Image

ഇലക്ഷന്‍ മാമാങ്കത്തിന് മുഹൂര്‍ത്തം കുറിച്ചു; വിചാരണക്കസേരയില്‍ ഇനി ജനങ്ങള്‍(എ.എസ് ശ്രീകുമാര്‍)

Published on 17 March, 2024
ഇലക്ഷന്‍ മാമാങ്കത്തിന് മുഹൂര്‍ത്തം കുറിച്ചു; വിചാരണക്കസേരയില്‍ ഇനി ജനങ്ങള്‍(എ.എസ് ശ്രീകുമാര്‍)

രാജ്യം ഉറ്റുനോക്കുന്ന പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ഭരണത്തിലിക്കുന്ന മോദിയുടെയും കൂട്ടരുടെയും ശിരസ് കുമ്പിട്ടിരിക്കുന്നു. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം അധികാര ഗര്‍വില്‍ നെഞ്ച്‌വിരിച്ച് നടന്നവര്‍ കൈകള്‍കൂപ്പി വെളുക്കെച്ചിരിച്ച്, അമിത വിനയത്തോടെ ജനങ്ങളോട് വോട്ട് യാചിക്കുന്ന ദിനങ്ങളാണിത്. ഇനി കുറച്ച് നാളത്തേയ്ക്ക് ജനങ്ങളാണ് യജമാനന്‍മാര്‍. വലിപ്പ ചെറുപ്പം നോകാകതെ, രാഷ്ട്രീയ നേതാക്കളെ വിചാരണക്കൂട്ടില്‍ നിര്‍ത്തിപ്പൊരിച്ചും എണ്ണിയെണ്ണിച്ചോദിച്ചും അവര്‍ അടുത്ത അഞ്ച് കൊല്ലം ആര് ഭരിക്കണമെന്ന് വിധിയെഴുതും. അതുകൊണ്ട് തല്‍ക്കാലം പന്ത് ഇപ്പോള്‍ ജനങ്ങളുടെ കോര്‍ട്ടിലാണ്.

ചരിത്രപരമായ പ്രായപൂര്‍ത്തി വോട്ടവകാശം 1952-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ നടപ്പാക്കിക്കൊണ്ട് ആരംഭിച്ച ലോകത്തെ ഏറ്റവും ബ്രഹത്തും സങ്കീര്‍ണ്ണവുമായ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇപ്പോള്‍ 17-ാം ലോക്‌സഭയില്‍ എത്തി നില്‍ക്കുന്നു. ഏഴ് ഘട്ടങ്ങളിലായിട്ടാണ് 18-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഏപ്രില്‍ 19-ാം തീയതി തുടക്കം കുറിക്കുക. രണ്ടാം ഘട്ടമായ ഏപ്രില്‍ 26-ാം തീയതിയാണ് കേരളം പോളിങ്ങ് ബൂത്തിലെത്തുക.

ജൂണ്‍ ഒന്നാം തീയതി ഏഴാം ഘട്ടവും അവസാനിച്ച് ജൂണ്‍ നാലാം തീയതിയിലെ വോട്ടെണ്ണലിലൂടെ അറിയാം രാജ്യത്തെ ആര് നയിക്കും എന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേയ്ക്കും 13 സംസ്ഥാനങ്ങളിലെ 26 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും തിരഞ്ഞെടുപ്പ് നടക്കും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ് തിരഞ്ഞെടുപ്പുകള്‍. ഇപ്പോള്‍ മറ്റൊരു തിരഞ്ഞെടുപ്പിന്റെ ആരവത്തിലും ആവേശത്തിലും അമര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ജനത. തീയതി കുറിച്ചതോടെ ഇന്ത്യയുടെ ഭരണാധികാരം പിടിച്ചടക്കാനുള്ള തന്ത്രങ്ങളുമായി അധികാരത്തിന് പുറത്തുള്ളവരും കസേര പോകാതിരിക്കാനുള്ള കരുനീക്കങ്ങളുമായി ഭരണത്തിലിരിക്കുന്നവരും കൈയ്യും മെയ്യും മറന്ന് പയറ്റുന്ന കാഴ്ചയാണ് വരും ദിനങ്ങളില്‍ നാം കണാന്‍ പോകുന്നത്. അതുകൊണ്ട് വാഗ്ദാനങ്ങളും വാക്‌പോരുകളും ഇന്ത്യയുടെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ മാറ്റൊലി കൊള്ളും.

ഇത്തവണ 96.8 കോടി ജനങ്ങളാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതില്‍ 47.1 കോടി വനിതാ വോട്ടര്‍മാരാണ്. 1.8 കോടി കന്നി വോട്ടര്‍മാരും. രാജ്യത്ത് സജ്ജമാകുന്ന പത്തരലക്ഷം പോളിങ്ങ് ബൂത്തുകളില്‍ ക്യൂ നിന്ന് ജനങ്ങള്‍ തങ്ങളുടെ പുതിയ സാരഥികളെ നിശ്ചയിക്കുമ്പോള്‍ അത് മറ്റൊരു ചരിത്രമാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൂന്നാം ഊഴത്തിന് കോപ്പു കൂട്ടുന്ന തിരഞ്ഞെടുപ്പാണിത്. അദ്ദേഹം തന്നെയാണ് ബി.ജെ.പിയുടെ ഇലക്ഷന്‍ പൈലറ്റ്. പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിലെ നേതാക്കളായ സോണിയാ ഗാന്ധി മുതല്‍ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് വരെയുള്ളവര്‍ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കും.

മോദി സര്‍ക്കാരിന്റെ ഭാവി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് ഈ തിരഞ്ഞെടുപ്പ് എങ്കില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നിലനില്പിനു വേണ്ടിയിട്ടുള്ള കച്ചിത്തുരുമ്പാണ് 18-ാം ലോക്‌സഭയിലേക്കുള്ള ഈ ജനകീയ ജനാധിപത്യ പോരാട്ടം. പത്തുകൊല്ലം മുമ്പ് ഇല്ലാതായ യു.പി.എയുടെ (യുണൈറ്റഡ് പ്രൊഗ്രസീവ് അലയന്‍സ്) ചുവടുപിടിച്ച് രൂപീകരിച്ച ഇന്ത്യാ സഖ്യത്തിന്റെ ആയുസ് നിഷ്ചയിക്കുന്നത് കൂടിയായിരിക്കും ഈ ഇലക്ഷന്‍.

അതിനാല്‍ തന്നെ ഗോദയില്‍ കടുത്ത ആരോപണ പ്രത്യാരോപണങ്ങളും പുത്തന്‍ മുദ്രാവാക്യം വിളികളും തിളയ്ക്കുന്ന  ചര്‍ച്ചകളും മുഴങ്ങിക്കേള്‍ക്കും. പത്തു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ട്രംപ്കാര്‍ഡ് ആയി ഉയര്‍ത്തുന്ന ബി.ജെ.പി, പൗരത്വ നിയമ ഭേദഗതി, അയോധ്യ രാമക്ഷേത്ര നിര്‍മാണം, ഏക സിവില്‍ കോഡ്, ജമ്മു-കാശ്മീര്‍ പ്രത്യേക പദവി റദ്ദാക്കിയ നടപടി തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിക്കൊണ്ടായിരിക്കും പ്രചാരണം കൊഴുപ്പിക്കുക.

എന്നാല്‍ പ്രതിപക്ഷത്തിന്റെ കുന്തമുന നീളുന്നത് മോദി സര്‍ക്കാരിന്റെ ദൗര്‍ബല്യങ്ങള്‍ക്കും വര്‍ഗീയ കാഴ്ചപ്പാടുകള്‍ക്കും നേരെയാണ്. മണിപ്പൂരിലെ വര്‍ഗീയ കലാപം, ശാപമായി മാറുന്ന തൊഴിലില്ലായ്മ, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം, ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയ പകപോക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ആയുധമാക്കും.

രാഷ്ട്രീയ ഭാരതത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ വര്‍ഷമാണിത്. കാരണം നരേന്ദ്ര മോദി ഒരു മൂന്നാമൂഴത്തിന്  തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ ഗോദയിലിറങ്ങുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ഏറെ ക്ലേശിക്കുകയാണ്, ഇന്ത്യയെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. കഴിഞ്ഞ തവണ, അതായത് 2019 ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി 543 സീറ്റുകളിലേയ്ക്ക് നടന്ന വോട്ടെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്ക് 303 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് വെറും 52 സീറ്റുകളിലൊതുങ്ങുകയായിരുന്നു.

ഒറ്റയ്ക്ക് കേവല ഭൂരിപക്ഷവുമായി ഭരണം നേടിയ ബി.ജെ.പി, 2014-ലെ 282 സീറ്റുകളില്‍ നിന്നാണ് നില മെച്ചപ്പെടുത്തിയത്. കോണ്‍ഗ്രസ് ആകട്ടെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ നിലയില്‍ അന്ന് 44 സീറ്റുകളിലേയ്ക്ക് കൂപ്പുകുത്തി. 352 സീറ്റുകളുമായാണ് ബി.ജെ.പി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍.ഡി.എ) 2019-ല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരം നിലനിര്‍ത്തിയത്.

ബി.ജെ.പിയുടെ വോട്ടോഹരിയിലും വന്‍ കുതിപ്പാണ് 2019-ല്‍ രേഖപ്പെടുത്തിയത്. ബി.ജെ.പിയുടെ സാന്നിധ്യമുളള പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊക്കെ 2014-നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ അവര്‍ക്ക് 2019-ല്‍ നേടാനായി. ഗുജറാത്ത്, ഹരിയാ, ജാര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മികച്ച നേട്ടമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉണ്ടാക്കിയത്.

എണ്ണായിരത്തിലേറെ സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. 66.88 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 90 കോടിയില്‍ അധികം വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഇന്ത്യയുടെ പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം പോളിങ് ശതമാനം രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു കഴിഞ്ഞ പ്രാവശ്യത്തേത്. അതേസമയം കേരളത്തില്‍ യു.ഡി.എഫ് തരംഗമാണ് ആഞ്ഞടിച്ചത്. ഇടതുനുന്നണിയെ കേവലം ഒരു സീറ്റിലേക്ക് ഒതുക്കിയായിരുന്നു യു.ഡി.എഫിന്റെ തേരോട്ടം.

പുകള്‍പെറ്റ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മാറ്റ് ചോര്‍ന്നു പോകാതിരിക്കാന്‍ വേണ്ടിയായിരിക്കണം തിരഞ്ഞെടുപ്പുകള്‍ എങ്കില്‍ ഒരു ഇന്ത്യന്‍ പൗരനെ സംബന്ധിച്ചിടത്തോളം വോട്ടവകാശത്തിന്റെ ശക്തി പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരം കൂടിയാണത്. ലോകം ഉറ്റു നോക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് സമാഗതമായിരിക്കുന്നത്. രാഷ്ട്രീയ പ്രബുദ്ധതയുള്ള പൊതുജനം തങ്ങളുടെ സമതിദാനാവകാശം യഥോചിതം വിനിയോഗിച്ച് ഇന്ത്യന്‍ ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ധവളിമ കാക്കുമെന്ന് പ്രത്യാശിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക