Image

സി.പി.എം ചിഹ്നത്തിലെന്ന പോലെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ ഒരു മടിയും വേണ്ട : കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നഭ്യര്‍ഥിച്ച്‌ മണിക് സര്‍ക്കാര്‍

Published on 09 April, 2024
സി.പി.എം ചിഹ്നത്തിലെന്ന പോലെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ ഒരു മടിയും വേണ്ട : കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നഭ്യര്‍ഥിച്ച്‌ മണിക് സര്‍ക്കാര്‍

ഗര്‍ത്തല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച്‌ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍.

ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ആശിഷ് കുമാർ സാഹയാണ് ഇവിടുത്തെ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി. ഈസ്റ്റില്‍ സി.പി.എമ്മിന്‍റെ രാജേന്ദ്ര റിയാങ്ങും.

''നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യമുള്ളതാണ് ഈ തെരഞ്ഞെടുപ്പ്. ഡല്‍ഹിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ നമുക്ക് ത്രിപുരയെ രക്ഷിക്കാനാവില്ല. ത്രിപുര വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാർഥി ആശിഷ് കുമാർ സാഹയ്ക്ക് കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് ചെയ്യാൻ പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അനുഭാവികളോടും ഞാൻ അഭ്യർത്ഥിക്കുന്നു'' മണിക് സര്‍ക്കാര്‍ ശനിയാഴ്ച തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. സി.പി.എം ചിഹ്നത്തില്‍ വോട്ട് ചെയ്യുന്നതു പോലെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ ഒരു മടിയും വേണ്ട. അവസരം നഷ്ടമായാല്‍ സമൂഹത്തില്‍ നിന്ന് അകന്നുപോകും. ബി.ജെ.പിയെ തോല്‍പ്പിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നതാണ് കാലത്തിൻ്റെ ആവശ്യമെന്നും സർക്കാർ കൂട്ടിച്ചേര്‍ത്തു.

ത്രിപുര ഈസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും അനുഭാവികളും സി.പി.എമ്മിന് വോട്ട് ചെയ്യുമെന്ന് അവകാശപ്പെട്ട സർക്കാർ, ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി ആശിഷ് കുമാർ സാഹയ്ക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അഭ്യർഥിക്കുന്ന ഒരു ബുക്ക്‌ലെറ്റ് സി.പി.എം ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ബുക്ക്‌ലെറ്റിൻ്റെ വിതരണം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവർത്തകർക്കും അനുഭാവികള്‍ക്കും സി.പി.എം സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യാൻ കഴിയുമെങ്കില്‍ എന്തുകൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ സഖാക്കള്‍ക്ക് അതു കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാർഥികള്‍ക്ക് വോട്ട് ചെയ്യാൻ കൂപ്പുകൈകളോടെ വോട്ടർമാരിലേക്ക് എത്തുക'' മണിക് സര്‍ക്കാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക