Image

ഫിസിക്കല്‍ തെറാപ്പി ഡോക്ടര്‍ കൂട്ടുകെട്ടില്‍ ഫിലാഡല്‍ഫിയയില്‍ പിറന്ന 'ഫ്രണ്ട്സ് ഫിറ്റ്നസ്' സെന്റര്‍

വിന്‍സെന്റ് ഇമ്മാനുവല്‍ Published on 17 March, 2024
ഫിസിക്കല്‍ തെറാപ്പി ഡോക്ടര്‍ കൂട്ടുകെട്ടില്‍ ഫിലാഡല്‍ഫിയയില്‍ പിറന്ന 'ഫ്രണ്ട്സ് ഫിറ്റ്നസ്' സെന്റര്‍

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ. അതുപോലെ തന്നെയോ, അതിലേറെ പ്രാധാന്യത്തോടെയോ പറയേണ്ട മറ്റൊന്നാണ് ആരോഗ്യം സര്‍വ്വധനാല്‍ പ്രധാനം എന്നത്. മാറുന്ന ജീവിതസാഹചര്യങ്ങളില്‍ ശാരീരികാരോഗ്യത്തിന് അത്രയധികം പ്രാധാന്യമുണ്ട്. എന്നാല്‍ തിരക്കുകള്‍ക്കിടയില്‍ ആരോഗ്യം സംരക്ഷിക്കാന്‍ പലരും മറന്നു പോകുന്നു. ഒടുവില്‍ അസുഖങ്ങള്‍ ശരീരത്തെ പിടി മുറുക്കി കഴിയുമ്പോള്‍ ഡോക്ടറെ കാണാതെ തരമില്ലെന്നാകും. അങ്ങനെയെങ്കില്‍ രോഗങ്ങള്‍ക്ക് പ്രതിരോധവും ആരോഗ്യത്തിന് ഫിറ്റ്നസ് ടെക്നിക്കുകളുമായി ഡോക്ടര്‍മാര്‍ കൂടെ നിന്നാലോ? അങ്ങനെ രണ്ട് ഫിസിക്കല്‍ തെറാപ്പി ഡോക്ടര്‍മാരുണ്ട് ഫിലാഡല്‍ഫിയയില്‍. ഡോ. ബിനു സി തോമസ്, ഡോ. സുബിന്‍ എബ്രഹാം എന്നിവര്‍. ഫിസിക്കല്‍ തെറാപ്പിസ്റ്റുകളായ ഇരുവരും ചേര്‍ന്ന് അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ ഫ്രണ്ട്സ് ഫിറ്റ്നസ് എന്ന പേരില്‍ ഒരു ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചിരിക്കുകയാണ്.

അമേരിക്കയില്‍ താമസിക്കുന്നവര്‍ക്ക് അറിയാം ഇവിടെ മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ പോലും ദിവസങ്ങള്‍ കാത്തിരുന്നാല്‍ മാത്രമേ ഒരു ഡോക്ടറെ കാണാന്‍ സാധിക്കൂ. ഡോക്ടര്‍മാര്‍ക്ക് അത്രയധികം ഡിമാന്‍ഡുള്ള ഒരു രാജ്യത്താണ് രണ്ട് ഫിസിക്കല്‍ തെറാപ്പി ഡോക്ടര്‍മാര്‍ മുഴുവന്‍ സമയവും ആളുകള്‍ക്ക് തങ്ങളുടെ സമയവും സേവനവും നല്‍കുന്നത്. ഒന്നു വീണാല്‍ എങ്ങനെ എഴുന്നേല്‍ക്കാമെന്നത് തുടങ്ങി ആരോഗ്യത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ മുതല്‍ ഇവിടെ അവര്‍ വിശദീകരിച്ച് പരിശീലനം നല്‍കുന്നു. വെറുമൊരു ഫിറ്റ്നസ് സെന്റര്‍ എന്നതിലുപരി ഫ്രണ്ട്സ് ഫിറ്റ്നസ് എന്നത് ഡോ. സുബിന്റേയും ഡോ. ബിനുവിന്റേയും ഒരു സ്വപ്ന പദ്ധതി കൂടിയാണ്.

ചുറ്റും നോക്കിയാല്‍ അമേരിക്കയില്‍ മലയാളികള്‍ ഏറ്റവുമധികം ജോലി ചെയ്യുന്നത് ആരോഗ്യമേഖലയിലാണ്. എന്നാല്‍ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ അവരാരും തന്നെ ഒട്ടും ശ്രദ്ധാലുവല്ലെന്ന കാര്യം ഇരുവരുടേയും ചര്‍ച്ചകളില്‍ പലതവണ കടന്നു വന്നതിനു പിന്നാലെയാണ് ഇങ്ങനെയൊരു സംരഭത്തിന് തുടക്കമാകുന്നത്. വര്‍ക്ക് ഔട്ട് ചെയ്യാനായി ഒരുമിച്ചെത്തുന്ന സമയത്തെല്ലാം രണ്ടു പേരും ഇതേക്കുറിച്ച് സംസാരിച്ചു. ആരോഗ്യമുള്ള ഒരു മലയാളി സമൂഹത്തെ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞേക്കുമെന്ന ചിന്തയില്‍ നിന്ന് സ്വപ്നമവര്‍ സഫലമാക്കുകയും ചെയ്തു.

ആരോഗ്യമേഖലയിലെ തങ്ങളുടെ പ്രൊഫഷണല്‍ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയും ഫിറ്റ്നസ് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയും തങ്ങള്‍ക്ക് ചുറ്റുമുള്ളവരെ ഇവര്‍ ഫ്രണ്ട്സ് ഫിറ്റ്നസിലേക്ക് ക്ഷണിക്കുന്നു. ഓരോരുത്തരുടേയും ജോലിത്തിരക്കുകളനുസരിച്ച് ഓരോ സെഷന്റേയും സമയം ക്രമീകരിച്ചിട്ടുണ്ട്. വര്‍ക്ക്ഔട്ടിന്റെ ആദ്യ സെഷന്‍ രാവിലെ 5 മണിക്ക് തന്നെ ആരംഭിക്കും. അമിതമായ ശരീര ഭാരം കുറയ്ക്കാനും പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാനും ശരീരത്തില്‍ അധികമായി അടിഞ്ഞു കൂടിയിരിയ്ക്കുന്ന കൊഴുപ്പു കുറയ്ക്കാനുമായി ഓരോ വിഭാഗത്തിനും കൃത്യമായ ഫിറ്റ്നസ് പ്രോഗ്രാമുകളാണ് രൂപപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 12 വയസ്സു മുതല്‍ മുകളിലേക്ക് എത്ര വയസ്സുവരെയുള്ളവര്‍ക്കും ഇവിടെ വര്‍ക്ക് ഔട്ട് ചെയ്യാനായി എത്താവുന്നതാണ്. ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനായി ഫ്രണ്ട്സ് ഫിറ്റ്നസിലെ വര്‍ക്ക്ഔട്ട് പ്രോഗ്രാമുകള്‍ ഏത് പ്രായക്കാര്‍ക്കും അനായാസം വഴങ്ങുമെന്ന് ഇത് വ്യക്തമാക്കുന്നു.

ഫിസിക്കല്‍ തെറാപ്പിയിലെ വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയവും ശരീരശാസ്ത്രത്തെ കുറിച്ച് ആഴത്തിലുള്ള അറിവും ഓരോരുത്തരേയും പ്രത്യേകം പരിഗണിച്ച് പേഴ്‌സണല്‍ ട്രെയിനിംഗ് നല്‍കാന്‍ ഡോ. ബിനുവിനും ഡോ. സുബിനും മുതല്‍ക്കൂട്ടാകുന്നു. അതോടൊപ്പം തന്നെ, വ്യായാമങ്ങള്‍ ശരിയായ ക്രമത്തിലും ശരീരത്തിന് പരുക്കുകള്‍ ഏല്‍ക്കാത്ത വിധത്തിലും ചെയ്യുന്നതിനായി ഓരോരുത്തര്‍ക്കും പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. ഇതാണ് മറ്റ് ഫിറ്റ്നസ് സെന്ററുകളില്‍ നിന്ന് വ്യത്യസ്ഥമായി ഫ്രണ്ട്സ് ഫിറ്റ്നസിനെ വേറിട്ടുനിര്‍ത്തുന്നത്. ഇതു തന്നെയാണ് ഇവിടെയെത്തുന്നവര്‍ക്ക് ലഭിക്കുന്ന മികച്ച അനുഭവവും. ഫിസിക്കല്‍ തെറാപ്പിസ്റ്റ് എന്ന നിലയില്‍ പങ്കെടുക്കുന്നവരുടെ ആവശ്യത്തിനും പരിമിതികള്‍ക്കും അനുസരിച്ച്  ഏത് വ്യായാമവും പരിഷ്‌കരിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ഇരുവര്‍ക്കും സാധിക്കുന്നു. ശാരീരിക ആരോഗ്യം ആഗ്രഹിച്ച് ഇവിടെയത്തുന്ന ഏതൊരാള്‍ക്കും ഫ്രണ്ട്സ് ഫിറ്റ്നസ് ഏറ്റവും നല്ല പരിഹാരമാകുന്നു.

ശാരീരിക പരിവര്‍ത്തനം മാത്രമല്ല, സമ്മര്‍ദ്ദരഹിത അന്തരീക്ഷത്തിലൂടെ മാനസിക പരിവര്‍ത്തനവും ഇവിടെ സംഭവിക്കുന്നുവെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അതുപോലെ തന്നെ തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയില്‍ ഡയബറ്റിസ്, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയില്‍ കാര്യമായ കുറവ് കാണപ്പെട്ടതായി ഇവിടെ സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. കടല്‍ കടന്ന് കാലങ്ങളായി പ്രവാസികളായി കഴിയുന്ന മലയാളികള്‍ക്ക് ഈ ഫിറ്റ്നസ് സെന്റര്‍ നല്‍കുന്നത് നവീനമായൊരനുഭൂതിയാണ്. വര്‍ക്ക്ഔട്ടിനിടെ ബാക്ക്ഗ്രൗണ്ടില്‍ മലയാളത്തിലുള്ള പാട്ടുകളും മ്യൂസിക്കുമെല്ലാം പ്ലേ ചെയ്യുന്നത് ഓരോ സെഷനും കൂടുതല്‍ ആസ്വാദകരമാക്കുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നു. എല്ലാ രീതിയിലും റിലാക്സ് ചെയ്യുന്നതിനും സമ്മര്‍ദ്ദങ്ങളും ശാരീരിക അസ്വസ്ഥതകളും ഒഴിവാക്കി മനസ്സും ശരീരവും കൂടുതല്‍ ചെറുപ്പമാക്കി മടങ്ങുന്നതിനും ഓരോരുത്തരേയും തങ്ങളുടെ ട്രെയിനിംഗ് സെന്ററിലേക്ക് ക്ഷണിക്കുകയാണ് ഡോ. സുബിനും ഡോ. ബിനുവും.

മിനസോട്ടയിലെ സെന്റ് സ്‌കോളസ്റ്റിക്ക കോളേജില്‍ നിന്ന് ഫിസിക്കല്‍ തെറാപ്പിയില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയവരാണ് ഡോ. ബിനു സി തോമസും ഡോ. സുബിന്‍ എബ്രഹാമും. ഫിസിക്കല്‍ തെറാപ്പിസ്റ്റായി ഇരുപത് വര്‍ഷത്തിലേറെ പ്രവൃത്തി പരിചയവും ഇരുവര്‍ക്കുമുണ്ട്. നിലവില്‍ റീഹാബിലിറ്റേഷന്‍ സര്‍വീസസ് റീജിയണല്‍ ഡയറക്ടറായാണ് ഡോ. ബിനു പ്രവര്‍ത്തിക്കുന്നത്. ഹോം ഹെല്‍ത്ത് കെയറില്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ്ഡോ.സുബിന്‍.
Adrsse: 78 Tomlinson Rd, Huntingdon Valley, PA 19006. Contact Number: 267 571 2392, 215 252 6643, 215 485 8512.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക