Image

വീണ്ടും ജയിപ്പിച്ച റഷ്യക്കാർക്കു പുട്ടിന്റെ നന്ദി; വോട്ടെടുപ്പ് തട്ടിപ്പെന്നു ജനാധിപത്യ ലോകം (പിപിഎം) 

Published on 18 March, 2024
വീണ്ടും ജയിപ്പിച്ച റഷ്യക്കാർക്കു പുട്ടിന്റെ നന്ദി;  വോട്ടെടുപ്പ് തട്ടിപ്പെന്നു ജനാധിപത്യ ലോകം (പിപിഎം) 

റഷ്യൻ പ്രസിഡന്റായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ട വ്ലാദിമിർ പുട്ടിൻ ജനങ്ങൾക്കു നന്ദി പറഞ്ഞു. റഷ്യയെ ശക്തിപ്പെടുത്താൻ ഈ വിജയം ഉപകരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടപ്പോൾ പക്ഷെ ആറു വർഷം കൂടി അധികാരം നൽകുന്ന തിരഞ്ഞെടുപ്പിന്റെ വിശ്വസനീയതയെ പാശ്ചാത്യ രാജ്യങ്ങൾ ചോദ്യം ചെയ്തു. 

എന്നാൽ അവരുടെ ജനാധിപത്യത്തേക്കാൾ സുതാര്യമാണ് റഷ്യയുടേതെന്നു പുട്ടിൻ അവകാശപ്പെട്ടു. യുഎസിലെ മെയിൽ-ഇൻ വോട്ട് 10 ഡോളറിനു വാങ്ങാൻ കഴിയുമെന്ന് അദ്ദേഹം ആരോപിച്ചു. 

അടുത്തിടെ ജയിലിൽ കിടന്നു മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവൾനിയുടെ ഭാര്യ യൂലിയ നവൾനിയ ബെർലിനിൽ നയിച്ച പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. തിരഞ്ഞെടുപ്പ് സമഗ്രാധിപത്യ രാജ്യത്തിൻറെ നേതാവ് നടത്തുന്ന വെറും പ്രഹസനമാണെന്നു അവർ ആരോപിച്ചു. 

ബെർലിനിൽ റഷ്യൻ എംബസിക്കു മുന്നിൽ വോട്ട് ചെയ്യാൻ ഏഴു മണിക്കൂർ ക്യൂ നിന്നെന്നു യൂലിയ നവൾനിയ പറഞ്ഞു. നവൾനിയെ ഏതെങ്കിലും വിദേശരാജ്യത്തേക്കു സ്ഥിര താമസത്തിനു വിടാൻ തനിക്ക് പദ്ധതി ഉണ്ടായിരുന്നുവെന്ന് മരണത്തിനു ശേഷം ആദ്യമായി അദ്ദേഹത്തിന്റെ പേര് പറഞ്ഞ പുട്ടിൻ അവകാശപ്പെട്ടു. "എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ...ജീവിതം അങ്ങിനെയാണ്." 

ഞായറാഴ്ച്ച രാത്രി ജനങ്ങൾക്കു നന്ദി പറഞ്ഞ പുട്ടിൻ സൈനികരെയും എടുത്തു പറഞ്ഞു. "(യുക്രൈനുമായുള്ള യുദ്ധത്തിൽ) മുൻനിരയിൽ നിന്നു പൊരുതുന്നവർക്കു നന്ദി പറയുന്നു. ശത്രു നമ്മളെ എത്രമാത്രം ഭയപ്പെടുത്താനും  അടിച്ചമർത്താനും  ശ്രമിച്ചാലും നമ്മുടെ ഉറച്ച സമീപനവും നമ്മുടെ മനഃസാക്ഷിയും അവരെ തടയും. ചരിത്രത്തിൽ ഒരിക്കലും ആർക്കും നമ്മളെ കീഴ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
   
"രാജ്യത്തിൻറെ ഒരേയൊരു ഊർജസ്രോതസ് റഷ്യൻ ജനതയാണ്. ഓരോ വോട്ടിനും രാജ്യത്തിൻറെ ഭാവി നിർണയിക്കുന്ന പ്രാധാന്യമുണ്ട്. 

"എന്നെ ഏല്പിച്ച ചുമതലകൾ ഏറ്റവും ഭംഗിയായി നിർവഹിക്കാൻ ഞാൻ പരമാവധി ശ്രമിക്കും." 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ചു ഈ വർഷം 74% പേരാണ് വോട്ട് ചെയ്തത്. പുലർച്ചെ ഒരു മണിയോടെ 95% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പുട്ടിനു 87.3% വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അതൊരു റെക്കോർഡുമാണ്. 

കമ്മ്യൂണിസ്റ്റ് സ്ഥാനാർഥി നിക്കോളായ് ഖറിട്ടോനോവ് 4.7% വോട്ട് നേടുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. 2004ൽ പുട്ടിനെതിരെ മത്സരിച്ചു രണ്ടാം സ്ഥാനത്തു എത്തിയ അദ്ദേഹം അത് ആവർത്തിക്കും.   

എന്നാൽ തിരഞ്ഞെടുപ്പ് വെറും തട്ടിപ്പാണെന്നു പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. 

നിഷ്‌പക്ഷമോ നീതിപൂർവമോ അല്ല ഈ തിരഞ്ഞെടുപ്പെന്നാണ് വൈറ്റ് ഹൗസ് പറഞ്ഞത്. എതിരാളികളെ ജയിലിൽ അടച്ചിട്ടു നടത്തുന്ന തിരഞ്ഞെടുപ്പ് എങ്ങിനെ നിഷ്പക്ഷമാകും എന്ന് നാഷനൽ സെക്യൂരിറ്റി വക്താവ് ചോദിച്ചു. 

പുട്ടിനു അധികാരം രോഗമായി മാറിയെന്നു യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമിർ സിലെൻസ്കി ആക്ഷേപിച്ചു. അദ്ദേഹം ജീവിതാവസാനം വരെ ഭരിക്കാൻ ശ്രമിക്കും. "അദ്ദേഹം നടത്തുന്ന തിരഞ്ഞെടുപ്പിനു യാതൊരു വിശ്വസനീയതയും ഇല്ല. ഉണ്ടാവാൻ സാധിക്കുകയുമില്ല."  

യുക്രൈൻ ഭൂമിയിൽ തിരഞ്ഞെടുപ്പ് നടത്തിയതിനെ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് വിമർശിച്ചു. സമാധാനം കണ്ടെത്താൻ റഷ്യക്കു താല്പര്യമില്ല എന്നതിന്റെ തെളിവാണിത്. 

റഷ്യ നടത്തിയ തിരഞ്ഞെടുപ്പെന്ന തട്ടിപ്പു നിഷ്‌പക്ഷമോ നീതിപൂർവമോ അല്ലെന്നു ജർമനിയും പറഞ്ഞു. "പുട്ടിൻ ഏകാധിപതിയാണ്, അയാൾ സെൻസർഷിപ് നടപ്പാക്കുന്നു, എതിരാളികളെ അടിച്ചൊതുക്കുന്നു, അക്രമം അഴിച്ചുവിടുന്നു. യുക്രൈനിലെ അധിനിവേശ മേഖലകളിൽ നടത്തിയ വോട്ടെടുപ്പ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്."  

റഷ്യയുടെ തിരഞ്ഞെടുപ്പ് പ്രഹസനത്തിനെതിരെ പോളണ്ടും ആഞ്ഞടിച്ചു. സമൂഹത്തെയും ജനാധിപത്യത്തെയും അടിച്ചമർത്തുകയും നിശബ്ദമാക്കുകയും ചെയ്തിട്ട് എന്തു തിരഞ്ഞെടുപ്പെന്ന് വിദേശകാര്യ വകുപ്പ് ചോദിച്ചു. 

അധിനിവേശ മേഖലകളിൽ വോട്ടെടുപ്പ് നടത്തിയതിനെയും പോളാണ് രൂക്ഷമായി വിമർശിച്ചു. 

മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും വിദേശത്തെ പല നയതന്ത്ര കാര്യാലയങ്ങൾക്കു മുന്നിലും നവൾനിയുടെ അനുയായികൾ പ്രകടനങ്ങൾ നടത്തി. 80 പേരെ അറസ്റ്റ് ചെയ്തെന്നു നിരീക്ഷകർ പറഞ്ഞു. 

Putin thanks Russians as the West decries vote 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക