Image

ഖാൻ യൂനിസിൽ വീണ്ടും ബോംബിംഗ്; റഫയിൽ  ആക്രമണത്തിനു ഉറച്ചു തന്നെയെന്നു നെതന്യാഹു (പിപിഎം) 

Published on 09 April, 2024
ഖാൻ യൂനിസിൽ വീണ്ടും ബോംബിംഗ്; റഫയിൽ  ആക്രമണത്തിനു ഉറച്ചു തന്നെയെന്നു നെതന്യാഹു (പിപിഎം) 

ഗാസയിൽ ഖാൻ യൂനിസിൽ നിന്നു പിന്മാറിയെന്നു പ്രഖ്യാപിച്ച ഇസ്രയേലി സേന ഐ ഡി എഫ് അവിടെ വീണ്ടും ബോംബിംഗ് നടത്തിയതായി അറബ് മാധ്യമങ്ങൾ അറിയിച്ചു. അതേ സമയം, ലോക രാഷ്ട്രങ്ങളുടെ അഭ്യർഥന അവഗണിച്ചു റഫയിൽ ആക്രമണം നടത്താൻ ഇസ്രയേൽ തീയതി നിശ്ചയിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച പ്രഖ്യാപിച്ചു. 

ഖാൻ യൂനിസിൽ നിന്നുള്ള പിന്മാറ്റം തന്നെ റഫ ആക്രമണത്തിനു തയാറെടുക്കാനാണെന്നു ഐ ഡി എഫ് വൃത്തങ്ങൾ പറഞ്ഞു. കയ്‌റോയിൽ ഹമാസുമായി ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾ നടത്തുന്നത് അത്ര പ്രസക്തമല്ല എന്നു സൂചിപ്പിച്ചു കൊണ്ട്, റഫ ആക്രമണം കൊണ്ടു മാത്രമേ യുദ്ധത്തിന്റെ ലക്‌ഷ്യം പൂർത്തിയാവൂ എന്ന് അദ്ദേഹം പറഞ്ഞു. 

"അത് സംഭവിക്കും, തീയതി നിശ്ചയിച്ചിട്ടുണ്ട്," നെതന്യാഹു പറഞ്ഞു. റഫയിൽ 15 ലക്ഷം പലസ്തീൻ സിവിലിയന്മാർക്കു ഭീഷണിയുണ്ടെന്ന താക്കീതുകൾ ഇസ്രയേൽ കണക്കിലെടുത്തിട്ടില്ല. 

ഖാൻ യൂനിസിൽ നിന്നു പിന്മാറിയ ഐ ഡി എഫ് 98ആം ഡിവിഷനിലെ മുതിർന്ന ഓഫിസർമാരുമായി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് റഫ ആക്രമണത്തെ കുറിച്ചു തിങ്കളാഴ്ച ചർച്ച നടത്തി. 
ഫ്രാൻസ്, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ തിങ്കളാഴ്ച റഫ ആക്രമണ പദ്ധതിക്കെതിരെ താക്കീതു നൽകി. യുദ്ധവിരാമം ഉടൻ നടപ്പിൽ വരണമെന്ന് അവർ ആവശ്യപ്പെട്ടു. മൂന്നു രാജ്യങ്ങളും ഒന്നിച്ചു എഴുതിയ മുഖലേഖനം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ഈജിപ്തിന്റെ അബ്ദൽ ഫത്താ അൽ സിസി, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ എന്നിവരാണ് ഒപ്പുവച്ചിട്ടുള്ളത്. 

നിർദേശങ്ങൾ ഹമാസ് തള്ളി 

അതിനിടെ കയ്‌റോയിൽ നടക്കുന്ന ചർച്ചയിൽ ഇസ്രയേൽ സമർപ്പിച്ച നിർദേശങ്ങൾ ഹമാസ് തള്ളി. പലസ്തീൻ സംഘടനകളുടെ ആവശ്യങ്ങൾ കണക്കിലെടുക്കുന്ന നിർദേശങ്ങളല്ല ഇവയെന്ന്‌ ഹമാസ് ചൂണ്ടിക്കാട്ടി. 

യുദ്ധവിരാമത്തിനു ഇസ്രയേൽ തയാറല്ല. അതേ സമയം ബന്ദികളെ മോചിപ്പിച്ചു കിട്ടാൻ അവർ ചർച്ചകളിൽ തുടരുകയാണ്.

Israel sets date to invade Rafah 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക