Image

സ്വയം ദുരന്തം വരിക്കുന്ന ഇന്ത്യൻ അമേരിക്കൻ  കുടുംബങ്ങളുടെ നിഗൂഢത തെളിയുന്നില്ല (പിപിഎം) 

Published on 19 March, 2024
സ്വയം ദുരന്തം വരിക്കുന്ന ഇന്ത്യൻ അമേരിക്കൻ  കുടുംബങ്ങളുടെ നിഗൂഢത തെളിയുന്നില്ല (പിപിഎം) 

അമേരിക്കൻ സ്വപ്നം സ്വന്തം ചോരയിൽ മുക്കി കളയുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നത്. അടുത്തിടെ ഉണ്ടായ മരണങ്ങൾ പലതും വിശദീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. 

മലയാളികളായ ആനന്ദ് സുജിത് ഹെൻറി (37), ഭാര്യ ആലീസ് പ്രിയങ്ക ബെൻസിഗർ (38) എന്നിവരോടൊപ്പം അവരുടെ നാലു വയസുള്ള ഇരട്ട ആൺകുട്ടികൾ നോഹയും നെയ്‌ധനും മരിച്ച നിലയിൽ കാണപ്പെട്ടത് ഫെബ്രുവരി 13നാണ്. കാലിഫോർണിയയിലെ വീട്ടിൽ ആനന്ദ് ഭാര്യയെ വെടിവച്ചു കൊന്ന ശേഷം സ്വയം വെടിവച്ചു മരിച്ചു എന്നാണ് പോലീസ് പറയുന്നത്. കുട്ടികൾക്കു വെടിയേറ്റിരുന്നില്ല. അവർ എങ്ങിനെ മരിച്ചെന്നു വിശദീകരണവുമില്ല. 

"എന്തിനായിരുന്നു എന്ന് ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ല," സാൻ മത്തേയോ പൊലീസിലെ കമ്മ്യൂണിറ്റി റിലേഷൻസ് ഓഫിസർ ജെനിൻ ലൂണ പറയുന്നു. മാസം ഒന്നു കഴിഞ്ഞു. 

ഉയർന്ന വിദ്യാഭ്യാസത്തിനാണ് കേരളത്തിൽ നിന്ന് ഐ ടി വിദഗ്‌ദരായ ആനന്ദും ആലീസും യുഎസിൽ എത്തിയത്. ആനന്ദ് ഗൂഗിളിലും മെറ്റയിലും ജോലി ചെയ്ത ശേഷം സ്വന്തം എ ഐ കമ്പനി തുടങ്ങി. ആലിസ് ജോലി ചെയ്തിരുന്നത് സില്ലോയിലാണ്. 

മാസച്യുസെറ്സിൽ ഒരു മാസം മുൻപ് മറ്റൊരു ഇന്ത്യൻ കുടുംബം ഇതേ പോലെ എല്ലാം അവസാനിപ്പിച്ചു. രാകേഷ് കമലും (57) ഭാര്യ ടീന കമലിനെ (54) വെടിവച്ചു കൊന്നു എന്നാണ് പോലീസ് ഭാഷ്യം. കൂട്ടത്തിൽ കൗമാരക്കാരിയായ ഏക മകൾ അരിയാന കമലിനെയും (18). പിന്നീട് വീട്ടിൽ അദ്ദേഹം സ്വന്തം ജീവനൊടുക്കി. 

സമ്പന്നരായി കരുതപ്പെട്ടിരുന്ന അവർക്കു മല പോലെ കടം ഉണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഏറെ ആർഭാടം കണ്ട വീട്ടിൽ നിന്ന് ഒഴിയാൻ നോട്ടീസ് കിട്ടിയിരുന്നു. 

2023 ഫെബ്രുവരിയിൽ ഒഹായോവിലെ ഡബ്ലിനിൽ സമാനമായ സാഹചര്യത്തിൽ മരിച്ച ഒരു ഇന്ത്യൻ കുടുംബത്തെ കുറിച്ച് അധികൃതരുടെ വിശദീകരണം ഇനിയും ലഭ്യമല്ല. രാജൻ രാജാറാം എന്നയാൾ ഭാര്യ ശാന്താലത രാജനെയും (51) മകൻ അനീഷ് രാജൻ രാജാറാമിനെയും (19) വധിച്ച ശേഷം സ്വയം വെടിവച്ചു മരിക്കയായിരുന്നു. എൻജിനിയറായ രാജാറാം സിൻസിനാറ്റിയിലെ ടെക്നോസോഫ്റ്റ് കോർപറേഷനിലാണ് ജോലി ചെയ്തിരുന്നത്. 

"എന്തു കൊണ്ട് എന്ന ചോദ്യത്തിനു ഡബ്ലിൻ പൊലീസിന് ഉത്തരം ലഭിച്ചിട്ടില്ല," പബ്ലിക് ഇൻഫോർമേഷൻ ഓഫിസർ റെബേക്ക മയേഴ്‌സ് പറഞ്ഞു. രാജാറാം 1998 മുതൽ ജീവിച്ചു വന്ന വീട്ടിലായിരുന്നു ദുരന്തം. 

കാൺപൂരിൽ നിന്നുള്ള തേജ് പ്രതാപ് സിംഗും (43) കുടുംബവും ഇതേ പോലെ ചോദ്യങ്ങൾ ബാക്കി വച്ചാണ് പോയത്. ഭാര്യ സൊണാൽ പരിഹർ (42), 10 വയസുള്ള മകൻ, ആറു വയസുള്ള മകൾ എന്നിവരെ തേജ് പ്രതാപ് വെടിവച്ചു കൊന്നു. പിന്നെ സ്വന്തം ജീവൻ ഒടുക്കി. 

2009ൽ യുഎസിൽ എത്തിയ സിംഗ് സോഫ്ട്‍വെയർ എൻജിനിയർ ആയിരുന്നു. ന്യൂ ജഴ്സിയിലെ വീട്ടിൽ ആയിരുന്നു ദുരന്തം. 

പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നു എന്നാണ് മിഡിൽസെക്സ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫിസ് പറയുന്നത്. 

Indians leave mystery behind in tragic deaths 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക