Image

മയക്കുമരുന്ന് കടത്തിയ അടിവസ്ത്രത്തില്‍ കൃത്രിമം: ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Published on 10 April, 2024
മയക്കുമരുന്ന് കടത്തിയ അടിവസ്ത്രത്തില്‍ കൃത്രിമം: ആന്റണി രാജുവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള മയക്കുമരുന്നു കേസില്‍ മുൻ ഗതാഗത മന്ത്രിയും എല്‍ഡിഎഫ് നേതാവുമായ ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ.
മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ പ്രതിയായ വിദേശപൗരനെ രക്ഷിക്കാൻ കൃത്രിമം കാട്ടിയെന്ന ആരോപണം ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ആൻറണി രാജുവിന്റെ ഹർജി പരിഗണിച്ച്‌ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിലനില്‍ക്കുന്ന കേസ് തള്ളുന്നത് നീതി നടപ്പാക്കുന്നതിനെ ബാധിക്കുമെന്നും ആൻ്റണി രാജുവിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതെന്നും സർക്കാരിന്റെ നിയമ ഓഫിസർക്കു വേണ്ടി സറ്റാൻഡിങ് കൗണ്‍സല്‍ നിഷെ രാജൻ ശങ്കർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ആന്റണി രാജുവിന്റെ രാഷ്ട്രിയ ഭാവി തകർക്കാനുള്ള കേസാണ് ഇതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ആന്റണി രാജുവിനെതിരായുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും പോലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സർക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ പുനരന്വേഷണം നടത്തുന്നതിനെതിരെ ആൻറണി രാജു നല്‍കിയ ഹർജിക്കുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാർ വൈകിയതില്‍ സുപ്രീംകോടതി രൂക്ഷ വിമർശനം നടത്തിയതിനു ശേഷമാണ് ആന്റണി രാജുവിനെതിരായ നിലപാട് കേരളം അറിയിച്ചത്.
 
1990 ഏപ്രില്‍ 4നു തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയില്‍നിന്നു രക്ഷപ്പെടുത്താൻ, തൊണ്ടിയായ അടിവസ്ത്രത്തിന്റെ അളവില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക