Image

ബോണ്ടിന് ആവശ്യമായ $454 മില്യൺ സമാഹരിക്കാൻ ട്രംപിനു കഴിഞ്ഞില്ല, കോടതിയുടെ ഇളവിന് അപേക്ഷിച്ചു (പിപിഎം)

Published on 19 March, 2024
ബോണ്ടിന് ആവശ്യമായ $454 മില്യൺ  സമാഹരിക്കാൻ ട്രംപിനു കഴിഞ്ഞില്ല,  കോടതിയുടെ ഇളവിന് അപേക്ഷിച്ചു  (പിപിഎം)

ന്യൂ യോർക്ക് സിറ്റിയിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന സിവിൽ കേസിൽ അപ്പീൽ നൽകാൻ ആവശ്യമായ $454 മില്യൺ സമാഹരിക്കാൻ ഡൊണാൾഡ് ട്രംപിനു കഴിഞ്ഞില്ലെന്നു അദ്ദേഹത്തിന്റെ അഭിഭാഷകർ വെളിപ്പെടുത്തി. മുപ്പതിലേറെ സ്ഥാപനങ്ങളെ ബോണ്ടിനു സമീപിച്ചെങ്കിലും ആരും സഹായിക്കാൻ തയാറായില്ലെന്നു കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. 

മാർച്ച് 25നകം  ബോണ്ട് സമർപ്പിച്ചില്ലെങ്കിൽ അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസിനു ട്രംപിന്റെ നഗരത്തിലെ ആസ്തികൾ പിടിച്ചെടുക്കാൻ നിയമപരമായ പഴുതുണ്ടാവും. അത്തരമൊരു നീക്കം നടത്താൻ മടിക്കില്ലെന്നു ജെയിംസ് വ്യക്തമാക്കിയിട്ടുണ്ട്. 

ഫെബ്രുവരിയിൽ ജഡ്‌ജ്‌ ആർതർ എൻകോറോൺ പുറപ്പെടുവിച്ച വിധിക്കെതിരെ അപ്പീൽ നൽകും മുൻപ് കെട്ടിവയ്‌ക്കേണ്ട ബോണ്ടിനു പ്രതിദിനം $112,000 പലിശയുണ്ട്. 

പണം സമാഹരിക്കാൻ 'മറികടക്കാൻ കഴിയാത്ത' ബുദ്ധിമുട്ടുകളാണ് ട്രംപ് നേരിടുന്നതെന്നു അഭിഭാഷകർ കോടതിയിൽ എഴുതി കൊടുത്തു. അടിയന്തരമായി വസ്തുവകകൾ വിൽക്കേണ്ടി വന്നാൽ ഭീമമായ നഷ്ടം ഉണ്ടാവും എന്നതിനാൽ ട്രംപ് അതിനു തയ്യാറില്ലെന്നും അവർ ചൂണ്ടിക്കാട്ടി. 

മുൻ പ്രസിഡന്റിനെ സഹായിക്കണമെന്നു അഭിഭാഷകർ കോടതിയോട് അപേക്ഷിച്ചു. 

ന്യൂ യോർക്കിനു പുറത്തും ട്രംപിന്റെ ആസ്തികൾ പിടിച്ചെടുക്കാൻ കഴിയുമെന്ന് ജെയിംസ് പറഞ്ഞിരുന്നു. ഉദാഹരണത്തിനു ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോ വസതി, ബാങ്ക് അക്കൗണ്ടുകൾ, കെട്ടിടങ്ങളുടെ വാടക തുടങ്ങിയവ. 

ട്രംപിനു സാമ്പത്തിക ഭദ്രത ഉണ്ടെന്നും അദ്ദേഹത്തിനു ഗണ്യമായ സ്വത്തുണ്ടെന്നും കോടതിയിൽ ട്രംപ് ഓർഗനൈസേഷൻ ജനറൽ കൗൺസൽ അലൻ ഗാർട്ടൻ എഴുതി കൊടുത്തിട്ടുണ്ട്. എന്നാൽ അവയൊന്നും പണയമായി കണക്കാക്കി പണം നൽകാൻ ആരും തയ്യാറില്ല. ട്രംപ് ആവട്ടെ, അവ വിൽക്കാനും ഒരുക്കമല്ല. അതു കൊണ്ട് വലിയൊരു പ്രശ്നമാണ് അദ്ദേഹം നേരിടുന്നത്. 

ബോണ്ട് നൽകുന്ന കമ്പനികൾ ഒരു വർഷം 2% വാങ്ങും. അത് പ്രതിവർഷം $18 മില്യൺ ആവും. അപ്പീലിൽ ജയിച്ചാൽ പോലും ട്രംപിന് ആ തുക തിരിച്ചു കിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. 

ട്രംപ് $100 മില്യൺ ബോണ്ട് നൽകിയാൽ മതി എന്ന ഇളവ് അനുവദിക്കുന്നതിനെ ജെയിംസ് എതിർത്തിട്ടുണ്ട്. 

വാദങ്ങൾ കേൾക്കാൻ കോടതിയോട് അഭിഭാഷകർ അഭ്യർഥിച്ചിട്ടുണ്ട്. 

Trump fails to raise $454 million bond 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക