Image

പ്രീമിയർ ലീഗ് വനിതാ ക്രിക്കറ്റിൽ തിളങ്ങി മലയാളി താരങ്ങൾ (സനിൽ പി തോമസ്)

Published on 19 March, 2024
പ്രീമിയർ ലീഗ് വനിതാ ക്രിക്കറ്റിൽ തിളങ്ങി മലയാളി താരങ്ങൾ (സനിൽ പി തോമസ്)

വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന് അഭൂതപൂർവമായ മാധ്യമ ശ്രദ്ധയാണ് ലഭിച്ചത്.രഞ്ജി ട്രോഫി ദേശീൽ സീനിയർ ക്രിക്കറ്റ് ചാംപ്യൻഷിപ്പ് പോലും അതിൻ്റെ നിഴലിൽ ആയി. ജേതാക്കളായ ബാംഗളൂർ റോയൽ ചാലഞ്ചേഴ്സിന് ആറു കോടിയും റസ്റ്റേഴ്സ് അപ്പ് ആയ ഡൽഹി ക്യാപ്പിറ്റൽസിന് മൂന്നു കോടിയും സമ്മാനം. എട്ട് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിൻ്റെ വിജയം. വിക്കറ്റ് നഷ്ടപ്പെടാതെ 64 എന്ന നിലയിൽ നിന്ന് ഡൽഹി ടീം  113 ന്  ഓൾ ഔട്ട്.
ഡൽഹി നായിക മെഗ് ലാനിങ് ആയിരുന്നു. ബംഗ്ലൂരിനെ സ്മൃതി മന്ഥാനയും നയിച്ചു.അഞ്ചു തവണ ഓസ്ട്ട്രേലിയക്ക്  ലോക കപ്പ് നേടിക്കൊടുത്ത നായികയാണ് ലാനിങ് .ഡൽഹിക്ക് ഇത് തുടർച്ചയായ രണ്ടാം ഫൈനൽ ആയിരുന്നു.ആദ്യ പതിപ്പിൽ അവർ മുംബൈ ഇന്ത്യൻസിനോട് തോറ്റു.

ലീഗ് റൗണ്ടിലെ ഒന്നാം സ്ഥാനക്കാരായി ഡൽഹി നേരിട്ട് ഫൈനലിൽ എത്തി.രണ്ടാം സ്ഥാനത്തായിരുന്ന മുംബൈ ടീം , മൂന്നാം സ്ഥാനത്തു വന്ന ബാംഗ്ളൂരിനോട് പ്ളേ ഓഫിൽ പരാജയപ്പെട്ടു.

മിന്നു മണിയും സജനയും നിഥിൻ നാങ്ങോത്തിനൊപ്പം



ട്വൻ്റി 20യിൽ ചരിത്രവും നായികയുടെ പ്രശസ്തിതിയുമൊന്നുമല്ല കാര്യമെന്ന് വ്യക്തമാക്കപ്പെട്ടു.182 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിച്ച മെഗ് ലാനിങ് അവരുടെ ഏഴ് ലോക കപ്പ് വിജയങ്ങളിൽ പങ്കാളിയായിരുന്നു.കഴിഞ്ഞ ഒക്ടോബറിൽ അവർ വിടവാങ്ങൽ പ്രഖ്യാപിക്കുമ്പോൾ 31 വയസ് മാത്രം. വനിതാ ക്രിക്കറ്റ്  കണ്ട എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ലാനിങ് ആദ്യ സീസണിലും ഡൽഹി നായികയായിരുന്നു. നാല് ട്വൻ്റി 20 ലോക കപ്പ്, ഒരു 50 ഓവർ ലോക കപ്പ് എന്നിവയിൽ ഓസീസിൻ്റെ വിജയ നായിക.കോമൺവെൽത്ത് ഗെയിംസ് സ്വർണം വേറെ . 2017 ലെ ഏകദിന ലോക കപ്പിൽ മിതാലി രാജിൻ്റെ ഇന്ത്യ സെമിയിൽ ഓസ്ട്രേലിയയെ തോൽപിച്ച ശേഷമുള്ള തിരിച്ചുവരവിൽ ആണ് ലാനിങ് മെഗാ സ്റ്റാർ ആയത്.
ഇപ്പോൾ സ്മൃതി മന്ഥാന, ലാനിങ്ങിൻ്റെ പെരുമയിൽ മാത്രം കളി ജയിക്കില്ലെന്നു തെളിയിച്ചു.
ഇത്തരം സൂപ്പർ താരങ്ങൾക്കിടയിൽ മെച്ചപ്പെട്ട പ്രകടനവുമായി മൂന്നു മലയാളി കളിക്കാർക്ക് വനിതാ പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിഞ്ഞു.
   
ബാംഗളൂർ റോയൽ ചാലഞ്ചേഴ്സിൻ്റെ കിരീട നേട്ടത്തിൽ പങ്കാളിയായി ആശ ശോഭന.ഫൈനലിൽ പരാജയപ്പെട്ട ഡൽഹി ക്യാപ്പിറ്റൽസ്  ടീമിൽ സാന്നിധ്യമറിയിച്ച് മിന്നു മണി. നോക്കൗട്ട് റൗണ്ടിൽ എത്തിയ മുംബൈ ഇന്ത്യൻസ്  ടീമിൽ സജന സജീവൻ അംഗമായിരുന്നു. ലീഗിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരവും സജന സ്വന്തമാക്കി.യു.പി. വോറിയേഴ്സിൻ്റെ സോഫി എക്സസ്റ്റനെ പുത്താക്കാൻ എടുത്ത ക്യാച്ചാണ് സജനയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. ഓൾറൗണ്ടർ സജന  ബാറ്റിങ് മികവുകൊണ്ട  ശ്രദ്ധിക്കപ്പെട്ടു. എട്ടാം നമ്പറിൽ നിന്ന് ഓപ്പണർ ആയി മാറിയ മികവായിരുന്നു അത്. അവസാന പന്തിൽ സിക്സർ അടിച്ച ആത്മവിശ്വാസവും ആ ബാറ്റിങ്ങിൽ കണ്ടു. ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ വിജയിക്കാൻ അവസാന പന്തിൽ അഞ്ചു റൺസ് വേണ്ടിയിരിക്കെ സിക്സർ അടിച്ച് സജന മുംബൈക്ക് ലക്ഷ്യം നേടിക്കൊടുത്തത് ശ്രദ്ധേയം .1986 ൽ ഷാർജയിൽ ഓസ്ട്രലേഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ  അവസാന പന്തിൽ ചേതൻ ശർമയ്‌ക്കെതിരെ സിക്സർ അടിച്ച് ജാവേദ് മിയാൻദാദ്  പാക്കിസ്ഥാന് വിജയം ഒരുക്കിയപ്പോൾ സജന സജീവൻ ജനിച്ചിട്ടില്ലായിരുന്നു. ആ സംഭവം ഓർത്തെടുക്കാൻ സജനയുടെ കൂറ്റൻ ഷോട്ട് സഹായിച്ചു എന്നു കൂടി പറയട്ടെ.

ആശ ശോഭന

 തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശ ശോഭന ഫൈനലിൽ നേടിയ രണ്ടു വിക്കറ്റ് ഉൾപ്പെടെ 12 വിക്കറ്റ് ലീഗിൽ നേടി. പ്ളേ ഓഫിൽ അവസാന ഓവർ എറിയാൻ ലെഗ് സ്പിന്നർ  ആശയെയാണ് റോയൽ ചലഞ്ചേഴ്സ് നായിക സ്മൃതി മന്ഥാന നിയോഗിച്ചത്.മുംബൈ ടീമിന് ജയിക്കാൻ 12 റൺസ് വേണ്ടിയിരിക്കെ അറു റൺസ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി ആശ ടീമിനെ ഫൈനലിൽ എത്തിച്ചു.ലീഗ് റൗണ്ടിൽ ആദ്യ മത്സരത്തിൽ യു.പി ടീമിനെതിരെ 22 റൺസിന്  അഞ്ചു വിക്കറ്റ് നേട്ടവുമായി തിളക്കമാർന്ന തുടക്കമാണ് ആശ കാഴ്ചവച്ചത്. 

 ഡൽഹി ടീമിൽ രണ്ടു തവണയും അംഗമായ മിന്നു മണിയുടെ ഓഫ് സ്പിൻ മികവ് ഇത്തവണ ശ്രദ്ധിക്കപ്പെട്ടു. ഫൈനലിൽ സ്മൃതിയെ പുറത്താക്കിയത് മിന്നുമാണ്.ഗ്രൂപ്പ് തലത്തിൽ അവസാന മത്സരത്തിൽ ഗുജറാത്ത് ടീമിനെതിരെ ഒൻപത് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.ഇന്ത്യയുടെ  ട്വൻ്റി 20 ടീമിൽ അംഗമായ മിന്നു ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും കളിച്ചിരുന്നു. സജനയും മിന്നുവും മാനന്തവാടി സ്വദേശികളാണ്.

ശ്രീകുമാറിൻ്റെയും ബിജു ജോർജിൻ്റെയും ശിക്ഷണത്തിൽ ആണ് ആശ വളർന്നത്. മിന്നുവിൻ്റെയും സജനയുടെയും വളർച്ചയിൽ പരിശീലകൻ കൂടിയായ നിഥിൻ നാങ്ങോത്തിന് വലിയ പങ്കുണ്ട്. വനിതാ പ്രീമിയർ ലീഗിൽ നിഥിൻ ഇരുവരുടെയും മെൻ്റർ ആയിരുന്നു.
കേരളത്തിൽ വളർന്നവരാരും ഇന്ത്യൻ വനിതാ ടെസ്റ്റ് ടീമിലോ ഏക ദിനത്തിലോ  കളിച്ചിട്ടില്ല. ആ ചരിത്രം മാറ്റിയെഴുതാൻ കെല്പുള്ളവരാണ് വളർന്നുവരുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക