ഒരു കുടുംബം മുന്നോട്ടുകൊണ്ടുപോകുന്നതിൽ, നല്ലൊരു തലമുറയെ പാകപ്പെടുത്തുന്നതിൽ, ഒരു സമൂഹം നിലനിർത്തുന്നതിൽ അവൾക്കുള്ള വിലയേറിയ പങ്കിനെയാണ്, ഒരിക്കലും തളരാത്ത അവളിലെ ശക്തിയാണ് യഥാർത്ഥ സ്ത്രീ എന്ന പ്രപഞ്ച സത്യം മനസ്സിലാക്കി എവിടെയും ബഹുമാനം അർഹിക്കുന്നവളാണ് അവൾ. സമൂഹത്തെ  ഈയൊരു വിശാലമായ കാഴ്ചപ്പാടിലേക്ക് എത്തിക്കുന്നതിനു സ്ത്രീ ഇനിയും അതിരുകളെ ഭയക്കാതെ മുന്നോട്ടു വരണം.  വനിതകളുടെ മുന്നേറ്റം അഭംഗുരം തുടർന്നുകൊണ്ടേയിരി ക്കണം  . അതിനായ് വനിതകൾ കൈകോർക്കുക, സഹകരിക്കുക, പരസ്പരം ശക്തി പകരുക.

Join WhatsApp News
അജിത് എൻ കെ 1 2024-03-08 03:53:38
മികച്ച സന്ദേശം, അഭിനന്ദനങ്ങൾ
Rajani Ganesh 2024-03-08 10:30:13
"സ്ത്രീ " പ്രഭഞ്ച സത്യം നല്ല വീക്ഷണ പാഠവം
Sudhir Panikkaveetil 2024-03-08 10:49:44
സ്ത്രീകൾ സമൂഹ ശിൽപ്പികൾ എന്ന ശീർഷകം നന്നായി. സ്ത്രീകൾക്ക് അവരുടെ ലക്ഷ്യത്തിലെത്താൻ അഭംഗുരം പ്രവർത്തിക്കേണ്ടതുണ്ട് വിശ്രമിക്കാൻ സമയമായില്ലെന്നു ലേഖിക ഓർമിപ്പിക്കുന്നു. പുതുവർഷത്തിലെ വാഗ്ദാനങ്ങളും തീരുമാനങ്ങളുംപോലെ ഒരു ദിവസത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ മുന്നോട്ടുള്ള പ്രയാണം തുടരുക ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാരും ഇതേപ്പറ്റി എഴുതിക്കൊണ്ടിരിക്കുക.
ഷറഫ് പി സൈദ് 2024-03-08 11:00:24
വളരെ നന്നായിട്ടുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക