Image

കെ എം മാണി ഓർമയായിട്ട് അഞ്ച് വർഷം: ഓർമകൾ ഒഴുകിയെത്തിയ സ്മൃതിസംഗമം

Published on 09 April, 2024
കെ എം മാണി ഓർമയായിട്ട് അഞ്ച് വർഷം: ഓർമകൾ ഒഴുകിയെത്തിയ സ്മൃതിസംഗമം

കോട്ടയം: മുന്‍മന്ത്രി കെ.എം മാണിയുടെ വിയോഗത്തിന് ഇന്ന് അഞ്ച് വർഷം. ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്മൃതി സംഗമം ഓര്‍മ്മകളുടെ ഒത്തുചേരലായി. പതിവ്  അനുസ്മരണ യോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു കെ.എം മാണിയുടെ   ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചത്. നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കി പ്രവര്‍ത്തകര്‍ സ്മൃതി സംഗമത്തിന്റെ ഭാഗമാകുകയായിരുന്നു.

കേരളാ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലും കെ.എം മാണിയുടെ ജീവിത്തിലും സവിശേഷതയുള്ള കോട്ടയം തിരുനക്കര മൈതാനിയാണ് കെ.എം മാണി സ്മൃതി സംഗമത്തിന് വേദിയായത്. പാര്‍ട്ടി പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി രാവിലെ 9 മണിക്ക് കെ.എം മാണിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

തുടര്‍ന്ന് പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ വൈസ് ചെയര്‍മാന്‍മാരായ തോമസ് ചാഴികാടന്‍ എംപി, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, എം.എല്‍.എമാരായ അഡ്വ. ജോബ് മൈക്കിള്‍, പ്രമോദ് നാരായണന്‍, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ട്രഷറര്‍ എന്‍.എം രാജു, കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ.ലോപ്പസ് മാത്യു, സണ്ണി തെക്കേടം, ജെന്നിംഗ്‌സ് ജേക്കബ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ച നടത്തി.

തുടര്‍ന്ന് മന്ത്രി വി.എന്‍ വാസവന്‍, മുന്‍കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക പ്രതിനിധിയുമായ പ്രൊഫ. കെ.വി തോമസ്,  സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു, സിപി.എം ജില്ലാ സെക്രട്ടറി എ.വി റസല്‍, ജനതാദള്‍ സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്, എന്‍.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ് തുടങ്ങിയ ഇടതുമുന്നണി നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

അതിനുശേഷം കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും, സംസ്ഥാന കമ്മറ്റി അംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ആത്മീയ രംഗത്തെ പ്രമുഖരാണ് ആദരം അര്‍പ്പിക്കാന്‍ എത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക