Image

ആൽ ഗോറിന്റെ വി.പി.സ്ഥാനാർഥി ജോ ലിബർമാൻ 82 വയസിൽ നിര്യാതനായി; ചരിത്രത്തിൽ ഇടം നേടിയ നേതാവ്

Published on 28 March, 2024
ആൽ  ഗോറിന്റെ വി.പി.സ്ഥാനാർഥി ജോ ലിബർമാൻ 82 വയസിൽ നിര്യാതനായി;  ചരിത്രത്തിൽ ഇടം നേടിയ നേതാവ്

ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി 2000ൽ യുഎസ് വൈസ്  പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മുൻ സെനറ്റർ ജോ ലിബർമാൻ (82) നിര്യാതനായി. കണക്ടിക്കട്ടിൽ നിന്നുള്ള സെനറ്ററായി 24 വർഷം പ്രവർത്തിച്ച അദ്ദേഹം പ്രമുഖ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവുന്ന ആദ്യത്തെ യഹൂദനും ആയിരുന്നു. 

ഒരു വീഴ്ചയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് ന്യൂ യോർക്ക് വസതിയിൽ ബുധനാഴ്ച ജോസഫ് ഇസഡോർ ലിബർമാൻ മരിച്ചതെന്നു കുടുംബം പ്രസ്താവനയിൽ പറഞ്ഞു. ദൈവത്തോടും കുടുംബത്തോടും അമേരിക്കയോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം പൊതുജനസേവന കാലം മുഴുവൻ നിലനിന്നിരുന്നു എന്നും അവർ പറഞ്ഞു. 

കണക്ടിക്കട്ടിൽ സ്റ്റേറ്റ് സെനറ്റ് അംഗവും അറ്റോണി ജനറലും ആയിരുന്ന അദ്ദേഹം 1988ലാണ് ആദ്യമായി യുഎസ് സെനറ്റിൽ എത്തുന്നത്. മിതവാദിയായ ഡെമോക്രാറ്റ് വിദേശകാര്യ വിഷയങ്ങളിൽ പ്രധാനപ്പെട്ട ശബ്ദമായിരുന്നു. 

1998ൽ പ്രസിഡന്റ് ബിൽ ക്ലിന്റണു വൈറ്റ് ഹൗസ് ഇന്റേൺ മോണിക്ക ലെവിൻസ്കിയുമായി ഉണ്ടായ വഴിവിട്ട ബന്ധത്തെ പരസ്യമായി വിമർശിച്ച ആദ്യത്തെ പ്രമുഖ ഡെമോക്രാറ്റ് ആയി ലിബർമാൻ. 'അനുചിതമായിപ്പോയി' തന്റെ പെരുമാറ്റമെന്നു ക്ലിന്റൺ രാജ്യത്തോട് സമ്മതിച്ചപ്പോൾ, സെനറ്റിൽ കത്തിക്കയറിയ ലിബർമാൻ അത് അധാർമികവും ദോഷകരവും ആണെന്നു ചൂണ്ടിക്കാട്ടി. എന്നാൽ കോൺഗ്രസിൽ ക്ലിന്റണെ ഇംപീച്ച് ചെയ്തപ്പോൾ അദ്ദേഹത്തെ കുറ്റവിമുക്തനാക്കാൻ ലിബർമാൻ വോട്ട് ചെയ്തു. സത്യപ്രതിജ്ഞ ലംഘിച്ചു നുണ പറഞ്ഞു, നീതി നടപ്പാക്കുന്നത് തടയാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് ക്ലിന്റണു മേൽ കൊണ്ടുവന്നത്. 

ക്ലിന്റന്റെ വൈസ് പ്രസിഡന്റ് ആൽ ഗോർ അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായപ്പോൾ ലിബർമാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുത്തു. സുപ്രീം കോടതി വരെ പോയ മത്സരത്തിൽ ജോർജ് ഡബ്ലിയു ബുഷ് ജയിച്ചില്ലെങ്കിൽ ലിബർമാൻ യഹൂദനായ ആദ്യത്തെ വീപ്പി ആകുമായിരുന്നു. 

2004ൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ശ്രമിച്ചെങ്കിലും പ്രൈമറികളിൽ പരാജയം കണ്ടു. ഗർഭഛിദ്രം, സ്വവർഗാനുരാഗം, പരിസ്ഥിതി വിഷയങ്ങളെ പിന്തുണച്ചെങ്കിലും ഇറാഖ് യുദ്ധത്തെ പിന്തുണച്ചു എന്നത് അദ്ദേഹത്തെ ലിബറൽ പക്ഷത്തിനു അനഭിമതനാക്കി. 2006ൽ പിൽക്കാലത്തു കണക്ടിക്കട് ഗവർണറായ നെഡ് ലമെന്റിനോട് അദ്ദേഹം സെനറ്റ് പ്രൈമറിയിൽ തന്നെ തോറ്റു. മൂന്നാം കക്ഷി 'കണക്ടിക്കട് ഫോർ ലിബർമാൻ' സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത അദ്ദേഹം തിരഞ്ഞെടുപ്പിൽ ലമെന്റിനെ 10% വോട്ടിനു തോൽപിച്ചു. ആ പോരാട്ടത്തിൽ റിപ്പബ്ലിക്കൻ പിന്തുണയും അദേഹത്തിന് ഉണ്ടായിരുന്നു.   

സെനറ്റിൽ തിരിച്ചെത്തിയപ്പോൾ പക്ഷെ താൻ 'സ്വതന്ത്ര ഡെമോക്രാറ്റ്' ആണെന്നു ലിബർമാൻ പ്രഖ്യാപിച്ചു. എന്നാൽ 2008ൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ജോൺ മക്കെയ്നെ അദ്ദേഹം എൻഡോഴ്സ് ചെയ്തു. മക്കെയ്നെ എതിർത്ത ബരാക്ക് ഒബാമയുടെ സെനറ്റ് റെക്കോർഡിനെ വരെ ലിബർമാൻ തുറന്നു വിമർശിച്ചു. അന്ന് ലിബർമാൻ മക്കെയ്ൻറെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാവുമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അലാസ്‌കയിൽ നിന്നു സാറാ പാലിനെ തിരഞ്ഞെടുക്കയാണ് മക്കെയ്ൻ ചെയ്തത്. 

ഒബാമയെ വിമർശിച്ച ലിബർമാനെ സെനറ്റിലെ പദവികളിൽ നിന്നു പുറത്താക്കണം എന്നു ഡെമോക്രാറ്റിക് പാർട്ടിയിൽ ആവശ്യമുയർന്നു. എന്നാൽ ഒബാമ ആ നീക്കത്തെ നിരുത്സാഹപ്പെടുത്തി. 

കണക്ടിക്കട്ടിൽ പക്ഷെ ലിബർമാനെതിരെ പാർട്ടി രംഗത്തു വരുമെന്ന് ഉറപ്പായിരുന്നു, അതു കൊണ്ട് സെനറ്റിലേക്കുള്ള അഞ്ചാമത്തെ മത്സരം അദ്ദേഹം ഉപേക്ഷിച്ചു. 

അദ്ദേഹത്തിന്റെ പിൻഗാമിയായ സെനറ്റർ ക്രിസ് മർഫി പറഞ്ഞു: "ലിബർമാന്റെ പെട്ടെന്നുള്ള നിര്യാണം കണക്ടിക്കട്ടിനെ ഞെട്ടിച്ചു. തനിക്കു ശരിയെന്നു ഉറപ്പുള്ള കാര്യങ്ങൾക്കു വേണ്ടി പൊരുതി ജയിച്ച നേതാവാണ് അദ്ദേഹം. സ്വഭാവ ഭദ്രതയും വിശ്വാസവുമുള്ള നേതാവായിരുന്നു."  

സെനറ്റ് വിട്ട ശേഷം ന്യൂ യോർക്കിൽ കസോവിറ്സ് ബെൻസൺ ടോറസ് സ്ഥാപനത്തിൽ സീനിയർ കൗൺസൽ ആയി പ്രവർത്തിച്ചു വരികയായിരുന്നു ലിബർമാൻ. 

വെള്ളിയാഴ്ച ലിബർമാന്റെ നാടായ സ്റ്റാംഫോർഡിൽ സംസ്കാര ശുശ്രൂഷ നടത്തും. 

Lieberman passes away at 82 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക