Image

കോവിഡിന് ശേഷം  വിവാഹങ്ങളിൽ വർദ്ധന; വിവാഹമോചനം കുറഞ്ഞു

ദുര്‍ഗ മനോജ്‌ Published on 19 March, 2024
കോവിഡിന് ശേഷം  വിവാഹങ്ങളിൽ വർദ്ധന; വിവാഹമോചനം കുറഞ്ഞു

നമ്മൾ പറയുന്നു കാലം മാറി, നാട്ടിൽ വിവാഹമോചനങ്ങൾ വർദ്ധിച്ചുവെന്ന്, എന്നാൽ യുഎസിലെ കണക്കുകൾ പറയുന്നത് മറ്റൊരു കഥയാണ്. കോവിഡ് 19 ഉം ലോക്ക് ഡൗണും ലോകജനതയുടെ മാനസികവ്യാപാരങ്ങളേയും വലിയ നിലയിൽ സ്വാധീനിച്ചുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒന്ന് കടുപ്പിച്ചു സംസാരിച്ചാൽ, മതി ഇനി ഈ ബന്ധം തുടരാനാവില്ല എന്നു പറഞ്ഞിരുന്ന അതിവൈകാരികതയുടെ വക്താക്കൾക്ക് അല്പം മയം വന്നിരിക്കുന്നു. അവർ റൊമാൻസ് എന്നതിനപ്പുറം ജീവിതമൂല്യങ്ങൾക്കും പരസ്പരമുള്ള പരിഗണനകൾക്കും വില കല്പിച്ചുതുടങ്ങിയിരിക്കുന്നു. ഫലം, നിസ്സാരകാര്യങ്ങൾക്ക് വിവാഹമോചനം തേടുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. അതേ സമയം വിവാഹിതരാകുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യതിരിക്കുന്നു.

 യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ നാഷണൽ സെൻ്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പുതിയ ഡാറ്റ പ്രകാരം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, വിവാഹങ്ങളുടെ എണ്ണം 1,000 ആളുകൾക്ക് 7 മുതൽ 8 വരെ ആയിരുന്നു. എന്നാൽ പാൻഡെമിക്കിൻ്റെ തുടക്കത്തിൽ, 2020 ൽ വിവാഹങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. 2020ൽ വിവാഹ നിരക്ക് 1,000 പേർക്ക് 5.1 ആയിരുന്നു. എന്നാൽ കോവിഡിൻ്റെ വരവും ലോക്ക്ഡൗണും കാര്യങ്ങൾ മാറ്റിമറിച്ചു. അടുത്ത വർഷം നിരക്ക് ഉയരാൻ തുടങ്ങി, 2022 ആയപ്പോഴേക്കും വിവാഹങ്ങളുടെ എണ്ണം 6.2 ആയി ഉയർന്നു. 2023 ൽ നിരക്ക് വീണ്ടും ഉയരുകയാണ്.

 ലോക്ക്ഡൗൺ കാലഘട്ടത്തിൽ പുറത്തിറങ്ങാൻ സാധിക്കാതെ, ഒരു കൂരയ്ക്കു കീഴിൽ ജീവിതത്തിൻ്റെ സർവപ്രശ്നങ്ങളും ഒന്നിച്ച് നേരിടേണ്ടി വന്ന പ്രതിസന്ധി മനുഷ്യരെ മാറ്റി ചിന്തിപ്പിച്ചു. വൈകാരികതകൾക്കപ്പുറമുള്ള യഥാർത്ഥ ജീവിതബോധ്യം അവർക്കുണ്ടായി. സാമ്പത്തികം, വിട്ടുവീഴ്ച, സ്വയംഭരണം തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളെ തൻ്റെ പങ്കാളി എങ്ങനെ സമീപിക്കുന്നു എന്നതിനെക്കുറിച്ച് പരസ്പരം മനസ്സിലാക്കാൻ സാധിച്ചു. ഒരു ജീവിതപങ്കാളിയിൽ തങ്ങൾക്ക് എന്താണ് യഥാർത്ഥത്തിൽ വേണ്ടതെന്നതിനെക്കുറിച്ചുള്ള  ബോധ്യം രൂപപ്പെട്ടതോടെ നിരവധി ആളുകളിൽ ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം മാറി. ഇത് വിവാഹമോചനത്തെക്കുറിച്ചു തീരുമാനിക്കുന്നിടത്തും പ്രതിഫലിച്ചു തുടങ്ങി. 2000-ൽ വിവാഹമോചനങ്ങളുടെ നിരക്ക് 1000-ത്തിന് 4 ആയിരുന്നുവെങ്കിൽ 2022-ൽ വിവാഹമോചന നിരക്ക് 1000 പേർക്ക് 2.4 ആയിക്കുറഞ്ഞു. 


ഇന്ന് പങ്കാളികൾ വിവാഹത്തിലേക്കു കടക്കുന്നതു കേവലം അഭിനിവേശത്തിനപ്പുറം മറ്റു ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ്. നല്ല സുഹൃത്തുക്കളാകാൻ സാധിക്കുന്നവരും, പ്രതികൂല സാഹചര്യങ്ങളിൽ സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നവർ ആകാതെ, പരസ്പരംസഹാനുഭൂതിയും സ്നേഹവും പ്രകടിപ്പിക്കുന്നവരാകണം പങ്കാളി എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. അതിനാൽത്തന്നെ അത്തരത്തിൽ രൂപപ്പെടുന്ന ബന്ധങ്ങൾ ഉലച്ചിലുകൾ ഇല്ലാതെ മുന്നോട്ടു പോകാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക