Image

കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ കാര്‍ ഇടിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകന് ദാരുണാന്ത്യം

Published on 09 April, 2024
കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ കാര്‍ ഇടിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകന് ദാരുണാന്ത്യം

ബെംഗളൂരു: തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി ശോഭ കരന്ദലജെയുടെ കാർ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച്‌ ബി.ജെ.പി പ്രവർത്തകനു ദാരുണാന്ത്യം.

ബെംഗളൂരുവിലെ കെ.ആർ പുരത്താണു സംഭവം. സ്ഥാനാർഥിക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ടി.സി പാളയം സ്വദേശി പ്രകാശ്(63) ആണു ശരീരത്തിലൂടെ ബസ് കയറിയിറങ്ങി തല്‍ക്ഷണം മരിച്ചത്.

ബെംഗളൂരു നോർത്ത് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയാണ് ശോഭ. ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു കെ.ആർ പുരത്തെ റോഡ് ഷോ. റാലി ദേവസാന്ദ്രയിലെ വിനായക ക്ഷേത്രത്തിലൂടെ കടന്നുപോകുമ്ബോഴായിരുന്നു അപകടം സംഭവിച്ചത്.

മന്ത്രിയുടെ കാറിലുണ്ടായിരുന്ന ഒരു നേതാവ് ഡോർ തുറന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് ഇതുവഴി എത്തിയ സ്‌കൂട്ടർ ഡോറില്‍ ഇടിച്ച്‌ യാത്രികനായ പ്രകാശ് റോഡിലേക്കു വീണു. പിന്നാലെ എതിർവശത്തുനിന്ന് എത്തിയ ബസ് ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

സംഭവസ്ഥലത്തു വച്ചുതന്നെ പ്രകാശ് മരിച്ചെന്നാണ് റിപ്പോർട്ട്. അപകടം നടക്കുമ്ബോള്‍ ശോഭ കരന്ദലജെ കാറിലുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. സംഭവത്തില്‍ കാറിന്റെയും ബസിന്റെയും ഡ്രൈവർമാർക്കെതിരെ ഐ.പി.സി 304, 283 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

അപകടത്തില്‍ പാർട്ടി പ്രവർത്തകനാണു ജീവൻ നഷ്ടമായിരിക്കുന്നതെന്ന് ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു. റാലിയുടെ മുൻവശത്തായിരുന്നു സംഭവസമയത്ത് തങ്ങളുണ്ടായിരുന്നത്. അവസാന ഭാഗത്ത് റോഡില്‍ നിർത്തിയിട്ടിരിക്കുകയായിരുന്ന കാറില്‍ സ്‌കൂട്ടർ ഇടിച്ച്‌ അദ്ദേഹം വീഴുകയായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു. സംഭവത്തില്‍ അതീവ ദുഃഖമുണ്ട്. പാർട്ടി കുടുംബത്തോടൊപ്പമുണ്ട്. അവർ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക