Image

ലോകവനിത ദിനം:  സ്ത്രീകൾക്കായി നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക (ഉമ സജി)

Published on 08 March, 2024
ലോകവനിത ദിനം:  സ്ത്രീകൾക്കായി നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക (ഉമ സജി)

(Invest in Women Accelerate Progress)


സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ് ലോകവനിതാദിന ആചരണം വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം. 
മാർച്ച് 8 എല്ലാവർഷവും അന്താരാഷ്ട്ര വനിത ദിനമായി ആചരിക്കുന്നു. 
ഈ ദിനത്തിന് ഒരുപാട് ചരിത്ര പശ്ചാത്തലങ്ങൾ ഉണ്ട്.

 തുല്യതയ്ക്കായുള്ള സമരം

സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യാവസായിക കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും പ്രധാനപ്പെട്ടതാണ്. അന്താരാഷ്ട്ര വനിത ദിനം എന്ന ആശയത്തിലേക്ക് നയിച്ചത് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയ പലരാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും അനാരോഗ്യകരമായ തൊഴിൽ ചുറ്റുപാടുകളിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ മുന്നേറ്റങ്ങളുടെ അനുസ്മരണമായാണ്.  

വനിത ദിനം എന്ന ആശയത്തിന് തുടക്കം കുറിച്ചത് 1857 മാർച്ച് 8 ന് ന്യൂയോർക്കിലെ തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾസംഘടിച്ച് നടത്തിയ പ്രക്ഷോഭവും സമരവുമായിരുന്നു. കുറഞ്ഞ വേതനത്തിനും, ദൈർഘ്യമേറിയ ജോലിസമയം ഒഴിവാക്കാനും, മുതലാളിത്ത സാമ്രാജ്യത്തിനെതിരെ വോട്ടുചെയ്യാനും വേണ്ടി അവർ ശബ്ദമുയർത്തിയപ്പോൾ ആ സമരം ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. 

ന്യൂയോർക്കിൽ തുടക്കമിട്ട ഈ സമരാഗ്നി ലോകത്തിന്റ പലഭാഗങ്ങളിലേക്കും പടരാൻ പിന്നെ താമസമുണ്ടായില്ല. വരും വർഷങ്ങളിൽ മറ്റുപലരാജ്യങ്ങളിലും സ്ത്രീകൾ സംഘടിക്കുകയും അവകാശങ്ങൾ നേടിയെടുക്കാൻ ശബ്ദമുയർത്തുകയും ചെയ്തു. 

വനിത ദിനമെന്ന ആശയത്തിന്റെ തുടക്കം

അമേരിക്കയിൽ 'അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടി'യുടെ ആഹ്വാനമനുസരിച്ച് 1909 ഫെബ്രുവരി 28 ന് ആണ് ആദ്യത്തെ വനിത ദിനം ആചരിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ വനിതകളുടെ ഓർമ്മയ്കായിരുന്നു ആദ്യ വനിത ദിന ആചരണം സംഘടിപ്പിച്ചത്. 
തുടർന് 1910 ൽ ഡെൻമാർക്കിന്റെ തലസ്ഥാന നഗരിയായ കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിത ദിനം സാർവ്വദേശീയമായി ആഘോഷിക്കണം എന്ന ആവശ്യമുയർന്നു. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിത വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്‌. 17 രാജ്യങ്ങളിൽ നിന്നുള്ള വനിത പ്രതിനിധികൾ പങ്കെടുത്ത ആ സമ്മേളനത്തിൽ വനിത ദിനം സാർവ്വദേശീയമായി ആഘോഷിക്കുക എന്ന ആശയം നടപ്പിലാക്കി. 

1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. 1911 മാർച്ച് 19 ന് ജർമ്മനിയും സ്വിറ്റ്സർലണ്ട് ഉൾപ്പടെ ഉള്ള രാജ്യങ്ങളും വനിത ദിനം ആചരിച്ചു. 1917 മാർച്ച് 8 ന് റക്ഷ്യയിൽ നടന്ന വനിത ദിന പ്രകടനം റക്ഷ്യൻ വിപ്ലവത്തിന്റെ ഒന്നാംഘട്ടമായി കണക്കാക്കപ്പെടുന്നു. 1975 ൽ ഐക്യരാഷ്ട്രസഭ മാർച്ച് 8 അന്താരാഷ്ട്ര വനിത ദിനമായി അംഗീകരിച്ചു. 

യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങളും സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട ആശയങ്ങളാണ്. സ്ത്രീകളൊടുള്ള വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളാണ്. 
സ്ത്രീശാക്തീകരണത്തിന് വേണ്ടി വനിത ദിനം പ്രഖ്യാപിച്ച് ആചരിച്ച് തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഇന്നും സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നു. സ്ത്രീശാക്തീകരണത്തിന്റെ ആദ്യ ശബ്ദം ഉടലെടുത്ത് ലോകം മുഴുവൻ വ്യാപിച്ച പ്രക്ഷോഭത്തിന് തുടക്കം കുറിച്ച അമേരിക്കയിൽ പോലും ഇന്നും സമത്വം പുലരുന്നില്ല. വേതനത്തിന്റെ കാര്യത്തിലും സമത്വത്തിന്റെ കാര്യത്തിലും  ലോകത്ത് പലരാജ്യങ്ങളും സിത്രീകളോട് വിവേചനം തുടരുന്നു. 

ഐക്യരാഷ്ട്ര സഭ സന്ദേശം

"സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന് ” എന്നതായിരുന്നു  ഐക്യരാഷ്ട്ര സംഘടന   ആദ്യ വനിത ദിനസന്ദേശമായി പ്രഖ്യാപിച്ചിരുന്നത്. ഓരോ വർഷവും സ്ത്രീ ശാക്തീകരണത്തിന് വേണ്ടി സ്ത്രീകളുടെ പുരോഗതിയ്ക്കു ശക്തിപകരാനുള്ള ആശയങ്ങൾ മുന്നോട്ടു വയ്ക്കാറുണ്ട്. 
2024 മാർച്ച് 8 വനിതാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയമാണ് "സ്ത്രീകൾക്കായി നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക (Invest in Women Accelerate Progress)" എന്നത്. സ്ത്രീകൾക്കായി നിക്ഷേപിക്കുക എന്നത് നിലവിലുള്ള സാമൂഹിക സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാൻ കരുത്തു നല്കുന്നതാണ്. നിലവിലുള്ള വിവേചനങ്ങളും, അസമത്വവും, അസന്തുഷ്ടിയും, അസന്തുലിതാവസ്ഥയും, പട്ടിണിയും, കാലാവസ്ഥാമാറ്റം അടക്കമുള്ള പാരിസ്ഥിക പ്രശ്നങ്ങളും മാറ്റങ്ങളുമെല്ലാം വളരെ പ്രധാനപ്പെട്ടതും സാമൂഹികമായി വളരെയധികം ജാഗ്രത വേണ്ടതുമായ കാര്യങ്ങളാണ്.  ഈ അവസരത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അനുകൂലമായ മാറ്റങ്ങൾ രൂപപ്പെടുത്തിയെടുക്കുകയും അത് ലോകത്തിന്റെ ആകെ മാറ്റത്തിനുവേണ്ടി, വികസനത്തിനുവേണ്ടി ഉപയോഗിക്കുക എന്നതും പ്രാധാന്യം അർഹിക്കുന്നു. 

ലിംഗസമത്വം

അസമത്വവും അസന്തുഷ്ടിയും ദിവസേന വർദ്ധിച്ചു വരുന ഇന്നത്തെ സാഹചര്യത്തിൽ ലിംഗസമത്വം നേടിയെടുക്കുകയെന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു മനുഷ്യാവകാശ വെല്ലുവിളി ആണ്. 2023 ലെ ജൻഡർ ഗ്യാപ് റിപ്പോർട്ട് (വേൾഡ് എക്കോണമിക് ഫോറം, ജൂലൈ 2023) പ്രകാരം ഒരു രാജ്യത്തിനും സമ്പൂർണ്ണ ലിംഗസമത്വം നേടിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനിയും 130 ൽ അധികം വർഷങ്ങൾ വേണ്ടിവരും ലോകരാജ്യങ്ങൾ ലിംഗസമത്വത്തിലേക്കെത്താൻ. 

2023 ലെ ലിംഗസമത്വ കണക്കനുസരിച്ച് 146 രാജ്യങ്ങളിൽ ഇന്ന് ലോകം എത്തിനിൽക്കുന്നത് 68.4 ശതമാനം എന്ന് ആണ്. 2022 ലെ 68.1 ശതമാനത്തിൽ നിന്നുള്ള പുരോഗതി 0.3%. 2006 ൽ തുടക്കം കുറിച്ച വേൾഡ് എക്കോണമിക് ഫോറത്തിന്റെ കണക്കെടുപ്പനുസരിച്ച് 2023 ൽ കുറച്ചുരാജ്യങ്ങളെങ്കിലും 80% ത്തിൽ എത്തിനിൽക്കുന്നു. 

ഐസ്‌ലാൻഡ് , നോർവേ (87.9 ശതമാനം, രണ്ടാം സ്ഥാനം),ഫിൻലൻഡ്‌ (86.3 ശതമാനം, മൂന്നാം സ്ഥാനം) ന്യൂസിലാൻഡ് (85.6 ശതമാനം, നാലാം സ്ഥാനം), സ്വീഡൻ (81.5 ശതമാനം, അഞ്ചാം സ്ഥാനം) ജർമ്മനി (81.5 ശതമാനം), നിക്കരാഗ്വെ ( 81.1 ശതമാനം), നമീബിയ (80.2 ശതമാനം), ലിത്വാനിയ ( 80.0 ശതമാനം) തുടങ്ങിയ രാജ്യങ്ങൾ 80 ശതമാനം ലിംഗസമത്വം നേടിയ രാജ്യങ്ങൾ ആണ്. അതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഐസ് ലാന്റ് (91.2 ശതമാനം)  ആണ്. 
ലിംഗസമത്വത്തിൽ ഐസ് ലാൻഡ് 91.2 ശതമാനവുമായി ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോൾ 146 രാജ്യങ്ങളിൽ ഇന്ത്യ 64.3% സ്കോറുമായി 127ാം സ്ഥാനത്ത് ആണ്. 

വിദ്യാഭ്യാസം ആരോഗ്യം, സാമ്പത്തികം, രാഷ്ട്രീയം  എന്നീ മേഖലകളിൽ ലോകത്താകെ വലിയ പുരോഗതി ആണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യകാര്യത്തിൽ 96 ശതമാനവും, വിദ്യാഭ്യാസത്തിൽ 96.2 ശതമാനവും, സാമ്പത്തിക പങ്കാളിത്തം 60.1 ശതമാനവും, രാഷ്ട്രീയ ശാക്തീകരണം 22.1 ശതമാനവും  ആണ്. ഇന്ത്യയ്ക്ക്  സാമ്പത്തിക പങ്കാളിത്ത കാര്യത്തിൽ 36.7 ശതമാനവും രാഷ്ട്രീയ ശാക്തീകരണത്തിൽ 25.3 ശതമാനവുമാണ് നേടാൻ കഴിഞ്ഞത്. 73 ,74 ഭരണഘടനാ ഭേദഗതികളിലൂടെ നമ്മുടെ രാജ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടതിന്റെ ഫലമായി പ്രാദേശിക ഭരണകൂടങ്ങളിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കുകയുണ്ടായി. (ഇന്ത്യയിൽ പ്രാദേശിക സർക്കാരുകളിൽ സ്ത്രീ പങ്കാളിത്തം 44.4 ശതമാനമാണ്) അത് കൂടി പരിഗണിക്കുമ്പോഴാണ് ഇന്ത്യക്ക് 25 .3 ശതമാനം രാഷ്ട്രീയ ശാക്തീകരണത്തിലേക്കെത്താൻ കഴിയുന്നത്.
സാമ്പത്തിക പങ്കാളിത്തത്തിൽ ലിംഗസമത്വത്തിനായി 169 വർഷവും, രാഷ്ടീയ ശാക്തീകരണത്തിൽ 162 വർഷങ്ങളും ഇനിയും കാത്തിരിക്കേണ്ടി വരും എന്നാണ് വേൾഡ് ജെൻഡർ ഗ്യാപ് റിപ്പോർട്ട് പറയുന്നത്.

ലോകത്തിലെ ഏത് രാജ്യങ്ങളിലും രാഷ്ട്രീയ രംഗത്ത് സ്ത്രീകൾ പലകാരണങ്ങളാലും പാർശ്വവൽക്കരിക്കപ്പെടുകയാണ്. സ്ത്രീകളുടെ മുന്നേറ്റങ്ങൾ വികസന മുൻഗണനകളെ മാറ്റുമെന്ന് ഉറപ്പാണ്. അതിലേക്കെത്താനുള്ള യാത്രയുടെ വേഗത കൂട്ടേണ്ടത് വളരെ പ്രധാനമാണ്. 

സ്ത്രീകൾക്കെതിരെ ഉള്ള അതിക്രമങ്ങൾ

ആഗോള തലത്തിൽ സ്ത്രീകൾക്കതിരെ പൊതുസ്ഥലങ്ങളിൽ നടമാടുന്ന അക്രമങ്ങളും അനീതിയും സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളാണ്. 'യുണൈറ്റഡ് നേഷന്റെ ജൻഡർ സ്നാപ്ഷോട്ട്", 2023 ന്റെ കണക്കനുസരിച്ച് സാമൂഹികവും സാമ്പത്തികവുമായ വികസന മുന്നേറ്റങ്ങളെ  തടസ്സപ്പെടുത്തുന്നതിനും,  പട്ടിണിയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതിനും, കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് ജനങ്ങളെ തള്ളിവിടുന്നതിനും കുറ്റകൃത്യങ്ങൾ പെരുകുന്നതിനും രോഗങ്ങളുടെ വ്യാപനത്തിനും, പരിസ്ഥിതി പ്രശ്നങ്ങൾക്കുമെല്ലാം അസമത്വവും വിവേചനങ്ങളും പ്രധാന കാരണമാകും. ഈ സാഹചര്യത്തിൽ നമുക്ക് ഒരിക്കലും സുസ്ഥിരമായ ഒരു വികസനം സാധ്യമാക്കാൻ കഴിയുകയില്ല. കണക്കനുസരിച്ച് ആഗോളതലത്തിൽ പാർലമെന്റ് സീറ്റുകളിലെ 26.7 ശതമാനവും പ്രാദേശിക ഭരണകൂടങ്ങളിൽ 35.5 ശതമാനവും പ്രാതിനിധ്യം ഇപ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ ഭരണ മേൽനോട്ട  മേഖലയിൽ 28.2 ശതമാനം തസ്തികകളിലും ഇപ്പോൾ  സ്ത്രീകളാണ്. 

ലോകത്താകെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ഉയർന്നു വന്ന സ്ത്രീകളിൽ പകുതിയിലധികം പേരും ഒരിക്കലെങ്കിലും പൊതുസ്ഥലങ്ങളിലെ അതിക്രമങ്ങളിൽ മാനസ്സികമായി തകർന്നവരാണ്. അതിൽ സോഷ്യൽമീഡിയ ആക്രമണങ്ങൾ മുന്നിൽ നിൽക്കുന്നു. മോശമായ വാർത്തകൾ പ്രചരിപ്പിയ്ക്കൽ, മോശമായ പരാമർശങ്ങൾ, ചിത്രങ്ങൾ പ്രദർശിപ്പിയ്ക്കൽ, തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നതാണ്. പലപ്പോഴും സ്ത്രീകളെ അവർക്കെതിരെയും കുടുംബത്തിനെതിരെയും ഉള്ള ഇത്തരം ആക്രമണങ്ങൾ നിശ്ശബ്ദരാക്കി പിന്നോക്കം നടത്തുന്നുണ്ട്. അവരനുഭവിക്കുന്ന മാനസ്സിക സമ്മർദങ്ങൾ വളരെ വലുതാണ്. അവരുടെ കുടുംബത്തിന് നേർക്കും  ഇത്തരത്തിൽ ആക്ഷേപങ്ങൾ ഉയർത്തിക്കൊണ്ടുവരികയെന്നത് മറ്റൊരു പ്രധാന തന്ത്രമാണ്. ഇത് വളരെ ഗൗരവമേറിയതാണ്. ഒപ്പം ജീവിതത്തിൽ സ്ത്രീകൾ പ്രത്യേകിച്ചും  പൊതുരംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയുമാണ്.

പിന്നോക്കം നടത്തുന്ന പട്ടിണിയും ദാരിദ്ര്യവും

ഇന്നത്തെ ലോകസാഹചര്യം ഇതേ രീതിയിൽ തുടർന്നാൽ 34 കോടി സ്ത്രീകളും പെൺകുട്ടികളും ശക്തമായ ദാരിദ്ര്യത്തിലേക്ക് തള്ളിയിടും എന്നാണ് 'യുണൈറ്റഡ് നേഷന്റെ ജൻഡർ സ്നാപ്ഷോട്ട്', 2003 ലെ കണക്കുകൾ സൂചിപ്പിയ്ക്കുന്നത്. ലോകം നേരിടേണ്ടി വരുന്ന മറ്റൊരു അസമത്വകാരണമാണ് ദാരിദ്ര്യം. സാമൂഹികവും സാമ്പത്തികവുമായ വികസന മുന്നേറ്റങ്ങളെ  തടസ്സപ്പെടുത്തുന്നതിനും,  പട്ടിണിയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതിനും, കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് ജനങ്ങളെ തള്ളിവിടുന്നതിനും കുറ്റകൃത്യങ്ങൾ പെരുകുന്നതിനും രോഗങ്ങളുടെ വ്യാപനത്തിനും, പരിസ്ഥിതി പ്രശ്നങ്ങൾക്കുമെല്ലാം അസമത്വവും വിവേചനങ്ങളും പ്രധാന കാരണമാകും. ഈ സാഹചര്യത്തിൽ നമുക്ക് ഒരിക്കലും സുസ്ഥിരമായ ഒരു വികസനം സാധ്യമാക്കാൻ കഴിയുകയില്ല. ജനങ്ങൾക്ക് വളരെ മെച്ചപ്പെട്ട ഒരു ജീവിതം നൽകാനും കഴിയില്ല. 2050 ആകുമ്പോഴേക്കും കാലാവസ്ഥ മാറ്റവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലം 15.8 കോടി സ്ത്രീകളും പെൺകുട്ടികളുമാണ് പുതുതായി ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടാൻ പോകുന്നത് (U N. Women). ഇന്ന് പത്തിൽ ഒരു സ്ത്രീ സമ്പൂർണ്ണമായ ദാരിദ്യത്തിലാണ് ജീവിക്കുന്നത്.

ലിംഗപദവി, ഭിന്നശേഷി ജാതി ,മതം, അവസരങ്ങൾ എന്നിവയുടെയെല്ലാം  പേരിൽ ലോകത്താകെ അസമത്വങ്ങൾ നിറഞ്ഞു നിൽക്കുകയാണ്. സമ്പത്തിന്റെ 76 ശതമാനവും കയ്യാളുന്നത് ലോകജനസംഖ്യയുടെ 10 ശതമാനം പേരാണ്. അതേസമയം ഏറ്റവും താഴെത്തട്ടിൽ ഉള്ള 50 ശതമാനം ജനങ്ങളുടെ കൈവശം രണ്ട് ശതമാനം  സമ്പത്ത് മാത്രമാണ് നിലവിലുള്ളത്. ലോകത്ത് ആറ് പേരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നുമുണ്ട്. 

എല്ലാവിധ അസമത്വങ്ങളിലും സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ബുദ്ധിമുട്ടേണ്ടി വരുന്നത്. അതു കൊണ്ട് സ്ത്രീകൾക്കായി കടുതൽ നിക്ഷേപിക്കുകയെന്നത് വളരെ പ്രസക്തമാകുകയാണ്. എങ്കിൽ മാത്രമേ സാമൂഹ്യ പുരോഗതിയിൽ അനുഗുണമായ മാറ്റങ്ങൾ സാധ്യമാകു. ലോകത്തിന്റെ പലഭാഗങ്ങളിലും ഉണ്ടാകുന്ന സംഘർഷങ്ങളും വിലവർദ്ധനവുമെല്ലാം പലരാജ്യങ്ങളിലും ഗവൺമെന്റുകളെ പൊതുചിലവു കുറയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നു. ഇതെല്ലാം ഏറ്റവുമധികം ബാധിയ്ക്കപ്പെടുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ലോക സാമ്പത്തിക അവസ്ഥയിലുണ്ടാകുന്ന ഓരോ ചെറിയ മാറ്റവും സ്ത്രീകളെയാണ് പ്രതികൂലമായി  ബാധിക്കുക.അത്  തരണം ചെയ്ത് മുന്നോട്ടു പോകുന്നതിന് സ്ത്രീകൾക്കായി നിക്ഷേപിക്കുക എന്നത് വികസനത്തിന്റെ മൂലാധാരമായി മാറണം. ശരിയായ പുരോഗതി സാധ്യമാകണമെങ്കിൽ സ്ത്രീകളുടെ ശബ്ദം ഉയർന്നു കേൾക്കാൻ കഴിയുന്ന ബദൽ സ്ത്രീ സാമ്പത്തിക സാമൂഹിക വ്യവസ്ഥയുടെ മാതൃകകൾ  ഉയർന്ന് വരണം. 

 

Join WhatsApp News
Nelson Gomez 2024-03-08 05:09:04
Highly informative, Uma
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക