Image

'ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ തകരും', ഒരു വര്‍ഷത്തോളമായി സംസ്ഥാനം 'കത്തുന്ന' മറ്റേതെങ്കിലും രാജ്യമുണ്ടോ? മോദിക്കെതിരെ ആഞ്ഞടിച്ച് ഡോ. പരകാല പ്രഭാകർ

Published on 09 April, 2024
'ഇനിയും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ തകരും',  ഒരു വര്‍ഷത്തോളമായി സംസ്ഥാനം 'കത്തുന്ന' മറ്റേതെങ്കിലും രാജ്യമുണ്ടോ? മോദിക്കെതിരെ ആഞ്ഞടിച്ച്  ഡോ. പരകാല പ്രഭാകർ

ന്യൂഡല്‍ഹി: ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്ബത്തിക വിദഗ്ധനുമായ ഡോ.പരകാല പ്രഭാകര്‍. നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിലേറാനുള്ള സാധ്യതകളെ പരകാല പ്രഭാകര്‍ തള്ളിക്കളഞ്ഞു. ബി ജെ പിക്ക് 230 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാവില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിജെപി 370 സീറ്റും എന്‍ഡിഎ 400 സീറ്റും നേടും എന്ന് നേതാക്കള്‍ അവകാശപ്പെടുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 400 ലധികം സീറ്റുകള്‍ നേടും എന്ന ബിജെപിയുടെ അവകാശവാദം അവരുടെ തന്ത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു. ജയിക്കുമോ തോല്‍ക്കുമോ എന്ന ചര്‍ച്ചകള്‍ക്കുപരി ജനങ്ങള്‍ ഈ സംഖ്യകള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ബിജെപി ഇത്തരം അവകാശവാദങ്ങളുമായി വരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലക്ടറല്‍ ബോണ്ട് വിധി പൊതുസമൂഹം ഏറെ ചര്‍ച്ച ചെയ്യുകയാണെന്നും മോദിയുടെ വ്യക്തിത്വത്തിന്റെ ധാര്‍മ്മിക അടിത്തറ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ പൗരന്‍ാരും ബിജെപി-മോദിയും തമ്മിലുള്ള പോരാട്ടമാണ് എന്നും ബിജെപിക്ക് 220-230 സീറ്റുകള്‍ പോലും നേടുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെയും ലഡാക്കിലെയും അശാന്തിയുടെയും തൊഴിലില്ലായ്മയുടെയും പണപ്പെരുപ്പത്തിന്റെയും ആഘാതം കുറച്ചുകാണേണ്ടതില്ലെന്ന് പരകാല പ്രഭാകര്‍ പറഞ്ഞു.

'145 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത മറ്റേതെങ്കിലും ജനാധിപത്യ രാജ്യമുണ്ടോ? ഒരു വര്‍ഷത്തോളമായി സംസ്ഥാനം (മണിപ്പൂര്‍) 'കത്തുന്ന' മറ്റേതെങ്കിലും രാജ്യമുണ്ടോ? പ്രധാനമന്ത്രി അവിടേക്ക് പോകുകയോ മണിപ്പൂരികളുടെ ശബ്ദം കേള്‍ക്കുകയോ ചെയ്യുന്നില്ല. സംസ്ഥാനങ്ങളുടെ അധികാരവും തട്ടിയെടുക്കപ്പെട്ടിരിക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നഗരപ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് മടങ്ങുകയാണ്. 'യുദ്ധമാണെന്നും മരിച്ചേക്കാമെന്നും അറിഞ്ഞിട്ടും ഇന്ത്യന്‍ യുവാക്കള്‍ ഗാസ, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളിലേക്ക് പോകാന്‍ തയ്യാറാണ്. അത്രമാത്രം ഗുരുതരമായ തൊഴിലില്ലായ്മയാണ്,' അദ്ദേഹം വിശദീകരിച്ചു. മോദി സര്‍ക്കാര്‍ ഒട്ടും ജനാധിപത്യപരമായല്ല പെരുമാറുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി ഏകാധിപതിയുടെ ശൈലിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസാക്കുന്നതിന് മുമ്ബ് സര്‍ക്കാര്‍ കര്‍ഷകരോട് പത്ത് മിനിറ്റ് പോലും സംസാരിച്ചില്ലെന്നും പരകാല വിമര്‍ശിച്ചു.

നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇത് രാജ്യത്തെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭൂപടവും ഭരണഘടനയും പൂര്‍ണമായും മാറ്റപ്പെടും. കൊലപാതകങ്ങള്‍, പാകിസ്ഥാനിലേക്ക് ആളുകളെ അയക്കല്‍ എന്നിവ ചെങ്കോട്ടയിലെ പ്രഖ്യാപനങ്ങളാകും. മണിപ്പൂരിലും ലഡാക്കിലും നടക്കുന്നത് അനിവാര്യമായും രാജ്യത്തുടനീളം സംഭവിക്കും, അദ്ദേഹം പറഞ്ഞു.

മോദിക്ക് 230 വോട്ടുകള്‍ ലഭിച്ചാല്‍, ബിജെപി സഖ്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയില്ലെന്നും മറ്റൊരു പാര്‍ട്ടിയും മോദിയെ പിന്തുണയ്ക്കില്ല എന്നും അദ്ദേഹം പ്രവചിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക