Image

പത്മജേ , ഇതാണേ സ്ത്രീ ശാക്തീകരണം ... (ജോളി അടിമത്ര-ഉയരുന്ന ശബ്ദം -108)

Published on 08 March, 2024
പത്മജേ , ഇതാണേ സ്ത്രീ ശാക്തീകരണം ... (ജോളി അടിമത്ര-ഉയരുന്ന ശബ്ദം -108)

വനിതാദിന സാഹിത്യംകൊണ്ട് ലോകം പൊറുതിമുട്ടിയ ദിവസമാണിന്ന് . ഏതു പത്രമെടുത്തു നോക്കിയാലും വിജയഗാഥകള്‍ !. മുറുക്കാന്‍കട നടത്തുന്ന സരോജനിയമ്മ മുതല്‍ ലോറിയോടിക്കുന്ന സാറാമ്മ വരെ വിജയകഥകള്‍ പറയുന്നു. അതിനിടയിലാണ് പത്മജയുടെ വരവ്.. നല്ലൊരു ദിവസവും നല്ലൊരു മുഹൂര്‍ത്തവും നോക്കിവേണം എല്ലാം ചെയ്യാനെന്ന് അച്ഛനില്‍നിന്നും പത്മജ പഠിച്ചുവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ  കുറേ നാളായി നല്ലൊരു അവസരം നോക്കിയിരിക്കയായിരുന്നു.. സാര്‍വ്വദേശീയ വനിതാദിനത്തേക്കാള്‍ പറ്റിയൊരു ദിവസം അടുത്തെങ്ങും വരാനില്ലെന്ന് അവര്‍ക്കറിയാം. അങ്ങനെയാണ് ആറ്റിലേക്ക് അച്ച്യുതന്‍ എടുത്തു ചാടിയപോലെ താമരക്കുളത്തിലേക്ക് ഒറ്റച്ചാട്ടം വച്ചുകൊടുത്തത്.

നമ്മുടെ ലീഡറുടെ മകളേ. പത്മജാ വേണുഗോപാല്‍ എന്നു പറഞ്ഞാല്‍ എത്രപേര്‍ക്കറിയാം ?. എന്നാല്‍ ലീഡറുടെ മകളെന്നു പറഞ്ഞാല്‍  വേറെ മേമ്പൊടിയൊന്നും വേണ്ട. കാരണം കേരളത്തിന്  ഒറ്റ ലീഡറേയുള്ളൂ , അത് കെ.കരുണാകരനാണ്. ആ ലീഡറുടെ മുഖത്ത് കരയോയില്‍ കോരി ഒഴിച്ചിട്ടല്ലേ പത്മജ മോദിജിക്കൊപ്പം പോയത്. സാര്‍വ്വദേശീയ മഹിളാദിനത്തില്‍ തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ കൊട്ടുംകുരവയുമായി ബിജെപിയുടെ എതിരേല്‍പ്പ്. ഇതില്‍പ്പരം എന്തോന്ന് അംഗീകാരമാണ് വനിതാദിനത്തില്‍ പത്മജയ്ക്ക് കിട്ടാനുള്ളത്. ഇത്രേം നാള് ഒരുനേരത്തെ കഞ്ഞിപോയിട്ട് പഴങ്കഞ്ഞിപോലും  പാവത്തിന്  കൊടുക്കാഞ്ഞ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു മുന്നറിയിപ്പായി !. ഇതുവരെ ഒരു ചാനലുകാരും തിരിഞ്ഞുനോക്കാതിരുന്ന പത്മജയുടെ പിന്നാലെ അഭിമുഖം ചോദിച്ചോണ്ട് ചാനലുകള്‍ വായപൊത്തി നില്‍ക്കുന്നു. നാളെ ചിലപ്പോള്‍ ഗവര്‍ണറൊക്കെ ആയാലോ ... കഷ്ടം..കേരളത്തിന്റെ അവസ്ഥ ..സ്ത്രീ ശാക്തീകരണമെന്നു വച്ചാല്‍ ഇതാണ് മാളോരേ..

അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ട്. അപ്പോ നമ്മള്‍ രണ്ടുവശവും കേള്‍ക്കാതെ പോകരുത്. കോണ്‍ഗ്രസ്സുകാര്‍ക്ക് ഇത് ശനിദശയാണെന്ന് എല്ലാവര്‍ക്കും അറിയാം. സത്യത്തില്‍ നേതാക്കന്‍മാര്‍ കൂടിപ്പോയതാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഗതികേടിനു ഒരു കാരണം. വാളെടുത്തവനെല്ലാം വെളിച്ചപ്പാട്. അതിനിടെ അപ്പന്‍മാര്‍ ആനപ്പുറത്തുകയറിയതിനാല്‍ തങ്ങളുടെ ചന്തിയില്‍ തഴമ്പുണ്ടെന്നും പറഞ്ഞ് കുറേ മക്കള്‍ പൃഷ്ടം തടവി നില്‍പ്പുണ്ട്... എല്ലാരുംകൂടെ നല്ലൊരു പാര്‍ട്ടിയ്ക്ക് ശവക്കുഴി വെട്ടി .സത്യത്തില്‍ ഈ പത്മജ ആരാണ് ?. അവര് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് കോണ്‍ഗ്രസ്സിന് എന്തെങ്കിലും കോട്ടം സംഭവിക്കുമോ  ? ബീജെപിക്ക് എന്തെങ്കിലും നേട്ടമുണ്ടാകുമോ ?. രണ്ടിടത്തും ഒരുചുക്കും സംഭവിക്കില്ലെന്നതാണ് സത്യം.

മറന്നോ ലതികാ സുഭഷിനെ?. തല മൊട്ടയടിച്ച് കണ്ണീരോടെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പടിയിറങ്ങിപ്പോയ ലതികാ സുഭാഷ്. ജീവിതം മുഴുവന്‍ കോണ്‍ഗ്രസ്സിനുവേണ്ടി കൊടിപിടിച്ച ആ കൈയ്യ്‌കൊണ്ട് കണ്ണീര്‍ത്തുടച്ച് ഇറങ്ങിപ്പോകുമ്പോള്‍ മുന്‍നിര നേതാക്കള്‍ പലരും പുശ്ചിച്ചു. ഏതായാലും ലതിക , പത്മജ ആയില്ല. കോണ്‍ഗ്രസ്സിനോട് പത്മജ കാണിച്ചപോലുള്ള പകയൊന്നും ലതിക വച്ചുപുലര്‍ത്തിയില്ല. ഇത്രയും അപമാനവും പാര്‍ട്ടിക്ക് ലതിക നല്‍കിയുമില്ല. എന്ത് ആദര്‍ശം പറഞ്ഞാലും  കോണ്‍ഗ്രസ്സില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന ഒരു സ്ഥാനവും കൊടുക്കുന്നില്ല എന്നത് ഒരു പരമ സത്യമാണ്. സിന്ദാബാദ് വിളിക്കാനും ജാഥയ്ക്ക് ബാനര്‍ പിടിച്ച് മുന്നില്‍നില്‍ക്കാനും കുറേ പെണ്ണുങ്ങള്‍ വേണം. 33 ശതമാനം എന്നൊക്കെ വായ കീറി പ്രസംഗിച്ചാലും കാര്യം വരുമ്പോള്‍ ഒരു ചുക്കുമില്ല. അഥവാ വല്ലതും പൊഴിഞ്ഞുകിട്ടണമെങ്കില്‍ അപ്പന്‍മാരോ ഭര്‍ത്താവോ മരിച്ചുകിട്ടണം. എങ്കില്‍ സഹതാപതരംഗത്തില്‍ വല്ലതും വീണുകിട്ടും. ലീഡറുടെ മകളായിട്ടും നാണംകെട്ട് പലവട്ടം ചോദിച്ചപ്പോഴാണ് തനിക്ക് ചില സ്ഥാനങ്ങള്‍ തന്നതെന്ന് പത്മജ ഇന്നലെ തുറന്നടിച്ചിട്ടുണ്ട്. കരുണാകരന്‍ മരിച്ചതോടെ  പത്മജയ്ക്കും സഹോദരന്‍ മുരളീധരനും വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലെന്ന് നമ്മള്‍ക്കറിയാം. ചവിട്ടും തുപ്പും വേണ്ടത്ര കിട്ടിയിട്ടുമുണ്ട്. അച്ഛന്റെ പ്രതിമ സ്ഥാപിച്ചില്ലെന്നതാണ് പത്മജയെ ക്ഷോഭിപ്പിച്ച ഒരു കാര്യം .മിടുമിടുക്കരായ രണ്ടു മക്കള്‍ക്കുംകൂടെ  സ്വന്തം കീശയിലെ കാശുമുടക്കി ഒരു പ്രതിമ സ്ഥാപിക്കാവുന്നതല്ലേയുള്ളൂ. പ്രിയങ്ക ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ്സുകാര്‍ അനുവദിച്ചില്ലെന്നതാണ് മറ്റൊരു കാര്യം. പാര്‍ട്ടിക്കു അവര്‍ നല്‍കിയ പരാതികള്‍ ചവറ്റുകുട്ടയിലിട്ടു .. തുടങ്ങി പരിഭവങ്ങള്‍ ഒരു പാടുണ്ട്. ഇതുവരെ അനുഭവിച്ചുപോന്ന പദവികള്‍ അവര്‍ മറന്നു.

ഒട്ടേറെ അവസരങ്ങള്‍ കരുണാകരന്റെ മകള്‍ എന്ന ലേബലില്‍ പത്മജ സ്വന്തമാക്കിയിട്ടുണ്ട്. ഒരുവട്ടം ലോകസഭാ സ്ഥാനാര്‍ഥിത്വം, രണ്ടുപ്രാവശ്യം നിയമസഭാ സ്ഥാനാര്‍ഥിത്വം പത്മജയ്ക്ക് അനുവദിച്ചിരുന്നു. ഒറ്റത്തവണപോലും ജയിക്കാഞ്ഞത് പാര്‍ട്ടിയുടെ കുറ്റമാണോ എന്ന് കോണ്‍ഗ്രസ്സുകാര്‍ ചോദിക്കുന്നു.? ജയിക്കാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്കൂടെ മനസ്സുവയ്‌ക്കേണ്ടേ ..മൂന്നുവട്ടം തോറ്റമ്പിയെങ്കിലും ലീഡറുടെ മകളെ പാര്‍ട്ടി ഓടിച്ചുവിട്ടില്ല. കെടിഡിസി ചെയര്‍മാന്‍ പദവി, കെപിസിസി  വൈസ്പ്രസിഡന്റ് , കെപിസിസി ജന. സെക്രട്ടറി, കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം, എഐസിസി അംഗം, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ പത്മജയ്ക്ക് നല്‍കി. ഇത്രയും പദവികള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസ്സിലെ വേറെ എത്ര സ്ത്രീകള്‍ ഉണ്ട് എന്നത് ചിന്തിക്കുക. അച്ഛന്റെ പേരിലെ തഴമ്പിന്റെ മറവില്‍ സ്വന്തമാക്കിയ പദവികളാണിവയെല്ലാം. ഇങ്ങോട്ട് തന്നതല്ല, താന്‍ കെഞ്ചി വാങ്ങിയ പദവികളാണിവയെന്ന് അവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. തുടര്‍ന്നും അവര്‍ പലതും മോഹിച്ചു. കിട്ടാതായപ്പോള്‍ , തീര്‍ത്തും അവഗണിക്കപ്പെടുന്നു എന്നു തോന്നിയപ്പോള്‍ കെട്ടുംകിടക്കയുമായി താമരക്കുളത്തിലേക്ക് എടുത്തു ചാടിയെന്നു മാത്രം. വിലപേശാന്‍ നല്ല വശമുള്ളവളാണ് പത്മജ. അതിനാല്‍ത്തന്നെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേക്കേറിയാലും പദവികള്‍ക്കായി അവര്‍ വിലപേശിക്കൊണ്ടേയിരിക്കും.

കോണ്‍ഗ്രസ്സുകാരുടെ ചോദ്യം മറ്റൊന്നാണ്. കഴിവു തെളിയിച്ചിട്ടൊന്നുമല്ല പദ്മജയ്ക്ക് മത്സരിക്കാന്‍ മൂന്നുതവണ അവസരം നല്‍കിയത്. ലീഡറുടെ മകള്‍ എന്ന ഒറ്റ പരിഗണനയില്‍ മാത്രമാണത്. പക്ഷേ ജനങ്ങള്‍ക്ക് അവരെ വേണ്ടാ. അതിന് പാര്‍ട്ടിയിലെ ചിലര്‍ അവരെ കാലുവാരിയതാണെന്നൊക്കെ പറഞ്ഞുനടക്കുന്നു.  അവരെക്കാള്‍ കഴിവുള്ള എത്രയോ സ്ത്രീകള്‍ പദവികളൊന്നും  കിട്ടാഞ്ഞിട്ടും പരിഭവം ഏതുമില്ലാതെ പാര്‍ട്ടിയെ അനുസരിച്ചു മുന്നോട്ടുപോകുന്നു. എന്നിട്ടും മുറുമുറുപ്പാണ്..  അതു ശരിയാണ്. താഴേ തട്ടുമുതല്‍ കഷ്ടപ്പെട്ടുപ്രവര്‍ത്തിച്ചുവളര്‍ന്ന നുറുകണക്കിനു സ്ത്രീകളുടെ മുന്നിലൂടെയാണ് കരുണാകരന്റെ മകള്‍ എന്ന ഒറ്റപേരില്‍ പത്മജ വളര്‍ന്നത്. അവര്‍ കൊടിപിടിച്ചോ ബാനര്‍പിടിച്ചോ പ്രതിഷേധപരിപാടികളില്‍ പൊരിവെയിലത്ത് നടന്നിട്ടില്ല. പാര്‍ട്ടിയ്ക്കുവേണ്ടി  പൊലിസിന്റെ അടി കൊണ്ടിട്ടില്ല. മുഖ്യമന്ത്രിയായ അപ്പന്റെ മകള്‍ എന്ന സുഖസൗകര്യങ്ങള്‍ ആവോളം അനുഭവിച്ചിട്ടുമുണ്ട്. ഇതെന്താ രാജഭരണകാലമാണോ പരമ്പരാഗതമായി അധികാരം കൈമാറാന്‍. മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ മകനും ബിജെപിയിലേക്കു ചേക്കേറി. അനില്‍ ആന്റണിയും സ്ഥാനമാനങ്ങള്‍ ഏറെ മോഹിച്ചിരുന്നു. കിട്ടില്ലെന്നുറപ്പായപ്പോഴാണ് മറുകണ്ടം ചാടിയത്.

പത്മജ പോയതുകൊണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് വല്ലതും സംഭവിക്കുമോ ?.എവിടെ ?.ആ പാര്‍ട്ടിതന്നെ ഊര്‍ധന്‍ വലിച്ചുകൊണ്ടിരിക്കെയാണ്. ശ്വാസം എപ്പോള്‍ വേണമെങ്കിലും നിലയ്ക്കാം. കോണ്‍ഗ്രസ്സ് പാര്‍ട്ടി ഒരു മുങ്ങുന്ന കപ്പലാണെന്ന് ഉറപ്പുള്ളതിനാലാണ് എംപിയിലും യുപിയിലുമൊക്കെയുള്ള  പ്രമുഖകോണ്‍ഗ്രസ്സുകാര്‍ പലരും ബിജെപിയിലേക്ക് എടുത്തു ചാടുന്നത്. കോണ്‍ഗ്രസ്സ്  പാര്‍ട്ടിക്ക് പത്മജയുടെ ചാട്ടം ഒരു പ്രശ്‌നമേയല്ല. ഇനിയും പലരും പോകാന്‍ കച്ചകെട്ടിനില്‍പ്പുണ്ടെന്നും അവര്‍ക്കറിയാം..

ഇനി  ബിജെപിയ്ക്ക് പത്മജ ഒരു മുതല്‍ക്കൂട്ടാവുമോ ? എവിടെ ? വലിയ സിംഹങ്ങളുടെ മടയിലേക്കാണ് അവര്‍ ചെന്നു വീണിരിക്കുന്നത്. ചെന്ന മുറയ്ക്ക് ആദ്യം ചെറിയ ചില പരിഗണന കിട്ടിയെന്നിരിക്കും. അത്ര തന്നെ. ദേ, പിസി ജോര്‍ജ്ജിന്റെ കാര്യം തന്നെ ഉദാഹരണം. ജനപക്ഷത്തിന്റെ ലയനം നടന്നതു മിച്ചം. പത്തനംതിട്ട മോഹം അമ്പേ പൊലിഞ്ഞുപോയി. അവിടെ അനില്‍ ആന്റണിയ്ക്കുവേണ്ടി വോട്ടുപിടിച്ചു നടക്കേണ്ട ഗതികേട്. എവിടെയുമില്ലാത്ത അവസ്ഥയില്‍ ജോര്‍ജ്ജ് മുരണ്ടു നടക്കുകയാണെന്നാണ് കേള്‍വി. മിടുമിടുക്കനായ ഐഎഎസ് ഓഫീസര്‍ എന്നു പേരെടുത്ത അല്‍ഫോണ്‍സ് കണ്ണന്താനം ,ടോം വടക്കന്‍, തുടങ്ങി ബിജെപിയില്‍ ചേര്‍ന്ന ഒട്ടേറെപ്പേര്‍ ഇപ്പോള്‍ എവിടാണെന്നു പോലും ജനത്തിനറിയില്ല. മേനകാ ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും എവിടാണോ ആവോ.. പത്മജയ്ക്ക്  പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ഇത്തവണ സീറ്റു കൊടുത്താലും  വലിയ മെച്ചം ഉണ്ടാവാന്‍ പോണില്ല. കോണ്‍ഗ്രസ്സിലെ രണ്ടു മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയില്‍ ചേര്‍ന്ന് മത്സരിച്ചു തോറ്റെന്ന ' ഖ്യാതി ' പിടിച്ചുപറ്റാം എന്നു മാത്രം. ഇതുവരെ കേരളത്തില്‍ കോണ്‍ഗ്രസ്സ്  തട്ടകത്തില്‍ പത്മജ കളിച്ച കളികള്‍ ബിജെപിയില്‍ നടക്കാന്‍ പോണില്ല. പക്ഷേ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സമയത്ത്  കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കിട്ട് ഒരു തട്ടുകൊടുത്ത്  ഗോളടിക്കാന്‍ കരുണാകരന്റെ മകള്‍ക്ക്  കഴിഞ്ഞിരിക്കുന്നു.

ക്ഷമയോടെ ഇത്തിരിക്കാലം കാത്തിരുന്നാല്‍ നമ്മള്‍ക്ക് കാണാന്‍ കളികള്‍ ഏറെയുണ്ട്. ഇനിയും സ്ഥാനമോഹികളായ ഒരുപാടു കോണ്‍ഗ്രസ്സുകാര്‍ താമരക്കുളത്തിലേക്കു ചാടിവീഴാനുണ്ട്. കോണ്‍ഗ്രസ്സും ബിജെപിയും കൈകോര്‍ത്ത് അധികം വൈകാതെ  ഒരു ഇലക്ഷന്‍  നേരിടേണ്ടിവന്നാലും അത്ഭുതപ്പെടരുത്. രാഷ്ട്രീയം എന്നു പറഞ്ഞാല്‍ അതാണ്. അധികാരത്തിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും നേര്‍വ്വഴിയിലൂടെയല്ല. 

 

Join WhatsApp News
josecheripuram 2024-03-08 21:44:02
Politics is Poly tricks, No one is that honest or clean, It's not severing people, It's ruling people. In Kerala UDF is not at all united and LDF is extreme leftist, Voters have no third choice, may be they may think of giving a chance to a third party.In politics any thing is possible.
Babu varughese 2024-03-08 23:00:43
Nice and direct political observation. Thanks Jolly
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക