Image

15-ാമത് കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ മുഖ്യാകര്‍ഷണമായി ''മെഗാ ചെണ്ടമേളം'' ഒരുങ്ങുന്നു

Published on 18 March, 2024
15-ാമത് കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ മുഖ്യാകര്‍ഷണമായി ''മെഗാ ചെണ്ടമേളം'' ഒരുങ്ങുന്നു


ഡാളസ്: വടക്കേ അമേരിക്കയിലെ ക്‌നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ കെ .സി.സി.എന്‍ .എ .(KCCNA ) യുടെ നേതൃത്വത്തില്‍ ടെക്‌സസിലെ സാന്‍ അന്റോണിയാ യില്‍ വച്ച് 2024, ജൂലൈ 4 ,5 ,6 ,7 തീയതികളില്‍ നടത്തപ്പെടുന്ന 15-ാമത് കെ.സി.സി.എന്‍.എ. ദേശീയ ഫാമിലി കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ വളരെ വേഗത്തില്‍ മുന്നേറുന്നതായി കെ.സി.സി.എന്‍.എ. നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് ശ്രീ. ഷാജി എടാട്ടും ജനറല്‍ സെക്രട്ടറി അജീഷ് പോത്തന്‍ താമ്രത്തും അറിയിച്ചു. ലോക പ്രശസ്തമായ സാന്‍ അന്റോണിയായിലെ റിവര്‍വാക്കിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഹെന്‍ട്രി ബി. ഗോണ്‍സാലസ് കണ്‍വന്‍ഷന്‍ സെന്ററിലാണ് ഇത്തവണത്തെ ക്‌നാനായ ദേശീയ മാമാങ്കം അരങ്ങേറുന്നത്.

കെ.സി.സി.എന്‍.എ.യില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 20 യൂണിറ്റ് സംഘടനകളില്‍ നിന്നായി 1000 -ല്‍ അധികം കുടുബങ്ങള്‍ (4,000 ത്തോളം അംഗങ്ങള്‍) പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. കേരളത്തില്‍ നിന്നും വടക്കേ അമേരിക്കയില്‍ കുടിയേറിയിരിക്കുന്ന മുപ്പതിനായിരത്തില്പരം ക്‌നാനായ സമുദായഗംങ്ങള്‍ എന്നും വളരെ ആവേശത്തോടെ ഉറ്റു നോക്കുന്ന കണ്‍വന്‍ഷനില്‍ ക്‌നാനായ സമുദായത്തിന്റെയും കേരളത്തിന്റെയും പാരമ്പര്യ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഇത്തവണ കണ്‍വന്‍ഷനോടനുബന്ധിച്ചു കേരളീയ വാദ്യകലകളില്‍ പ്രധാനവും കാണികളില്‍ ഒരേസമയം ആവേശവും ദൃശ്യ ശ്രവണ വിസ്മയം തീര്‍ക്കുന്ന ''മെഗാ ചെണ്ടമേളം'' അരങ്ങേറും.

പുരുഷന്മാരും സ്ത്രീകളും യുവജനങ്ങളും ഹൈസ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടെ 300 -ല്‍ അധികം ചെണ്ട മേളക്കാര്‍ ഈ മെഗാ മേളയില്‍ അണിനിരക്കും. കൂടാതെ ഈ താളല്‍മകമായ ''ഡ്രംമിംഗും ബ്ലാസ്റ്റിംഗും'' KCCNA ഫാമിലി കണ്‍വെന്‍ഷന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായിരിക്കും അമേരിക്കയില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ചെണ്ടമേളങ്ങളില്‍ ഒന്നായി ചരിത്രം കുറിക്കുവാന്‍ സംഘാടകര്‍ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സാന്‍ ആന്റോണിയ ഡൗണ്‍ ടൗണില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ' മിനി തൃശൂര്‍ പൂരം'' അരങ്ങേറുമെന്നു സംഘാടകര്‍ അവകാശപ്പെടുന്നു.

ശ്രീ അരുണ്‍ നെല്ലാമറ്റത്തിലിന്റെ (ഷിക്കാഗോ - മുഖ്യ കോ-ഓര്‍ഡിനേറ്റര്‍) നേതൃത്വത്തില്‍ ശ്രീമതി ഏലിയാമ്മ കൈതമറ്റത്തില്‍, ശ്രീ ജീവന്‍ പതിപ്പറമ്പില്‍ (ഹൂസ്റ്റണ്‍) ,ശ്രീ ആന്റണി ഇല്ലിക്കാട്ടില്‍ (സാന്‍ഹൊസെ), ശ്രീ ചാക്കോ അമ്പാട്ട് (ഡാളസ്) എന്നിവര്‍ ഈ മെഗാ ചെണ്ടമേളത്തിന്റെ ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായിരിക്കും. ഇവരെക്കൂടാതെ ശ്രീ ജോണ്‍ കുസുമാലയം (ന്യൂയോര്‍ക്), ശ്രീ പ്രിന്‍സ് തടത്തില്‍ (ന്യൂയോര്‍ക്),ശ്രീ സജി ചിറയില്‍ (ഡാളസ്), ശ്രീ ജിനോയ് കാവലക്കല്‍ (ചിക്കാഗോ ) എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍ മാരായി പ്രവര്‍ത്തിക്കും. ചിക്കാഗോ ഏരിയയില്‍ ഒരു ദശാബ്ദത്തിലേറെയായി ചെണ്ടമേളത്തിലെ പ്രമുഖനാണ് ശ്രീ.അരുണ്‍ നെല്ലാമറ്റം. പ്രാദേശികമായും ദേശീയമായും നിരവധി പ്രധാന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ചെണ്ട കലയില്‍ ഹൂസ്റ്റണ്‍ വനിതകളെ നയിക്കുന്നതില്‍ തിളങ്ങിയ താരമാണ് ശ്രീമതി ഏലിയാമ്മ കൈതമറ്റത്തില്‍, കൂടാതെ ക്‌നാനായ വിമന്‍സ് സമ്മിറ്റില്‍ ചെണ്ടമേളത്തിന്റെ മുഖ്യ ശില്പിയായിരുന്നു.

ഹൂസ്റ്റണ്‍ യുവാക്കളുടെ ''ചെണ്ട മാസ്റ്റര്‍'' എന്നറിയപ്പെടുന്ന ശ്രീ. ജീവന്‍ ടോമി പതിപ്പറമ്പില്‍ ഹൂസ്റ്റണില്‍ സ്വന്തമായി Chenda/percussion സ്‌കൂള്‍ നടത്തിവരുന്നു. ഹൂസ്റ്റണിലെ യുവാക്കളുടെ ചെണ്ട ടീമിനെ നയിക്കുന്ന അദ്ദേഹം യുവ വിദ്യാര്‍ത്ഥികളെ താളവാദ്യത്തിന്റെ മേഖലയിലേക്ക് നയിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള തീവ്രമായ പ്രവത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. സാന്‍ഹൊസ്സായില്‍ നിന്നുള്ള ആന്റണി ഇല്ലിക്കാട്ടിലും ഡാളസില്‍ നിന്നുള്ള ചാക്കോ അമ്പാട്ടും ചെണ്ട വാദ്യമേളകളിലെ മറ്റു പ്രമുഖന്മാരാണ്. KCCNA കണ്‍വെന്‍ഷന്റെ വിജയത്തിനായി തങ്ങളുടെ വിലപ്പെട്ട സമയവും ഊര്‍ജ്ജവും ചിലവഴിക്കുവാന്‍ വേണ്ടി മുന്നോട്ടുവന്ന എല്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്കും കെ. സി. സി. എന്‍. എ. നന്ദി അറിയിക്കുന്നതായി എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു . അങ്ങനെ ഇത്തവണത്തെ കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ കേരളീയ താളവാദ്യ മേളങ്ങളോടെ ഏറ്റവും ആസ്വാദ്യാനുഭവമാക്കുവാന്‍ കെ.സി.സി.എന്‍.എ എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ കമ്മറ്റികള്‍ അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു.

ബൈജു ആലപ്പാട്ട് - P.R.O. - KCCNA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക